കുറ്റവാളികളെന്നു മുദ്രകുത്തുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലുന്നത് പുനരാരംഭിക്കാന്‍ താലിബാന്‍. അഫ്ഗാന്‍ ജനതയെ കൊടുംക്രൂരതയുടെ ഇരകളാക്കാനുള്ള നീക്കത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണ്. അന്താരാഷ്ട്ര സമൂഹം മൗനം വെടിഞ്ഞ് താലിബാനെ തടയണമെന്നാണ് ആവശ്യം. 1990കളിലെ താലിബാന്‍ ഭരണത്തിനു കീഴിലുണ്ടായിരുന്ന ഇരുണ്ട ദിനങ്ങളിലേക്ക് വീണ്ടും അഫ്ഗാന്‍ സ്ത്രീകളെ കൊണ്ടുപോകാനുള്ള പ്രഖ്യാപനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നാണ് വുമണ്‍സ് വിന്‍ഡോ ഓഫ് ഹോപ് എന്ന അഫ്ഗാന്‍ മനുഷ്യാവകാശ സംഘടനയുടെ നേതാവ് സഫിയ അരേഫി ചൂണ്ടിക്കാണിക്കുന്നത്. ‘ താലിബാന്‍ നേതാവിന്റെ ഈ പ്രഖ്യാപനത്തോടെ, സ്വകാര്യ ശിക്ഷയുടെ ഒരു പുതിയ അധ്യായം ആരംഭിച്ചു കഴിഞ്ഞു, അഫ്ഗാന്‍ സ്ത്രീകള്‍ ഇപ്പോള്‍ ഏകാന്തതയുടെ ആഴം അനുഭവിക്കുകയാണ് . അഫ്ഗാന്‍ സ്ത്രീകള്‍ക്കൊപ്പം നിന്ന് അവരെ താലാബിന്റെ കൈയില്‍ നിന്നും രക്ഷിക്കാന്‍ ആരും തന്നെയില്ല. സ്ത്രീകള്‍ക്കെതിരേയുള്ള ഈ ക്രൂരതയില്‍ അന്താരാഷ്ട്ര സമൂഹം മൗനം പൂണ്ടിരിക്കുകയാണ്’; അരേഫി ദ ഗാര്‍ഡിയനോട് പറയുന്നു.
അഫ്ഗാനിസ്താനില്‍ വീണ്ടും ശരിയത്ത് നിയമം പ്രാബല്യത്തിലാക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ വാരാന്ത്യത്തിലാണ് താലിബാന്‍ പരമോന്നത നേതാവ് ഹിബാതുള്ള അഖുന്ദ്‌സാദ നടത്തിയത്. ഈ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് വ്യഭിചാര കുറ്റം ചെയ്യുന്ന സ്ത്രീകള്‍ക്ക് പരസ്യമായ ചാട്ടവാറടിയും കല്ലെറിഞ്ഞുള്ള വധശിക്ഷയും നല്‍കുമെന്ന് ഹിബാതുള്ള അറിയിച്ചത്. ‘ സ്ത്രീകളെ മരിക്കും വരെ ഞങ്ങള്‍ പരസ്യമായി കല്ലെറിയും…’ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോയിലൂടെ താലിബാന്‍ പരമോന്നത നേതാവ് കഴിഞ്ഞ ശനിയാഴ്ച്ച പറഞ്ഞ വാക്കുകളാണിത്. ” വ്യഭിചാരം ചെയ്യുന്നവരെ പരസ്യമായി ചാട്ടയ്ക്ക് അടിക്കുന്നതും കല്ലെറിയുന്നതും ജനാധിപത്യ വിരുദ്ധമായി കാണുന്നതിനാല്‍ ഇത് സ്ത്രീകള്‍ക്കെതിരേയുള്ള മനുഷ്യാവകാശ ലംഘനമാണെന്നു നിങ്ങള്‍ പറയുമായിരിക്കും. പക്ഷേ, ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത് അള്ളാഹുവിനെയാണ്, നിങ്ങള്‍ ചെകുത്താനെയും’ ഹിബാത്തുള്ള അഖുന്ദ്‌സാദയുടെ ന്യായീകരണമാണിത്.
ഇത്തരം പ്രാകൃത നിയമങ്ങള്‍ പാശ്ചാത്യ സംസ്‌കാരത്തിനെതിരേയുള്ള പോരാട്ടമായാണ് താലിബാന്‍ നേതാവ് വാദിക്കുന്നത്. കാബൂളിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും വരെ താലിബാന്റെ ജോലി തീരില്ല, ഇത് ആരംഭിച്ചിട്ടേയുള്ളൂ’ ഹിബാത്തുള്ള പറയുന്നു.
പെണ്ണിനെ കല്ലെറിഞ്ഞുകൊല്ലുന്ന നിയമം വീണ്ടും വരുന്നെന്ന വാര്‍ത്ത ഭയപ്പെടുത്തുന്നതാണെങ്കിലും അതാരെയും അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് അഫ്ഗാനിലെ വനിത ഗ്രൂപ്പുകള്‍ പറയുന്നത്. രാജ്യത്തെ 14 ലക്ഷം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവേശിഷിക്കുന്ന അവകാശങ്ങള്‍ കൂടി ഇല്ലാതാക്കുന്ന പ്രഖ്യാപനമാണ് താലിബാന്‍ നേതാവ് നടത്തിയിരിക്കുന്നതെന്നാണ് സ്ത്രീ അവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
രണ്ടുവര്‍ഷം മുമ്പ് സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞുകൊല്ലുമെന്ന് പറയാന്‍ അവര്‍ക്ക്(താലിബാന്) ധൈര്യമുണ്ടായിരുന്നില്ല, എന്നാല്‍ ഇന്നവര്‍ക്കതിന് കഴിയും. കിരാത നിയമങ്ങള്‍ അവര്‍ ഒന്നൊന്നായി നടപ്പാക്കി വരികയാണ്. ഇപ്പോഴവര്‍ ഇതിലേക്കും എത്തി. അവരെ ഇതിന്റെയൊന്നും പേരില്‍ കുറ്റപ്പെടുത്താന്‍ ആരും തന്നെയില്ല. അഫ്ഗാന്‍ സ്ത്രീകളുടെ ശരീരത്തിനുമേല്‍ അവകാശം താലിബാന്‍ സ്വന്തമാക്കുകയാണ്. ഇപ്പോള്‍ ഇത് അവസാനിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇതില്‍ കൂടുതല്‍ സംഭവിക്കുമെന്ന് എല്ലാവരും മനസിലാക്കണം”- ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ റിസര്‍ച്ചറായ അഫ്ഗൗന്‍ പൗരന്‍ സഹര്‍ ഫെത്തേരി ഗാര്‍ഡിയനോട് പറയുന്നു.
2021 ഓഗസ്റ്റില്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ, രാജ്യത്ത് നിലനിന്നിരുന്ന ഭരണഘടനയും പീനല്‍ കോഡുകളും ശിക്ഷനിയമങ്ങളും റദ്ദ് ചെയത് ഇസ്ലാം മതമൗലിക നിയമമായ ശരിയത്ത് അടിച്ചേല്‍പ്പിച്ചിരുന്നു. കോടതികളില്‍ നിന്നും സ്ത്രീ ന്യായധിപരെയും അഭിഭാഷകരെയും വിലക്കി. കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് സ്ത്രീകള്‍ക്ക് സേവനം നല്‍കുന്ന സ്ഥാപനങ്ങളെല്ലാം താലിബാന്‍ തകര്‍ത്തു എന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ പ്രതിനിധിയും അഫ്ഗാന്‍ സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുമായ സമീറ ഹമീദി ഗാര്‍ഡിയനോട് പറഞ്ഞത്. അനീതികളോടും മനുഷ്യവകാശ ലംഘനങ്ങളോടും പ്രതികരിക്കാന്‍ കഴിയാത്തവിധം അശക്തരായി തീര്‍ന്നിരിക്കുകയാണ് അഫ്ഗാന്‍ സത്രീകളെന്നും സമീറ നിരാശപ്പെടുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ താലിബാന്‍ നിയമിച്ച ജഡ്ജിമാര്‍ 417 പേരെയാണ് പൊതുസ്ഥലത്ത് ചാട്ടയടിക്കും തൂക്കി കൊല്ലാനും വിധിച്ചത്. അതില്‍ 57 പേര്‍ സ്ത്രീകളായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ജവ്‌സ്ജാന്‍, ഖാസ്‌നി പ്രൊവിന്‍സുകളിലെ സ്റ്റേഡിയങ്ങളില്‍ വച്ച് മനുഷ്യരെ പരസ്യമായി തൂക്കി കൊന്നിരുന്നു. പരസ്യമായ ഈ കൊലപാതകങ്ങള്‍ കാണാന്‍ നാട്ടുകാരെ നിര്‍ബന്ധിച്ചു കൊണ്ടുവരികയും ചെയ്തു. ” എല്ലാര്‍ക്കുമുള്ള പാഠം’ എന്നോര്‍മിപ്പിക്കാനായിരുന്നു ജനങ്ങളുടെ സാന്നിധ്യം അവര്‍ ഉറപ്പിച്ചത്. നേരിട്ട് കാണുകയെന്നല്ലാതെ, വീഡിയോ എടുക്കാനോ ഫോട്ടോ എടുക്കാനോ അനുവാദം ഇല്ലായിരുന്നു.