സാംസ്‌കാരിക ഫാസിസത്തിനുള്ള എളുപ്പ വഴി തന്നെയാണ് സീരിയലുകള്‍
മുഖ്യധാര വ്യവഹാരങ്ങളിലേക്കുള്ള ഹിന്ദുത്വയുടെ കടന്നുകയറ്റവും, സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ആശയ പ്രചാരണവും വളരെ വേഗത്തിലായിരുന്നു. പ്രത്യക്ഷത്തില്‍ മത സൗഹാര്‍ദ്ദ ആശയങ്ങളുടെ വക്താക്കളെന്ന് അവകാശപ്പെട്ടിരുന്ന കേരള സമൂഹത്തിലേക്ക് കാട്ടുതീ പോലെയാണ് ഇതു പടര്‍ന്നുകയറിയത്. രാഷ്ട്രീയമായി മാത്രം ചേരി തിരിഞ്ഞിരുന്നു കേരളം ജാതിമതാധിഷ്ഠിതമായ രാഷ്ട്രീയത്തിലേക്ക് കടന്നതെങ്ങനെയന്നതിന്റെ കൃത്യമായ ഉദാഹരങ്ങളാണ് ഹലാല്‍ വിവാദവും, മിത്ത് വിവാദങ്ങളൊക്കെ. ഇതിലെ ഏറ്റവും ഒടുവിലത്തെതാണ് സിനിമ സീരിയല്‍ താരം ഗായത്രിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം. ഇടതുപക്ഷ ആശയങ്ങളുടെ വക്തവായതു കൊണ്ട് മാത്രമാണോ കടുത്ത വലതുപക്ഷ അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും അവര്‍ വ്യക്തിഹത്യ നേരിടേണ്ടി വരുന്നത്. ഹിന്ദുത്വ പ്രത്യശാസ്ത്രത്തിന്റെ അടിവേരുകളിലൊന്നുമാത്രമായ സ്ത്രീവിരോധം മാത്രമാണോ ഈ സൈബര്‍ അറ്റാക്കുകള്‍ക്ക് പിന്നില്‍.
ഒരു വ്യക്തിയുടെ നിലപാടുകളെ അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതും സ്വാഭാവികമാണ്. ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാനം കൂടിയാണത് .എന്നാൽ പ്രതികൂലിക്കുന്നതിനു പകരം ഉറച്ച നിലപടുകളുള്ളവരെ ലൈംഗികത നിറഞ്ഞ അധിക്ഷേപങ്ങൾ കൊണ്ട് നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് പരിതാപകരമാണ്.ഈ ലൈംഗികതയുടെ ആയുധങ്ങൾ അത്രയും പ്രയയോഗിക്കുപ്പെടുന്നത് സ്ത്രീകൾക്ക് നേരെ മാത്രമാണ്. ഈ ലൈംഗിക ചുവയുള്ള അധിക്ഷേപങ്ങൾ ഒരിക്കലെങ്കിലും സമൂഹത്തിൽ വ്യക്തമായ നിലപാടുകൾ പറയുന്ന പുരുഷ സമൂഹത്തിനു നേരെ ഉന്നയിക്കപ്പെട്ടിട്ടുണ്ടോ ? അപ്പോൾ ലൈംഗികത സ്ത്രീകളുടെ മാത്രം ബലഹീനതയായണോ കരുതപ്പെടുന്നത്.വ്യക്‌തമായ ഉറച്ച നിലപാടുകളുള്ള സ്ത്രീകളെ നിശ്ശബ്ദയാക്കാൻ ”വെർബൽ റേപ്പ്” നിറഞ്ഞ അധിക്ഷേപങ്ങൾ കൊണ്ട് സാധിക്കുമെന്ന മിഥ്യ ധാരണയും ഇതിൽ തെളിഞ്ഞു കാണാനാവും.ആ മിഥ്യ ധാരണയിലാണ് ഗായത്രി വർഷ ചെയ്തുവച്ച കഥാപത്രങ്ങളുടെ പേരിലടക്കം,വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുന്നത്. നിഷ്പക്ഷ രാഷ്ട്രീയത്തിന്റെ തണലിൽ വിഹരിക്കുന്ന ഒരു പ്രമുഖ മുതിർന്ന മാധ്യമ പ്രവർത്തകൻ ഗായത്രിക്കു നേരെ നടത്തിയ സമാനമായ അധിക്ഷേപത്തിലും അവരുടെ നിലപടുകളോടുള്ള വിയോജിപ്പിനു പകരം കടുത്ത അസഹിഷ്ണുതയാണ് മുഴച്ചു നിൽക്കുന്നത്.സ്ത്രീ പൊതുവേദയിൽ കക്ഷി രാഷ്ട്രീയത്തിനപ്പുറത്തേക്ക് തെളിഞ്ഞ നിലപടുകളോടെ അഭിപ്രയം രേഖപ്പെടുത്തുന്നതിനോടുള്ള അസഹിഷ്ണുത.
