UPDATES

തല താഴ്ത്തുക ഇന്ത്യാ… ഈ കുക്കി സ്ത്രീകളോട് കാണിച്ച ക്രൂരതകള്‍ക്ക്…

ഇവിടെ പറയുന്നത്, ഏതാനും സംഭവങ്ങളാണ്. അറിഞ്ഞതിന്റെ പതിന്മടങ്ങുണ്ട് അറിയാത്തവ

                       

‘ഇത്തരം നൂറു കണക്കിന് സംഭവങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. ഒരു വീഡിയോ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. അതുകൊണ്ടാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചിക്കുന്നത്’; വ്യാഴാഴ്ച്ച മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് ഒരു ചാനലിനോടു പറയുന്നുണ്ട്. രണ്ട് കുക്കി യുവതികളെ മെയ്‌തെയ് അക്രമികള്‍ കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും നഗ്നരാക്കി നടത്തിക്കുകയും ചെയ്ത സംഭവം ലോകം അറിഞ്ഞതാണ് പശ്ചാത്തലം. ബിരേന്‍ സിംഗ് പറഞ്ഞതൊരു യാഥാര്‍ത്ഥ്യമാണ്. ആ ക്രൂരത മേയ് നാലിന് നടന്നതാണ്. 80 ദിവസത്തിനുശേഷമാണ് പുറം ലോകം അറിയുന്നത്. മണിപ്പൂര്‍ കലാപപൂരിതമായതിനു പിന്നാലെ നിരവധി കുക്കി സ്ത്രീകള്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരകളാവുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കൊല്ലാനുറപ്പിച്ചുള്ള ആക്രമണത്തില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരുമുണ്ട്. വസ്തുതാപരമായ കണക്കുകളും വിവരങ്ങളും പുറത്തുവന്നിട്ടില്ല. അറിഞ്ഞതത്രയും മനുഷ്യത്വം മരവിപ്പിക്കുന്നത്.

ഇവിടെ പറയുന്നത്, ഏതാനും സംഭവങ്ങളാണ്. അറിഞ്ഞതിന്റെ പതിന്മടങ്ങുണ്ട് അറിയാത്തവ.

ഇന്ത്യയുടെ പെണ്‍മക്കള്‍
സൈക്കുളിലെ ഐലന്‍ഡ് ബ്ലോക്കില്‍ മെയ്‌തെയ്കള്‍ ആദ്യം ചുട്ടെരിക്കുന്ന കുക്കി ഗ്രാമമാണ് ഫൈനുവാം. ‘മെയ്‌തെയ് ലീപുന്‍’ എന്നെഴുതിയ കറുത്ത ടീ ഷര്‍ട്ട് ധരിച്ച സ്ത്രീകളും പുരുഷന്മാരും അടങ്ങിയ മെയ്‌തെയ് സംഘമാണ് ഗ്രാമത്തിലേക്ക് ഇരച്ചു കയറിയത്.

ഫൈനുവാമില്‍ നിന്നും അക്രമികള്‍(സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍) പിടികൂടിയതാണ് ആ രണ്ട് പെണ്‍കുട്ടികളെ. 28 ഉം 35 ഉം വയസുള്ള അവരെ പൂര്‍ണ നഗ്നരാക്കി നടത്തിച്ചു, ശേഷം ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി. ഇന്നിപ്പോള്‍ ലോകം മുഴുവന്‍ ഞെട്ടലോടെ കണ്ട ‘വൈറല്‍’ വീഡിയോ അക്രമികള്‍ തന്നെയാണ് ഷൂട്ട് ചെയ്തത്. എത്രമാത്രം ക്രൂരതയാണ് ആ സ്ത്രീകള്‍ അനുഭവിച്ചതെന്ന് വീഡിയോ കണ്ടവര്‍ക്കറിയാം. ആ സ്ത്രീകളുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിലെല്ലാം ക്രൂരത കാണിക്കുകയാണ്. ക്രിമിനലുകളെ എന്നപോലെയാണ് ആ സ്ത്രീകളെ അവര്‍ തെരുവുകളിലൂടെ നടത്തിക്കൊണ്ടു പോയത്. പണ്ട് റോമ സാമ്രാജ്യത്തില്‍ കുറ്റവാളികളോട് ചെയ്തതുപോലെ. അവരെ കൊല്ലൂ, കൊല്ലൂ എന്ന് മെയ്‌തെയ് ഭാഷയില്‍ അലറുന്നുണ്ടായിരുന്നു അക്രമികളില്‍ പലരും.

