UPDATES

സയന്‍സ്/ടെക്നോളജി

പ്രപഞ്ച സത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഹബിള്‍ ഫോക്കസ്: ദി ഡാര്‍ക്ക് യൂണിവേഴ്‌സ്

നിഗൂഢതലയിലേക് വെളിച്ചം വീശുന്ന ഹബിളിന്റ കണ്ടെത്തലുകൾ

                       

പ്രപഞ്ചവും അതിന്റെ പ്രവർത്തനങ്ങളും എന്നും നിഗൂഢമായി തുടരുന്ന ഒന്നാണ്. ഉത്തരം കിട്ടാത്ത സമസ്യകൾക്ക് പിറകെ മനുഷ്യർ സഞ്ചരിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. ഈ യാത്രയിൽ കൂട്ടായി ഇന്നും തുടരുന്ന ദൂരദർശിനിയാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി.

1990 മുതൽ, ഹബിൾ ബഹിരാകാശ ദൂരദർശിനി ശാസ്ത്രജ്ഞർക്ക് പ്രപഞ്ചത്തിൻ്റെ അവിശ്വസനീയമായ കാഴ്ച പ്രധാനം ചെയ്തുവരികയാണ്. ഇതുവരെ ഹബിൾ ബഹിരാകാശ ദൂരദർശിനി ഒരു ദശലക്ഷത്തിലധികം തവണയാണ് നിരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിട്ടുള്ളത്. എന്നാലിപ്പോൾ പ്രപഞ്ച സത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന “ഹബിൾ ഫോക്കസ്: ദി ഡാർക്ക് യൂണിവേഴ്സ്” എന്ന പേരിൽ ഒരു സൗജന്യ ഇ-ബുക്ക് നാസ പുറത്തിറക്കിരിക്കുകയാണ്. ഇരുണ്ട ദ്രവ്യത്തെക്കുറിച്ചും ( ഡാർക്ക് മാറ്റർ) ഡാർക്ക് എനർജിയെക്കുറിച്ചും ഹബിൾ ദൗത്യം പഠിപ്പിച്ച കാര്യങ്ങളിലേക്കും പഴയ സിദ്ധാന്തങ്ങളെ എങ്ങനെ വെല്ലുവിളിക്കുന്നു, എന്നതിലേക്കും വിരൽ ചൂണ്ടുന്നതാണ് ഹബിൾ ഫോക്കസ്: ദി ഡാർക്ക് യൂണിവേഴ്സിന്റെ കണ്ടെത്തലുകൾ.

ഇരുണ്ട ദ്രവ്യം (matter) അദൃശ്യമാണെങ്കിലും, പ്രപഞ്ചത്തിൻ്റെ പിണ്ഡത്തിൻ്റെ (mass) ഭൂരിഭാഗവും ഉൾക്കൊള്ളുന്നത് ഇരുണ്ട ദ്രവ്യമാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ദൃശ്യമായ സാധാരണ ദ്രവ്യത്തിൽ നിന്ന് വ്യത്യസ്തമായി, ഇരുണ്ട ദ്രവ്യത്തെ കാണാൻ കഴിയില്ല, മാത്രമല്ല കണ്ടെത്താൻ കഴിയാത്തതുമാണ്. പ്രപഞ്ചത്തിൻ്റെ ഏകദേശം 27% ശതമാനവും ഇരുണ്ട ദ്രവ്യം ഉൾക്കൊള്ളുന്നുവെന്നാണ് ഗവേഷകർ കണക്കാക്കുന്നത്, വർഷങ്ങളായി, പ്രപഞ്ചത്തിലെ ഇരുണ്ട ദ്രവ്യത്തിന്റെ പ്രാധാന്യം ശാസ്ത്രജ്ഞർ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. കൂടാതെ, പ്രപഞ്ചത്തിൻ്റെ വികാസത്തിന് ഉത്തരവാദിയായ ഇരുണ്ട ഊർജ്ജത്തിന്റെ അളവ്, അതിൻ്റെ ഘടനയുടെ 68% ശതമാനത്തോളമാണ് .

പതിറ്റാണ്ടുകളായി ഭൂമിയെ ചുറ്റുന്ന ഹബിൾ ബഹിരാകാശ ദൂരദർശിനിയിലെ കൂറ്റൻ ഉപകരണങ്ങൾ മനുഷ്യൻ്റെ കണ്ണിന് കാണാൻ കഴിയാത്ത വസ്തുക്കളെ കണ്ടെത്തുന്നു. പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കാൻ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന പ്രപഞ്ച മാതൃകയ്ക്ക് ഹബിൾ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും, അദൃശ്യ പ്രപഞ്ചത്തെ നന്നായി മനസ്സിലാക്കാൻ ഹബിൾ നൽകുന്ന വിവരങ്ങൾ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കുന്നു.

സൗജന്യ ഇ-ബുക്ക് ഹബിൾ മിഷൻ സാധ്യമാക്കിയ കണ്ടെത്തലുകളിലേക്ക് ആഴ്ന്നിറങ്ങുകയും അത് വെളിപ്പെടുത്തിയ നിഗൂഢതകൾ ലളിതമായി വിശദീകരിക്കുകയും ചെയ്യുന്നു. ഹബിൾ പകർത്തിയ അതിശയിപ്പിക്കുന്ന ചിത്രങ്ങളും വിദഗ്ധരുടെ ലേഖനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രപഞ്ചത്തിൻ്റെ വികാസ നിരക്ക് അളക്കുന്ന ഹബിൾ കൂടുതൽ വിശദമായി പര്യവേക്ഷണം ചെയ്യുന്ന വീഡിയോകളിലേക്കുള്ള ലിങ്കുകളും ഇതിൽ ഉൾപ്പെടുന്നു.

ഹബ്ബിളിന്റെ അന്വേഷണത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഈ പുസ്തകം കൃത്യമായ ധാരണ നൽകുന്നതാണ്, എന്ന് ഹബിൾ ഓപ്പറേഷൻസ് പ്രോജക്റ്റ് ശാസ്ത്രജ്ഞൻ കെൻ കാർപെൻ്റർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഹബിൾ ദൗത്യത്തെക്കുറിച്ചും കണ്ടെത്തലുകളെക്കുറിച്ചുമുള്ള സമാനമായ പുസ്തകങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തേതാണ് ഹബിൾ ഫോക്കസ്: ദി ഡാർക്ക് യൂണിവേഴ്സ്.

നമുക്ക് ചുറ്റുമുള്ള നിഗൂഢ ശക്തികളെക്കുറിച്ച് കൂടുതലറിയാൻ ഹബിൾ ഫോക്കസ്: ദി ഡാർക്ക് യൂണിവേഴ്സ് എന്ന പുസ്തകം സഹായിക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

1990 ൽ താഴ്ന്ന ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച ഒരു ബഹിരാകാശ ദൂരദർശിനിയാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി (പലപ്പോഴും എച്ച്എസ്ടി അല്ലെങ്കിൽ ഹബിൾ എന്ന് അറിയപ്പെടുന്നത്). ഇത് ആദ്യത്തെ ബഹിരാകാശ ദൂരദർശിനിയല്ല. എന്നാൽ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ ഒന്നാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി. അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ എഡ്വിൻ പി. ഹബിളിൻറെ (1889-1953) പേരാണ് നാസ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഒപ്റ്റിക്കൽ ടെലിസ്‌കോപ്പിന് നൽകിയത്. ഡോ. ഹബിൾ ഒരു “വികസിച്ചുകൊണ്ടിരിക്കുന്ന” പ്രപഞ്ചത്തെ സ്ഥിരീകരിച്ചു. അദ്ദേഹത്തിൻറെ നിരീക്ഷണത്തിൽ നിന്നാണ് മഹാവിസ്ഫോടന സിദ്ധാന്തത്തിന് അടിത്തറ ലഭിച്ചത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സംഭാവനകളോടെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ഹബിൾ ദൂരദർശിനി നിർമ്മിച്ചത്. ബഹിരാകാശ ദൂരദർശിനി സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് (എസ്ടിഎസ്സിഐ) ഹബിളിൻറെ ടാർഗെറ്റുകൾ തെരഞ്ഞെടുക്കുകയും ഫലമായുണ്ടാകുന്ന ഡാറ്റ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു. ഹബിളിൽ 2.4 മീറ്റർ (7.9 അടി) കണ്ണാടി ഉണ്ട്, ഇതിന്റെ നാല് പ്രധാന ഉപകരണങ്ങൾ അൾട്രാവയലറ്റ്, ദൃശ്യ, വൈദ്യുതകാന്തിക സ്പെക്ട്രത്തിന്റെ സമീപമുള്ള ഇൻഫ്രാറെഡ് പ്രദേശങ്ങളിൽ നിരീക്ഷിക്കുന്നു.

ഭൂമിയുടെ അന്തരീക്ഷത്തിന്റെ പാളിക്ക് പുറത്തുള്ള ഹബിളിന്റെ ഭ്രമണപഥം, ഭൂമി അടിസ്ഥാനമാക്കിയുള്ള ദൂരദർശിനികളേക്കാൾ വളരെ കുറഞ്ഞ പശ്ചാത്തല പ്രകാശമുള്ള ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ എടുക്കാൻ അനുവദിക്കുന്നതാണ്. പല ഹബിൾ നിരീക്ഷണങ്ങളും പ്രപഞ്ചത്തിന്റെ വികാസത്തിന്റെ തോത് നിർണ്ണയിക്കുന്നതുപോലുള്ള ജ്യോതിശാസ്ത്രത്തിൽ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. 1990 ൽ ഹബിളിൻറെ ദൗത്യം ആരംഭിച്ചതിനുശേഷം 1.3 ദശലക്ഷത്തിലധികം നിരീക്ഷണങ്ങൾ നടത്തികഴിഞ്ഞു. ഇതുവരെ ഹബിൾ ഡാറ്റ ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞർ 15,000 ത്തിലധികം ശാസ്ത്രീയ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഹിരാകാശയാത്രികർക്ക് അവിടെ വച്ച് തന്നെ ഉപയോഗിക്കാൻ ആവശ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഏക ദൂരദർശിനിയായ ഹബിൾ 2030–2040 വരെ പ്രവർത്തനക്ഷമമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. 4 ബില്ല്യൺ മൈലിലധികം വൃത്താകൃതിയിലുള്ള താഴ്ന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് നിലവിൽ 340 മൈൽ ഉയരത്തിലാണ് ഹബിൾ  സ്ഥിതി ചെയുന്നത്. പ്രതിവർഷം 10 ടെറാബൈറ്റ് പുതിയ ഡാറ്റയാണ് ഹബിൾ സൃഷ്ടിക്കുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