June 23, 2026 |
Share on

വീടിനോടുള്ള അടുപ്പക്കൂടുതല്‍ വേണ്ട; ശ്രീരാമന്റെ വനവാസം മാതൃകയാക്കാന്‍ മധ്യപ്രദേശ് പോലീസ്

4,000 ഉദ്യോഗാര്‍ത്ഥികളാണ് പരിശീലനത്തിന് തയ്യാറെടുക്കുന്നത്

സ്വന്തം വീടിനടുത്തുള്ള പരിശീലന കേന്ദ്രങ്ങളിലേക്ക് മാറ്റം ആവശ്യപ്പെട്ട് പോലീസ് സേനയിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ വര്‍ധിച്ച സാഹചര്യത്തില്‍, മധ്യപ്രദേശ് പോലീസ് എല്ലാ ദിവസവും വൈകുന്നേരം രാമചരിതമാനസ പഠന ക്ലാസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. ശ്രീരാമന്റെ 14 വര്‍ഷത്തെ വനവാസം ഉദ്യോഗാര്‍ത്ഥികളില്‍ പല പാഠങ്ങളും ഉള്‍ക്കൊള്ളാന്‍ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് മധ്യപ്രദേശ് പോലീസിന്റെ പുതിയ നീക്കം.

സംസ്ഥാനത്തുടനീളമുള്ള എട്ട് പോലീസ് പരിശീലന സ്‌കൂളുകളില്‍ (PTS) ഈ ആഴ്ചയാണ് പുതിയ ബാച്ച് ഉദ്യോഗാര്‍ത്ഥികളുടെ പരിശീലനം ആരംഭിച്ചത്. ഉദ്യോഗാര്‍ത്ഥികളിലെ ഗൃഹാതുരത്വ ചിന്തകള്‍ അകറ്റുന്നതിനായി ഉറങ്ങുന്നതിന് മുമ്പ് എല്ലാ ദിവസവും രാമചരിതമാനസിലെ രണ്ട് അധ്യായങ്ങളെങ്കിലും ചൊല്ലാന്‍ അവരോട് ആവശ്യപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

”സ്വന്തം വീടുകള്‍ക്ക് സമീപമുള്ള പിടിഎസുകളിലേക്ക് മാറ്റം ആവശ്യപ്പെട്ട് എനിക്ക് അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ മനോഭാവം വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഉദ്യോഗസ്ഥരെ അവരുടെ വീടിനടുത്ത് മാത്രം പരിശീലിപ്പിച്ചാല്‍, നക്‌സല്‍ സ്വാധീനമുള്ള പ്രദേശങ്ങള്‍ പോലുള്ള വെല്ലുവിളി നിറഞ്ഞ സ്ഥലങ്ങളിലെ നിയമനങ്ങളുമായി അവര്‍ എങ്ങനെ പൊരുത്തപ്പെടും?” പരിശീലകനായ എഡിജി രാജാ ബാബു സിംഗ് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വീട്ടില്‍ നിന്ന് മാറിനില്‍ക്കുക എന്നത് ഇന്ത്യന്‍ പാരമ്പര്യത്തിന് പുതിയ കാര്യമല്ലെന്ന്, ശ്രീരാമന്റെ വനവാസവുമായി താരതമ്യം ചെയ്തുകൊണ്ട് സിംഗ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. ‘ശ്രീരാമന്‍ 14 വര്‍ഷത്തോളം അയോധ്യയിലേക്ക് തിരിച്ചുവന്നില്ല. ആ കാലയളവില്‍ അദ്ദേഹം കാട്ടില്‍ ജീവിക്കാന്‍ പഠിച്ചു, ഒരു സൈന്യത്തെ കെട്ടിപ്പടുത്തു, കഷ്ടപ്പാടുകളെ അതിജീവിച്ചു. നമ്മള്‍ പോലീസിലേക്ക് നിയമിക്കുന്നവരെ ഇത്തരത്തിലുള്ള പാഠങ്ങള്‍ പഠിപ്പിക്കണമെങ്കില്‍ അവര്‍ നമ്മുടെ പ്രാദേശിക സംസ്‌കാരത്തില്‍ നിന്നുള്ള പാഠങ്ങള്‍ ആദ്യം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ് പോലീസിന്റെ കണക്കനുസരിച്ച് പുതിയതായി റിക്രൂട്ട് ചെയ്ത 300 ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വീടിനടുത്തുള്ള പിടിഎസുകളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ കുറച്ച് പേര്‍ക്ക് പോലും സ്ഥലംമാറ്റം അനുവദിച്ചാല്‍, ട്രാന്‍സ്ഫറിനുള്ള അപേക്ഷകളുടെ പ്രവാഹമുണ്ടാകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവില്‍, 4,000 ഉദ്യോഗാര്‍ത്ഥികളാണ് ഒമ്പത് മാസത്തെ അടിസ്ഥാന പരിശീലനത്തിന് തയ്യാറെടുക്കുന്നത്. ഇവര്‍ക്ക് എല്ലാ ദിവസവും വൈകുന്നേരം രാമചരിതമാനസ് പഠന ക്ലാസുകള്‍ നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഓരോ ബാരക്കിന്റെയും മേധാവികളായിരിക്കും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക.

പോലീസ് സേനയില്‍ ആത്മീയവും സാംസ്‌കാരികവുമായ പാരമ്പര്യങ്ങള്‍ നടപ്പിലാക്കുന്നത് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രാജാബാബു സിംഗിന് ഇത് ആദ്യത്തെ അനുഭവമല്ല. ഗ്വാളിയോര്‍ സോണിന്റെ എഡിജി ആയിരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ ‘ഗീതാ ജ്ഞാന്‍’ ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമായിരുന്നു. ദസറ സമയത്ത് ജയിലുകളില്‍ ഭഗവദ്ഗീതയുടെ പകര്‍പ്പുകള്‍ വിതരണം ചെയ്തതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

മധ്യപ്രദേശ് പോലീസ് പ്രാദേശിക സ്വത്വവും അഭിമാനവും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ പോലീസ് ട്രെയിനിംഗ് സ്‌കൂളുകളിലും (പിടിഎസ്) തദ്ദേശീയമായ നാടന്‍ ആയോധന കലകളും നൃത്തങ്ങളും പരിശീലിപ്പിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ”കളരിപ്പയറ്റ് പോലുള്ള ആയോധന കലകള്‍ പഠിപ്പിക്കുന്ന പരിശീലന സ്‌കൂളുകളുമുണ്ട്; എല്ലാ ഇന്ത്യന്‍ ആയോധന കലാരൂപങ്ങളുടെയും ഒരു പട്ടിക തയ്യാറാക്കി റിക്രൂട്ട് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ പഠിപ്പിക്കും,” സിംഗ് പറഞ്ഞു. ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങള്‍ക്കനുസൃതമായുള്ള തവളച്ചാട്ടം, മങ്കി വാക്ക്, ഡക്ക് വാക്ക് തുടങ്ങിയ കമാന്‍ഡോ അഭ്യാസങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. Madhya Pradesh police to make Lord Ram’s exile a model

Content Summary: Madhya Pradesh Police to make Lord Ram’s exile a model

Leave a Reply

Your email address will not be published. Required fields are marked *

×