ഒലീവിയ ലിംഗ്നെയ്‌തെം ചെങ്‌ഗോലി

ഒലീവിയ ലിംഗ്നെയ്‌തെം ചെങ്‌ഗോലി
മലയോര ഗ്രാമമായ ഖോപിബംഗിലായിരുന്നു ഒലീവിയ എന്ന 23 കാരിയുടെ വീട്. ഇംഫാലിലെ കൊനുംഗ് മാമംഗിലെ ഒരു കാര്‍ വാഷ് സ്ഥാപനത്തിലായിരുന്നു അവള്‍ ജോലി ചെയ്തിരുന്നത്. കലാപം രൂക്ഷമായ 2023 മേയ് മൂന്നിന് കൊലവിളിയുമായി മെയ്‌തെയ്കള്‍ ഇംഫാലിലെ ഓരോ വാതിലുകളും തുറന്ന് പരിശോധന തുടങ്ങിയിരുന്നു. ഇംഫാല്‍ മെയ്‌തെയ്കളുടെ സാമ്രാജ്യമാണ്. ആ മേഖലയില്‍ ഏതെങ്കിലും കുക്കികള്‍ ഉണ്ടോയെന്ന് കണ്ടുപിടിക്കാനായിരുന്നു വെറിപൂണ്ട അക്രമിക്കൂട്ടങ്ങള്‍ പരതിക്കൊണ്ടിരുന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ ദിവസത്തില്‍, ആ കുക്കി പെണ്‍കുട്ടി അവളെ ശത്രുവായി മാത്രം കണ്ടവരാല്‍ പിടിക്കപ്പെട്ടു. അവര്‍ അവളെ വലിച്ചിഴച്ചു അകത്തേക്കു കൊണ്ടുപോയി ഒരു മുറിയില്‍ പൂട്ടി. ദൃക്‌സാക്ഷികളുടെ മൊഴി പ്രകാരം ഒലീവിയ സമാനതകളില്ലാത്ത പീഡനങ്ങള്‍ക്ക് വിധേയയായി. ക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടി വന്നു. ശേഷം അവര്‍ അവളെ കൊന്നു. ഇന്നും അവളുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല.

ഫ്‌ളോറന്‍സ് നെങ്പിചോംഗ് ഹാങ്ഷിംഗ്

ഫ്‌ളോറന്‍സ് നെങ്പിചോംഗ് ഹാങ്ഷിംഗ്
ഖോപിബംഗില്‍ നിന്ന് തന്നെയുള്ള 25 കാരിയായ മറ്റൊരു കുക്കി പെണ്‍കുട്ടി. ഒലീവയ്ക്ക് സംഭവിച്ച അതേ രീതിയില്‍ പീഡനമേറ്റ് കൊല്ലപ്പെട്ടവള്‍. ഫ്‌ളോറന്‍സും കൊനുംഗ് മാമംഗിലെ കാര്‍ വാഷ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കുക്കിയാണെന്ന് മനസിലാക്കിയതോടെ അവളെയും ലൈംഗിക ചൂഷണത്തിനും ക്രൂരമായ ദേഹോപദ്രവങ്ങള്‍ക്കും ശേഷം അവര്‍ കൊന്നു. മേയ് മൂന്നിന് കൊല്ലപ്പെട്ട ഫ്‌ളോറന്‍സിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല.

എന്‍ഗായ്‌ഖൊല്‍ഹിംഗ് കിപ്‌ഗെന്‍

എന്‍ഗായ്‌ഖൊല്‍ഹിംഗ് കിപ്‌ഗെന്‍
2023, മേയ് മൂന്ന്, കുക്കികളെ തിരക്കി മെയ്‌തെയ്കള്‍ കൊലവിളിയുമായി ഇറങ്ങിയതോടെയാണ് പ്രാണരക്ഷാര്‍ത്ഥം 91 കാരിയായ അമ്മയെയും മക്കളെയും കൂട്ടി എന്‍ഗായ്‌ഖൊല്‍ഹിംഗ് കിപ്‌ഗെന്‍ ന്യൂ ലാമ്പുലെയ്ന്‍ വിടാന്‍ തീരുമാനിക്കുന്നത്. കാരണം ആ പ്രദേശം ഇംഫാലിലാണ്. മെയ്‌തെയ്കള്‍ക്കിടയില്‍ നില്‍ക്കുന്ന ഓരോ നിമിഷവും ജീവന്‍ അപകടത്തിലാണെന്ന് 59 കാരിയായ ആ വിധവയ്ക്ക് അറിയാമായിരുന്നു.

അസം റൈഫിള്‍സിന്റെ സംരക്ഷണം ഉണ്ടായിരുന്നതുകൊണ്ട് തന്റെ കാറിലുള്ള യാത്ര സുരക്ഷിതമായിരിക്കുമെന്ന് കിപ്‌ഗെന്‍ കരുതി. ന്യൂ ചെക്കോനിലെ ഹപ്തയില്‍ എത്തുംവരെ മാത്രമെ കിപ്‌ഗെയുടെ വിശ്വാസത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. മുന്നില്‍ പോയ ആസം റൈഫിള്‍സിന്റെ വാഹനം തയപ്പെട്ടതോടെ എന്തോ അപകടം അവരെ മൂടുന്നതായി മനസിലായി. പെട്ടെന്ന് തന്നെ മെയ്‌തെയ് അക്രമിക്കൂട്ടം അവരുടെ കാര്‍ വളഞ്ഞു. പിന്നാലെ രൂക്ഷമായ കല്ലേറ് തുടങ്ങി. എല്ലാവരെയും കാറില്‍ നിന്നും വലിച്ചു പുറത്തെറിഞ്ഞു. കാര്‍ അവര്‍ തീയിട്ടു. ആ തീ കിപ്‌ഗെന്റെ വസ്ത്രങ്ങളില്‍ പടര്‍ന്നു. അക്രമികള്‍ അവരെ തല്ലിച്ചതച്ചു. മര്‍ദ്ദനമേറ്റ് മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമായി. ഭാഗ്യമെന്ന് പറയട്ടെ, ആ കുക്കി സ്ത്രീക്ക് ജീവന്‍ നഷ്ടമായില്ല. ശ്വാസം നിലയ്ക്കാതിരുന്ന ആ ശരീരം എങ്ങനെയോ ആര്‍മി ക്യാമ്പില്‍ എത്തിച്ചു. കിപ്‌ഗെന്‍ ഇപ്പോള്‍ ചികിത്സയിലാണ്.

റോസലിന്‍ഡ്

വി.റോസലിന്‍ഡ്
കലാപം തുടങ്ങിയ മേയ് മൂന്നിന് ഇംഫാലില്‍ ആക്രമിക്കപ്പെട്ട ആദ്യ കുക്കി വീട് 58 കാരിയായ റോസലിന്‍ഡിന്റെയായിരുന്നു. 500 ഓളം മെയ്‌തെയ്കള്‍ കൂട്ടമായെത്തിയാണ് വീട് കത്തിച്ചത്. ഉള്ളിലുള്ള മനുഷ്യരെക്കൂടി ചുട്ടെരിക്കാനായിരുന്നു അക്രമികളുടെ പദ്ധതിയെങ്കിലും റോസലിന്‍ഡും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. കൊലയാളിക്കൂട്ടം തങ്ങളുടെ വീടിനു നേരെ പാഞ്ഞടുക്കുന്നത് നേരത്തെ കണ്ടതുകൊണ്ട് റോസലിന്‍ഡും കുടുംബവും സുരക്ഷിതമായൊരു മാര്‍ഗത്തിലൂടെ പുറത്തു കടന്നതുകൊണ്ട് മാത്രമാണ് അവര്‍ക്ക് ഇന്നും ജീവനോടെയിരിക്കാന്‍ സാധിക്കുന്നത്. ജീവന്‍ കൈയില്‍ പിടിച്ചുള്ള ഓട്ടത്തില്‍ വീടിന്റെ വേലി ചാടിക്കടക്കുന്നതിനിടയില്‍ റോസലിന്‍ഡിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അവരിപ്പോഴും ചികിത്സയിലാണ്.

