മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ കാലങ്ങളായുള്ള പോരാട്ടങ്ങളിലെ കേന്ദ്ര കാരണങ്ങളിലൊന്നാണ് ഗര്‍ഭഛിദ്രം നിയമപരമാക്കുകയെന്നത്. ഗര്‍ഭഛിദ്രം രാജ്യത്ത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. എല്‍-സാല്‍വദോറില്‍ ഗര്‍ഭഛിദ്രം നടത്തുന്ന 11% സ്ത്രീകളും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളുടെ അനന്തരഫലമായി മരണപെട്ടുവെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യം വീണ്ടും ഗര്‍ഭഛിദ്രത്തിന്റെ പേരില്‍ വാര്‍ത്തയാകുന്നത് ലിലിയന്‍ എന്ന സ്ത്രീയിലൂടെയാണ്.
ഗര്‍ഭഛിദ്രം നടത്തിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ഏഴ് വര്‍ഷത്തിലേറെയായി തടവിലായിരുന്ന ലിലിയന്‍ ജയില്‍ മോചിതയായത് ഈ അടുത്താണ്. 2015-ല്‍ ലാണ് ഈ 28 കാരിയെ 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 2015-ല്‍ ജനറല്‍ ആശുപത്രിയില്‍ വച്ചാണ് ലിലിയന്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നാല്‍ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. തുടര്‍ന്ന് ലിലിയനെതിരേ കേസ് ഉണ്ടായി. ഗര്‍ഭസ്ഥാവസ്ഥയില്‍ ശിശുവിനെ വേണ്ട രീതിയില്‍ പരിപാലിച്ചില്ലെന്നായിരുന്നു കോടതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചത്. അശ്രദ്ധയ്ക്കും കൊലപാതകത്തിനുമാണ് ലിലിയനെതിരേ കേസ് എടുത്തത്. താന്‍ നിരപരാധിയായാണെന്നും ഗര്‍ഭഛിദ്രം നടത്താന്‍ ഒരിക്കല്‍ പോലും ഉദ്ദേശിച്ചരുന്നില്ലെന്നും ലിലിയന്‍ അപേക്ഷിച്ചിരുന്നുവെങ്കിവും അവര്‍ ശിക്ഷിക്കപ്പെടുകയാണുണ്ടായത്. 10 വയസ് പ്രായമുള്ള മകളുടെ ‘അമ്മ കൂടിയാണ് ലിലിയന്‍.
എല്‍ സാല്‍വദോറും ഗര്‍ഭഛിദ്രവും
മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായ ഗര്‍ഭഛിദ്ര വിരുദ്ധ നിയമങ്ങള്‍ പിന്തുടരുന്ന രാജ്യമാണ്. എല്‍ സാല്‍വദോറില്‍ ഗര്‍ഭഛിദ്രത്തിന് സമ്പൂര്‍ണ നിരോധനം നിലനില്‍ക്കുന്നുണ്ട്. 1998-ലാണ് ഇവിടെ ഗര്‍ഭഛിദ്ര നിരോധനം നിയമം പ്രാബല്യത്തില്‍ കൊണ്ട് വരുന്നത്. ബലാത്സംഗക്കേസുകളിലോ, അമ്മയ്‌ക്കോ കുഞ്ഞിനോ ആരോഗ്യം അപകടത്തിലാകുന്ന അവസ്ഥയിലോ പോലും ഇളവുകള്‍ അനുവദിക്കുന്നില്ല. എല്‍ സാല്‍വദോറിന് പുറമെ ഡൊമനിക്കന്‍ റിപ്പബ്ലിക്, ഹെയ്തി, സുരിനാം എന്നിവിടങ്ങളിലെല്ലാം ഗര്‍ഭച്ഛിദ്രത്തിന് സമ്പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
നിയമപരമല്ലാതെ ഗര്‍ഭഛിദ്രം ചെയ്താല്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്ക് രണ്ട് മുതല്‍ എട്ട് വര്‍ഷം വരെ തടവ് ശിക്ഷയുണ്ട്. പല സാഹചര്യങ്ങളിലു ശിക്ഷാ കാലാവധി 30 വര്‍ഷം വരെ ഉയരും. ഗര്‍ഭഛിദ്രം നടത്തിയെന്ന് സംശയിച്ച് എല്‍ സാല്‍വദോറില്‍ ഡസന്‍ കണക്കിന് സ്ത്രീകളെ തെറ്റായി തടവിലാക്കിയതായി പറയുന്നു. നിരവധി സ്ത്രീകള്‍ ലിലിയനെപ്പോലെ സമാനമായ സാഹചര്യത്തില്‍ സാല്‍വദോറില്‍ അന്യായമായി തടവിലാക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു.
