UPDATES

‘ഗുജറാത്തിലെ ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കാം, പകരം ന്യൂയോര്‍ക്കിലെ കൊലപാതകം ആസൂത്രണം ചെയ്യണം’

ആരാണ് നിഖില്‍ ഗുപ്ത, എന്തായിരുന്നു പന്നൂന്‍ മര്‍ഡര്‍ പ്ലോട്ടിനു പിന്നിലെ ഡീല്‍?

                       

അമേരിക്കയില്‍ വച്ച് ഒരു സിഖ് നേതാവിനെ കൊലപ്പെടുത്താന്‍ നടത്തിയ പദ്ധതിക്കു പിന്നില്‍ ഒരു മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥനാണെന്നാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് പറയുന്നത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഈ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പേരില്ലെങ്കിലും മറ്റൊരു ഇന്ത്യക്കാരന്റെ പേര് പറയുന്നുണ്ട്-നിഖില്‍ ഗുപ്ത എന്ന നിക്കി. ഗുപ്തയെയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍, ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ എന്ന സിഖ് നേതാവിനെ വധിക്കാനുള്ള പദ്ധതി ഏല്‍പ്പിച്ചതെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. നിഖില്‍ ഗുപ്ത ഇപ്പോള്‍ ചെക് റിപ്പബ്ലിക്കിലെ ജയിലിലാണ്. അവിടെവച്ച് കഴിഞ്ഞ ജൂണില്‍ അയാള്‍ അറസ്റ്റിലായി. അമേരിക്ക അയാളെ തങ്ങള്‍ക്ക് വിട്ടുകിട്ടുന്നതിനുള്ള നടപടികളിലാണ്. ആരാണ് ഈ നിഖില്‍ ഗുപ്ത? അയാളും കുറ്റാരോപിതനായ ഇന്ത്യന്‍ ഉദ്യോഗസ്ഥനും തമ്മിലുള്ള ഡീല്‍ എന്തായിരുന്നു? മാന്‍ഹട്ടന്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്ന പ്രധാന വിവരങ്ങള്‍ നോക്കാം;

അമേരിക്ക പൊളിച്ച ഒരു മര്‍ഡര്‍ പ്ലാന്‍ ഇന്ത്യക്ക് നാണക്കേടും വെല്ലുവിളിയുമാകുന്നതെങ്ങനെ?

ഇന്ത്യക്കാരനായ, ഇന്ത്യയില്‍ താമസിക്കുന്ന 52 കാരന്‍ നിഖില്‍ ഗുപ്ത ജൂണ്‍ 30 നാണ് ചെക്ക് റിപ്പബ്ലിക്കില്‍ അറസ്റ്റിലാകുന്നത്. രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഗുപ്തയെ തങ്ങള്‍ക്ക് ലഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ് യു എസ്.

പന്നൂന്‍ വധ ഗൂഢാലോചനയ്ക്ക് പിന്നിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍(ഈ വ്യക്തിയുടെ പേര് കുറ്റപത്രത്തില്‍ പറയുന്നില്ല, പകരം CC-1 എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്) ഗുപ്തയുമായി ഇന്ത്യയിലും പുറത്തും വച്ച് ന്യൂയോര്‍ക്കില്‍ നടപ്പാക്കേണ്ട കൊലപാതകത്തെ കുറിച്ച് കൂടിയാലോചനകള്‍ നടത്തിയിരുന്നു.

കുറ്റപത്രത്തില്‍ സിസി-1(കോ-കോണ്‍സ്പിറേറ്റര്‍)-ന്റെ പങ്കാളി എന്നാണ് ഗുപ്തയെ പറയുന്നത്. സിസി-1-മായും മറ്റു ചിലരുമായുമുള്ള സംഭാഷണത്തില്‍ അന്താരാഷ്ട്ര ലഹരി കടത്ത്, ആയുധക്കടത്ത് എന്നിവയെക്കുറിച്ച് ഗുപ്ത പരാമര്‍ശിക്കുന്നുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

2023 മേയ് മാസത്തിലാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ന്യൂയോര്‍ക്ക് കൊലപാതകത്തിനായി നിഖില്‍ ഗുപ്തയെ റിക്രൂട്ട് ചെയ്യുന്നത്. മേയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനും ഗുപ്തയും തമ്മില്‍ നിരവധി തവണ ആശയവിനിമയങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയില്‍ ഗുപ്തയ്‌ക്കെതിരേയുള്ള ക്രിമനല്‍ കേസുകള്‍ ഒഴിവാക്കി കൊടുക്കാമെന്നു വാഗ്ദാനം ചെയ്തായിരുന്നു ന്യൂയോര്‍ക്ക് കൊലപാതകം ആസൂത്രണം ചെയ്യാനുള്ള പദ്ധതി ഗുപ്തയെ ഏല്‍പ്പിക്കുന്നത്.

മേയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനും ഗുപ്തയും പരസ്പരം അയച്ച ചില മെസേജുകളില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍, ഒരു ടാര്‍ഗറ്റ് ന്യൂയോര്‍ക്കിലും മറ്റൊന്ന് കാലിഫോര്‍ണിയായിലും എന്നു പറയുന്നുണ്ട്. എല്ലാ ടാര്‍ഗറ്റുകളും നമ്മള്‍ തകര്‍ക്കും എന്നാണ് ഗുപ്തയുടെ മറുപടി.

2023 മേയ് 12 ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗുപ്തയുടെ പേരില്‍ ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ക്രിമിനല്‍ കേസുകളെ കുറിച്ച് പറയുന്നുണ്ട്. മേയ് 23 ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഈ കേസുകളുടെ കാര്യത്തില്‍ വീണ്ടും ഗുപ്തയ്ക്ക് ഉറപ്പു നല്‍കുകയാണ്. ബോസിനോട് ഗുജറാത്ത് കേസിന്റെ കാര്യം പറഞ്ഞിട്ടുണ്ട്, എല്ലാം ശരിയാക്കിയിട്ടുണ്ട്, ഇനിയാരും ആ കേസിന്റെ കാര്യം പറഞ്ഞ് ശല്യപ്പെടുത്തില്ല എന്നാണ് ഗുപ്തയ്ക്ക് നല്‍കുന്ന ഉറപ്പ്. ഡിസിപിയുമായി ഒരു കൂടിക്കാഴ്ച്ചക്കുള്ള അവസരം ഒരുക്കാമെന്നു കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്.

ജൂണില്‍ ടാര്‍ഗറ്റിനെ(ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍) കുറിച്ചുള്ള വിവരങ്ങള്‍ ഗുപ്തയ്ക്ക് കൈമാറി. പന്നൂന്റെ(കുറ്റപത്രത്തില്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ എന്ന പേര് പരാമര്‍ശിക്കുന്നില്ല) ന്യൂയോര്‍ക്ക് സിറ്റിയിലെ താമസസ്ഥലത്തിന്റെ വിലാസം, അയാളുടെ ഫോണ്‍ നമ്പരുകള്‍, പന്നൂന്റെ ദിനചര്യകള്‍ തുടങ്ങിയ വിവരങ്ങളാണ് കൈമാറിയത്. ഈ വിവരങ്ങളൊക്കെ ഗുപ്ത താന്‍ തെരഞ്ഞെടുത്ത വാടക കൊലയാളിക്കും കൈമാറിയിരുന്നു.

പന്നൂന്‍(ടാര്‍ഗറ്റ്) ഒരു അഭിഭാഷകന്‍ കൂടിയായതിനാല്‍ അയാള്‍ ന്യൂയോര്‍ക്ക് സിറ്റിയിലും അതുപോലെ മറ്റ് നഗരങ്ങളിലും ഒരുപോലെ തിരക്കിലായിരിക്കാം എന്ന് ഗുപ്ത പറയുന്നുണ്ട്. അയാളുടെ ഒരു ക്ലയിന്റ് ആയി അഭിനയിക്കാമെന്നും, നിയമോപദേശം തേടാനെന്ന വ്യാജേന സുരക്ഷിതമായൊരു സ്ഥലത്ത് എത്തിച്ച് കൊലപാതകം നടത്താമെന്നുമുള്ള നിര്‍ദേശം ഗുപ്ത തന്റെ ബോസിനോട് പങ്കുവയ്ക്കുന്നുണ്ട്.

ഒരു വാടക കൊലയാളിയെ കണ്ടെത്തിയാല്‍ അയാള്‍ക്ക് എത്ര പണം വരെ ഓഫര്‍ ചെയ്യാമെന്ന് ഗുപ്ത ഇന്ത്യന്‍ ഉദ്യോഗസ്ഥനോട് ചോദിക്കുന്നുണ്ട്. ഒന്നരലക്ഷം യു എസ് ഡോളര്‍ വരെ കൊടുക്കാം, അത് പക്ഷേ ചെയ്യുന്ന പണിയുടെ മികവ് അനുസരിച്ചായിരിക്കുമെന്നാണ് ഗുപ്തയ്ക്ക് കിട്ടുന്ന മറുപടി. അഡ്വാന്‍സ് നല്‍കാന്‍ കഴിയില്ലെന്നും, ജോലി കഴിഞ്ഞാല്‍ 24 മണിക്കൂറിനകം മുഴുവന്‍ പണവും കൈയില്‍ എത്തുമെന്നും ഗുപ്തയ്ക്ക് കിട്ടിയ സന്ദേശത്തില്‍ പറയുന്നുണ്ട്. എത്രയും വേഗം പണി നടത്തുക എന്നതായിരുന്നു ഗുപ്തയ്ക്ക് നിര്‍ദേശം നല്‍കുന്നവരുടെ പ്രധാന ആവശ്യം.

