UPDATES

ഹല്‍ദ്വാനി കലാപത്തിനു പിന്നിലെന്ത്?

മദ്രസയും മസ്ജിദും പൊളിക്കാന്‍ കോടതി ഉത്തരവുണ്ടായിരുന്നോ?

                       

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ഫെബ്രുവരി 8-നുണ്ടായ സംഘര്‍ഷങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. 250 ലധികം പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുര പ്രദേശത്താണ് സംഘര്‍ഷം ഉണ്ടായത്. ഹല്‍ദ്വാനിയിലെ മദ്രസയും അതിനോട് ചേര്‍ന്നുള്ള പള്ളിയും പ്രദേശ വാസികളുടെ കടുത്ത എതിര്‍പ്പിലാണ് അധികൃതര്‍ പൊളിച്ചു മാറ്റിയത്. മദ്രസയും മസ്ജിദും അനധികൃത നിര്‍മാണമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള കോടതി ഉത്തരവിനു മേലാണ് പള്ളി പൊളിച്ചു നീക്കിയത്. നിലവില്‍ നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്, നേരത്തെ തന്നെ നൈനിത്താള്‍ ജില്ലാ മജിസ്ട്രേറ്റ് ബന്‍ഭൂല്‍പുരയില്‍ ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.

മദ്രസ പൊളിച്ചുമാറ്റുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിച്ചിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. ഹര്‍ജി വീണ്ടും ഫെബ്രുവരി 14 നു പരിഗണിക്കാനിരിക്കെയാണ് പൊളിക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോയത്.  ഹര്‍ജിയില്‍ തീരുമാനമാവാത്തപക്ഷം  ഏകപക്ഷീയമായി പൊളിച്ചു നീക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. പൊളിച്ചു നീക്കാനെത്തിയ അധികൃതരെ തടയാനെത്തിയ പ്രദേശവാസികള്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി. ഇതില്‍ ക്ഷുഭിതരായ ജനക്കൂട്ടം ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പോലീസിനോട് പിന്‍വാങ്ങാന്‍ ആവിശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ വളയുകയും ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ് തുടരുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോലീസ് സ്റ്റേഷന് പുറത്തുള്ള വാഹനങ്ങള്‍ക്കും തീയിട്ടത് ക്രമസമാധാന നില കൂടുതല്‍ വഷളാക്കി.

രാംനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെ 50 പോലീസുകാര്‍ക്ക് പരുക്കേറ്റതായും മൂന്നോ നാലോ പേര്‍ മരിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ നൂറിലധികം പേര്‍ക്ക് പരുക്കേറ്റുവെന്നും ചൂണ്ടിക്കാണിച്ചാണ് ജില്ലാ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പുറപ്പിടുവിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് പറയുന്നു. ബന്‍ഭൂല്‍പുര പോലീസ് സ്റ്റേഷന് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ ആളുകള്‍ പോലീസിനുനേരെ വെടിയുതിര്‍ത്തു. ഇതിനെ പ്രതിരോധിക്കാന്‍ പോലീസും വെടിവച്ചതായി മജിസ്ട്രേറ്റ് വന്ദന പറഞ്ഞു. പോലീസ് സ്റ്റേഷന്‍ കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ആള്‍ക്കൂട്ടമെന്നും പറയുന്നു. ഇത് കരുതിക്കൂട്ടി നടത്തിയ അക്രമണമാണെന്നും കലാപകാരികള്‍ എല്ലാം നേരത്തെ ആസൂത്രണം ചെയ്തിരുന്നെന്നും ജില്ലാ മജിസ്ട്രേറ്റ് ആരോപിക്കുന്നു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു ഉത്തര്‍പ്രദേശിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കാന്‍ ഉത്തരവുണ്ട്. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി സോബന്‍ സിംഗ് ജീന ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേര്‍ക്കും തലയ്ക്കും മുഖത്തിനും ആഘാതമുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

അധികാരികള്‍ ഇപ്പോഴും നാശനഷ്ടങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുമ്പോള്‍, പൊളിച്ചുമാറ്റിയ മസ്ജിദും മദ്രസയും നിയമവിരുദ്ധമാണോ എന്ന ചോദ്യവും ഉയര്‍ന്നുവരുന്നു. അനധികൃത കയ്യേറ്റം നീക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണു സംഭവം നടന്ന വാര്‍ഡ് നമ്പര്‍ 31ലെ കൗണ്‍സിലര്‍ ഷക്കീല്‍ അഹമ്മദ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറയുന്നത്. കോടതി ഉത്തരവ് അനുസരിച്ചാണ് പൊളിച്ചു നീക്കിയതെന്ന വാദം അധികൃതര്‍ ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും അടിയന്തര യോഗം വിളിച്ച് സമാധാനം നിലനിര്‍ത്താന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ പോലീസിനെയും കേന്ദ്ര സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