തന്നെയും തന്നെപ്പോലുള്ള മറ്റ് നിരപരാധികളായ സ്ത്രീകളെയും ഇത്തരത്തില്‍ വിചാരണ ചെയ്യുന്നതും കുറ്റം വിധിക്കുന്നതും അവസാനിപ്പിക്കണമെന്നായിരുന്നു ജനുവരി 17 ബുധനാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ലിലിയന്‍ അഭ്യര്‍ത്ഥിച്ചത്. താന്‍ അതിജീവിച്ച ആഘാതങ്ങള്‍ കഠിനമായതായിരുന്നുവെന്നും ഇനി ഒരാള്‍ പോലും താന്‍ കടന്നു വന്ന അവസ്ഥയിലൂടെ കടന്നു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലിലിയന്‍ കൂട്ടി ചേര്‍ത്തു. ഡിസംബറിലാണ് ലിലിയന്‍ ജയില്‍ മോചിതയതെന്ന് അവരെ പിന്തുണച്ച് രംഗത്തെത്തിയ സംഘടനകള്‍ വ്യക്തമാക്കി. ഒപ്പം കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോള്‍ ലിലിയന്‍ ആശുപത്രിയില്‍ അവശനിലയിലായിരുന്നുവെന്ന കാരണത്താലാണ് ജഡ്ജി അവരെ വിട്ടയക്കാനുളള തീരുമാനത്തിലെത്തിയത് എന്നും അവര്‍ പറഞ്ഞു.
ഇത്തരത്തില്‍ അന്യായമായി തടവിലാക്കപ്പെട്ട സ്ത്രീകള്‍ക്ക് നീതി നേടികൊടുക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ നടത്തുന്ന നിരവധി ക്യാമ്പയിനുകളുടെയും പ്രചാരണങ്ങളുടെയും ഫലമായി സമീപ വര്‍ഷങ്ങളിലായി നിരവധി സ്ത്രീകള്‍ കുറ്റവിമുക്തരായിട്ടുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യകരമായ വസ്തുതയെന്തെന്നാല്‍, ഇവരെ പോലെ തന്നെ പല നിരപരാധികളായ സ്ത്രീകളും പതിറ്റാണ്ടുകളായി ശിക്ഷയനുഭവിച്ച് വരികയാണെന്നതാണ്.
‘ഞങ്ങള്‍ നീതിയാണ് ചോദിക്കുന്നത്, ഞങ്ങള്‍ക്ക് അത് ലഭിച്ചേ മതിയാകൂ, ഞങ്ങളുടെ ലൈംഗിക, പ്രത്യുല്‍പാദന അവകാശം ഞങ്ങള്‍ക്ക് തന്നെ നല്‍കിയേ മതിയാകൂ എന്നും പൗരാവകാശ സംഘടനയായ Nos Faltan Las 17 (We Miss The 17)-ല്‍ അംഗമായ മരിയാന മോയിസ ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അടുത്ത മാസം വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രസിഡന്റ് നജീബ് ബുകെലെ, പ്രസവവും ബന്ധപ്പെട്ട ചികിത്സകളും സുരക്ഷിതമാക്കുന്നതിനായി ആശുപത്രികളുടെ അവസ്ഥ മെച്ചപെടുത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും എന്നാല്‍ എല്‍ സാല്‍വദോറില്‍ നിലവിലുള്ള ഗര്‍ഭഛിദ്ര നിയമത്തില്‍ ഭേദഗതി വരുത്താന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും റോമന്‍ കത്തോലിക്കരും ഇവാഞ്ചലിക്കരുമാണ്. അവര്‍ ഗര്‍ഭധാരണത്തില്‍ നിന്നാണ് ജീവിതം ആരംഭിക്കുന്നതെന്നും എന്തുവിലകൊടുത്തും ഗര്‍ഭസ്ഥശിശു സംരക്ഷിക്കപ്പെടണമെന്നും വിശ്വസിക്കുന്നവരാണ് എന്നും നജീബ് ബുകെലെ പ്രസ്താവിച്ചു.