ഹെകിം ചോംഗ്ലോയ്, ഹെലം ചോംഗ്ലോയ്

ഹെകിം ചോംഗ്ലോയ്, ഹെലം ചോംഗ്ലോയ്
ഇംഫാലിലെ ഉറിപോക്കിലായിരുന്നു കുട്ടിക്കാലം മുതല്‍ സഹോദരങ്ങളായ ഹെകിമും ഹെലമും ജീവിച്ചുപോന്നിരുന്നത്. മെയ്‌തെയ്കളായ അയല്‍ക്കാര്‍ ഒരിക്കലും തങ്ങളെ ഉപദ്രവിക്കില്ലെന്ന വിശ്വാസം ഹെകിമിനും ഹെലമിനും ഉണ്ടായിരുന്നു. മേയ് നാലിനാണ് ആ വിശ്വാസം തെറ്റാണെന്ന് 50 കള്‍ പിന്നിട്ട ആ അവിവാഹിത സ്ത്രീകള്‍ക്ക് മനസിലായത്.

ആദ്യം അക്രമികള്‍ ചെയ്തത്, അന്ധയും കിടപ്പുരോഗിയുമായ 90 കാരിയായ ഒരു വൃദ്ധയെ; ഹെകിമിന്റെയും ഹെലമിന്റെയും അമ്മയെ, കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. അതിനുശേഷമാണ് ആ സഹോദരങ്ങളെ വെടിവച്ച് കൊന്നത്. തങ്ങളെ ഒരിക്കലും ഉപദ്രവിക്കില്ലെന്ന് അവര്‍ കരുതിയ അയല്‍ക്കാരായ മെയ്‌തെയ്കള്‍ ഉള്‍പ്പെടെയായിരുന്നു മരണശിക്ഷ നടപ്പാക്കിയത്.

ആഗ്നസ് നെയ്‌ഖൊഹത് ഹയോകിപ്

ആഗ്നസ് നെയ്‌ഖൊഹത് ഹയോകിപ്
മേയ് 4 ന് ആണ് ആഗ്നസിനെ അവര്‍ പിടികൂടുന്നത്. ഇംഫാലിലെ പൊറൊംപറ്റില്‍ സ്ഥിതി ചെയ്യുന്ന നൈറ്റിംഗേള്‍ നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു ആ 22 കാരി. അവളെ തിരക്കിയെത്തിയ മെയ്‌തെയ് അക്രമിക്കൂട്ടത്തില്‍ അവളുടെ അയല്‍ക്കാരുമുണ്ടായിരുന്നു. കുക്കി പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതിനുശേഷം അവര്‍ അവളെ മുടിയിഴകളില്‍ പിടിച്ചു വലിച്ചിഴച്ചു റോഡ് അരികില്‍ കൊണ്ടുവന്നു തള്ളി. പിന്നെ എല്ലാവരും ചേര്‍ന്ന് ക്രൂരമര്‍ദ്ദനം. അവര്‍ അവളുടെ പല്ലുകള്‍ അടിച്ചു പൊഴിച്ചു, കൈകാല്‍ മുട്ടികള്‍ തല്ലികര്‍ത്തു. മര്‍ദ്ദനമേറ്റ് ബോധരഹിതയായ ആഗ്നസ് മരിച്ചെന്ന് കരുതിയാണ് മെയ്‌തെയ്കള്‍ അവളെ ഉപേക്ഷിച്ചു പോയത്. ജീവന്‍ ബാക്കിയുണ്ടായിരുന്ന ആഗ്നസിന്റെ ആദ്യമൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഗ്നുവിലെ ജാന്‍ഗ്നോയ് ഗ്രാമത്തില്‍ നിന്നുള്ള ഈ കുക്കി പെണ്‍കുട്ടി ഇപ്പോള്‍ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലാണ്.

