December 09, 2024 |
Share on

ഒരു ബോളിവുഡ് ക്രൈം ത്രില്ലര്‍ പോലെ; ദിവ്യ പഹുജ കൊലപാതകം

കുപ്രസിദ്ധമായൊരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായിരുന്നു ദിവ്യ

സിനിമകളിലെ ഫിക്ഷണല്‍ കഥാപാത്രങ്ങളെക്കാള്‍ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരിക്കും ചില യഥാര്‍ത്ഥ മനുഷ്യ ജീവിതങ്ങള്‍. ദിവ്യ പഹുജയെ പോലെ. അറിയപ്പെടുന്നൊരു മോഡല്‍ ആവുകയായിരുന്നു അവളുടെ സ്വപ്നം, പക്ഷേ…

ഒരു കനാലില്‍ നിന്നും ശനിയാഴ്ച്ചയാണ് ദിവ്യയുടെ മൃതശരീരം പൊലീസ് കണ്ടെടുക്കുന്നത്. ജനുവരി രണ്ടിനായിരുന്നു ദിവ്യ ഗുരുഗ്രാമിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. പഞ്ചാബിലെ മൂണക് പ്രദേശത്തുള്ള കനാലില്‍ കൊലപാതകികള്‍ ആ 27 കാരിയുടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പ്രതികളില്‍ ഒരാളില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ച് നടത്തിയ തെരച്ചിലിലാണ് ഹരിയാനയിലെ തോഹനായിലുള്ള ഭക്ര കനാലില്‍ നിന്നും ജനുവരി 13 ന് പൊലീസ് ദിവ്യയുടെ ശരീരം കണ്ടെത്തുന്നത്.

ദിവ്യയെ കൊന്നതാര്?

ഗുരുഗ്രാമിലെ ഒരു ഹോട്ടല്‍ ഉടമയായ അഭിജീത് സിംഗ് ആണ് ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ചില അശ്ലീല ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി അഭിജീത്തില്‍ നിന്നും പണം തട്ടിയെടുത്തിരുന്നുവെന്നും കൂടുതല്‍ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഭിജീത് സിംഗ്, ഹേമ് രാജ്, ഓം പ്രകാശ്, മേഘ ഫൊഗട്ട്, ബല്‍രാജ് ഗില്‍ എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹേമ് രാജും ഓപ്രകാശും അഭിജീത്തിന്റെ ഹോട്ടലിലെ ജീവനക്കാരാണ്. ഇവരെ മൂന്നുപേരെയും ജനുവരി മൂന്നിനാണ് അറസ്റ്റ് ചെയ്തത്. ഡെലിവറി ഏജന്റായിരുന്നു 20 കാരി മേഘ. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും ദിവ്യയുടെ സാധനങ്ങളും ഒളിപ്പിച്ചതാണ് ജനുവരി എട്ടിന് അറസ്റ്റിലായ മേഘയ്‌ക്കെതിരേ കേസ്. മൃതദേഹം ഉപേക്ഷിക്കാന്‍ സഹായിച്ചതാണ് ഗില്ലിനെതിരായ കുറ്റം. ദിവ്യയുടെ ശരീരം കനാലില്‍ തള്ളാന്‍ കൊണ്ടു പോയ കാര്‍ അടുത്തുള്ളൊരു ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചശേഷം പട്യാലയില്‍ നിന്നും വിമാനത്തില്‍ കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോഴായിരുന്നു ഗില്ലിനെ പിടികൂടുന്നത്. രവി ബംഗ എന്നയാളും മൃതദേഹം ഉപേക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നു. ഇയാളെ പിടികൂടാനുണ്ടെന്നാണ് ഹരിയാന പൊലീസ് പറയുന്നത്.

അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ബ്ലാക്‌മെയ്ല്‍ ചെയ്തതുകൊണ്ടാണ് അഭിജീത് ദിവ്യയെ കൊലപ്പെടുത്തിയതെന്ന പൊലീസ് തിയറി ദിവ്യയുടെ കുടുംബം വിശ്വസിക്കുന്നില്ല. അതിനു ചില കാരണങ്ങളുണ്ട്.

