UPDATES

വിദേശം

ലോകത്തിന് അടുത്ത ഭീഷണിയായി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം

ആദ്യമായി ഇസ്രയേലിനെതിരേ ഇറാന്റെ നേരിട്ടുള്ള ആക്രമണം

                       

ലോകത്തിന് പുതിയ ഭീഷണി സൃഷ്ടിച്ച് ഇറാന്‍-ഇസ്രയേല്‍ ആക്രമണം. ശനിയാഴ്ച്ച രാത്രി ഇറാന്‍ തൊടുത്തുവിട്ട ഡ്രോണുകളും മിസൈലുകളും ഇസ്രയേലില്‍ പതിച്ചതോടെ പുതിയ സംഘര്‍ഷത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. ദമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമാണ് ഇറാന്‍ നടത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇസ്രയേലിനെതിരേ നേരിട്ടുന്ന ആക്രമണത്തിന് ഇറാന്‍ തയ്യാറെടുത്തിരിക്കുന്നത്. ദമാസ്‌കസ് കോണ്‍സുലേറ്റ് ആക്രമണത്തില്‍ 13 പേര്‍ കൊലപ്പെട്ടിരുന്നു. ഇതില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സിലെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരും കൊലപ്പെട്ടിരുന്നു.

ആക്രമണത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റതായും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ(ഐഡിഎഫ്) തെക്കന്‍ സൈനിക ക്യമ്പിന് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നുമാണ് വിവരം. ഇറാന്റെ മിസൈലുകളില്‍ ഭൂരിഭാഗവും തങ്ങള്‍ക്ക് അതിര്‍ത്തിക്ക് പുറത്തുവച്ചു തന്നെ തടയാന്‍ കഴിഞ്ഞെന്നും, എങ്കിലും ഏതാനും മിസൈലുകള്‍ രാജ്യത്തിനകത്ത് പതിച്ചുവെന്നും ഇസ്രയേല്‍ പ്രതിരോധ സേന(ഐഡിഎഫ്) അറിയിച്ചു. ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ പത്തിലേറെ ക്രൂയിസ് മിസൈലുകളും അതുപോലെ ഒരു ഡസണോളം ഡ്രോണുകളും അതിര്‍ത്ത് പുറത്ത് തഞ്ഞുവെന്നാണ് ഐഡിഎഫ് വക്താവ് അവികേയ് അേ്രദ എക്‌സില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നത്. 200 ന് അടുത്ത് മിസൈല്‍,ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാനില്‍ നിന്നുണ്ടായെന്നും അേ്രദ പറഞ്ഞു. ഇറാന്‍ വിക്ഷേപിച്ച ഉപരിതല മിസൈലുകള്‍ പതിച്ച് ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ഐഡിഎഫിന്റെ തെക്കന്‍ സൈനിക ക്യാമ്പിന് നിസാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നുമാണ് വക്താവ് എക്‌സില്‍ പറഞ്ഞിരിക്കുന്നത്. വടക്ക് ഗോലാന്‍ കുന്നുകളിലും തെക്ക് നെവാദിം, ഡിമോണ, എയ്ലാറ്റ് എന്നിവിടങ്ങളില്‍ താമസിക്കുന്നവരോട് കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ സംരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് ഇസ്രായേലി സൈന്യം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച്ച ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതി അടിയന്തര യോഗം ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ അഭ്യര്‍ത്ഥന മാനിച്ചുള്ള യോഗം വൈകുന്നേരം നാല് മണിക്കായിരിക്കും ചേരുക. ഇസ്രയേലിന്റെ പരമാധികാരത്തിലേക്കുള്ള ഇറാന്റെ കടന്നു കയറ്റമാണ് ആക്രമണമെന്നാണ് ഐക്യാരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസിഡര്‍ സുരക്ഷ കൗണ്‍സില്‍ പ്രസിഡന്റിന് നല്‍കിയ കത്തില്‍ ആരോപിക്കുന്നത്.

ഇറാന്റെ ആക്രമണം ലോകത്തിന്റെ സമാധാനത്തിനും സുരക്ഷിതത്വത്തിനുമെതിരായ ഭീഷണിയാണെന്നും ഐക്യരാഷ്ട്ര സഭ സുരക്ഷ കൗണ്‍സില്‍ ഇറാനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ഇസ്രയേല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദാന്റെ കത്തില്‍ ആവശ്യപ്പെടുന്നത്.

