December 09, 2024 |

ഹല്‍ദ്വാനി സംഘര്‍ഷത്തിന്റെ മറവില്‍ ആസൂത്രിത കൊലപാതകം

ഭാര്യയെ ബ്ലാക്‌മെയ്ല്‍ ചെയ്ത യുവാവിനെ കൊന്നത് പൊലീസുകാരന്‍

ഹല്‍ദ്വാനി കൊലപാതകത്തില്‍ പുതിയ വഴിത്തിരിവ്. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തിനിടയില്‍ ബിഹാര്‍ സ്വദേശി കൊല്ലപ്പെ സംഭവം ഒരു പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും ചേര്‍ന്നു നടത്തിയ അസൂത്രിത കൊലപാതകമെന്ന് പോലീസ്. ഹല്‍ദ്വാനി പോലീസ് പങ്കുവച്ച വിവരങ്ങളനുസരിച്ചു, വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 24 കാരനായ പ്രകാശ് കുമാര്‍ സിംഗിന്റെ കൊലപാതകത്തില്‍ ഉധം സിംഗ് നഗര്‍ പോലീസ് കോണ്‍സ്റ്റബിള്‍ ബീരേന്ദ്ര സിംഗ് (36), ഇയാളുടെ ഭാര്യാസഹോദരന്‍ സൂരജ് ബെയിന്‍ (28), കൂട്ടാളികളായ പ്രേം സിംഗ് (30), നയീം ഖാന്‍ (50) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബീരേന്ദ്രയുടെ ഭാര്യ പ്രിയങ്ക ഒളിവിലാണ്.

കഴിഞ്ഞയാഴ്ച ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ മുസ്ലീം പള്ളിയും മദ്രസയും പൊളിച്ചു നീക്കിയതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ടവരില്‍ ഒരു ബിഹാര്‍ സ്വദേശിയും ഉള്‍പ്പെട്ടതായി പോലീസ് കണ്ടെത്തിയിരുന്നു. ഹല്‍ദ്വാനിയുടെ ബന്‍ഭൂല്‍പുര പ്രദേശത്ത് അക്രമം നടന്നതിന്റെ ഏകദേശം രണ്ട് മൂന്ന് കിലോമീറ്റര്‍ അകലെ മാറിയാണ് തലക്ക് വെടിയേറ്റ നിലയില്‍ ഒരു മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. ബിഹാര്‍ സ്വദേശിയായ പ്രകാശ് കുമാര്‍ സിംഗിന്റേതാണ് മൃതദേഹമെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിരിച്ചറിഞ്ഞു. ജോലി തേടി ഹല്‍ദ്വാനിയിലെത്തിയ 24 കാരനായ പ്രകാശ് സാമുദായിക സംഘര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.

എന്നാല്‍ അന്വേഷണത്തിനിടെ, കൊല്ലപ്പെട്ട പ്രകാശിന്റെ ഫോണ്‍ പരിശോധിച്ചതിലൂടെയാണ് പോലീസ് ഒരു സുപ്രധാന വഴിത്തിരിവിലേക്ക് എത്തുന്നത്. പ്രകാശ് സിതാര്‍ഗഞ്ചില്‍ നിന്നുള്ള ഒരു യുവാവുമായും ഉത്തരാഖണ്ഡില്‍ നിന്നുള്ള മറ്റൊരു നമ്പറുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായി പരിശോധനയില്‍ വ്യക്തമായി. ഈ നമ്പറിന് പിന്നാലെ അന്വേഷിച്ചു പോയ പൊലീസിന് മുന്നില്‍ ചുരുളഴിഞ്ഞത് വളരെ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ ഒരു കൊലപാതകത്തിന്റ പിന്നാമ്പുറ കഥകളാണ്.

രണ്ട് വര്‍ഷത്തിലേറെയായി സൂരജ് എന്ന വ്യക്തിയുമായി സൗഹൃദത്തിലായിരുന്നു പ്രകാശ്. സൂരജിന്റെ വീട് പ്രകാശ് ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും നൈനിറ്റാള്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) പ്രഹ്ലാദ് നാരായണ്‍ മീണ പറഞ്ഞു.

ഈ സമയത്ത്, പ്രകാശ് സൂരജിന്റെ സഹോദരിയും കോണ്‍സ്റ്റബിള്‍ ബീരേന്ദ്ര സിംഗിന്റെ ഭാര്യയുമായ പ്രിയങ്കയുമായി സ്‌നേഹബന്ധത്തിലായി. പിന്നീട്, പ്രകാശ് പ്രിയങ്കയെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി. ഇക്കാര്യം അവര്‍ ഭര്‍ത്താവില്‍ നിന്ന് മറച്ചു വെച്ചതായി മീണ പറയുന്നു. കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് പ്രകാശ് കോണ്‍സ്റ്റബിള്‍ ബീരേന്ദ്ര സിംഗിനെ വിളിച്ചിരുന്നു. ഈ കോളിന് ശേഷം പ്രകാശിന്റെ ഭാര്യ കോണ്‍സ്റ്റബിള്‍ സിംഗിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു. തുടര്‍ന്നാണ്, സിംഗ്, ഭാര്യയും, സുഹൃത്തായ ബബ്ലൂ എന്നറിയപ്പെടുന്ന നയീം ഖാനും ചേര്‍ന്ന് പ്രകാശിനെ കൊല്ലാന്‍ പദ്ധതിയിടുന്നത്.

അതീവ ആസൂത്രണത്തോടെയാണ് മൂവരും കൊലപതാകം ആസൂത്രണം ചെയ്തത്. ഭാര്യ മുഖേന പ്രകാശിനെ ഹല്‍ദ്വാനിലേക്ക് വിളിപ്പിക്കുകയാണ് ബീരേന്ദ്ര ആദ്യം ചെയ്തത്. തുടര്‍ന്ന് ഹല്‍ദ്വാനിയിലെത്തിയ പ്രകാശിനെ മൊബൈലില്‍ നിന്ന് ഭാര്യയുടെ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ബീരേന്ദ്ര ആവശ്യപ്പെട്ടു. ഇതിനു തയ്യാറാവാതിരുന്ന പ്രകാശിനു നേരെ ബീരേന്ദ്ര അവിടെ വച്ച് തന്നെ നിറയൊഴിച്ചു. ഇതേ സമയത്ത് മുസ്ലിം പള്ളിയും മദ്രസയും തകര്‍ത്തതിന് പിന്നാലെ ഹല്‍ദ്വാനിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

കൊലപതകത്തിനു ശേഷം മൃതദേഹം ആ പ്രദേശത്ത് ഉപേക്ഷിച്ച ബീരേന്ദ്രയും സംഘവും, കലാപത്തില്‍ കൊല്ലപ്പെട്ടുവെന്ന് നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയാണെങ്കില്‍ അന്വേഷണം തങ്ങളിലേക്കെത്താതെ തടുക്കാന്‍ കഴിയുമെന്ന് കരുതിയിരിക്കണം. ബീരേന്ദ്രയെയും കൂട്ടാളികളെയും വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

×