July 15, 2025 |

ഡോള്‍ഫിനുകള്‍ക്ക് വില്ലന്‍ ലവണാംശം; ചരക്ക് കപ്പലുകളല്ല

മുന്‍വര്‍ഷങ്ങളിലും പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്ത് കേരളതീരത്ത് ഡോള്‍ഫിനുകള്‍ ചത്തടിഞ്ഞിട്ടുണ്ട്

കേരള തീരത്ത് ചരക്ക് കപ്പല്‍ മുങ്ങിയതിന് പിന്നാലെ കടല്‍ മലിനീകരണത്തിന്റെ വ്യാപ്തിയെ കുറിച്ച് ആശങ്കകളും വ്യാപകമാണ്. ഇതിന് പിന്നാലെയാണ് ഡോള്‍ഫിനുകളുടെ ജഡം കരയ്ക്കടിയുന്നുവെന്ന വാര്‍ത്തകളും പരക്കുന്നത്. ”കപ്പല്‍ അപകടവുമായി ഡോള്‍ഫിനുകളുടെ മരണത്തിന് യാതൊരു ബന്ധവുമില്ലെന്നും കപ്പലപകടത്തിന് മുമ്പും തീരമേഖലയുടെ പല ഭാഗങ്ങളിലും ഡോള്‍ഫിനുകളുടെ ജഡം കണ്ടെത്തിയിട്ടുണ്ടെന്നും കോഴിക്കോട് ഭാഗത്ത് തിമിംഗലവും ചത്തിട്ടുണ്ടെന്നും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ വിദഗ്ധന്‍ അഴിമുഖത്തോട് പറഞ്ഞു.

”ഡോള്‍ഫിനുകള്‍ പല തരത്തിലുണ്ട്. ഇവ കൂടുതലും കടല്‍ ജലത്തില്‍ തന്നെയാണ് ജീവിക്കുന്നത്. ഗംഗാ ഡോള്‍ഫിന്‍ പോലുള്ളവയാണ് കായലിലൊക്കെ കാണപ്പെടുന്നത്. ലവണാംശത്തിന്റെ (salinity) പ്രശ്നമൊക്കെ വരുമ്പോഴാണ് അവ ചത്തുപൊങ്ങുന്നത്. ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന കടല്‍ജീവി, സാധാരണ ജലത്തിലേക്ക് വരുമ്പോള്‍ അതിന്റെ ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്നങ്ങളും ഇവയുടെ മരണത്തിന് കാരണമാകുന്നുണ്ട്.

കൂടാതെ വളരെ വിരളമായി കപ്പലിന്റെ പിന്‍ഭാഗമായ പ്രൊപ്പല്ലര്‍ തട്ടിയും ഡോള്‍ഫിനുകളും തിമിംഗലങ്ങളും ചാകും. അത്തരത്തില്‍ സംഭവിച്ചാല്‍ അതിന്റെ പാടുകള്‍ ഇവയുടെ ശരീരത്തില്‍ കാണാനാകും. മറ്റൊന്ന് വലകളില്‍ (ring seine) കുടുങ്ങുന്നതും സാധാരണമാണ്. പക്ഷേ വലയില്‍ കുടുങ്ങിയാലും മുറിവ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബ്ദവീചികളുടെ സഹായത്തോടെ ദിശ മനസ്സിലാക്കുന്ന ഡോള്‍ഫിനുകളും തിമിംഗലങ്ങളും കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ ദിശ തിരിച്ചറിയാനാകാതെ തീരത്തോട് അടുക്കുമ്പോഴാണ് കപ്പലുകളുടെ പ്രൊപ്പല്ലറുകളില്‍ ഇടിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നത്.

”ചരക്ക് കപ്പല്‍ അപകടത്തിന് ശേഷം ഡോള്‍ഫിനുകളുടെ ജഡം കരയിലടിയുന്ന സംഭവത്തിന് കൂടുതലായി വാര്‍ത്താപ്രാധാന്യം നല്‍കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഏവരിലും ഇത് ആശങ്കയ്ക്കും ഇടയാക്കുന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളിലും പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്ത് കേരളതീരത്ത് ഡോള്‍ഫിനുകള്‍ ചത്തടിഞ്ഞിട്ടുണ്ട്. ഏതൊരു ജീവിക്കും ഉള്ളതുപോലെ ഇവയ്ക്കും ഒരു ജീവിതചക്രമുണ്ട്. അതുകൊണ്ട് തന്നെ അതൊരു സ്വാഭാവിക പ്രതിഭാസമാകാനാണ് സാധ്യത” കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് വിദഗ്ധര്‍ അഴിമുഖത്തോട് പ്രതികരിച്ചു.

ഇക്കഴിഞ്ഞ മെയ് 28 ന് ആലപ്പുഴ ആറാട്ടുപുഴ തീരത്തും ഡോള്‍ഫിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. അന്ന് മുങ്ങിയ ചരക്ക് കപ്പലില്‍ നിന്നുള്ള കണ്ടെയ്നര്‍ അടിഞ്ഞ തറയില്‍ക്കടവില്‍ നിന്ന് 200 മീറ്ററോളം മാറിയാണ് ഡോള്‍ഫിന്റെ ജഡം കണ്ടത്. പഞ്ഞിത്തുണി നിറച്ച കണ്ടെയ്നറായിരുന്നു അവിടെ അടിഞ്ഞത്. അതിനാല്‍ തന്നെ പഞ്ഞിത്തുണി ഭക്ഷിച്ചതാകാം അപകടകാരണമെന്നായിരുന്നു നിഗമനം. അതുകൊണ്ട് തന്നെ നിലവില്‍ മത്സ്യമേഖലയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും ആശങ്ക വേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ജൂണ്‍ 14 നും 23 നും ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിലും ഡോള്‍ഫിന്റെ ജഡം അടിഞ്ഞിരുന്നു. 17 ന് ആലപ്പുഴയില്‍ തന്നെ തിമിംഗലത്തിന്റെ ജഡവും കണ്ടെത്തി. കഴിഞ്ഞദിവസം ആലപ്പുഴ പുന്നപ്രയില്‍ വീണ്ടും ഡോള്‍ഫിന്റെ ജഡം അടിഞ്ഞു. ഇവയുടെയൊക്കെ ശരീരത്തില്‍ ചോരപ്പാടുകളും ഉണ്ടായിരുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ പ്രൊപ്പല്ലറില്‍ തട്ടിയാകാമെന്ന സാധ്യതയാണ് നിലനില്‍ക്കുന്നത്.

ചരക്ക് കപ്പല്‍ അപകടത്തിന് ശേഷം നടത്തിയ പരിശോധനകളില്‍ കടല്‍വെള്ളത്തില്‍ അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ലെന്നാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെയും വിദഗ്ധര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. Salinity is the dangerous for dolphins; not cargo ships

Content Summary: Salinity is the dangerous for dolphins; not cargo ships

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×