UPDATES

കേരളം

ഇനി ഒരു സിനിമയ്ക്കും ഈ ഗതി വരരുതേ; ‘ദൃശ്യം മോഡല്‍’ കൊലപാതക പരമ്പരയിലെ അവസാനത്തേതാകട്ടെ അമ്പൂരിയിലേത്

ദൃശ്യം സിനിമ വന്ന ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന കൊലപാതകങ്ങളെല്ലാം ആ പേരിലാണ് വാര്‍ത്തയാകുന്നത്

                       

തിരുവനന്തപുരം അമ്പൂരിയിലെ രാഖിമോള്‍ എന്ന മുപ്പതുകാരിയെ കൊലപ്പെടുത്തി മറവ് ചെയ്ത കേസില്‍ പ്രതികളായ മൂന്നുപേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചുള്ള വിധി വന്നു. സഹോദരങ്ങള്‍ ഉള്‍പ്പെടെയാണ് ജയിലിലായിരിക്കുന്നത്. 2019 ലാണ് രാഖിയെ കാറിനുള്ളില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതേദഹം നേരത്തെ തയ്യാറാക്കിയിരുന്ന കുഴിയില്‍ മറവ് ചെയ്തു. ഒരു മാസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. പ്രതികളെ പിടികൂടിശേഷം. അമ്പൂരിയിലെ കേസും വാര്‍ത്തകളില്‍ നിറഞ്ഞത് ‘ദൃശ്യം മോഡല്‍ കൊലപാതകം’ എന്ന നിലയിലായിരുന്നു.

മറ്റൊരു വിവാഹം കഴിക്കാനായിരുന്നു സൈനികനായ ഒന്നാം പ്രതി തന്റെ സഹോദരനും സുഹൃത്തിനുമൊപ്പം ചേര്‍ന്ന് കാമുകിയായിരുന്ന രാഖിയെ കൊലപ്പെടുത്തിയതത്. കൊലപാതകത്തിന് ശേഷം കേസിലെ പ്രതികളായ അഖില്‍ സഹോദരന്‍ രാഹുല്‍, അയല്‍വാസി ആദര്‍ശ് എന്നിവര്‍ ചേര്‍ന്ന് രാഖിയുടെ മൃതദേഹം പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ പറമ്പില്‍ കുഴിച്ചിടുകയും ഉപ്പ് വിതറി കമുകിന്‍ തൈ നടുകയും ചെയ്തു. രാഖിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ആദര്‍ശിലേക്ക് എത്തുകയും മൃതദേഹം കണ്ടെത്തുന്നതിന് പോലീസിനെ സഹായിക്കുകയും ചെയ്തത്. അതോടെ അമ്പൂരിയില്‍ നടന്നത് ദൃശ്യം മോഡല്‍ കൊലപാതകമാണെന്ന പ്രചരണം ശക്തമായി. മൃതദേഹം കുഴിച്ചിട്ട് മുകളില്‍ കമുകിന്‍ തൈ വച്ചത് മാത്രമല്ല രാഖിയുടെ മരണത്തില്‍ ദൃശ്യം സിനിമയുമായുള്ള സാമ്യം. രാഖിയുടെ മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് മറ്റൊരു ഫോണിലിട്ട് വീട്ടുകാര്‍ക്ക് മെസേജ് അയച്ച് ജീവിച്ചിരിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. ചിത്രത്തില്‍ ഇത് മൊബൈല്‍ ഫോണ്‍ മറ്റൊരു വാഹനത്തിലേക്കെറിഞ്ഞ് കൊല്ലപ്പെട്ടയാള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എന്നരുന്നാലും ഇത്തരത്തില്‍ തെളിവുകള്‍ നശിപ്പിച്ച് നടത്താന്‍ ശ്രമിക്കുന്ന കൊലപാടകങ്ങളില്‍ പലതും പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തില്‍ തെളിയിക്കപ്പെടുന്നുവെന്നത് ആശ്വാസകരമാണ്