ചിന്‍സിയാന്‍ചിങ്

ചിന്‍സിയാന്‍ചിങ്
പൊറൊംപറ്റിലെ നൈറ്റിംഗേള്‍ നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും തന്നെയാണ് ചിന്‍സിയാന്‍ചിങിനെയും അക്രമികള്‍ കണ്ടെത്തുന്നത്. ആഗ്നസിന് സംഭവിച്ച അതേ ദുര്യോഗം തന്നെ അവളുടെ 19 കാരിയായ സുഹൃത്തിനും നേരിടേണ്ടി വന്നു. ആ വിദ്യാര്‍ത്ഥിനി മരിച്ചെന്ന് അക്രമികള്‍ തെറ്റിദ്ധരിച്ചതുകൊണ്ട് മാത്രം ജീവന്‍ തിരിച്ചുകിട്ടി.

ഗൗസാവുങ്

ഗൗസാവുങ്
സാധാരണക്കാര്‍ മാത്രമല്ല, കുക്കികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ മെയ്‌തെയ്കളുടെ പകയ്ക്ക് ഇരകളായി. അവരിലൊരാളാണ് ഗൗസാവുങ്. ഇംഫാലിലെ നാഷണ്‍ ഗെയിംസ് വില്ലേജില്‍ വച്ചാണ് മണിപ്പൂര്‍ സെക്രട്ടറിയേറ്റില്‍ കാര്‍ഷിക-മൃഗസംരക്ഷണ വകുപ്പ് അണ്ടര്‍ സെക്രട്ടറിയായ ഗൗസാവുങിനെ അക്രമികള്‍ കാറില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുന്നത്. ഒപ്പം അവരുടെ 27 കാരനായ മകന്‍ ഗൗലാല്‍സാങും അക്രമത്തിനിരയായി. തലയില്‍ സാരമായ പരിക്കുകളും തകര്‍ന്ന എല്ലുകളുമായി ആഴ്ച്ചകളോളം ഗൗസാവുങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മേയ് അഞ്ചിന് നടന്ന സംഭവത്തില്‍ നിന്നും അടുത്ത ദിവസമാണ് ഗൗസാവുങിന് ബോധം തിരിച്ചു കിട്ടിയത്.

നിയാങ്ഹോയ്ചിംഗ്

നിയാങ്ഹോയ്ചിംഗ്
നിപരാധികളായ മനുഷ്യര്‍ ഒന്നുമറിയാതെ കൊല്ലപ്പെടുന്ന കാഴ്ച്ചയാണ് മണിപ്പൂരില്‍. നിയാങ്‌ഹോയ്ചിംഗും ഒരുതെറ്റും ചെയ്യാതെ കൊല്ലപ്പെട്ട സ്ത്രീയാണ്. ലാമകയിലെ ലൈലാം സിംവെങ്ഗിലെ താമസക്കാരിയായിരുന്നു ഈ 33 കാരി. മേയ് അഞ്ചിനാണ് ആ പ്രദേശത്ത് ജനങ്ങളും സുരക്ഷ സൈന്യവുമായി ഏറ്റുമുട്ടലുണ്ടാകുന്നത്. ആള്‍ക്കൂട്ടത്തിനു നേരെ സായുധ സേന നടത്തിയ അലക്ഷ്യമായ വെടിവയ്പ്പാണ് നിയാങ്‌ഹോയ്ചിംഗിന്റെ ജീവനെടുത്തത്. ന്യൂ ലാമ്കയിലെ ടെഡ്ഡിം റോഡിലുള്ള ഹോട്ടല്‍ വീനസിന് മുന്നില്‍ വച്ചാണ് നിയാങ്‌ഹോയ്ചിംഗിന് വെടിയേറ്റത്.

തിയാന്‍ഡം വയ്‌ഫെയ്

തിയാന്‍ഡം വയ്‌ഫെയ്
വിധവയും രണ്ടു കുട്ടികളുടെ അമ്മയുമായ തിയാന്‍ഡം വയ്‌ഫെയ് മെയ്‌തെയ്കളുടെ കൈയില്‍പ്പെടുന്നത് മേയ് ആറിനാണ്. സൈക്കുളിലെ ഐലന്‍ഡ് ബ്ലോക്കിലുള്ള ഫെയ്തയ്ചിംഗ് ഗ്രാമത്തിലെ വീട്ടില്‍ വച്ച് അക്രമികള്‍ അവരെ ക്രൂരമായി പീഢിപ്പിച്ചശേഷമാണ് കൊലപ്പെടുത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു ആ 45 കാരിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