ഗ്യാങ്‌സ്റ്ററിന്റെ കാമുകിയായ മോഡല്‍

ദിവ്യയുടെ ഫ്‌ളാഷ് ബാക്ക് ഒരു ബോളിവുഡ് ക്രൈം ത്രില്ലര്‍ പോലെയാണ്.

ഗുരുഗ്രാം പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ ആറു കൊല്ലത്തെ ജയിലില്‍ ജീവിതത്തിനുശേഷം ജാമ്യം കിട്ടി പുറത്തിറങ്ങി അഞ്ചു മാസം കഴിയുമ്പോഴായിരുന്നു കൊലയാളികള്‍ അവളെ തേടിയെത്തുന്നത്. കഴിഞ്ഞതെല്ലാം മറന്ന് പുതിയൊരു ജീവതം ലക്ഷ്യം വയ്ക്കുകയായിരുന്നു അവളപ്പോള്‍.

ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ബല്‍ദേവ് നഗറിലായിരുന്നു ദിവ്യയുടെ വീട്. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഒരു പഴക്കച്ചവടക്കാരനായിരുന്നു അവളുടെ പിതാവ്. അമ്മയും സഹോദരിയുമായിരുന്നു മറ്റ് കുടുംബാംഗങ്ങള്‍. ബികോം ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് മോഡലിംഗിലേക്ക് തിരിയുന്നത്. അവിടെ നിന്നങ്ങോട്ട് കാര്യങ്ങള്‍ പോയത് ദിവ്യ ആഗ്രഹിച്ചതുപോലെയായിരുന്നില്ല.

ദിവ്യയുടെ ജീവിതം മാറുന്നത് ഗുരുഗ്രാം കേന്ദ്രീകരിച്ച് മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന ഗ്യാങ്സ്റ്റര്‍ സന്ദീപ് ഗഡോലിയുടെ കൈകളില്‍ എത്തുന്നതോടെയാണ്. സന്ദീപിന്റെ കാമുകിയായിരുന്നു ദിവ്യയെന്നാണ് ഹിന്ദി മാധ്യമങ്ങളെഴുതുന്നത്. ഗുരുഗ്രാം പൊലീസിന്റെ പ്രധാന ടാര്‍ഗറ്റ് ആയിരുന്നു ഗഡോലി.

തിരക്കഥ പ്രകാരം നടന്ന ഏറ്റുമുട്ടല്‍

മാധ്യമങ്ങള്‍ പറയുന്നത്, തങ്ങളില്‍ നിന്നും രക്ഷപ്പെട്ടു നടക്കുന്ന സന്ദീപിനെ കുരുക്കാന്‍ പൊലീസ് തന്നെ ഒരുക്കിയൊരു ഹണിട്രാപ്പ് ആയിരുന്നു ദിവ്യ എന്നാണ്. ദിവ്യയിലൂടെ പൊലീസ് ഗഡോലിയുടെ നീക്കങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നുവെന്നും മാധ്യമങ്ങള്‍ പറയുന്നു.

2016 ജനുവരി 14 നാണ് മുംബൈ ക്രൈം ബ്രാഞ്ചിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം(എസ് ഐ ടി) ദിവ്യ പഹുജയെയും അമ്മ സോണിയയെയും അറസ്റ്റ് ചെയ്യുന്നത്. അപ്പോള്‍ അവളുടെ പ്രായം 19 വയസ്!