തുടര്‍ന്ന് ഒരു ക്രിമിനല്‍ സംഘത്തിലുള്ള വ്യക്തിയെന്ന നിലയില്‍ ഒരാളെ പരിചയപ്പെടുന്നു. ഇയാള്‍ വഴി തനിക്കൊരു വാടക കൊലയാളിയെ സംഘടിപ്പിക്കാന്‍ സാധിക്കുമെന്ന് ഗുപ്ത വിശ്വസിച്ചു. ഗുപ്ത ആഗ്രഹിച്ചതുപോലെ തന്നെ അയാള്‍ ഒരു വാടക കൊലയാളിയെ ഗുപ്തയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു. ഗുപ്ത ആദ്യം പരിചയപ്പെട്ട വ്യക്തിയും അയാള്‍ മുഖാന്തരം കിട്ടിയ വാടക കൊലയാളിയും അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍-ഡിഇഎ-ഉദ്യോഗസ്ഥരായ അണ്ടര്‍ കവര്‍ ഓഫീസര്‍മാര്‍ ആയിരുന്നുവെന്ന വിവരം ഗുപ്തയ്ക്ക് മനസിലാക്കാന്‍ സാധിച്ചില്ല. ജൂണില്‍ തന്റെ വാടക കൊലയാളിക്ക് ടാര്‍ഗറ്റിനെ(പന്നൂന്‍)കുറിച്ചുള്ള വ്യക്തിഗത വിവരങ്ങള്‍ ഗുപ്ത കൈമാറി.

ഒരു ലക്ഷം യു എസ് ഡോളര്‍ ആയിരുന്നു ‘വാടക കൊലയാളി’ തന്റെ പ്രതിഫലമായി ഗുപ്തയോട് ആവശ്യപ്പെട്ടത്. മുന്‍കൂറായി 15,000 യു എസ് ഡോളര്‍ തന്റെയൊരു സഹായി മുഖാന്തരം ഗുപ്ത കൈമാറി. പണം കൈമാറുന്നതിന്റെ ഫോട്ടോഗ്രാഫ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

നിജ്ജറിന്റെ കൊലപാതകം നടത്തിയ സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് കൊലപാതകത്തിനായിരുന്നു അടുത്ത മുന്‍ഗണനയെങ്കിലും, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ വേണ്ടെന്ന നിര്‍ദേശം ഗുപ്തയ്ക്ക് കിട്ടിയിരുന്നു. അതേനിര്‍ദേശം ഗുപ്ത തന്റെ വാടക കൊലയാളിക്കും കൈമാറി. മോദിയുടെ സന്ദര്‍ശനം നടക്കുന്ന പത്തു ദിവസങ്ങളില്‍ നമുക്ക് ശാന്തമായി കാത്തിരിക്കാമെന്നായിരുന്നു ഗുപ്തയുടെ ഉപദേശം.

താന്‍ സംസാരിക്കുന്നത് ഒരു അണ്ടര്‍ കവര്‍ ഓഫിസറോട് ആണെന്നറിയാതെ ഗുപ്ത പല രഹസ്യങ്ങളും പങ്കുവച്ചു. നിജ്ജറിന്റെ കൊലപാതകം കാനഡയില്‍ നടന്നതിനു പിന്നാലെ തന്റെ ‘വാടക കൊലയാളി’യോട് അയാള്‍ പറഞ്ഞത്, നിജ്ജറും നമ്മുടെ ടാര്‍ഗറ്റ് ആയിരുന്നുവെന്നാണ്, മറ്റു പലരും ടാര്‍ഗറ്റുകളായി നമുക്കുണ്ടെന്നു കൂടി അയാള്‍ പറഞ്ഞുവച്ചു.

ജൂണ്‍ 30 നോ അതിനടുത്ത് ദിവസങ്ങളിലോ ആണ് നിഖില്‍ ഗുപ്ത ഇന്ത്യയില്‍ നിന്നും ചെക്ക് റിപ്പബ്ലിക്കിലേക്ക് പോയത്. അവിടെ വച്ച് അമേരിക്ക നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