2013ല്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം സിനിമ പുറത്തു വന്നതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന കൊലപാതകങ്ങളെയെല്ലാം ആ പേരിലാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ നടന്ന പല കൊലപാതകങ്ങളും ‘ദൃശ്യം മോഡല്‍’ കൊലകള്‍ തന്നെയായിരുന്നു. ഇതിലെല്ലാം തന്നെ പ്രതികള്‍ പൊലീസിന്റെ പിടിയാലുകയും ചെയ്തു. സിനിമയില്‍ കൊലപാതകി രക്ഷപെട്ടതുപോലെ യഥാര്‍ത്ഥ ജീവിതത്തിലും രക്ഷപ്പെടാമെന്നുള്ള തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടെന്നു കൂടിയാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.

കൊലയ്ക്ക് ശേഷം ദൃശ്യം കണ്ടത് 17 തവണ
2017 ഏപ്രില്‍ 19നും പിന്നീട് ജൂണ്‍ 12നും ആലപ്പുഴ എടത്വയില്‍ നടന്ന ഇരട്ടക്കൊലപാതക കേസ് ആണ് ഇതില്‍ ഏറ്റവുമധികം സൂക്ഷ്മതയോടെയും തന്ത്രപൂര്‍വവും ആസൂത്രണം ചെയ്ത കൊലപാതകം. ആദ്യ കൊലപാകത്തിന്റെ തെളിവ് നശിപ്പിക്കലായിരുന്നു രണ്ടാം കൊലപാകടത്തിന്റെ ലക്ഷ്യം. 2017 നവംബറില്‍ കേസിലെ പ്രതികളായ എടത്വ പച്ച സ്വദേശി മോബിന്‍ മാത്യു(മനു-25), ഇയാളുടെ ബന്ധു ജോഫിന്‍ ജോസഫ് എന്നിവര്‍ അറസ്റ്റിലായി. എടത്വ കറുകത്ര മധു, തുരുത്തുമാലില്‍ വര്‍ഗ്ഗീസ് ഔസേപ്പ്(ലിന്റോ) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 19ന് മധുവും ലിന്റോയും മോബിനും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചു. മധു ഒഴികെയുള്ളവര്‍ കഞ്ചാവും ഉപയോഗിച്ചു. മറ്റുള്ളവര്‍ പോയിക്കഴിഞ്ഞപ്പോള്‍ പണ്ടെപ്പോഴോ ടോര്‍ച്ച് മുഖത്തേക്കടിച്ച സംഭവം ചൂണ്ടിക്കാട്ടി മോബിനും ലിന്റോയും ചേര്‍ന്ന് മധുവിനെ മര്‍ദ്ദിക്കുകയും നേരത്തെ സൂക്ഷിച്ചിരുന്ന വേലി കെട്ടാന്‍ ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവം അപകടമാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ മൃതദേഹം നന്നാട്ടുമാലി പാടശേഖരത്തെ വെള്ളക്കെട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസില്‍ സംശയത്തിന്റെ നിഴലിലായിരുന്ന ലിന്റോയോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ പറഞ്ഞ ജൂണ്‍ 12നാണ് ഇയാളെ കാണാതായത്. സെപ്തംബര്‍ 19ന് ഇയാളുടെ അസ്ഥികൂടം തകഴി റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാന്‍ ദൃശ്യം സിനിമ 17 പ്രാവശ്യമാണ് പ്രതി കണ്ടതെന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. അടുത്തകാലത്തൊന്നും ഇത്രയും ബുദ്ധിമാനായ ഒരു കുറ്റവാളിയെ കണ്ടിട്ടില്ലെന്ന് പോലീസ് സമ്മതിക്കുന്നുണ്ട്. കൊലപാതകത്തില്‍ പ്രതിയിലേക്ക് നീളുന്ന ഓരോ നീക്കവും കൃത്യമായി പൊളിക്കാന്‍ പ്രതിക്ക് സാധിച്ചു.