2016 ഫെബ്രുവരി ഏഴിനാണ് അന്ധേരിയില്‍ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എയര്‍പോര്‍ട്ട് മെട്രോ ഹോട്ടലിലെ മുറിയില്‍ വച്ച് ഗുരുഗ്രാമം പൊലീസ് സന്ദീപ് ഗഡോലിയെ വെടിവച്ചു കൊല്ലുന്നത്. രക്ഷപ്പെടാന്‍ വേണ്ടി ഗഡോലിയാണു പൊലീസിനു നേരെ ആദ്യം വെടിയുതിര്‍ക്കുന്നതെന്നും തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് ഗഡോലി കൊല്ലപ്പെടുന്നുവെന്നുമായിരുന്നു ഗുരുഗ്രാം പൊലീസിന്റെ ഭാഷ്യം. ആ സംഭവത്തിന് പുറമെ നിന്നുള്ള ഏക സാക്ഷി ദിവ്യ പഹുജയായിരുന്നു. സന്ദീപിനൊപ്പം അന്ന് ഹോട്ടല്‍ മുറിയില്‍ ദിവ്യയുമുണ്ടായിരുന്നു.

ദിവ്യയാണ് സന്ദീപ് ഹോട്ടലിലുള്ള വിവരം ഗുരുഗ്രാം പൊലീസിന് എത്തിച്ചു കൊടുത്തതെന്നാണ് മുംബൈ പൊലീസ് കണ്ടെത്തിയത്.

ജയില്‍ ജീവിതം

ഏഴ് വര്‍ഷത്തിനടുത്ത് ദിവ്യക്ക് ജയിലില്‍ കഴിയേണ്ടി വന്നു. 2023 ജൂണിലാണ് വിചാരണ നീണ്ടുപോകുന്നതും ദിവ്യയുടെ മാനിസാകാരോഗ്യനിലയും പരിഗണിച്ച് കോടതി ജാമ്യം അനുവദിക്കുന്നത്.

ജയിലില്‍ തനിക്ക് നേരിടേണ്ടി വന്ന അപമാനങ്ങളെക്കുറിച്ച് ജാമ്യം കിട്ടി മോചിതയായ ശേഷം ദിവ്യ പഹുജ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് വെളിപ്പെടുത്തിയിരുന്നു. ദേഹപരിശോധനയെന്ന പേരില്‍ തന്നോട് വിവസത്രയാകാന്‍ ആവശ്യപ്പെട്ടുവെന്നും ജയില്‍ വച്ച് തന്റെ അന്തസ്സും അഭിമാനവും നഷ്ടപ്പെട്ടുവെന്നും അവള്‍ പറഞ്ഞിരുന്നു. മാനസികാരോഗ്യ വിദഗ്ധരുടെയും കൗണ്‍സിലര്‍മാരുടെയും സേവനങ്ങള്‍ തേടേണ്ടി വന്നുവെന്നും ദിവ്യ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അപേക്ഷിക്കാന്‍ പൊലീസ് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയ സമയത്ത്, അവളെ കണ്ടാല്‍ ഒരു സാധാരണ കൗമാരക്കാരി എന്നു മാത്രമായിരുന്നു തോന്നുകയെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് എഴുതുന്നത്. അവളുടെ കുടുംബാംഗങ്ങള്‍ ആരും തന്നെ അന്ന് കോടതിയില്‍ എത്തിയിരുന്നില്ലെന്നും പത്രം എഴുതിയിട്ടുണ്ട്.

ബൈകുളയിലെ സ്ത്രീകള്‍ക്കുള്ള ജയിലിലാണ് 2016 മുതല്‍ 2023 വരെ ദിവ്യക്ക് കഴിയേണ്ടി വന്നത്. ദിവ്യയുടെ സഹ തടവുകാരിയായി മറ്റൊരു പ്രമുഖയുമുണ്ടായിരുന്നു; ഇന്ദ്രാണി മുഖര്‍ജി. ജയില്‍ അധികൃതരുടെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയുടെ ഫലമായാണ് ഒരു തടവുകാരി മരിച്ചതെന്നാരോപിച്ച് 2017-ല്‍ ജയില്‍ നടന്ന പ്രതിഷേധത്തില്‍ ഇന്ദ്രാണിക്കൊപ്പം ദിവ്യയുമുണ്ടായിരുന്നു.