മറ്റു വലതുപക്ഷനുകൂലകാരായ പ്രശസ്ത മാധ്യമപ്രവർത്തകരുൾപ്പെടെ ഗായത്രിയെ സമാനമായി വ്യക്തിഹത്യ നടത്തുന്നതിൽ രാഷ്ട്രീയമായ വിരുദ്ധത കൊണ്ടോ ,അവരുന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി എന്ന നിലയിലോ അല്ല. മറിച്ച് മുമ്പെപ്പോഴോ അവർ ചെയ്തുവച്ച കഥാപത്രത്തിന്റെ സ്വഭാവത്തെ അളന്നുകൊണ്ടാണ്. ഗായത്രി തുറന്നു വച്ച വസ്തുതകളിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള സംഘ പരിവാറിന്റെ സ്ഥിരം ആയുധങ്ങളിലെന്നായി സ്ത്രീവിരുദ്ധതയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ എന്ന ചിത്രത്തിലെ പട്ടാളക്കാരന്റെ ഭാര്യ കഥാപാത്രവുമായുള്ള താരതമ്യ പഠനത്തിൽ ഒതുങ്ങുന്നതാണോ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കപ്പുറം അവർ തുറന്നിട്ട വസ്തുതകൾ. ഈ വസ്തുതകളെ മൂടി വക്കാനുള്ള മറ മാത്രമാണ് ഗായത്രിക്ക് നേരെ നടക്കുന്ന വിമർശനങ്ങൾ. ഈ വസ്തുതകളിൽ വിയോജിക്കുന്നതിനുളള മറുപടികളുടെ അഭാവമാണോ ഇത്തരത്തിലുള്ള വെർബൽ റേപ്പുകളുടെ ഉദ്ദേശ ശുദ്ധിക്ക് പിന്നിൽ ?
സംഘ പരിവാറിന്റെ അക്രമങ്ങൾക്ക് പുറമെ പൊതു സമൂഹത്തിൽ നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങളും ഗായത്രി അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. മറ്റൊരു വശത്ത് കക്ഷി രാഷ്ട്രീയത്തിനുമപ്പുറം ഉറച്ച വ്യക്തമായ നിലപാടുകളുള്ള സ്ത്രീകളോട് സമൂഹം വച്ച് പുലർത്തുന്ന അസഹിഷ്ണതയുടെ ബാക്കി പത്രം കൂടി ഇതിൽ കണ്ടെത്താനാവും.
സാമൂഹിക സംസ്‌കാരിക മേഖലകളിലേക്ക് ഹിന്ദുത്വയുടെ കടന്നുകയറ്റത്തെ അത്ര എളുപ്പത്തില്‍ ഒഴിവാക്കി കളയാന്‍ സാധിക്കുന്ന ഒന്നല്ല. ഈ കടന്നു കയറ്റമാകട്ടെ വളരെ പ്രത്യക്ഷത്തിലുള്ള ഒന്നുമല്ല താനും, വളരെ സാവധാനമുള്ള ഒളിച്ചുകടത്തലുകള്‍ കൊണ്ട് സമ്പന്നമാണ് സാംസ്‌കാരിക മേഖലയിലെ ഹിന്ദുത്വയുടെ സാന്നിധ്യം. ഗായത്രി നവകേരള സദസ്സിന്റെ വേദിയില്‍ നടത്തിയ പ്രസംഗത്തിലും ഊന്നി പറയുന്നത് ഹിന്ദുത്വയുടെ വക്താക്കള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഈ സാംസ്‌കാരിക ഫാസിസത്തെയാണ്. കേരള സ്റ്റോറിയില്‍ പ്രത്യക്ഷമായും, കശ്മീര്‍ ഫയല്‍സ്, ആര്‍ ആര്‍ ആര്‍, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളില്‍ പൊതിഞ്ഞു പിടിച്ച് സംവദിച്ച ആ മേധാവിത്വം നമ്മള്‍ പലയാവര്‍ത്തി ചര്‍ച്ച ചെയ്തതുമാണ്. എന്നാല്‍ കുടുംബ പ്രേക്ഷകരിലേക്ക് എത്തുന്ന സീരിയലുകളിലെ ഈ സവര്‍ണ ഫാസിസം ഗായത്രി തുറന്നടിക്കും വരേയ്ക്കും നമ്മുടെ ചിന്തക്ക് അജ്ഞാതമായിരുന്നു.
സിനിമകളെക്കാള്‍ കുടുംബ പ്രേക്ഷകരിലെത്തുന്ന കണ്ടന്റുകള്‍ തീര്‍ച്ചയായും സിനിമകളെക്കാള്‍ സീരിയലുകള്‍ക്കാണ്. സമൂഹത്തെ മറ്റേത് മാധ്യമത്തെക്കാളും സ്വാധീനിക്കാന്‍ കെല്‍പ്പുള്ളതും ഇതിനു തന്നെയാണ്. കുടുംബ സമൂഹത്തിനുള്ള ഇറുകിയ കാഴ്ച്ചപ്പടുകള്‍ക്ക് ഒരു പരിധി വരെ വിത്ത് പാകുന്നതും ഇത്തരം സീരിയലുകളുടെ അതിപ്രസരം തന്നെയാണ്. ഈ കാഴ്ചപ്പാടിലേക്കാണ് ഹിന്ദുത്വ ഫാസിസം അവരുടെ ആശയങ്ങള്‍ വളരെ പതുക്കെ വിതയ്ക്കുന്നത്. ഇതര മതസമൂഹങ്ങളോടുള്ള വിദ്വേഷമായും എല്‍ജിബിടിക്യൂ സമൂഹത്തിനോടുള്ള അസഹിഷ്ണുതയും, തെറ്റായ കാഴ്ച്ചപ്പാടുകളുമായി അവരതിനെ കൊയ്‌തെടുക്കും. ആദാമിന്റെ വാരിയെല്ലിലെ നായിക കഥാപാത്രം ഹിന്ദുത്വ വിഭാവനം ചെയ്യുന്ന സ്വഭാവ സവിശേഷതള്‍ക്കപ്പുറം നില്‍ക്കുന്നത് കൊണ്ടാണ് അത്തരം സ്ത്രീ കഥാപത്രങ്ങള്‍ മുഖ്യധാരക്ക് അശേഷം പരിചിതമല്ലാത്തത്.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions