UPDATES

വില്ലന്‍മാരാവുന്ന പോലീസ്; ഉത്ര വധക്കേസില്‍ സി.ഐ സുധീറെങ്കില്‍ പന്തീരാങ്കാവില്‍ സരിന്‍

പോലീസിന്റെ മോശം പെരുമാറ്റത്തിനുള്ള ഒരു ‘രക്ത സാക്ഷി’-യുടെ കഥ കേരളം ചര്‍ച്ച ചെയ്തിട്ട് അധികകാലമായിട്ടില്ലെന്ന് കൂടി ഓര്‍മിക്കണം

                       

ഭര്‍തൃപീഡനക്കേസുകള്‍ സ്ഥിരം വാര്‍ത്തയായിരിക്കുകയാണു കേരളത്തില്‍. അത്തരം കേസുകളില്‍ ചിലതിലെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയും വാര്‍ത്തയാകുന്നു. പുറം ലോകമറിയാത്തത് വേറെയും കാണും. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ പലപ്പോഴും സത്രീകള്‍ നല്‍കുന്ന പരാതികളിലാണ്. അതില്‍ അവസാനത്തേതു മാത്രമാണ് പന്തീരാങ്കാവ് സി.ഐ സരിന്‍ എ.എസിനെതിരേയുള്ളത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ ഗോപാലാണ് പറവൂര്‍ സ്വദേശിനിയായ ഭാര്യയെ ഉപദ്രവിച്ചത്. ഇതില്‍ പരാതി നല്‍കാനായി യുവതിയും അച്ഛനും പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന തരത്തിലായിരുന്നു അവിടത്തെ പോലീസുകാര്‍ സംസാരിച്ചത്. വിവാഹജീവിതത്തില്‍ ഇതെല്ലാം സാധാരണം, ഒത്തുതീര്‍പ്പിലെത്തണമെന്ന നിര്‍ദേശവും നല്‍കി. പരിക്കുകളോടെ എത്തിയ യുവതിയോട് അപമര്യാദയായും പെരുമാറി. വകുപ്പുതല അന്വേഷണത്തില്‍, പെണ്‍കുട്ടിയുടെ മൊഴി ശരിയായ രൂപത്തില്‍ രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല, പ്രതിയെ റിമാന്‍ഡ് ചെയ്യുന്ന നടപടി ഒഴിവാക്കി എന്നിങ്ങനെയുള്ള ഗുരുതര കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സരിന് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. വധശ്രമ കാര്യം പറഞ്ഞപ്പോഴും പ്രതിക്കെതിരേ ഗുരുതരവകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. Pantheerankavu domestic violence

ഭര്‍തൃ പീഡന കേസില്‍ പോലീസിന്റെ ഇത്തരം ഒത്തുതീര്‍പ്പ് പരിഹാരത്തിനും മോശം പെരുമാറ്റത്തിനുമുള്ള ഒരു ‘രക്ത സാക്ഷി’-യുടെ കഥ കേരളം ചര്‍ച്ച ചെയ്തിട്ട് അധികകാലമായിട്ടില്ലെന്ന് കൂടി ഓര്‍മിക്കണം. ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ഥിയായ മൊഫിയ. ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പോലീസില്‍ നിന്നുണ്ടായ വീഴ്ചകളുടെ ഫലമായിരുന്നു.

കല്യാണം കഴിക്കുന്നത് തല്ലുകൊള്ളാനല്ല, അടിച്ചാല്‍ തിരിച്ചും കൊടുക്കും’ 

പിന്നോട്ട് നോക്കിയാല്‍ പോലീസിന്റെ വീഴ്ചകള്‍ ഒറ്റപ്പെട്ട സംഭവമല്ല എന്നു കാണാന്‍ കഴിയും. ഉദാഹരണങ്ങള്‍ എണ്ണാന്‍ ഏറെയുണ്ട്. 2021ലാണ് കൊല്ലം പരവൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഭര്‍തൃപീഡനത്തിന് കേസെടുക്കാന്‍ തയ്യാറാവാതിരുന്നതോടെ പരവൂര്‍ സ്വദേശിനി ഷംന കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയത്. പരാതി നല്‍കാന്‍ എത്തിയ ഷംനയോട് പോലീസ് മോശമായി പെരുമാറി. നിരന്തരം സ്റ്റേഷനില്‍ കയറി ഇറങ്ങിയപ്പോഴാണ് കേസെടുത്തതു തന്നെ. പിന്നീട് പ്രതികളെ അറസ്റ്റുചെയ്യുന്ന കാര്യം അന്വേഷിക്കലും ഷംനയുടെ ദിനചര്യപോലെയായി. ഒടുവില്‍ സഹികെട്ട ഒരുദിവസം ആ യുവതി സ്‌റ്റേഷന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തി. സംഭവത്തില്‍ പോലീസ് പറഞ്ഞത് ഷംന കെട്ടിച്ചമച്ച കേസാണെന്നു സംശയമുണ്ട്, തെളിവില്ല എെന്നല്ലാമാണ്. ഈ തെളിവ് കണ്ടത്തേണ്ടത് ആരാണ് എന്നതുകൂടി ആലോചിക്കണം.
ഇതിനു പിന്നാലെ മലയാളി കേട്ടത് ഭര്‍തൃക്രൂരതയില്‍ കൊല്ലപ്പെട്ട ഉത്രയെക്കുറിച്ചാണ്. ഉത്രയെ കിടപ്പുമുറിയില്‍ വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവിനൊപ്പം തന്നെ അഞ്ചല്‍, കടക്കല്‍ സ്റ്റേഷനുകളില്‍ എസ്.ഐ, സി.ഐ പദവിയിലിരുന്ന സിഐ സുധീറും വാര്‍ത്തകളില്‍ നിറഞ്ഞു. ഉത്രക്കേസില്‍ വരുത്തിയ വലിയ വീഴ്ചകളുടെ പേരിലായിരുന്നു അത്. ഉത്ര വധക്കേസിന്റെ അന്വേഷണ ആരംഭത്തില്‍ തന്നെ എസ്.ഐയും എ.എസ്.ഐയും നല്‍കിയ റിപ്പോര്‍ട്ടുകള്‍ മുഖവിലയ്‌ക്കെടുക്കാതെ സി.ഐ. സുധീര്‍ അലംഭാവം കാണിച്ചെന്ന് പിന്നീട് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഉത്രയുടെ ഇന്‍ക്വസ്റ്റ് നടപടികളില്‍ സംശയം തോന്നിയ ബന്ധുക്കളുടെ പരാതിയോടെയാണ് ഉത്രയെ കടിച്ച പാമ്പിനെ കത്തിച്ചു കളയാതിരുന്നത്. അതുപോലെ ഉത്രയുടെ രക്തസാംപിള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തത്.