ഒറ്റിന്റെ കോഡ്

കേസില്‍ ദിവ്യയുടെ അമ്മ സോണിയയും അറസ്റ്റിലായിരുന്നു. ദിവ്യ കോഡ് രൂപത്തില്‍ ഗഡോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ സോണിയയെ ആയിരുന്നു അറിയിച്ചിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്. ദിവ്യയുടെ കോഡ് ഭാഷ മനസിലാക്കാന്‍ ഗഡോലിക്ക് സാധിച്ചിരുന്നില്ലെന്നും രണ്ടായിരം പേജുള്ള കുറ്റപത്രത്തില്‍ പൊലീസ് പറയുന്നുണ്ട്.

‘ മമ്മീ എന്റെ ആരോഗ്യം നന്നായി പോകുന്നു, ഞാന്‍ ഡോക്ടറുടെ അടുത്തേക്ക് പോകുന്നു. നിങ്ങള്‍ തനിച്ചായതുകൊണ്ട് ഞാനീ സൊസൈറ്റിയില്‍ നിന്നും പോകും, അതു കുഴപ്പമില്ല, അവന്‍ കൂടെയുണ്ടെങ്കില്‍ മമ്മി പറയണം, അവന്‍ ഇവിടെ വരികയാണെങ്കില്‍ ഞാന്‍ ഭക്ഷണം കഴിക്കും. ഇത് ഒകെ അല്ലേ? ഈ കോഡ് ഓര്‍ത്തിരിക്കണം’- കുറ്റപത്രത്തില്‍ ദിവ്യയും സോണിയയും തമ്മിലുള്ള കോഡ് സംഭാഷണത്തിന്റെ ഉദ്ദാഹരണം പൊലീസ് ചേര്‍ത്തിരിക്കുന്നതാണ്.

2017-ല്‍ വിചാരണ കാലത്ത് ദിവ്യ കോടതിക്ക് മുന്നില്‍ വിലപിച്ചത്, ഒരു ഗ്യാങസ്റ്ററിനും പൊലീസിനും ഇടയില്‍ ഞാന്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്നാണ്. ജയില്‍ ജീവിതം അവളുടെ മാനസിക നിലയെ സാരമായി ബാധിച്ചിരുന്നു. പല തവണകളായി അവളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ജാമ്യത്തിനായി അവള്‍ നിരന്തരം ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. അഞ്ചു തവണയാണ് വിവിധ കോടതികള്‍ ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയത്.

2023-ല്‍ കോടതയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഗഡോലിയെക്കുറിച്ച് താന്‍ പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തിരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്. രോഗിയായ തന്റെ അച്ഛനെയും പ്രായപൂര്‍ത്തിയാകാത്ത അനിയത്തിയെയും തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിക്കു ഭയന്നാണ് കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി താനങ്ങനെ ചെയ്തതെന്നാണ് ദിവ്യ കുറ്റസമ്മതം നടത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഈ ജാമ്യാപേക്ഷ ദിവ്യ പിന്‍വലിക്കുകയും ചെയ്തു. തന്റെ മാനസികാവസ്ഥ കാരണമാണ് അങ്ങനെയൊരു ഹര്‍ജി ഫയല്‍ ചെയ്തതാണെന്നും ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷ തന്റെ മാനസികാവസ്ഥയെ സാരമായി ബാധിച്ചുവെന്നും ഹര്‍ജി പിന്‍വലിക്കാനുള്ള കാരണമായി അവള്‍ പറഞ്ഞു.

അന്ന് ഹോട്ടലില്‍ നടന്ന് ഗുരുഗ്രാം പൊലീസ് സ്‌കെച്ച് ചെയ്ത് നടത്തിയൊരു കൊലപാകമായിരുന്നുവെന്നാണ് മുംബൈ പൊലീസ് കണ്ടെത്തിയത്. ഒരു വ്യാജ ഏറ്റുമുട്ടലില്‍ സന്ദീപ് ഗഡോലിയെ അവര്‍ തീര്‍ക്കുകയായിരുന്നു. അതിന് സാക്ഷിയും സഹായിയുമായത് ദിവ്യ ആയിരുന്നുവെന്ന് മുംബൈ പൊലീസ് പറയുന്നു.

കേസില്‍ നാല് പൊലീസുകാര്‍ക്കൊപ്പമാണ് ദിവ്യയും അമ്മയും അറസ്റ്റിലാകുന്നത്.

ദ ബാഡ് കോപ്

ദിവ്യ തന്നെ പിന്നീട് നടത്തിയ കുറ്റസമ്മതപ്രകാരം ഹോട്ടല്‍ റൂമില്‍ പൊലീസ് എത്തുമ്പോള്‍ ഗഡോലി നിരയാധുനായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഗ്യാങ്സ്റ്ററാണ് വെടിയുതിര്‍ത്തതെന്ന പൊലീസിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ദിവ്യയുടെ മൊഴിയെന്നും പത്രവാര്‍ത്തകളുണ്ടായിരുന്നു. കൊല്ലപ്പെട്ടശേഷം സന്ദീപിന്റെ കൈയില്‍ പൊലീസ് തോക്ക് വച്ചുകൊടുക്കുകയായിരുന്നുവെന്ന് മുംബൈ പൊലീസ് സംഘം കണ്ടെത്തിയതായും അന്നത്തെ പത്രവാര്‍ത്തകളില്‍ പറയുന്നുണ്ട്.

ദിവ്യ ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമയായ മനീഷ ഖുറാന വഴിയാണ് അവള്‍ സന്ദീപിനെ ബന്ധപ്പെട്ടിരുന്നത്. മുംബൈ പൊലീസിലെ ഒരു സോഴ്‌സിനെ ഉദ്ധരിച്ച് മിഡ്-ഡേ എഴുതുന്നത്, ദിവ്യക്കും മനീഷിനും ഗുരുഗ്രാം പൊലീസ് നിരായുധനായി തങ്ങള്‍ക്ക് സന്ദീപിനെ മുംബൈയില്‍ കിട്ടുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ്. സന്ദീപ് ഗഡോലി മുംബൈയില്‍ എത്തുമെന്നും അയാളുടെ കൈയില്‍ ആയുധമുണ്ടാകില്ലെന്നതുമൊക്കെയുള്ള വിവരം ദിവ്യ അമ്മയ്ക്ക് കൈമാറി. സന്ദീപിന്റെ മുഖ്യ എതിരാളിയായിരുന്ന ഗ്യാങ്സ്റ്റര്‍ ബിജേന്ദ്ര ഗുജ്ജര്‍ ദിവ്യയുടെ അമ്മ സോണിയയുമായി ബന്ധം പുലര്‍ത്തിയിരുന്നു. ദിവ്യ നല്‍കുന്ന വിവരങ്ങള്‍ സോണിയ ഗുജ്ജറിന് കൈമാറും. അയാള്‍ ഗുരുഗ്രാം പൊലീസിലെ എസിപി രാജേഷ് ഗുജ്ജറിനെ ഇക്കാര്യങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നുവെന്നാണ് മുംബൈ പൊലീസ് കണ്ടെത്തിയത്.

സന്ദീപിനെ ഒറ്റുകൊടുത്തതിന് ദിവ്യക്കും അമ്മയ്ക്കും രണ്ടു കോടി പ്രതിഫലം കിട്ടിയെന്നായിരുന്നു ഗഡോലി കുടുംബത്തിന്റെ അഭിഭാഷകന്‍ തന്‍വീര്‍ നിസാം ആരോപിച്ചത്.