തെളിവുകള്‍ നശിപ്പിച്ച് പോലീസോ മറ്റാരെങ്കിലും കണ്ടെത്താത്ത വിധത്തില്‍ എങ്ങനെയാണ് കുറ്റകൃത്യം നടത്തേണ്ടതെന്ന് ഗവേഷണം നടത്തിയാണ് മൊബിന്‍ കൃത്യം നിര്‍വഹിച്ചതെന്ന് പോലീസ് പറയുന്നു. മധുവിനെ കൊല്ലുന്നതിന്റെ ബഹളം കേട്ടെത്തിയ മോബിന്റെ അപ്പനും അപ്പന്റെ സഹോദരന്‍ ബേബിയും ബേബിയുടെ മകന്‍ ജോഫിനും ഈ കൊലപാതകത്തില്‍ പങ്കാളികളായി. കൊലപാതകത്തിന് ശേഷം മോബിന്റെ ഓരോ നീക്കങ്ങളും വളരെ ശ്രദ്ധയോടെയായിരുന്നു. പോലീസ് തന്നിലേക്കെത്താതിരിക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും മോബിന്‍ നടത്തി. എല്ലാ കേസുകളിലും പോലീസിന് പിടിവള്ളിയാകാവുന്ന ഫോണ്‍ പോലും കൃത്യമായി ഉപയോഗിക്കാന്‍ മോബിന്‍ ശ്രദ്ധിച്ചിരുന്നു. നേരിട്ടുള്ള ഫോണ്‍ കോളുകള്‍ ഒഴിവാക്കി നെറ്റ് കോളുകള്‍ മാത്രം ആശ്രയിച്ചു. സംശയം തോന്നാവുന്ന സാഹചര്യങ്ങളിലെല്ലാം ഫോണ്‍ സ്വച്ച് ഓഫ് ചെയ്തു. ഇരു കൊലപാതകങ്ങളും നടത്തുന്നതിന് മുമ്പും ശേഷവും ദൃശ്യം സിനിമ പതിനേഴ് തവണയാണ് ഇയാള്‍ കണ്ടത്. ഓരോ തവണ കാണുമ്പോഴും ഓരോരോ ഐഡിയ കിട്ടുമെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്നും പോലീസ് പറയുന്നു.

മധുവിന്റെ കൊലപാതകത്തില്‍ പോലീസ് തന്നിലേക്കെത്തുന്നുവെന്ന് തോന്നിയതോടെ പോലീസിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. എന്നാല്‍ ലിന്റോ പോലീസിന് വഴിപ്പെടുമെന്ന് സംശയം തോന്നിയതോടെ ഇയാളെയും കൊലപ്പെടുത്താന്‍ മോബിന്‍ തീരുമാനിച്ചു. അടച്ചിട്ടിരുന്ന ഒരു ട്യൂഷന്‍ സെന്ററിലാണ് ലിന്റോയെ ഇയാള്‍ ആദ്യം കൊണ്ടുപോയി താമസിപ്പിച്ചിരുന്നത്. ലിന്റോയുടെ അസ്ഥികൂടം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യമായിരുന്ന കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് മോബിന്‍ അറസ്റ്റിലായത്.

പൊലീസ് സ്റ്റേഷനു പകരം വീട്
2017 നവംബര്‍ 16ന് മാനന്തവാടിയിലാണ് മറ്റൊരു ദൃശ്യം മോഡല്‍ കൊലപാതകം നടന്നത്. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനുള്ളിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. ഏകദേശം ഒരുമാസത്തെ പഴക്കമുള്ള മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് ഒരുമാസം മുമ്പ് ഈ മുറിയിലെ മണ്ണ് ഇളകിയ നിലയില്‍ കണ്ടെത്തിയിരുന്നെങ്കിലും തൊഴിലാളികള്‍ അത് കാര്യമാക്കിയില്ല. ബുധനാഴ്ച വീടുപണിക്കെത്തിയ ഒരു തൊഴിലാളി തറ നിരപ്പില്‍ നിന്ന് മണ്ണ് താഴ്ന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് കരാറുകാരനെ അറിയിക്കുകയും തുടര്‍ന്ന് മണ്ണ് മാറ്റി നോക്കുകയുമായിരുന്നു. ചാക്കില്‍ കെട്ടി മണ്ണിനടിയില്‍ താഴ്ത്തിയ മൃതദേഹത്തിന് മുകളില്‍ ചെങ്കല്ല് കയറ്റി വച്ചിട്ടുണ്ടായിരുന്നു. മറ്റെവിടെ നിന്നെങ്കിലും കൃത്യം നടത്തിയ ശേഷം മൃതദേഹം ഇവിടെ കുഴിച്ചെട്ടെന്നാണ് പോലീസ് കരുതുന്നത്.

സിനിമയില്‍ ജോര്‍ജ്ജ് കുട്ടി എന്ന കഥാപാത്രം കൊലപാതകത്തില്‍ നിന്നും ഭാര്യയെയും മക്കളെയും രക്ഷിക്കാനായി നിര്‍മ്മാണത്തിലിരിക്കുന്ന പോലീസ് സ്റ്റേഷനുള്ളിലാണ് മൃതദേഹം കുഴിച്ചിടുന്നത്. പോലീസ് സ്റ്റേഷന്‍ പണി പൂര്‍ത്തിയായതോടെ തെളിവ് ലഭിക്കാതെ ജോര്‍ജ്ജ് കുട്ടിയെ വെറുതെ വിടുന്നു. വീട് പണി പൂര്‍ത്തിയായാല്‍ കൊലപാതകത്തിന്റെ ഒരു തുമ്പും ലഭിക്കില്ലെന്ന് കരുതിയാകണം കൃത്യം നടത്തിയവര്‍ സിനിമയിലെ രീതി തന്നെ അവലംബിച്ചതെന്നാണ് പോലീസ് കരുതുന്നത്.

ഹരിപ്പാട്ടെ ദൃശ്യം മോഡല്‍
ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂര്‍ മുറിയില്‍ കൊണ്ടൂരേത്ത് പടീറ്റതില്‍ രാജന്റെ കൊലപാതകത്തെയും മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ദൃശ്യം മോഡല്‍ കൊപാതകമെന്നായിരുന്നു. പ്രതികളായ ശ്രീകാന്ത്, രാജേഷ്, വിഷ്ണു എന്നിവര്‍ ചേര്‍ന്ന് രാജനെ തട്ടിക്കൊണ്ട് പോയി പിന്നില്‍ നിന്നും കഴുത്തുമുറുക്കി കൊലപ്പെടുത്തുകയും മൃതദേഹം കുഴിച്ചിട്ടെന്നുമാണ് കേസ്. 2019 ഏപ്രില്‍ 10നാണ് ഒരാഴ്ചത്തെ ആസൂത്രണത്തിനൊടുവില്‍ പ്രതികള്‍ രാജനെ തട്ടിക്കൊണ്ട് പോകുകയും കൊലപ്പെടുത്തുകയും ചെയ്തത്. ക്വട്ടേഷന്‍ കൊടുക്കാനും വാഹനം ഇടിച്ച് കൊലപ്പെടുത്താനുമായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ തട്ടിക്കൊണ്ട് പോയി ക്ലോറോഫോം മണപ്പിച്ച ശേഷം കൊല്ലാനാണ് അവസാനം പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ രാജന്‍ ക്ലോറോഫോം തട്ടിപ്പറിച്ചതോടെ പിന്നില്‍ നിന്നും വയറും തോര്‍ത്തും ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. ശേഷം കാറിന്റെ മുന്നിലെ സീറ്റ് പിന്നിലേക്ക് ചായ്ച്ച് രാജനെ കിടത്തി ഹരിപ്പാട് നഗരത്തിലൂടെ പല തവണ സഞ്ചരിച്ചു. സന്ധ്യയോടെ രാജേഷിന്റെ വീടിന് സമീപം എത്തിച്ച് പിന്‍സീറ്റുകള്‍ക്കിടയിലായി ബഡ്ഷീറ്റ് പുതപ്പിച്ച് മൃതദേഹം കിടത്തി. രാത്രിയോടെ കുരിക്കാട് ജംഗ്ഷന് സമീപത്തെ പാടത്ത് മൃതദേഹം കുഴിച്ചിടാനായിരുന്നു തീരുമാനം. എന്നാല്‍ മഴപെയ്ത് വെള്ളം കയറി മൃതദേഹം പുറത്തുവരുമെന്നതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു. തുടര്‍ന്ന് പാടത്തിന് സമീപത്ത് ആള്‍താമസമില്ലാത്ത മതില്‍ക്കെട്ടുള്ള വീട് ഇവര്‍ തെരഞ്ഞെടുക്കുകയായിരുന്നു.