ഇറാന്‍ ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ വാര്‍ കാബിനറ്റ് ചേര്‍ന്നിരുന്നു. കാബിനറ്റ് യോഗത്തിനു പിന്നാലെ ഇസ്രയേല്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹൂ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. രണ്ട് രാഷ്ട്രതലവന്മാരുടെയും സംഭാഷണം 25 മിനിട്ടോളം നീണ്ടു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇസ്രയേല്‍ പ്രതിരോധന്ത്രിയുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. അമേരിക്ക പൂര്‍ണ പിന്തുണ ഇസ്രയേലിനെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയ്ക്കു പുറമെ ഫ്രാന്‍സ്, ജര്‍മനി, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തില്‍ ഇറാനെ വിമര്‍ശിച്ച് ഇസ്രയേലിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇറാനില്‍ സ്ഥിതി ചെയ്യുന്ന തങ്ങളുടെ എംബസിയുടെയും കമ്പനികളുടെയും സുരക്ഷ കൂടുതല്‍ ഉറപ്പാക്കണമെന്നും എല്ലാ പൗരന്മാരും സുരക്ഷിതരായി ഇരിക്കണമെന്നും ചൈന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ ഒന്നിനാണ് സിറിയയിലെ ദമാസ്‌കസില്‍ സ്ഥിതി ചെയ്യുന്ന ഇറാന്‍ കോണ്‍സുലേറ്റ് കെട്ടിടത്തില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തുന്നത്. രണ്ട് ഇറാന്‍ ജനറല്‍സ്, അഞ്ച് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട 13 പേരില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ ആക്രമണത്തെ സംബന്ധിച്ച് ഇസ്രയേല്‍ ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഗാസയിലും ലെബനീസ് അതിര്‍ത്തിയിലും ഇസ്രയേല്‍ സേനയ്‌ക്കെതിരേ പോരാടുന്ന തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന ഇറാന്‍ സൈനികോദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ദമാസ്‌കസ് ആക്രമണം. ഗാസ അധിനിവേശത്തിനെതിരെയുള്ള തിരിച്ചടിയെന്നോണം ഇറാന്‍ പിന്തുണയുള്ള, ലെബനോണ്‍ കേന്ദ്രീകരിക്കുന്ന ഹിസ്ബുള്ള സംഘം ഇസ്രയേലിനെതിരേയുള്ള പോരാട്ടത്തിലാണ്. തങ്ങള്‍ക്കെതിരെയുള്ള ഹിസ്ുബുള്ള ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്ന കുറ്റപ്പെടുത്തലാണ് ഇസ്രയേലിനുള്ളത്.

ഇസ്രയേലിനെ ഇപ്പോഴും അംഗീകരിക്കാത്ത രാജ്യമാണ് ഇറാന്‍. 1990 കളുടെ തുടക്കം മുതല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കടുത്ത ശത്രുതയാണ് നിലനില്‍ക്കുന്നത്. ഇസ്രയേല്‍ തങ്ങള്‍ക്കെതിരേയുള്ള വലിയ ഭീഷണിയായാണ് ഇറാനെ കാണുന്നത്. പലസ്തീനികള്‍ക്കെതിരായ യുദ്ധത്തില്‍ ഇസ്രയേലിനെ എപ്പോഴും കടന്നാക്രമിക്കുന്നൊരു മധ്യേഷ്യന്‍ രാജ്യം കൂടിയാണ് ഇറാന്‍. 2023 ഒക്ടോബര്‍ എട്ടു മുതല്‍ ആരംഭിച്ച ഇസ്രയേലിനെ ഗാസ യുദ്ധത്തിന് പകരം വീട്ടാനൊന്നോണം ഹിസ്ബുള്ള ലെബനോണ്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്നും ഇസ്രയേല്‍ പ്രതിരോധ സേനയ്‌ക്കെതിരേ കടുത്ത ആക്രമണങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതിന് പിന്നില്‍ ഇറാന്റെ കൈകള്‍ ഉണ്ടെന്നാണ് ഇസ്രയേലിനൊപ്പം അമേരിക്കയും ആരോപിക്കുന്നത്. എന്നാല്‍, ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് മധ്യേഷ്യന്‍ സമാധാനം തകര്‍ക്കുകയാണെന്നാണ് ഇറാന്റെ ആരോപണം.

Share on

മറ്റുവാര്‍ത്തകള്‍