നടന്നതെന്തൊക്കെയാണെന്നതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു ദിവ്യ ആദ്യം പറഞ്ഞിരുന്നത്. താനും സന്ദീപും ചെറിയൊരു കാലത്തേക്ക് മാത്രമായിരുന്നു പ്രണയത്തിലായിരുന്നതെന്നും ആ സമയത്തൊന്നും അയാളൊരു ഗ്യാങ്സ്റ്റര്‍ ആണെന്ന കാര്യം അറിയില്ലായിരുന്നുവെന്നുമാണ് ദിവ്യ പറഞ്ഞത്. അതേസമയം, സന്ദീപ് എപ്പോഴും തോക്ക് കൊണ്ടു നടക്കുമായിരുന്നുവെന്ന് ദിവ്യ പറയുന്നുണ്ട്. ‘ അയാള്‍ വളരെയധികം എന്നെ കെയര്‍ ചെയ്തിരുന്നു. ഭക്ഷണം കഴിച്ചില്ലെങ്കില്‍ എന്റെ തലയിലേക്ക് തോക്ക് ചൂണ്ടും, ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടും. എന്തിനാണ് എപ്പോഴും തോക്ക് കൊണ്ട് നടക്കുന്നതെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍, ഞാനൊരു നല്ല ആള്‍ അല്ലെന്നു മാത്രമാണ് പറഞ്ഞത്, പക്ഷേ അയാളൊരു ഗ്യാങ്സ്റ്റര്‍ ആണെന്ന് എനിക്കറിയില്ലായിരുന്നു’ അറസ്റ്റിനു മുമ്പായി ദിവ്യ മിഡ് ഡേയ്ക്ക് നല്‍കിയൊരു അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളാണ്.

സന്ദീപ് ഗഡോലിയുടെ അവസാന യാത്ര

എപ്പോഴും കൈയില്‍ കരുതാറുള്ള തോക്ക് ഉപേക്ഷിച്ച് മുംബൈയിലേക്ക് പോകാന്‍ സന്ദീപ് തീരുമാനിച്ചതിനു പിന്നില്‍ ദിവ്യയും മനീഷും ആണെന്നാണ് സന്ദീപിന്റെ സഹോദരി സുധേഷ് കട്ടാരിയ പറഞ്ഞത്. രാജസ്ഥാനിലെ ഭിവാഡിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നപ്പോഴാണ് ദിവ്യയും മനീഷും സന്ദീപിനെ തേടിയെത്തിയത്. ഗുരുഗ്രാം പൊലീസ് തന്റെ ജീവനെടുക്കാന്‍ നടക്കുകയാണെന്നറിഞ്ഞതില്‍ പിന്നെ ഭിവാഡിയാലായിരുന്നു സന്ദീപിന്റെ ഒളിവ് ജീവിതം. അവിടം അയാളെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ ഇടമായിരുന്നു. അങ്ങോട്ടാണ് ദിവ്യയും മനീഷും എത്തുന്നത്. ഇരുവരുടെയും വാക്കുകള്‍ വിശ്വസിച്ച് അയാള്‍ മുംബൈയിലേക്ക് പോകാന്‍ തീരുമാനിക്കുന്നു, അതും നിരായുധനായി. മനീഷ്, ദിവ്യ, ദീപക്, രണ്ട് വിദേശ വനിതകള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സന്ദീപ് ഗഡോലി മുംബൈയിലേക്ക് പോകുന്നത്.

അഭിഭാഷകയാകണം എന്ന ആഗ്രഹം ബാക്കിയായി

ജയില്‍ നിന്നും ഇറങ്ങിയ ശേഷം ദിവ്യ പങ്കുവച്ചിരുന്നൊരു ആഗ്രഹം അവള്‍ക്ക് അഭിഭാഷകയാകണമെന്നായിരുന്നു. തന്റെ കേസിനെക്കുറിച്ച് മനസിലാക്കാന്‍ വേണ്ടി ഒത്തിരി നിയമപുസ്തകങ്ങള്‍ വായിച്ചുവെന്നും അങ്ങനെയാണ് നിയമവൃത്തിയിലേക്ക് പോകാന്‍ ആഗ്രമുണ്ടായതെന്നുമായിരുന്നു ദിവ്യ പറഞ്ഞത്. ജയിലിലേക്ക് തിരിച്ചു പോകാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും, എല്‍എല്‍ബിക്ക് ഉടന്‍ തന്നെ എന്റോള്‍ ചെയ്യുമെന്നുമായിരുന്നു കഴിഞ്ഞ ഓഗസ്റ്റില്‍ ദിവ്യ ആവേശത്തോടെ മാധ്യമങ്ങളോട് പറഞ്ഞത്.

×