UPDATES

കൃത്യമായ ആസൂത്രണം, എന്നാല്‍ അതിബുദ്ധി കുടുക്കി, ഇനി ജയില്‍

അമ്പൂരി രാഖി മോള്‍ കൊലക്കേസില്‍ മൂന്നു പ്രതികള്‍ക്കും കഠിന ജീവപര്യന്തം ശിക്ഷ

                       

തിരുവനന്തപുരം അമ്പൂരിയില്‍ രാഖിമോളെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയ കേസില്‍ പ്രതികളായ മൂന്നു പേര്‍ക്കും ജീവപര്യന്തം കഠിനതടവ്. പ്രതികള്‍ ഓരോരുത്തരും നാല് ലക്ഷം രൂപ വീതം കൊല്ലപ്പെട്ട രാഖിയുടെ കുടുംബത്തിന് നല്‍കണം. 2019 ജൂണ്‍ 21 നാണ് കേരളത്തെ നടുക്കിയ കൊലപാതകം നടക്കുന്നത്. രാഖിയുമായി പ്രണയത്തിലായിരുന്ന ഇന്ത്യന്‍ ആര്‍മിയിലെ ഡ്രൈവറായിരുന്ന അഖില്‍ സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവരാണ് പ്രതികള്‍. മറ്റൊരു വിവാഹം കഴിക്കാന്‍ രാഖി തടസമായതോടെയാണ് അഖിലും മറ്റുള്ളവരും ചേര്‍ന്ന് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം പുരയിടത്തില്‍ കുഴിച്ചിട്ടത്. ഒരു മാസത്തിനുശേഷമാണ് ശേഷമാണ് മൃതദേഹം കണ്ടെടുക്കുന്നതും പ്രതികള്‍ പിടിയിലാകുന്നതും.

കൊല്ലാന്‍ തീരുമാനിച്ചുള്ള ആസൂത്രണം
പ്രതികളായ സഹോദരങ്ങളും സുഹൃത്തും ചേര്‍ന്ന് കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു രാഖിയെ കൊലപ്പെടുത്തിയത്. എന്നാല്‍ ഇവര്‍ നടത്തിയ ചില അതിബുദ്ധികളാണ് ഇവരുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നയിച്ചത്.

എറണാകുളം കളമശ്ശേരിയിലെ ഒരു സ്വകാര്യ കേബിള്‍ ടെലിവിഷന്‍ സ്ഥാപനത്തിലായിരുന്നു രാഖി ജോലി നോക്കിയിരുന്നത്. ജൂണ്‍ 21-നു രാഖി ജോലി സ്ഥലത്തേക്ക് എന്നു പറഞ്ഞ് പൂവാറിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നു. അച്ഛന്‍ രാജന് സമീപത്തു തന്നെ ഒരു പെട്ടിക്കടയാണ്. അമ്മ നേരത്തെ മരിച്ചു പോയിരുന്നു. എറണാകുളത്തെ ജോലി സ്ഥലത്തു നിന്നും രാഖി മാസത്തിലൊരിക്കലാണ് സാധാരണ വീട്ടിലേക്ക് വരിക. അന്നു വൈകിട്ട് യാത്ര പറഞ്ഞിറങ്ങിയ മകളെ പിന്നീട് രാജന്‍ ജീവനോടെ കണ്ടില്ല. രാഖിയും അഖിലുമായി പ്രണയത്തിലായിരുന്ന കാര്യമൊന്നും പിതാവിനോ ബന്ധുക്കള്‍ക്കോ അറിയുമായിരുന്നുമില്ല. വിവാഹക്കാര്യം ഓര്‍മിപ്പിക്കുമ്പോഴൊക്കെ പീന്നീടാകാം എന്നായിരുന്നു രാഖിയുടെ മറുപടി.

