UPDATES

ജനുവരി 26 റിപ്പബ്ലിക് ദിനമായതെങ്ങനെ?

റിപ്പബ്ലിക്ക് ദിന പരേഡിന്റെ ആശയം ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിന്റെ ഡല്‍ഹി ദര്‍ബാറില്‍ നിന്ന് വന്നതാണ്.

                       

1950 ജനുവരി 26ന് നമ്മുടെ ഭരണഘടന അംഗീകരിക്കുകയും പാര്‍ലമെന്ററി സംവിധാനത്തിലുള്ള ഒരു സര്‍ക്കാരും നിയമനിര്‍മാണ സഭയ്ക്ക് വിധേയമായ ഭരണനിര്‍വഹണ സംവിധാനവുമുള്ള ഒരു ജനാധിപത്യ റിപബ്ലിക്കാണ് ഇന്ത്യ എന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന്റെ 75മത് വാര്‍ഷികം ആഘോഷിക്കുകയാണ് നാം ഇന്ന്.

ഭരണഘടന അംഗീകരിക്കപ്പെട്ടതോടെ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ പാരമ്പര്യത്തിന്റെ അവസാന അടയാളങ്ങള്‍ തൂത്തെറിയുകയും, ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ 1947ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ ചട്ടം പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തു. ജോര്‍ജ്ജ് ആറാമന്‍ രാജ്യത്തിന്റെ തലവനായുള്ള ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിലെ രണ്ട് സ്വതന്ത്ര കോളനികള്‍ അല്ലാതെ ആവുകയായിരുന്നു നമ്മള്‍ ഈ നീക്കത്തിലൂടെ.

ഭരണഘടനാപരമായി രാജവാഴ്ച ഇപ്പോഴും നിലനില്‍ക്കുന്ന യുകെ, കാനഡ പോലുള്ള നിരവധി മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തരാണ് നമ്മള്‍. മാത്രമല്ല രാജ്യത്തിന്റെ തലവനെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കാനുള്ള അടിയന്തിര സാധ്യത നിലനില്‍ക്കുന്നുമില്ല. വടക്കന്‍ കൊറിയയും ഇസ്ലാമിക സ്റ്റേറ്റും പോലെയുള്ള കപട റിപ്പബ്ലിക്കുമല്ല നമ്മള്‍. റിപ്പബ്ലിക്കുകളുടെ ഒരു ദീര്‍ഘകാല ചരിത്രം ഇന്ത്യയ്ക്കുണ്ടെന്ന വസ്തുതയാണ് ഇതുവരെ വിശദമായി ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നത്.

ക്ലാസിക്കല്‍ ഗ്രീസിലും റോമിലുമാണ് റിപ്പബ്ലിക് എന്ന വാക്കിന്റെ തത്വശാസ്ത്രപരമായ സങ്കേതം വികസിതമായത്. ലോകത്തിന്റെ ഈ കോണില്‍ ദീര്‍ഘകാലമായി പുഷ്ടിപ്പെട്ടുവന്ന ഒരു സങ്കല്‍പമായിരുന്നു റിപ്പബ്ലിക്. ഗണ സംഘ (സമിതിയുടെ അടിസ്ഥാനത്തിലുള്ള ഭരണനിര്‍വഹണം) എന്ന സങ്കല്‍പത്തെ കുറിച്ച് പല പുരാതന ഗ്രന്ഥങ്ങളിലും പരാമര്‍ശങ്ങളുണ്ട് എന്ന് മാത്രമല്ല, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വൈശാലിയിലെ ലിച്ചാവി പ്രജാരാജ്യം, കപിലവസ്തുവിലെ സാഖ്യ പ്രജാരാജ്യം, മിഥിലയിലെ വിധേഹ പ്രജാരാജ്യം തുടങ്ങിയ നിരവധി ജനായത്ത ഭരണ സംവിധാനങ്ങള്‍ നിലനില്‍ക്കുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി നിശ്ചയിച്ചത് ഇന്ത്യക്കാരല്ല, അത് ബ്രിട്ടീഷ് വൈസ്രോയ് മൗണ്ട് ബാറ്റനാണ്. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ ബ്രിട്ടീഷ് സേനയ്ക്ക് കീഴടങ്ങിയതിന്റെ വാര്‍ഷികദിനമായിരുന്നു ഓഗസ്റ്റ് 15. എന്നാല്‍ ജനുവരി 26, റിപ്പബ്ലിക്ക് ദിനമായി തിരഞ്ഞെടുത്തത് ഇന്ത്യക്കാര്‍ തന്നെയാണ്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യക്കാരുടെ സ്വാതന്ത്ര്യദിനമായിരുന്നു ജനുവരി 26. 1929 ഡിസംബറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലാഹോര്‍ സെഷനില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് ആദ്യമായി പൂര്‍ണ സ്വാതന്ത്ര്യ പ്രമേയം പാസാക്കിയത് ലാഹോര്‍ സമ്മേളനത്തിലാണ്. അത് കോണ്‍ഗ്രസ് അതുവരെ ഉന്നയിച്ചിരുന്ന ഡൊമിനിയന്‍ (പുത്രികാരാജ്യം) പദവി എന്ന ആവശ്യത്തില്‍ നിന്നുള്ള വ്യക്തമായ മാറ്റമായിരുന്നു.

