UPDATES

വിദേശം

അന്നവും വെള്ളവും അന്തിയുറങ്ങാന്‍ ഇടവും നല്‍കി; പകരം നഷ്ടമായത് സ്വന്തം ജീവനും

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൊന്നത് ചുറ്റികയ്ക്ക് അടിച്ചു തല തകര്‍ത്ത്

                       

മനുഷ്യത്വം കാണിച്ചതിന്റെ പേരില്‍ വിവേക് സെയ്‌നി എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നഷ്ടമായത് സ്വന്തം ജീവന്‍. അനാഥനായൊരു മനുഷ്യനാണ് വിവേകിന്റെ ജീവനെടുത്തത്. യു എസ്സിലെ അറ്റ്‌ലാന്റയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്യാസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ഒരു ഭക്ഷണശാലയില്‍ പാര്‍ട് ടൈം ജോലി നോക്കുകയും ചെയ്തിരുന്നു 25 കാരനായ വിവേക്. കടയില്‍ വച്ചാണ് ചുറ്റിക കൊണ്ട് അടിച്ച് വിവേകിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ജനുവരി 16-നാണ് സംഭവം നടന്നതെന്നാണ് പ്രാദേശിക ചാനലായ ഡബ്ല്യുഎസിബി-ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാത്രികാലങ്ങളില്‍ വിവേക് ജോലി ചെയ്യുന്ന കടയുടെ മുന്നില്‍ അന്തിയുറങ്ങാന്‍ വന്നിരുന്ന ജൂലിയന്‍ ഫോള്‍ക്‌നര്‍ എന്നയാളാണ് കൊലയാളി. ഇയാളോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തിലാണ് വിവേകിന്റെ ആക്രമിച്ചതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

കൊലയാളിയോട് ഏറ്റവും മനുഷ്യത്വപരമായാണ് വിവേക് ഉള്‍പ്പെടെ തങ്ങള്‍ പെരുമാറിയിരുന്നതെന്നാണ് ഒരു ജീവനക്കാരന്‍ പറയുന്നത്. കഴിക്കാന്‍ ഭക്ഷണവും വെള്ളവും തണുപ്പകറ്റാന്‍ വസ്ത്രവും ഉറങ്ങാന്‍ ഇടവുമൊക്കെ നല്‍കിയരുന്നു. ‘ അയാള്‍ ഞങ്ങളോട് ചിപ്‌സും കോക്കും ആവശ്യപ്പെട്ടു. ഞങ്ങള്‍ അയാള്‍ക്ക് വെള്ളം ഉള്‍പ്പെടെ എല്ലാം കൊടുത്തു. എനിക്കൊരു ബ്ലാങ്കറ്റ് കിട്ടുമോയെന്ന് അയാള്‍ ചോദിച്ചപ്പോള്‍, ബ്ലാങ്കറ്റ് ഞങ്ങളുടെ കൈയിലില്ല എന്നു പറഞ്ഞ് ഞാനയാള്‍ക്ക് ജാക്കറ്റ് നല്‍കി. അയാള്‍ കടയ്ക്കുള്ളിലേക്ക് കയറി വന്നും ഞങ്ങളോട് സിഗററ്റും വെള്ളവും എല്ലാം ചോദിച്ചുകൊണ്ടിരുന്നു. അയാള്‍ എപ്പോഴും കടയില്‍ തന്നെയായിരുന്നു, ഞങ്ങളൊരിക്കലും അയാളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞിരുന്നില്ല’ ജീവനക്കാരിലൊരാള്‍ ചാനലിനോട് പറയുന്നു. രണ്ടു ദിവസം 53 കാരനായ ജൂലിയനെ അയാള്‍ ചോദിച്ചതെല്ലാം നല്‍കിയാണ് വിവേകും സഹപ്രവര്‍ത്തകരും സഹായിച്ചത്.

ജനുവരി 16 തിങ്കളാഴ്ച്ച രാത്രി കട അടച്ചു വീട്ടിലേക്ക് പോകാന്‍ നേരമാണ് ജൂലിയനോടും പോകാന്‍ വിവേക് ആവശ്യപ്പെട്ടത്. കാരണം, രണ്ടു ദിവസമായി അയാള്‍ അവിടെ തന്നെയായിരുന്നു. പോയില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും പറഞ്ഞു. ഇതിനുശേഷം വിവേക് വീട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്ന സമയത്താണ് ജൂലിയന്‍ ചുറ്റിക കൊണ്ട് അയാളെ ആക്രമിക്കുന്നത്. വിവേകിന്റെ തലയിലും മുഖത്തുമായി ഏകദേശം 50 തവണ ചുറ്റിക ഉപയോഗിച്ച് അടിച്ചെന്നാണ് വിവരം. തലയില്‍ സാരമായി പരിക്കേറ്റ വിവേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ലിതോനിയയിലെ ഷെവറോണ്‍ ഗ്യാസ് സ്‌റ്റേഷനില്‍ നിന്നും പുലര്‍ച്ചെ 12.30 ഓടെയാണ് കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് ഡികള്‍ബ് കണ്‍ട്രി പൊലീസ് പറയുന്നത്. പൊലീസ് എത്തുന്ന സമയത്ത് കൊലയാളി ജൂലിയന്‍ കൈയില്‍ ചോരപുരണ്ട ചുറ്റികയുമായി സംഭവസ്ഥലത്ത് തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. പൊലീസിന് മുന്നില്‍ യാതൊരു പ്രകോപനത്തിനും ജൂലിയന്‍ ശ്രമിച്ചില്ല. പൊലീസുകാര്‍ പറഞ്ഞതിന്‍ പ്രകാരം അയാള്‍ ആയുധം താഴെയിട്ട് ശാന്തനായി പൊലീസ് വാഹനത്തിലേക്ക് കയറുകയും ചെയ്തു. പരിശോധിച്ചപ്പോള്‍ ജൂലിയന്റെ കൈയില്‍ നിന്നും രണ്ടു കത്തികളും മറ്റൊരു ചുറ്റികയും കണ്ടെടുക്കുകയും ചെയ്തു എന്നാണ് ഫോക്‌സ് ന്യൂസ് അറ്റ്‌ലാന്റ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തിന് സാക്ഷിയായി ഒരു ജീവനക്കാരനുണ്ടെന്നാണ് പൊലീസിനെ ഉദ്ധരിച്ച് മിയാമി ഹെറാള്‍ഡ് പറയുന്നത്. ഇയാള്‍ കടയ്ക്കുള്ളിലൊരിടത്തായി ഒളിച്ചു നില്‍ക്കുകയായിരുന്നു. പൊലീസ് എത്തുമ്പോള്‍ ആകെ ഭയന്ന് വിറച്ച നിലയിലായിരുന്നു കൊലപാതകത്തിന് ദൃക്‌സാക്ഷി കൂടിയായ ഈ ജീവനക്കാരന്‍. സഹതാപം തോന്നി എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തൊരാള്‍ തന്നെ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് ക്രൂരമായൊരു കൊലപാതകത്തിന് സാക്ഷിയായ ജീവനക്കാരന്‍ പറയുന്നത്.

ബിടെക് പഠനത്തിനായി രണ്ടു വര്‍ഷം മുമ്പാണ് വിവേക് സെയ്‌നി യുഎസ്സില്‍ എത്തുന്നത്. അടുത്തിടെ അദ്ദേഹം ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സ് ബിരുദവും സ്വന്തമാക്കിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ജൂലിയന്‍ നേരത്തെ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്.

Share on

മറ്റുവാര്‍ത്തകള്‍