രാഖി 21-ന് വൈകിട്ട് രാഖി വീട്ടില്‍ നിന്ന് ഇറങ്ങിയത് ജോലി സ്ഥലത്തേക്കു പോകാനായിരുന്നില്ല, അഖിലിനെ കാണാനായിരുന്നു. അഖിലിന്റെ കല്യാണം മറ്റൊരു പെണ്‍കുട്ടിയുമായി ഉറപ്പിച്ചിരുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന അഖിലിന്റെ ആവശ്യം രാഖി തള്ളിക്കളഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കത്തിലായിരുന്നു. പ്രശ്നം സംസാരിച്ചു തീര്‍ക്കാമെന്ന അഖിലിന്റെ വാക്കു വിശ്വസിച്ചാണ് രാഖി പോയത്. തന്റെ സുഹൃത്തിന്റെ കാറുമായി കാത്തു നിന്ന അഖില്‍ രാഖിയെ കയറ്റി വീടിന്റെ സമീപത്തേക്ക് പോന്നു. വഴിയില്‍ സഹോദരന്‍ രാഹുലും അയല്‍വാസി കൂടിയായ സുഹൃത്ത് ആദര്‍ശും കാത്തു നിന്നിരുന്നു. രാഹുല്‍ ഇവര്‍ക്കൊപ്പം കാറില്‍ കയറി. തുടര്‍ന്നായിരുന്നു വിവാഹ കാര്യത്തെക്കുറിച്ചുള്ള തര്‍ക്കം ആരംഭിച്ചതും ആദ്യം രാഹുലും പിന്നീടും അഖിലും കഴുത്ത് ഞെരിച്ചും സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയും പിന്നീട് പ്ലാസ്റ്റിക് കയര്‍ കൊണ്ട് വലിച്ചും കൊലപാതകം നടത്തിയത്. തുടര്‍ന്ന് നേരത്തെ തന്നെ തയാറാക്കിയിരുന്ന കുഴിയില്‍ മൃതദേഹം നഗ്‌നയാക്കി ഇറക്കിവച്ചു. പിന്നീട് വാങ്ങി വച്ചിരുന്ന ഉപ്പും വിതറി കുഴി മൂടി മുകളില്‍ കമുകും നട്ടു.

ജോലി സ്ഥലത്തേക്ക് ഇറങ്ങിയ മകള്‍ മൂന്നു-നാലു ദിവസം കഴിഞ്ഞിട്ടും വിളിക്കാതായതോടെ രാജന്‍ തിരിച്ചു വിളിച്ചു. എന്നാല്‍ ഫോണ്‍ കിട്ടുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ജോലി ചെയ്യുന്ന ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് രാഖി അവിടെ എത്തിയിട്ടില്ല എന്നു മനസിലാകുന്നത്. ഇതോടെ പരിഭ്രാന്തരായ കുടുംബം അന്വേഷണം തുടങ്ങി. രാഖിയുടെ സുഹൃത്തുക്കളെയും പരിചയക്കാരെയുമൊക്കെ വിളിച്ചെങ്കിലും അവര്‍ക്കാര്‍ക്കും ഒരു വിവരവുമുണ്ടായിരുന്നില്ല. പിന്നീട് രാജന്‍ രാഖിയുടെ ബുക്കുകള്‍ ഒക്കെ പരിശോധിച്ച് സുഹൃത്തുക്കളുടെയും മറ്റും നമ്പറുകള്‍ തിരയുമ്പോഴാണ് ഒരു മൊബൈല്‍ നമ്പര്‍ ലഭിച്ചത്. അതില്‍ വിളിച്ചപ്പോഴാണ് താന്‍ രാഖിയെ 21-ന് നെയ്യാറ്റിന്‍കര വച്ച് കണ്ടിരുന്നുവെന്നും താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും ഫോണെടുത്തയാള്‍ പറയുന്നത്. അത് അഖിലായിരുന്നു. തുടര്‍ന്നായിരുന്നു അഖിലിലേക്ക് അന്വേഷണം തിരിയുന്നത്.

അതിബുദ്ധി
തനിക്ക് രാഖി ഒരു മെസേജ് അയച്ചിരുന്നുവെന്നും ഒരു സുഹൃത്തിനൊപ്പം യാത്ര പോകുന്നു എന്നാണ് അതില്‍ ഉണ്ടായിരുന്നതെന്നും ഇയാള്‍ രാഖിയുടെ വീട്ടുകാരോട് പറയുന്നു. ഇതിനിടെ, ജൂലൈ ആദ്യ ആഴ്ചയില്‍ തന്നെ രാജന്‍ മകളെ കാണാനില്ലെന്ന് കാട്ടി പൂവാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. പോലീസിന്റെ നിര്‍ദേശ പ്രകാരം ബന്ധുക്കള്‍ ഈ മെസേജ് അഖിലിനെ കൊണ്ട് അവര്‍ക്ക് ഫോര്‍വേഡ് ചെയ്യിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രാഖി സാധാരണ വീട്ടിലേക്കും മറ്റും വിളിക്കുന്ന ഫോണില്‍ നിന്നല്ല ആ മെസേജ് അയച്ചിട്ടുള്ളതെന്നും മറ്റൊരു ഫോണാണ് ഉപയോഗിച്ചിരിക്കുന്നതെന്നും അതിന്റെ ഐഎംഇഐ നമ്പരില്‍ നിന്ന് കണ്ടു പിടിച്ചു. ഇതോടെ പോലീസിന് അഖിലില്‍ സംശയം വര്‍ധിച്ചു.

തുടര്‍ന്ന് പോലീസ് അഖിലിന്റെ ബന്ധുക്കളെ സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങി. കൂടുതല്‍ അന്വേഷണത്തില്‍ 21-ന് രാഖി അമ്പൂരിയില്‍ ഉണ്ടായിരുന്നുവെന്ന് മൊബൈല്‍ ഫോണ്‍ കോളുകളുടെ രേഖകളില്‍ നിന്ന് വ്യക്തമായി. അഖിലിനെയാണ് അവസാനമായി വിളിച്ചിരിക്കുന്നതെന്നും ഉറപ്പിച്ചു. തുടര്‍ന്ന് രാഹുലിനെയും ആദര്‍ശിനേയും ചോദ്യം ചെയ്തു. ആദര്‍ശ് ഇതിനിടെ വയറ്റില്‍ നടത്തിയ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെ അഖില്‍ നാട്ടിലെത്തിയെങ്കിലും ഇവരെ കുടുക്കുന്ന രീതിയിലൊന്നുമുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. രാഖിയുടെ പേരില്‍ പോലീസ് തങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്നുവെന്ന് കാട്ടി അഖിലും കുടുംബവും ഇതിനിടെ ഉന്നതോദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നതായും പറയുന്നു. എന്നാല്‍ പോലീസിന്റെ സംശയം അഖിലിലും കുടുംബത്തിലും തന്നെ ഉറച്ചു. പിന്നാലെയാണ് പോലീസ് ആദര്‍ശിനെ വിശദമായി ചോദ്യം ചെയ്യുന്നത്. സമ്മര്‍ദ്ദത്തിനൊടുവില്‍ ആദര്‍ശ് നടന്ന കാര്യങ്ങള്‍ തുറന്നു പറഞ്ഞു. മൃതദേഹം കുഴിച്ചിട്ടയിടവും കാട്ടിക്കൊടുത്തു. അപ്പോഴേക്കും കൊലപാതകം നടന്നിട്ട് ഒരു മാസത്തോളമാകാറായിരുന്നു. രാഹുല്‍ ഇതിനിടെ ഒളിവില്‍ പോയി. മൃതദേഹം കണ്ടെടുത്ത അന്നു രാവിലെ അഖിലിനെ അച്ഛന്‍ മണിയന്‍ തന്നെ ഓട്ടോയില്‍ കയറ്റി വിടുന്നത് കണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കുകയും ചെയ്തു.

‘ രാഖി അയച്ച മെസേജ്’
മൃതദേഹം കണ്ടെടുത്തെങ്കിലും കുറ്റം സമ്മതിക്കാന്‍ അഖില്‍ തയാറായില്ല. താന്‍ തിരിച്ച് ഡല്‍ഹിയിലെത്തി സൈന്യത്തില്‍ ജോയിന്‍ ചെയ്തെന്നും ഇപ്പോള്‍ ലഡാക്കിലാണ് ഉള്ളതെന്നും മണിയനെ വിളിച്ചപ്പോള്‍ അഖില്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ വിവമറിഞ്ഞ് എത്തിയ ചില മാധ്യമ പ്രവര്‍ത്തകരോടും അഖില്‍ അന്നു സംസാരിച്ചിരുന്നു. താന്‍ രാഖിയെ കൊന്നിട്ടില്ലെന്ന് പറഞ്ഞ അഖില്‍ അഞ്ചു വയസ് കുടുതലുള്ളയാളാണ് രാഖിയെന്നും തനിക്ക് അതുകൊണ്ടു തന്നെ അവരുമായി മറ്റു ബന്ധങ്ങളിലെന്നും പറഞ്ഞു. കൊല്ലണമായിരുന്നെങ്കില്‍ അതൊക്കെ നേരത്തെ ആകാമായിരുന്നു എന്നും ഇങ്ങനെ കൊന്നിട്ട് ജോലിയും പോയി ജയിലില്‍ പോയി കിടക്കേണ്ട കാര്യമില്ല എന്നുമായിരുന്നു അഖിലിന്റെ വാദം. താന്‍ തിരിച്ച് നാട്ടിലേക്ക് വരുന്നുണ്ടെന്നും അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഇയാള്‍ പറഞ്ഞു.

