UPDATES

മനുഷ്യന്‍ മനുഷ്യനോട് കാണിച്ച ക്രൂരതകള്‍

ഈ കപ്പല്‍ അവശിഷ്ടങ്ങള്‍ പറയുന്നുണ്ട്

                       

18ഉം 19-ഉം നൂറ്റാണ്ടുകളില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ നടത്തിയ ഭയാനകമായ യാത്രകളുടെ സങ്കടകരമായ ഓര്‍മപ്പെടുത്തലാണ് ഗവേഷകര്‍ വടക്കന്‍ ബഹാമാസില്‍ നിന്ന് കണ്ടെടുത്തിരിക്കുന്ന കപ്പല്‍ അവശിഷ്ടങ്ങള്‍.400-ലേറെ ആഫ്രിക്കന്‍ അടിമകളെ കപ്പലിന്റെ അടിത്തട്ടില്‍ (below deck) ഞെരിച്ചമര്‍ത്തിക്കൊണ്ട് യാത്ര നടത്തവേ മുങ്ങിപ്പോയ കപ്പലുകളുട അവശിഷടങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള 14 കപ്പലുകളുടെ അവശിഷ്ടങ്ങളാണ് ഗവേഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന വസ്തുത എന്തെന്നാല്‍ കപ്പല്‍ അവശേഷിപ്പുകളില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങളാണ്. കപ്പല്‍ മുങ്ങുന്ന വേളയില്‍ കപ്പല്‍ ജീവനക്കാര്‍ പലപ്പോഴും അടിമകളായ ആളുകളെ രക്ഷപെടാന്‍ അനുവദിക്കാതെ കപ്പലിന്റെ ഡെക്കിന് താഴെ പൂട്ടിയിടുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. കപ്പലിലുണ്ടായിരുന്ന അടിമകളാക്കി കൊണ്ടുവന്നവര്‍ക്ക് എന്ത് സംഭവിച്ചു എന്നതിന് യാതൊരു തെളിവുകളുമില്ല. ബ്രിട്ടീഷ് മറൈന്‍ പുരാവസ്തു ഗവേഷകര്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ഭീകരതയിലേക്കുള്ള പാത’ എന്നാണ് ഈ കടല്‍ പാതയെ വിശേഷിപ്പിച്ചത്. ബഹാമാസിനെ കുറിച്ചും കപ്പല്‍ തകര്‍ച്ചയുടെ ചരിത്രത്തെ പറ്റിയും ഗവേഷണം നടത്തുന്ന കാള്‍ അലന്‍ സ്ഥാപിച്ച ‘അലന്‍ എക്‌സ്‌പ്ലോറേഷന്‍’ നടത്തുന്ന ‘ബഹാമാസ് ലോസ്റ്റ് ഷിപ്പ്’ പ്രൊജക്റ്റിന്റെ ഗവേഷണത്തിനിടെയാണ് കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മെക്‌സികോ ഉള്‍ക്കടലിലെ ന്യൂ പ്രൊവിഡന്‍സ്, ക്യൂബ, ന്യൂ ഓര്‍ലിയന്‍സ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അടിമകളെയും കൊണ്ട് സഞ്ചരിക്കാന്‍ കടല്‍ മാര്‍ഗം എങ്ങനെ ഉപയോഗിച്ചുവെന്ന് ഈ തകര്‍ന്ന കപ്പലുകള്‍ വെളിപ്പെടുത്തുന്നുവെന്ന് ഷോണ്‍ കിംഗ്സ്ലി ചൂണ്ടിക്കാട്ടി. 1704 നും 1887 നും ഇടയില്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്നവ ആയിരുന്നു കണ്ടെത്തിയ കപ്പലുകള്‍ പലതും. കപ്പലുകളില്‍ കൂടുതലും അമേരിക്കക്കാരുടെ ഉടമസ്ഥതയിലുള്ളവ ആയിരുന്നു. ക്യൂബയിലെ പഞ്ചസാര, കാപ്പി തോട്ടങ്ങളിലേക്ക് ആഫ്രിക്കന്‍ വംശജരെ അടിമകളാക്കി ജോലി ചെയ്യിക്കാന്‍ കൊണ്ടുപോയിരുന്നവയാണ് ഇവ എന്നാണ് ലഭിക്കുന്ന വിവരം. അടിമക്കച്ചവടം അവസാനിപ്പിക്കാന്‍ നിയമങ്ങള്‍ പാലിക്കുന്നുവെന്നത് നാടകം മാത്രമായിരുന്നു. നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടും ക്യൂബയിലേക്ക് അടിമകളെ കടത്തുന്നത് രഹസ്യമായി തുടരുകയും പഞ്ചസാര കൃഷിയില്‍ നിന്ന് ഗണ്യമായ ലാഭം നേടുകയും ചെയ്തുവെന്ന് ഗവേഷകനായ ഷോണ്‍ കിംഗ്സ്ലി പറയുന്നുണ്ട്.

