UPDATES

ഫേസ്ബുക് ലൈവിനിടയിലെ കൊലപാതകം

ആരാണ് അഭിഷേക് ഘോഷാൽക്കർ ? മൗറിസ് നൊറോണ എന്തിനാണത് ചെയ്തത്?

                       

രണ്ടു ബദ്ധ വൈരികൾ തമ്മിൽ കണ്ടുമുട്ടുന്നു. ഒരാൾ ഒരു രാഷ്ട്രീയപ്രവർത്തകനും മറ്റൊരാൾ സാമൂഹ്യപ്രവർത്തകനും. അഭിപ്രായവ്യത്യസങ്ങൾ ജനങ്ങൾക് മുന്നിൽ വച്ച് തന്നെ പറഞ്ഞു തീർക്കാനായി ഒരുമിച്ചെത്തിയ ഇരുവരും ഫേസ്ബുക്കിൽ ലൈവ് പോകുന്നു. നിമിഷങ്ങൾക്കുള്ളിൽ ലൈവിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയപ്രവർത്തകന് നേരെ സാമൂഹ്യ പ്രവർത്തകൻ തുടരെ തുടരെ നിറ ഒഴിക്കുന്നു. തുടർന്ന് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുന്നു. ബോളിവുഡ് സിനിമയെ വെല്ലുന്ന കൊലപാതകത്തിനാണ് മഹാരാഷ്ട്ര കഴിഞ്ഞ ദിവസം ദൃക്‌സാക്ഷിയായത്. താനെ ജില്ലയിലെ പോലീസ് സ്റ്റേഷനിൽ ബിജെപി എംഎൽഎ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ മുംബൈയിൽ നടന്ന ഈ കൊലപാതകവും സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയിൽ പരക്കെ ആശങ്ക ഉയർത്തുന്നുണ്ട്.

ഫേസ്ബുക്ക് ലൈവിനിടെയാണ് ശിവസേന മുൻ എംഎൽഎയുടെ മകനെ സാമൂഹിക പ്രവർത്തകൻ കൊലപ്പെടുത്തുന്നത്. ഉദ്ധവ് താക്കറെ ഗ്രൂപ്പ് നേതാവായ അഭിഷേക് ഘോഷാൽക്കറെയാണ് പ്രാദേശിക ‘സാമൂഹിക പ്രവർത്തകൻ’ മൗറിസ് നൊറോണ ലൈവിനിടെ വെടിവച്ചു കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മൗറീസ് ഭായ് എന്നറിയപ്പെടുന്ന മൗറിസ് നൊറോണയുടെ ഓഫീസിൽ വച്ച് അഭിഷേകിന് വെടിയേൽക്കുന്നത്. വൈറലായ വീഡിയോ ദൃശ്യങ്ങളിൽ, അഭിഷേക് ഘോഷാൽക്കറുടെ വയറിലും തോളിലും വെടിയേൽക്കുന്നത് വ്യക്തമാണ്. തുടർന്ന് നൊറോണ സ്വയം വെടിവെക്കുകയായിരുന്നു. ഇരുവരെയും ഗുരുതരാവസ്ഥയിൽ ബോറിവലിയിലെ കരുണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുൻ എംഎൽഎയായിരുന്ന വിനോദ് ഘോഷാൽക്കറുടെ മകനാണ് 40 കാരനായിരുന്ന അഭിഷേക് ഘോഷാൽക്കർ. ഉദ്ധവ് താക്കറെയുടെ പാർട്ടിയുടെ വിശ്വസ്തനും കൂടിയാണ് വിനോദ് ഘോഷാൽക്കർ. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ്റെ ബിൽഡിംഗ്‌സ് റിപ്പയർ ആൻഡ് റീ കൺസ്ട്രക്ഷൻ ബോർഡിൻ്റെ ചെയർമാനായിരുന്നു അഭിഷേക്. സ്ത്രീകൾക്കായി സീറ്റ് സംവരണം ചെയ്തതോടെ അഭിഷേകിൻ്റെ ഭാര്യ തേജസ്വീ ദാരെക്കർ ചെയർപേഴ്സൺ ആയി. നാല് ബുള്ളറ്റുകൾ അഭിഷേക് ഘോഷാൽക്കറുടെ ശരീരത്തിൽ നിന്നും ഒരു ബുള്ളറ്റ് നൊറോണയുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. നിയമവിരുദ്ധ പിസ്റ്റളാണ് മൗറിസ് നൊറോണ  വെടിവക്കാനായി  ഉപയോഗിച്ചത്.

അഭിഷേക് ഘോഷാൽക്കറും മൗറിസ് നൊറോണയും തമ്മിൽ വ്യക്തിപരമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി പറയപ്പെടുന്നു. പ്രശ്നങ്ങൾ രമ്യതയിലെത്തിക്കാൻ ഇരുവരും തീരുമാനിച്ചതിനു പിന്നാലെ നൊറോണയുടെ മുംബൈയിലെ ദഹിസറിലുള്ള ഓഫീസിൽ എത്തിയതായിരുന്നു അഭിഷേക്. ഐസി കോളനി പ്രദേശത്തിൻ്റെ നന്മയ്ക്കായി തങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതായി കാണിക്കാനാണ് ഇരുവരും ഫേസ്ബുക്ക് ലൈവ് സംഘടിപ്പിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. എന്നാൽ ലൈവിനിടെ നെറോണ വെടിയുതിർക്കുകയായിരുന്നു.

”വെടിവെപ്പിനെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്ത് എത്തുന്നത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും (ഫോറൻസിക്) സാമ്പിളുകൾ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും” ഡിസിപി ദത്ത നലവാഡെ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിലുള്ള തർക്കത്തിനിടയിൽ കൊല്ലപ്പെട്ടതാണെന്ന് ക്രൈംബ്രാഞ്ച് ഡിസിപി രാജ് തിലക് റൂഷൻ എഎൻഐയോട് പറഞ്ഞു.

ഏകനാഥ് ഷിൻഡെ-ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ മഹാരാഷ്ട്രയിൽ ആരും സുരക്ഷിതരല്ലെന്ന് ഉദ്ധവ് സേന വക്താവ് ആനന്ദ് ദുബെ പറയുന്നു. “ഒരു ജനപ്രതിനിധി സുരക്ഷിതനല്ലെങ്കിൽ പിന്നെ പൊതുജനങ്ങളുടെ അവസ്ഥ എന്തായിരിക്കും? സർക്കാർ ഭയത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണോ? ” സർക്കാർ മസിൽമാൻമാരെ വളർത്തുകയാണെന്ന് സഞ്ജയ് റാവത്ത് പറയുന്നു.” അതിൻ്റെ തെളിവാണ് നമ്മൾ കണ്ടത്.  മുൻ കോർപ്പറേഷൻ ചെയർമാൻ  ജീവൻ വെടിയുന്നു, സർക്കാർ രാമരാജ്യത്തെക്കുറിച്ച് സംസാരിക്കുന്നു,” ദുബെ പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