ലെതോയ് ഹയോകിപ്

ലെതോയ് ഹയോകിപ്
60 കാരിയായ ലെതോയ് ഹയോകിപ് മാനസിക വെല്ലുവിളി നേരിടുന്നൊരു വൃദ്ധയായിരുന്നു. അക്രമകാരി എന്നു മുദ്രകുത്തിയാണ് മണിപ്പൂര്‍ പൊലീസ് കമാന്‍ഡോകള്‍ ലാംഗ്ചിങ് സുഗ്നുവില്‍ വച്ച് അവരുടെ തല തകര്‍ത്തുകൊണ്ട് ബുള്ളറ്റ് പായിച്ചത്. ശേഷം അവരാ മൃതദേഹം തീയില്‍ എറിഞ്ഞു. സുഗ്നു എം എല്‍ എ കെ രഞ്ജിത്ത് സിംഗ് പിന്നീട് ആരോപിച്ചത് മാനസിക രോഗിയായ ആ സ്ത്രീ ഒരു സ്‌നൈപ്പര്‍ ഷൂട്ടര്‍ ആയിരുന്നുവെന്നാണ്.

ടോങ്‌സിങ് ഹാന്‍സിങ്, മീന ഹാന്‍സിങ്

ടോങ്‌സിങ് ഹാന്‍സിങ്, മീന ഹാന്‍സിങ്, ലിഡിയ ല്യൂറെംബാം
കൊലയാളികളുടെ വെടിയുണ്ടകള്‍ ടോങ്‌സിങ് എന്ന ഏഴ് വയസുകാരന്റെ തലയിലും അവന്റെ അമ്മ മീന ഹാന്‍സിങിന്റെ കൈയിലുമാണ് തുളച്ചു കയറിയത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കാങ്‌പോക്പിയിലെ കെയ്‌തെല്‍മാന്‍ബിയില്‍ നിന്നും അസം റൈഫിള്‍സിന്റെ ക്യാമ്പിലേക്കാണ് ആദ്യം മാറ്റിയത്. അവിടെ നിന്നും വിദഗ്ധ ചികിത്സിയ്ക്കായി ഇംഫാലിലേക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചു. ആംബുലന്‍സില്‍ അവര്‍ക്കൊപ്പം ബന്ധുവായ ലിഡിയയും ഉണ്ടായിരുന്നു. അസം റൈഫിള്‍സിലെ സൈനികരും അവര്‍ക്ക് കൂട്ടായി ഉണ്ടായിരുന്നു. സുരക്ഷയെക്കരുതി ആ അംബുലന്‍സിന്റെ മുന്നിലായി ഒരു പൊലീസ് വണ്ടിയുമുണ്ടായിരുന്നു. 2023 ജൂണ്‍ നാലിന് പടിഞ്ഞാറന്‍ ഇംഫാലില്‍ വച്ച് രണ്ടായിരത്തോളം വരുന്ന മെയ്‌തെയ് കലാപകാരികളായ ‘ മെയ്‌റ പൈബിസ്’ ആ അംബുലന്‍സ് ആക്രമിച്ചു. ടോങ്‌സിങ്, മീന, ലിഡിയ എന്നിവരെ അക്രമികള്‍ ആംബുലന്‍സിനകത്തിട്ട് ജീവനോടെ തീകൊളുത്തി കൊന്നു കളഞ്ഞു.

ദോംഖൊഹോയ്

ദോംഖൊഹോയ്
ഖോഖെന്‍ ഗ്രാമത്തിലെ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു 70 കാരിയായ ദോംഖൊഹോയെ പട്ടാള വേഷത്തിലെത്തിയ മെയ്‌തെയ് തീവ്രവാദികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. പിന്നീട് പ്രചരിപ്പിച്ചത് ദോംഖൊഹോയും ഒരു സ്‌നൈപ്പര്‍ ഷൂട്ടര്‍ ആയിരുന്നുവെന്നാണ്.

ഡോംഗായ്ചിംഗ് ഹാംഗ്‌സോ

ഡോംഗായ്ചിംഗ് ഹാംഗ്‌സോ
മാനസിക വെല്ലുവിളി നേരിടുന്ന, സ്‌കീസോഫ്രീനിയ കുട്ടിക്കാലം മുതല്‍ ബുദ്ധിമുട്ടിക്കുന്ന, ഈ 63 കാരിക്ക് സ്വയം വീട് വിട്ട് എങ്ങോട്ടും രക്ഷപ്പെട്ടു പോകാനുള്ള നിവൃത്തിയില്ലായിരുന്നു. കലാപം രൂക്ഷമായപ്പോഴും ലാമ്കയിലെ സെന്‍ഹാങ് ബസാറിലുള്ള വീട്ടില്‍ തനിയെ കഴിയേണ്ടേി വന്നതും അതുകൊണ്ടാണ്. ദൃക്‌സാക്ഷികള്‍ പറയുന്നതനുസരിച്ച് ചിലര്‍ അവരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു ഓട്ടോക്കാരനുമായി അവര്‍ തര്‍ക്കിക്കുന്നത് കണ്ടവരുമുണ്ട്. ആ തര്‍ക്കത്തിനിടയില്‍ ബൈക്കിലെത്തിയ രണ്ട് മെയ്‌തെയ് അക്രമകാരികള്‍ ആ 60 കാരിയെ വെടിവച്ച് കൊല്ലുകയായിരുന്നു.

ഹാത്‌ബെം കിപ്‌ഗെന്‍

ഹാത്‌ബെം കിപ്‌ഗെന്‍
കുക്കി വംശജയായ ഹാത്‌ബെം വിവാഹം കഴിച്ചത് സുഗ്നുവിലുള്ള മെയ്‌തെയ്ക്കാരനായ കെന്നഡിയെയായിരുന്നു. അതുകൊണ്ട് തന്നെ സുഗ്നുവില്‍ ജീവിക്കാന്‍ അവള്‍ പേടിച്ചതുമില്ല. ഒരു മെയ്‌തെയ്-യുടെ ഭാര്യയെ ഒന്നും ചെയ്യില്ലെന്ന വിശ്വാസമായിരുന്നു. എന്നാല്‍ ആ 50 കാരിക്ക് തെറ്റി. ഭര്‍ത്താവില്ലാത്ത നേരത്ത് മെയ്‌തെയ് കൂട്ടം അവളെ വീട്ടില്‍ വച്ച് ആക്രമിച്ചു. ദൃക്‌സാക്ഷികള്‍ പറയുന്നത്, അക്രമികള്‍ ഹാത്‌ബെമിനെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് പുറത്തു കൊണ്ടുപോവുകയും ക്രൂരമായ ലൈംഗിക പീഡനത്തിനുശേഷം കൊന്നുകളഞ്ഞൂ എന്നുമാണ്. മെയ്‌തെയ്ക്കാരനെ വിവാഹം കഴിച്ചാലും ഹാത്‌ബെം ഒരു കുക്കിയാണെന്നത് മാത്രമാണ് അവരെ കൊല്ലാന്‍ മെയ്‌തെയ്കള്‍ കാരണമാക്കിയത്.

തെമ്‌നു, ചോങ്പി
ഇരുപതുകളിലെത്തിയ സഹോദരിമായിരുന്നു തെമ്‌നുവും ചോങ്പിയും. കാങ്‌പോക്പിയിലെ ഖോപിബംഗ് ഗ്രാമത്തിലുള്ളവര്‍. ജോലി ചെയ്തിരുന്നിടത്ത് വച്ചാണ് മെയ്‌തെയ് അക്രമികള്‍ അവരെ പിടികൂടുന്നത്. തൊഴിലുടമ ആ പെണ്‍കുട്ടികളെ രക്ഷപെടുത്താന്‍ യാതൊന്നും ചെയ്തില്ല. രണ്ടു മണിക്കൂറോളം അക്രമികള്‍ പെണ്‍കുട്ടികളെ അടച്ചിട്ട മുറിയില്‍ വച്ച് ഉപദ്രവിച്ചു. ലൈംഗികമായി പീഡിപ്പിച്ചു. മേയ് അഞ്ചാം തീയതി രാത്രി ഏഴ് മണിക്ക് ആ മുറി തുറക്കപ്പെടുമ്പോള്‍ അകം നിറയെ രക്തവും മുടിയിഴകളുമായിരുന്നു. ജവഹര്‍ ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന തെമ്‌നുവിന്റെയും ചോങ്പിയുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ഇതുവരെ അവരുടെ മാതാപിതാക്കള്‍ക്ക് സാധിച്ചിട്ടില്ല.

മേയ് 15 ന് ഇംഫാലിലെ ചെക്കോനില്‍ നിന്നും ഒരു 18 കാരിയെ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന മെയ്‌തെയ് അക്രമിക്കൂട്ടം തട്ടിക്കൊണ്ടു പോയി. അവര്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിയരിയുമെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു. നാഗാലാന്‍ഡിലെ കൊഹ്‌മിയിലുള്ള ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് മനസ് മരവിപ്പിക്കുന്ന ലൈംഗിക അതിക്രമത്തിനാണ് ഇരയായതെന്നാണ്. ജനനേന്ദ്രിയത്തിലും താടിയെല്ലിനും അവള്‍ക്ക് ശസ്ത്രികയ വേണ്ടി വന്നു.

മേയ് മൂന്നിന് ഇംഫാലിലെ മണിപ്പൂര്‍ സര്‍വകലാശാല ക്യാമ്പസിലേക്ക് കൈകളില്‍ കത്തിയും വടികളുമായി ഇരച്ചെത്തിയ മെയ്‌തെയ് അക്രമികള്‍ തിരഞ്ഞത് കുക്കി-സോമി വിഭാഗങ്ങളില്‍പ്പെട്ട അധ്യാപക-വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയുമായിരുന്നു. ലേഡി ഹോസ്റ്റലുകളിലെ ഓരോ മുറിയും അവര്‍ തുറന്നു പരിശോധിച്ചു. അസം റൈഫിള്‍സ് കാമ്പ്യസില്‍ എത്തുന്നതുവരെ ശുചിമുറികളിലും മറ്റുമായി മണിക്കൂറുകളോളം ഒളിച്ചിരുന്നാണ് പല വിദ്യാര്‍ത്ഥികളും രക്ഷപ്പെട്ടത്. കൈയില്‍ കിട്ടിയാല്‍ അവര്‍ കൊല്ലപ്പെടുമായിരുന്നു. അശ്ലീല ആക്ഷേപങ്ങള്‍ക്കൊപ്പം ‘കുക്കി പെണ്ണുങ്ങളെ കിട്ടിയാല്‍ കൊന്നു കളയുക’ എന്നാക്രോശിച്ചായിരുന്നു മെയ്‌തെയ് അക്രമികള്‍ സര്‍വ്വകലാശാല കാമ്പസില്‍ അഴിഞ്ഞാടിയത്.

ഇനിയുമുണ്ട് ഇരകള്‍. കുക്കി ഗോത്രങ്ങളില്‍പ്പെട്ടവരാണെന്ന ഒറ്റക്കാരണം കൊണ്ട് മെയ്‌തെയ്കളുടെ ക്രൂരതകള്‍ക്കിരകളായവര്‍. ഭാഗ്യം ഒന്നുകൊണ്ട് മാത്രം മെയ്‌തെയ്കളുടെ കണ്ണില്‍പ്പെടാതെ രക്ഷപ്പെട്ടവരുമുണ്ട്. ലൈംഗിക പീഢനങ്ങള്‍ക്കു ശേഷം കൊന്നു തള്ളുക; മെയ്‌തെയ്കള്‍ ഇതാണ് കുക്കി സ്ത്രീകളോട് ചെയ്തുകൊണ്ടിരിക്കുന്നത്. പല മൃതദേഹങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല, പരാതികള്‍ക്കൊന്നും നടപടിയുണ്ടായിട്ടില്ല. ഒരു ഭാഗത്ത് മെയ്‌തെയ്കളുടെ അക്രമം, മറുഭാഗത്ത് പൊലീസിന്റെയും ഭരണകൂടത്തിന്റെയും അവഗണന. മനുഷ്യരായി തങ്ങളെ പരിഗണിക്കാത്തവരുടെ ഇടയിലാണ് അവരിപ്പോഴുള്ളത്.

Share on

മറ്റുവാര്‍ത്തകള്‍