നിയമവിദ്യാര്‍ഥിയായ മൊഫിയ ആത്മഹത്യ ചെയ്ത കേസിലും സി.ഐ. സുധീറിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. രണ്ടും ഒരേ പോലീസുകാരനാണ്. സ്ഥലവ്യത്യാസം മാത്രമാണ് അവിടെയുള്ളത്. ഭര്‍തൃപീഡനത്തിന് പരാതി നല്‍കാനെത്തിയ മൊഫിയയെ സിഐ സുധീര്‍ സ്റ്റേഷനില്‍വെച്ച് അപമാനിച്ചുവെന്നാണ് ആരോപണം. ഇതിനുശേഷം സ്റ്റേഷനില്‍നിന്ന് പോയ മൊഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്‍ത്താവിനും മാതാപിതാക്കള്‍ക്കും പുറമേ സുധീറിനെതിരേയും മൊഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. സസ്‌പെന്‍ഷന്‍ കൊണ്ട് എന്താണ് പോലീസുകാരന്‍ പഠിച്ചത്? ഇതിനെല്ലാം മുന്‍പ് അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലും സുധീറിന് വീഴ്ചകള്‍ സംഭവിച്ചതായി പരാതി ഉയര്‍ന്നിരുന്നു.
ഇങ്ങനെയൊക്കെ ആകുമ്പോഴും ഒറ്റപ്പെട്ടതെന്ന പതിവ് നിലപാടാണ് ആഭ്യന്തര വകുപ്പുള്ളത്. പോലീസ് ഉദ്യോഗസ്ഥന് കേവലം ഒരു സസ്‌പെന്‍ഷന്‍, അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍. അതോടെ തീര്‍ന്നു ആഭ്യന്തരവകുപ്പിന്റെ നടപടി. ആ നിലപാടാണോ ശരി?

ഇതെല്ലാം സൂചിപ്പിക്കുന്നത് സിസ്റ്റത്തിന്റെ പരാജയമാണ്. ഇത്തരം കേസുകളെത്തുമ്പോള്‍ ഇരയാക്കപ്പെടുന്ന യുവതിയുടെ മാനസികാവസ്ഥ പരിഗണിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ജനകീയ പോലീസ് സ്‌റ്റേഷന്‍ എന്ന അവകാശ വാദത്തിന്റെ ആവശ്യമെന്താണ്? സ്ത്രീ പരാതിക്കാരിയായി എത്തുമ്പോള്‍ കൃത്യമായി അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം സ്വാധീനങ്ങള്‍ക്ക് വഴങ്ങി ഇരയെ വീണ്ടും മാനസികമായി പീഡിപ്പിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. സാമൂഹിക-വ്യക്തി ജീവിതങ്ങളില്‍ പോലും വലിയരീതിയിലുള്ള ആഘാതങ്ങള്‍ സൃഷ്ടിക്കുന്ന കാര്യങ്ങളില്‍ പോലീസുകാര്‍ സുക്ഷമത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിന് ആദ്യം വേണ്ടത് സാധാരണ മനുഷ്യര്‍ക്കും ആത്മാഭിമാനങ്ങളുണ്ടെന്നത് തിരിച്ചറിവാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ പോലീസിന്റെ അനാസ്ഥകള്‍ കൃത്യമായി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഒരു പരാതി ലഭിച്ചാല്‍, പ്രാഥമികാന്വേഷണം പോലും നടത്താതെ ഒരുപക്ഷം ചേരുക എന്നതില്‍ നിന്ന് മാറി ഇരയ്‌ക്കൊപ്പം നില്‍ക്കുക എന്ന ധാര്‍മ്മികബോധവും മാനസിക പക്വതയും പോലീസുകാര്‍ക്കുണ്ടാവണം. വീണ്ടും വീഴ്ചകള്‍ വരുത്താന്‍ അവരെ പ്രേരിപ്പിക്കുന്നത് ഇത്തരം പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് തന്നെയാണ്. ഇന്ത്യയില്‍ സാധാരണക്കാരന് വെറെയും പോലീസുകാര്‍ക്ക് പ്രിവിലേജും നല്‍കുന്ന നിയമവ്യവസ്ഥയല്ല നിലനില്‍ക്കുന്നത്. ആ തിരിച്ചറിവാണ് പോലീസുകാര്‍ക്ക് വേണ്ടത്. എങ്കില്‍ മാത്രമേ ഉദ്യോഗസ്ഥ അധികാരം ഉപയോഗിച്ചുള്ള നിയമലംഘനങ്ങള്‍ അവസാനിക്കു. ഇതിനായി സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

 

English Summary;Pantheerankavu domestic violence: police and domestic violence response

Share on

മറ്റുവാര്‍ത്തകള്‍