പക്ഷേ അപ്പോഴേക്കും മലയിന്‍കീഴില്‍ ഒരു വീട്ടില്‍ ഒളിവിലായിരുന്ന രാഹുലിനെയും ഒപ്പം ആദര്‍ശിനെയും പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞിരുന്നു. നടന്ന സംഭവങ്ങള്‍ രാഹുല്‍ സമ്മതിക്കുകയും ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ അഖിലിനേയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് രാഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദികള്‍ക്ക് മേല്‍ പിടി വീഴുന്നത്. തുടര്‍ന്ന് അഖില്‍ നല്‍കിയ മൊഴിയിലാണ് കൊലപാതകത്തിന്റെ ആസൂത്രണ കാര്യങ്ങള്‍ പോലീസിന് മനസിലാകുന്നത്. ജൂണ്‍ 18-നാണ് രാഖിയെ കൊലപ്പെടുത്താനുള്ള തീരുമാനം സഹോദരങ്ങളെടുക്കുന്നത്. ആദര്‍ശിനേയും ഇതിനായി കൂടെക്കൂട്ടി. 19-നാണ് അടുത്തു തന്നെയുള്ള കൃഷിയിടത്തില്‍ പണിതു കൊണ്ടിരുന്ന വീടിനു സമീപം കുഴിയെടുക്കുന്നത്. കുഴിയെടുക്കന്നതെന്തിനാണെന്നു തിരക്കിയ തന്നോടു മരം നടാനാണെന്നാണ് മക്കള്‍ പറഞ്ഞത് എന്നായിരുന്നു മണിയന്‍ അന്നു പറഞ്ഞത്. അഖിലിന് രാഖിയുമായുള്ള ബന്ധം അയാളുടെ വീട്ടില്‍ അറിയാമായിരുന്നു. രാഖിയുടെ പേരും പറഞ്ഞ് നിരന്തരം വീട്ടില്‍ പ്രശ്നം നടന്നിരുന്നു. അഖിലിന് നായര്‍ സമുദായത്തില്‍ നിന്നു തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും യാതൊരു കാരണവശാലും ക്രിസ്ത്യന്‍ നാടാര്‍ പെണ്‍കുട്ടിയായ രാഖിയുമായി വിവാഹം പറ്റില്ലെന്ന് തീര്‍ത്തു പറയുകയും ചെയ്തിരുന്നു മണിയന്‍ എന്നാണ് പുറത്തു വന്ന വിവരം. കുഴി വെട്ടിയതിന്റെ പിറ്റേന്ന് അമ്പൂരിയിലുള്ള കടയില്‍ നിന്ന് പ്രതികള്‍ നിരവധി ചാക്കുകള്‍ ഉപ്പും ശേഖരിച്ചു വീട്ടില്‍ സുക്ഷിച്ചു വച്ചു. അതിന്റെ പിറ്റേന്നായിരുന്നു കൊലപാതകം.

രാഖിയെ കാണാതാകുന്നതോടെ അന്വേഷണം ഉണ്ടാകുമെന്നും അത് തങ്ങളിലേക്കെത്താന്‍ സാധ്യതയുണ്ടെന്നും മനസിലാക്കിയതു കൊണ്ടായിരുന്നു രാഖിയുടെ നമ്പറില്‍ നിന്ന് താന്‍ ഒരു സുഹൃത്തിനൊപ്പം പോകുന്നു എന്ന മെസേജ് പ്രതികള്‍ അഖിലിന്റെ ഫോണിലേക്ക് അയച്ചത്. ഈ മെസേജായിരുന്നു രാഖിയുടെ വീട്ടുകാര്‍ക്ക് അഖില്‍ ഫോര്‍വേഡ് ചെയ്തു കൊടുത്തതും. എന്നാല്‍ രാഖിയുടെ സിം ഉപയോഗിച്ചെങ്കിലും ഫോണ്‍ വേറെയാണെന്ന് മനസിലാക്കിയ പോലീസ് ഈ തരത്തില്‍ അന്വേഷിക്കുകയും ഇവര്‍ സെക്കന്റ് ഹാന്‍ഡ് ഫോണ്‍ വാങ്ങിയ കട കണ്ടെത്തുകയും ചെയ്തിരുന്നു. ഈ നിര്‍ണായക മെസേജ് തന്നെയാണ് അഖിലിലേക്കും രാഹുലിലേക്കും അന്വേഷണം ചെന്നെത്താനുള്ള പ്രധാന കാരണവും.

 

Share on

മറ്റുവാര്‍ത്തകള്‍