UPDATES

ട്രെന്‍ഡിങ്ങ്

മദ്യലഹരിയിലായ ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ കാണിച്ച ക്രൂരതയില്‍ ജീവന്‍ നഷ്ടമായത് ആറു വിദ്യാര്‍ത്ഥികള്‍ക്ക്

ഈദിന്റെ അവധിയായിട്ടും സ്‌കൂള്‍ തുറന്നതെന്തിന്?

                       

അതിദാരുണമായൊരു വാര്‍ത്തയാണ് ഹരിയാനയിലെ മഹേന്ദ്രഗഢ് ജില്ലയില്‍ നിന്നുള്ളത്. സ്‌കൂള്‍ ബസ് അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളില്‍ പലരുടെയും നില ഗുരുതരമാണ്. വ്യാഴാഴ്ച്ച രാവിലെയാണ് കനിന ഗ്രാമത്തില്‍ അപകടം നടക്കുന്നത്. ജിആര്‍എല്‍ പബ്ലിക് സ്‌കൂളില്‍ നിന്നും കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോയ ബസാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു തകര്‍ന്നത്. 4 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന 40 കുട്ടികള്‍ ബസിനുള്ളിലുണ്ടായിരുന്നു.

പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ പ്രകാരം, ആറ് കുഞ്ഞുങ്ങളുടെ ജീവനെടുത്ത ഈ അപകടം ഒരു തരത്തില്‍ കൊലപാതകമാണെന്ന് പറയാം. മദ്യപിച്ച് ലക്കുകെട്ട ഒരാളായിരുന്നു കുട്ടികള്‍ ഉള്ള ബസ് ഓടിച്ചത്. ഡ്രൈവര്‍ മദ്യലഹരിയാണെന്ന് അറിഞ്ഞിട്ടും, കുഞ്ഞുങ്ങളെ അയാളുടെ കൈകളിലേക്ക തന്നെ ഏല്‍പ്പിക്കുകയായിരുന്നു സ്‌കൂള്‍ അധികൃതര്‍.

മദ്യലഹരിയില്‍ അശ്രദ്ധമായ രീതിയില്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഖേരി തല്‍വാനയില്‍ വച്ച് ഏതാനും ഗ്രാമീണര്‍ വാഹനം തടഞ്ഞുവച്ചു. നാട്ടുകാര്‍ വണ്ടിയുടെ കീ ഊരിയെടുക്കുകയും വിവരം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. ഡ്രൈവര്‍ കുടിച്ചിട്ടുണ്ടെന്നും ബസ് അപകടരമായാണ് പോകുന്നതെന്നും സ്‌കൂളില്‍ നിന്നും വന്നവരോട് പറഞ്ഞു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ചെയ്തത് നാട്ടുകാരില്‍ നിന്നും താക്കോല്‍ വാങ്ങി വീണ്ടും അതേ ഡ്രൈവറുടെ കൈയില്‍ കൊടുക്കുകയാണ്. 40 കുട്ടികള്‍ കയറിയ ബസ് മദ്യലഹരിയിലായിരുന്നയാളെ തന്നെ ഏല്‍പ്പിച്ചു. ഖേര തല്‍വാനയില്‍ നിന്നും ആറ് കിലോമീറ്റര്‍ എത്തിയപ്പോള്‍ ബസ് അപകടത്തില്‍പ്പെട്ടു. ആറ് കുഞ്ഞുങ്ങളുടെ ജീവനും പോയി.

അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് കലാവധി 2018 ല്‍ കഴിഞ്ഞതാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. മതിയായ രേഖകളില്ലാതെ സര്‍വീസ് നടത്താന്‍ അനുവാദം കൊടുത്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ അപകടത്തിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

നാട്ടുകാര്‍ ഉയര്‍ത്തുന്ന മറ്റൊരു ആരോപണം ഈദ് ദിവസം സ്‌കൂള്‍ പ്രവര്‍ത്തിച്ചതാണ്. പൊതു അവധി ദിവസമായിട്ടും സ്‌കൂള്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അവധി ദിനത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്നാണ് ഹരിയാന വിദ്യാഭ്യാസ മന്ത്രി സീമ ത്രിഖ പറയുന്നത്. സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അവധി ദിനത്തില്‍ സ്‌കൂള്‍ തുറക്കാന്‍ പാടില്ലായിരുന്നു. സ്വകാര്യ സ്‌കൂളായ ജിആര്‍എല്ലിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അവരോട് സത്യവാങ്മൂലം വാങ്ങിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡ്രൈവര്‍ക്കൊപ്പം സ്‌കൂള്‍ മാനേജ്‌മെന്റും അപകടത്തിന് ഉത്തരവാദികളാണെന്ന് മന്ത്രി പറഞ്ഞു. ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് അറിഞ്ഞ സ്ഥിതിക്ക് അയാളെ ബസ് ഓടിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിക്കരുതായിരുന്നു. ഡ്രൈവര്‍, ബസ് ഉടമ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്നിവര്‍ക്കെതിരേ എഫ് ഐ ആര്‍ ഫയല്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് മഹേന്ദ്രഗഢ് ഡെപ്യൂട്ടി കമ്മീഷണര്‍ മോണിക്ക ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞത്. ഡ്രൈവര്‍, സ്‌കൂള്‍ മാനേജ്‌മെന്റ്, പ്രിന്‍സിപ്പാള്‍ എന്നിവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് പൊലീസും ഉറപ്പു പറയുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