ഇതിന് ഏട്ട് വര്‍ഷം മുമ്പ് 1921ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവും ഉറുദു കവിയുമായിരുന്ന മൗലാന ഹസ്രത്ത് മൊഹാനി ആണ് ആദ്യമായി പൂര്‍ണ സ്വാതന്ത്ര്യ പ്രമേയം മുന്നോട്ടുവച്ചത്. എന്നാല്‍ പൂര്‍ണ സ്വാതന്ത്ര്യം ഇന്ത്യക്കാരുടെ ന്യായമായ അവകാശമാണെന്നും ബ്രിട്ടീഷുകാര്‍ അനുവദിച്ചുതരേണ്ട എന്തെങ്കിലും കാര്യമല്ല എന്നുമുള്ള രാഷ്ട്രീയ ലൈനിലേയ്ക്ക് കോണ്‍ഗ്രസ് എത്താന്‍ പിന്നെയും എട്ട് വര്‍ഷമെടുത്തു. 750 വാക്കുകളുള്ള കോണ്‍ഗ്രസിന്റെ പൂര്‍ണ സ്വാതന്ത്ര്യ പ്രമേയം ഇങ്ങനെ പറയുന്നു – ‘ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യം അപഹരിക്കുക മാത്രമല്ല, ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ട് ഇന്ത്യയെ സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും ആത്മീയമായും തകര്‍ക്കുക കൂടി ചെയ്തു. അതുകൊണ്ട് ഇന്ത്യക്ക് പൂര്‍ണ സ്വാതന്ത്ര്യം വേണം’.

1930 ഡിസംബറിലെ ഒരു അര്‍ദ്ധരാത്രിയില്‍ ലാഹോറിലെ രവി നദിയുടെ തീരത്ത് ജവഹര്‍ലാല്‍ നെഹ്‌റു ത്രിവര്‍ണ പതാക ഉയര്‍ത്തി. ജനുവരി 26 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മറ്റൊരു പ്രമേയം പുറത്തിറക്കി. 1936ല്‍ പുറത്തിറങ്ങിയ ആത്മകഥയില്‍ നെഹ്‌റു ഇങ്ങനെ പറയുന്നു – 1930 ജനുവരി 26ന് റിപ്പബ്ലിക്ക് ദിനം വന്നു. അത് രാജ്യത്തെ ജനങ്ങളുടെ ഊര്‍ജ്ജസ്വലമായ വികാരം വ്യക്തമാക്കി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വലിയ ജനക്കൂട്ടങ്ങള്‍ ബഹളങ്ങളില്ലാതെ സമാധാനപരമായി സ്വാതന്ത്ര്യ പ്രതിജ്ഞയെടുത്തു.

1930 മുതല്‍ എല്ലാ ജനുവരി 26ഉം സ്വാതന്ത്ര്യദിനമായി. ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത് 1949 നവംബര്‍ 26നാണ്. ഇന്ത്യയെ പരമാധികാര റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കാനുള്ള ദിനമായി 1950 ജനുവരി 26 തെരഞ്ഞെടുക്കപ്പെട്ടു. 20 വര്‍ഷം മുമ്ബ് ഇതേ ദിവസമാണ് ഇന്ത്യക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യത്തിനായി ദൃഢ പ്രതിജ്ഞ എടുത്തത് എന്ന് ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഓര്‍മ്മിച്ചു. ഇന്നാണ് നമ്മുടെ പ്രതിജ്ഞ പൂര്‍ത്തീകരിക്കപ്പെട്ടത് എന്നും പട്ടേല്‍ പറഞ്ഞു. 1950 ജനുവരി 26ന് രാവിലെ 10.18ന് ഇന്ത്യയെ പരമാധികാര റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചു. ആറ് മിനുട്ടിന് ശേഷം ഡോ. രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

റിപ്പബ്ലിക്ക് ദിന പരേഡിന്റെ ആശയം ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിന്റെ ഡല്‍ഹി ദര്‍ബാറില്‍ നിന്ന് വന്നതാണ്. എന്നാല്‍ 1953ല്‍ പ്രധാനമന്ത്രി നെഹ്‌റു കലാ, സാംസ്‌കാരിക പരിപാടികളും പ്രകടനങ്ങളും ഉള്‍ക്കൊള്ളിച്ച് പരേഡ് വിപുലീകരിച്ചു. നെഹ്രു പ്രധാനമന്ത്രിയായിരിക്കെ പ്രതിരോധ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ചേര്‍ന്നാണ് പരേഡിന്റെ ചുമതല വഹിച്ചിരുന്നത്. പിന്നീട് ഇത് പൂര്‍ണമായും പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വന്നു. പരേഡിന്റെ റൂട്ടുകളില്‍ മാറ്റം വന്നു. രാഷ്ട്രപതി ഭവനില്‍ നിന്ന് രാജ്പഥില്‍ അവസാനിക്കുന്നതാണ് നിലവിലെ രീതി. ആദ്യ വര്‍ഷങ്ങളില്‍ റൂട്ട് വ്യത്യസ്തമായിരുന്നു. ഇടക്കാലത്ത് കൊണോട്ട് പ്ലേസിലൂടെയും മറ്റും പരേഡ് കടന്നുപോയി. 1980ല്‍ പരേഡിന്റെ റൂട്ട് നേരെ തിരിച്ചാക്കണമെന്ന നിര്‍ദ്ദേശം വന്നെങ്കിലും ഇത് സര്‍ക്കാര്‍ തള്ളി. പരേഡ് ടാങ്കുകള്‍ പാര്‍ലമെന്റിന് നേരെ ചൂണ്ടുന്നത് ശരിയായിരിക്കില്ല എന്ന വിലയിരുത്തലിലായിരുന്നു ഇത്.

Share on

മറ്റുവാര്‍ത്തകള്‍