അന്നും പതിവ് പോലെ വൈകീട്ട് 6.30 യോടെ സര്‍ക്കാര്‍ ജീവനക്കാരിയായ പ്രതിമ, വിധാന്‍ സൗധയ്ക്ക് സമീപത്തെ വി.വി. ടവറിലെ തന്റെ ഓഫീസില്‍ നിന്നും സ്വവസതിയായ ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്‌മണ്യപുരയിലെ ഗോകുലം അപ്പാര്‍ട്ട്മെന്റിലേക്ക് കാറില്‍ യാത്ര തിരിച്ചു.
അഞ്ചുവര്‍ഷത്തോളമായി ഈ അപ്പാര്‍ട്ട്മെന്റില്‍ പ്രതിമ തനിച്ചാണ് താമസിക്കുന്നത്. ഭര്‍ത്താവും മകനും ശിവമോഗ തീര്‍ഥഹള്ളിയിലാണ് താമസം. രാത്രി എട്ടുമണിയോടെ പ്രതിമ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. എല്ലാ ദിവസത്തെയും പോലെ പ്രത്യേകതകളൊന്നുമില്ലാത്ത പകലായിരുന്നു അന്ന് പ്രതിമക്ക് കടന്നുപോയത് .എന്നാല്‍ പ്രതിമയെ ചുറ്റിപ്പറ്റിയുള്ളവരെ സംബന്ധിച്ചു പ്രതിമയെ ജീവനോടെ കാണാന്‍ സാധിച്ച അവസാനത്തെ പകലായിരുന്നു അത്. ആ രാത്രി പുലര്‍ന്നത് ജിയോളജി വകുപ്പിലെ ധീരയായ ആ ഓഫീസറുടെ കൊലപാത വാര്‍ത്ത കേട്ടാണ്.
കര്‍ണാടക മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ് കെ.എസ്.പ്രതിമ. ബെംഗളൂരു രാമനഗരയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമേ പൂര്‍ത്തിയാക്കിയിരുന്നുള്ളു. കര്‍ണാടകയുടെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ ജോലി ചെയ്യുന്നതിലായിരുന്നു പ്രതിമ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ശിവമോഗയിലെ കോളേജില്‍ നിന്നാണ് എംഎസ്‌സി പൂര്‍ത്തിയാക്കിയത്. ഒരുവര്‍ഷം കൊണ്ട് ജോലിയോടുള്ള ആത്മസമര്‍പ്പണം കൊണ്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ കൊണ്ടും പ്രതിമ തന്റെ വ്യക്തിത്വം തെളിയിച്ചിരുന്നു.
തറയില്‍ കഴുത്തറത്ത നിലയില്‍ പ്രതിമയുടെ ശവശരീരം കണ്ടെത്തുന്നത് ഞായറാഴ്ച്ച രാവിലെ ഫ്‌ളാറ്റിലെത്തിയ സഹോദരനായിരുന്നു. ശനിയാഴ്ച മുതല്‍ പ്രതിമയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ച സഹോദരന്‍ ഞായറാഴ്ച്ച രാവിലെയോടെ പ്രതിമയുടെ വീട്ടിലെത്തുകയായിരുന്നു. ഗ്രില്‍ ഡോര്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. എന്നാല്‍ വാതിലിലെ വിടവിലൂടെ കൈ കടത്തിയാല്‍ പുറത്തു നിന്ന് അകത്തെ കുറ്റിയിടാന്‍ സാധിക്കുമായിരുന്നു. ശനിയാഴ്ച രാത്രി എട്ടുമണിക്കും ഞായറാഴ്ച രാവിലെ എട്ടിനുമിടയിലാണ് കൊലപാതകം നടന്നിട്ടുണ്ടാവുകയെന്ന് പോലീസ് വൃത്തങ്ങള്‍ പ്രാഥമികമായി പറഞ്ഞിരുന്നത്. പ്രതിമ ഒറ്റക്ക് താമസിച്ചിരുന്ന വീട്ടിലെത്തിയ കൊലയാളി അവരുടെ കിടപ്പുമുറിയില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയും പിന്നീട് കഴുത്ത് മുറിക്കുകയും ചെയ്തതാണ് മരണകാരണമെന്ന് അറിയിച്ചിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളോ, വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപെടാത്തതും മൂലം മോഷണശ്രമമല്ലെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ കാണാത്തതു കൊണ്ട് തന്നെ പ്രതിമയുടെ ഏറ്റവും അടുത്ത ആളുകളിലേക്ക് പോലീസ് അന്വേഷണം നീക്കി. കൊലപാതക വാര്‍ത്ത പുറത്തു വന്നയുടന്‍ തന്നെ കര്‍ശനമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.
പ്രതിമ മുന്‍പ് നടത്തിയ റെയ്ഡുകളുള്‍പ്പെടെ പോലീസ് അന്വേഷിച്ചു. പ്രത്യേകിച്ച് പ്രതിമ റെയ്ഡ് നടത്തി എഫ് ഐ ആര്‍ ഫയല്‍ ചെയ്ത ബിജെപി എംഎല്‍എ ഉള്‍പ്പെട്ട കേസും പോലീസ് പരിശോധിച്ചിരുന്നു. മൂന്നുപേരെ പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുമ്പോഴാണ് പൊലീസിന് കേസില്‍ സുപ്രധന വിവരം ലഭിക്കുന്നത്. എല്ലാ കൊലപാതകത്തിലുമെന്ന പോലെ ഇതിലും ഏവരെയും ഞെട്ടിച്ചു കൊണ്ട് അറസ്റ്റിലാവുന്നത് പ്രതിമയുടെ മുന്‍ ഡ്രൈവറായ കിരണാണ്. ഒരാഴ്ച മുന്‍പാണ് പ്രതിമ കിരണിനെ പിരിച്ചുവിടുന്നത്. പകരം പുതിയ ഡ്രൈവറെ നിയമിക്കുകയും ചെയ്തു.
കിരണുമായി പ്രതിമയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം കിരണിലേക്ക് നീങ്ങുന്നത്. കിരണിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമാകാം കൊലപാതകത്തിന് കാരണമായതെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന.