UPDATES

റിപ്പബ്ലിക് ദിനാഘോഷത്തിന് താലിബാന്‍ അതിഥി

യുഎഇ ഇന്ത്യന്‍ എംബസി ക്ഷണിച്ചിരിക്കുന്നത് ഇന്ത്യക്കെതിരേ ഉള്‍പ്പെടെ ഭീകാരാക്രമണങ്ങള്‍ നടത്തിയിട്ടുള്ള ഹഖാനി ശൃംഖലയിലെ ബദറുദ്ദീന്‍ ഹഖാനിയെ

                       

യുഎഇ ഇന്ത്യന്‍ എംബസിയുടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ അതിഥിയായി താലിബാന്‍ പ്രതിനിധി. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ യുഎഇ അംബാസിഡറായ ബദറുദ്ദീന്‍ ഹഖാനിയെയാണ് അബുദാബിയില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2008-ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിച്ചത് ഉള്‍പ്പെടെ നിരവധി തീവ്രവാദി ആക്രമണങ്ങളില്‍ പങ്കുള്ള ഹഖാനി ശൃംഖലയിലെ കണ്ണിയാണ് ബദറുദ്ദീന്‍. ഇദ്ദേഹത്തിന്റെ സഹോദരന്‍ സിറാജുദ്ദീന്‍ ഹഖാനി അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തില്‍ ആഭ്യന്തര മന്ത്രിയാണ്. 2023 ഒക്ടോബറിലാണ് താലിബാന്‍ ഭരണകൂടം ബദറുദ്ദീനെ യുഎഇ അംബാസിഡറായി നിയമിക്കുന്നത്.

താലിബാന്‍ പ്രതിനിധിയെ അതിഥിയായി ക്ഷണിച്ചുകൊണ്ട് യുഎഇ ഇന്ത്യന്‍ അംബാസിഡര്‍ സുന്‍ജയ് സുധീറിന്റെ പേരിലുള്ള ക്ഷണക്കത്തിന്റെ പകര്‍പ്പ് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകന്‍ ബിലാല്‍ സര്‍വാരി സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ അഫ്ഗാനിസ്താന് പുറത്തു ജീവിക്കുന്ന ബിലാല്‍ സര്‍വാരി പങ്കുവച്ച ക്ഷണക്കത്തിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് സ്ഥിരീകരിക്കാനായിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.

ഇന്ത്യയുടെ ക്ഷണം ‘ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍’ പ്രതിനിധിക്കാണെന്നൊരു ന്യായം കൂടി ഇന്ത്യന്‍ കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗിലാനി തന്റെ രാജ്യത്തെ അങ്ങനെയായിരുന്നു അഭിസംബോധന ചെയ്തിരുന്നതെങ്കിലും താലിബാന്‍ ഭരണം പിടിച്ചെടുത്തശേഷം അവര്‍ അഫ്ഗാനെ വിശേഷിപ്പിക്കുന്നത് ‘ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍’ എന്നാണ്.

കാബൂളിലെ ഇന്ത്യന്‍ എംബസി വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിക്കാന്‍ തുടങ്ങിയതു മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ താലിബാന്‍ ഭരണകൂടവുമായി അടുത്ത് ഇടപഴകുന്നുണ്ട്. ബദറുദ്ദീന്‍ ഹഖാനിയെ ക്ഷണിച്ചിരിക്കുന്ന നടപടിയും അത്തരമൊരു സമീപനത്തിന്റെ ഭാഗമായി കണ്ടാല്‍ മതിയെന്നാണ് ഒരു വാര്‍ത്ത കേന്ദ്രം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. കാബുളില്‍ താലിബാനുമായി ബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലും ഇപ്പോഴും താലിബാന്‍ ഭരണകൂടത്തിന് ന്യൂഡല്‍ഹി നയതന്ത്ര അംഗീകാരം നല്‍കിയിട്ടില്ല. ഐക്യരാഷ്ട്ര സഭയടക്കം അന്താരാഷ്ട്ര സമൂഹം പിന്തുടരുന്ന രീതി തന്നെയാണ് ഇക്കാര്യത്തില്‍ ഇന്ത്യയും പാലിക്കുന്നത്. യു എന്‍ അടക്കം താലിബാനുമായി ബന്ധം ഉണ്ടെങ്കിലും അവര്‍ക്ക് ഔദ്യോഗികമായ അംഗീകാരം നല്‍കിയിട്ടില്ല.

അഫ്ഗാനില്‍ രൂപം കൊണ്ട് ഏറ്റവും ശക്തമായ ഇസ്ലാമിക് സായുധ സംഘമായ ഹഖാനി ശൃംഖല സ്ഥാപിച്ച ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് ബദറുദ്ദീന്‍ ഹഖാനി. 1980 കളില്‍ സോവിയറ്റ് സേനയ്‌ക്കെതിരെ ശക്തമായ ഗറില്ല യുദ്ധം നയിച്ചതും പിന്നീട് യു എസ്-നാറ്റോ സഖ്യത്തിനെതിരേയും അഫ്ഗാനിലെ ജനാധിപത്യ സര്‍ക്കാരിനെ പുറത്താക്കാനുമൊക്കെ മുന്നില്‍ നിന്ന് ആക്രമണം നയിച്ചത് ഹഖാനി ശൃംഖലയായിരുന്നു. ഒരുകാലത്ത് അമേരിക്ക വാഴ്ത്തിയിരുന്നവരാണ് ജലാലുദ്ദീന്‍ ഹഖാനിയും അയാളുടെ സംഘടനയും, പിന്നീട് അതേ അമേരിക്ക തന്നെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന ഒന്നാണ് ഹഖാനി ശൃംഖല. താലിബാന്റെ അര്‍ദ്ധസ്വയംഭരണ ശാഖയായാണ് ഹഖാനി ശൃംഖല അറിയപ്പെടുന്നത്. കിഴക്കന്‍ അഫ്ഗാനിലും വടക്ക്-പടിഞ്ഞാറന്‍ പാക് അതിര്‍ത്തിയിലുമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