മൃതദേഹം പാടത്ത് കൂടി കൊണ്ടുപോയി മതലിന് മുകളിലൂടെ പറമ്പിലേക്കിട്ടു. കുഴിയെടുത്ത് മൂടി മൃതദേഹം ഹോളോബ്രിക്സ് കട്ടകള്‍ വച്ചു. വീട്ടുകാര്‍ ഇറക്കിയിട്ടിരുന്ന ഗ്രാവലും അതിന് മുകളില്‍ വിരിച്ചു. രാജന് ഫോണ്‍ ചെയ്ത ശേഷം രാജേഷ് മൊബൈല്‍ ഫോണ്‍ വീട്ടില്‍ തന്നെ വച്ചിരുന്നു. പിന്നീട് വിഷ്ണുവിന്റെ ഫോണില്‍ നിന്നാണ് വിളിച്ചത്. ചോദ്യം ചെയ്യലില്‍ നിന്നും വിദഗ്ധമായി ഒഴിഞ്ഞുമാറിയിരുന്ന പ്രതികള്‍ സിസിടിവി ദൃശ്യത്തിലെ കാര്‍ കണ്ടെത്തിയതോടെയാണ് കുറ്റം സമ്മതിച്ചത്. കൊല നടത്തിയ ശേഷം കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കള്‍ക്കൊപ്പം പരാതി നല്‍കാനെത്തി അന്വേഷണം വഴിതിരിച്ചു വിടാനും രാജേഷ് ശ്രമിച്ചിരുന്നു. വിദേശത്തായിരുന്ന രാജന്‍ പലിശയ്ക്ക് പണം കൊടുത്തിരുന്നു. ഇയാളില്‍ നിന്നും രാജേഷ് 25 ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പലിശയോ മുതലോ മടക്കിക്കൊടുക്കാന്‍ രാജേഷ് തയ്യാറായില്ല. നിര്‍ബന്ധം കൂടിയപ്പോഴാണ് കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചത്. പലിശ മടക്കി നല്‍കാമെന്ന് പറഞ്ഞാണ് രാജേഷ് രാജനെ വിളിച്ചുവരുത്തിയത്. പള്ളിപ്പാട്ടെ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ നിന്നാണ് ഇയാള്‍ ഇവരുടെ കാറില്‍ കയറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിളികളും അന്വേഷണത്തില്‍ നിര്‍ണായകമായി.

ചതുപ്പില്‍ താഴ്ത്തിയിട്ടും പിടികൂടി
2019 ജൂലൈയില്‍ എറണാകുളം നെട്ടൂരില്‍ കാണാതാകുകയും പിന്നീട് 10ന് ചതുപ്പില്‍ ചവിട്ടി താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്ത അര്‍ജ്ജുന്റെ കൊലപാതകവും ദൃശ്യം മോഡല്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നല്‍കിയിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെട്രോള്‍ തീര്‍ന്നെന്ന കാരണം പറഞ്ഞ് പുലര്‍ച്ചെ സംഭവദിവസം പ്രതികള്‍ അര്‍ജുനെ വിളിച്ചുവരുത്തുകയായിരുന്നു .മൃതദേഹം കല്ലില്‍കെട്ടി ചതുപ്പില്‍ താഴ്ത്തി. പൊലീസ് അന്വേഷണം വഴിതെറ്റിക്കാന്‍ അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് മറ്റൊരു വാഹനത്തില്‍ ഉപേക്ഷിച്ചു. അര്‍ജുന്റെ മറ്റ് സുഹൃത്തുക്കള്‍ക്ക് തോന്നിയ സംശയമാണ് കേസില്‍ വഴിത്തിരിവായത്.

 

Share on

മറ്റുവാര്‍ത്തകള്‍