ബഹാമാസിലെ എല്ലാ കപ്പല്‍ ദുരന്തങ്ങളുടെയും വിവരങ്ങള്‍ തയ്യാറാക്കുന്നതാണ് ബഹാമാസ് ലോസ്റ്റ് ഷിപ്പ് പദ്ധതി. ഗ്രേറ്റര്‍ അബാക്കോ മേഖലയില്‍ മാത്രം ഗവേഷകര്‍ 596 അവശിഷ്ടങ്ങള്‍ കണ്ടെത്തി. 1657 മുതലാണ് ധാരാളം കപ്പലുകള്‍ അറ്റ്‌ലാന്റിക്കിലൂടെ സഞ്ചരിക്കാന്‍ തുടങ്ങുന്നത്. തകര്‍ന്ന കപ്പലുകള്‍ നമ്മള്‍ ഓര്‍ക്കേണ്ട ചരിത്രത്തിലെ ഇരുണ്ട കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് എന്നും ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കപ്പല്‍ തകര്‍ന്ന് മരണമടഞ്ഞ അടിമകളായ ആഫ്രിക്കക്കാരുടെ ഭയാനകമായ വിധിയെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മരിച്ച പലരും കടല്‍ എന്താണെന്ന് പോലും അറിയാത്തവരായിരുന്നുവെന്നും അവര്‍ അനുഭവിച്ച ദുരിതങ്ങള്‍ പറഞ്ഞറിയിക്കാന്‍ ആകാത്തത് ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കപ്പല്‍ തകര്‍ന്നാല്‍ നീന്തി രക്ഷപെടാനോ ജീവന്‍ രക്ഷ ബോട്ടുകള്‍ ഉപയോഗിക്കാനോ അറിയുന്ന കപ്പല്‍ ജീവനക്കാരില്‍ നിന്നും വ്യത്യസ്തരായ ഇവര്‍ പലപ്പോഴും ഡെക്കില്‍ കിടന്ന് മരണമടയുകയായിരുന്നു. കപ്പലില്‍ ഉള്ള ബോട്ടുകള്‍ ഉപയോഗിച്ച് ജീവനക്കാര്‍ രക്ഷപെടുമ്പോള്‍, അടിമകള്‍ക്ക് അതിജീവിക്കാനുള്ള അവസരമുണ്ടാകരുതെന്ന് ഉറപ്പുവരുത്തുന്നതിനോ അല്ലെങ്കില്‍ മരണ ഭയത്താല്‍ അടിമകള്‍ തങ്ങളെ ആക്രമിക്കാതിരിക്കാനോ വേണ്ടി ജീവനക്കാര്‍ അവരെ പൂട്ടിയിടുമായിരുന്നു എന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

അടിമത്വത്തിന്റെ കറുത്ത കരങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന് കൊല്ലപ്പെട്ടവരുടെ വിധി പലപ്പോഴും രേഖപ്പെടുത്തപ്പെടുത്തുക പോലും ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. കപ്പല്‍ ക്യാപ്റ്റന്‍മാരും ഉടമകളും അടിമകളായവരുടെ മരണം ദുരന്തം എന്നതിനേക്കാള്‍ ഉപരി സാമ്പത്തിക നഷ്ടമായാണ് കണ്ടിരുന്നത്. 1767-ല്‍ ഒലൗഡ ഇക്വിയാനോ സഞ്ചരിച്ച അതേ കപ്പലാണ് തകര്‍ന്ന കപ്പലുകളിലൊന്ന്. കുട്ടിക്കാലത്ത് നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോകുകയും പിന്നീട് ബാര്‍ബഡോസില്‍ അടിമയാക്കപ്പെടുകയും ചെയ്ത ഒലൗഡ ഇക്വിയാനോ കപ്പല്‍ തകര്‍ച്ചയെ അതിജീവിക്കുകയും സ്വാതന്ത്ര്യത്തിനു ശേഷം അബൊളീഷന്‍ പ്രസ്ഥാനത്തിലെ (abolition movement) പ്രമുഖ വ്യക്തിയായി മാറുകയും ചെയ്തു.

കപ്പല്‍ അവശിഷ്ടങ്ങള്‍ ബഹാമിയന്‍ സര്‍ക്കാരിന്റേതാണെങ്കിലും, ഫ്രീപോര്‍ട്ടിലെ ബഹാമാസ് മാരിടൈം മ്യൂസിയത്തിലാണ് കണ്ടെടുത്ത അവശിഷ്ടങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മ്യൂസിയം പ്രസിദ്ധീകരിക്കുന്ന ഓഷ്യന്‍ ഡിസ്പാച്ചസ് സീരീസിന്റെ ഭാഗമാണ് കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ പുതിയ റിപ്പോര്‍ട്ട്.

Share on

മറ്റുവാര്‍ത്തകള്‍