UPDATES

വിദേശം

‘തങ്ങളുടെ ചരക്ക് മോഷ്ടിച്ച പൊലീസുകാരെ വേട്ടയാടി കൊല്ലുന്ന ലഹരി മാഫിയ’

ഇതൊരു നെറ്റ്ഫ്‌ളിക്‌സ് സീരീസ് പ്ലോട്ട് അല്ല, നടന്നുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണ്

                       

‘തങ്ങളുടെ ചരക്ക് മോഷ്ടിച്ച പൊലീസുകാരെ വേട്ടയാടി കൊല്ലുന്ന ലഹരി മാഫിയ’

കേള്‍ക്കുമ്പോള്‍, ഏതോ ക്രൈം ത്രില്ലര്‍ വെബ് സീരീസിന്റെയോ സിനിമയുടെയോ പ്ലോട്ട് ആയി തോന്നാം. മെക്‌സിക്കന്‍ മയക്കുമരുന്ന മാഫിയയുടെ കഥകള്‍ പലതവണ ചലച്ചിത്ര പ്രമേയങ്ങളായിട്ട് വന്നിട്ടുള്ളതാണ്.

ഇത് കഥയല്ല, യാഥാര്‍ത്ഥ്യമാണ്; നടന്നുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യം.

മെക്‌സികോയുടെ അതിര്‍ത്തി നഗരമായ ടിഹ്വാന(Tijuana)യിലാണ് അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ ഡ്രഗ് ലോര്‍ഡുകളുടെ കൂലിപ്പടയാളികള്‍ തെരഞ്ഞു പിടിച്ചു കൊല്ലുന്നത്.

ഒരു ക്വാര്‍ട്ടല്‍(ലഹരി മാഫിയ) സൂക്ഷിച്ചിരുന്ന കൊക്കെയ്ന്‍ മോഷ്ടിച്ച പൊലീസുകാരാണ് കൊല്ലപ്പെടുന്നത്. ഇത്തരത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ പറയുന്നതെങ്കിലും, രണ്ടല്ല, വേറെ മൂന്നു പൊലീസുകാര്‍ കൂടി ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നഗരത്തിലെ മുന്‍ പൊലീസ് മേധാവി ഉറപ്പിക്കുന്നത്.

മെക്‌സികോയില്‍ ഏറ്റവും അധികം കൊലപാതകങ്ങള്‍ നടക്കുന്ന നഗരമാണ് ടിഹ്വാന. രണ്ടാം സ്ഥാനത്തുള്ള നഗരത്തേക്കാള്‍(Ciudad Juarez) രണ്ടിരട്ടി കൊലപാതകങ്ങളാണ് അതിര്‍ത്തി സംസ്ഥാനമായ ബാജ കാലിഫോര്‍ണിയന്‍ നഗരമായ ടിഹ്വാനയില്‍ നടക്കുന്നത്. ഏകദേശം 21 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന നഗരത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ കണക്കു പ്രകാരം വര്‍ഷത്തില്‍ രണ്ടായിരം പേര്‍ കൊല്ലപ്പെടുന്നുണ്ടെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ ജനസംഖ്യയുള്ള സ്ഥലങ്ങളാണ് ഹൂസ്റ്റണും ടെക്‌സാസും. ഇവിടങ്ങളില്‍ 2022-ല്‍ നടന്ന കൊലപാതകങ്ങളുടെ എണ്ണം 435 ആണ്. ഇതുമായി കൂട്ടി നോക്കുമ്പോഴാണ് ടിഹ്വാനയില്‍ നടക്കുന്ന മനുഷ്യവേട്ടയുടെ ഭീകരത മനസിലാകുന്നത്.

നവംബര്‍ മധ്യത്തിലാണ് ആറോളം നാട്ടുകാരുടെ സഹായത്തോടെ ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു വലിയ മയക്കുമരുന്ന് ശേഖരത്തില്‍ നിന്നും മോഷണം നടത്തുന്നത്. ഒരു കെട്ടിടത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന ലഹരി വസ്തുവാണ് ഇവര്‍ മോഷ്ടിച്ചത്. ഈ മോഷണത്തിന്റെ ഒരു വീഡിയോ പുറത്തു വന്നിരുന്നു. വീഡിയോ ദൃശ്യത്തില്‍ പൊലീസുകാര്‍ കൊണ്ടു വന്ന പിക് അപ്പ് വാനിലേക്ക് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ കൊക്കെയ്ന്‍ പാക്കറ്റുകള്‍ ചുമന്നു കേറ്റുന്നത് കാണാനാകും.

കൊക്കെയ്ന്‍ മോഷ്ടിച്ച കേസില്‍ മൂന്നു സ്‌റ്റേറ്റ് ഡിക്ടടീവുകള്‍ക്കും മൂന്നു ടിഹ്വാന മുന്‍സിപ്പല്‍ പൊലീസുകാര്‍ക്കും എതിരേ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പ്രോസിക്യൂട്ടര്‍ മരിയ എലീന അന്‍ഡ്രെയ്ഡ് പറഞ്ഞത്.

ടിഹ്വാനയിലെ പ്രബലമായ സിനലോവ കാര്‍ട്ടലിന്റെ കൊക്കെയ്‌നാണ് മോഷ്ടിക്കപ്പെട്ടത്. ഈ ലഹരി മാഫിയയെ പ്രധാനമായും നിയന്ത്രിക്കുന്നത്, നഗരത്തിലെ ഏറ്റവും ശക്തനായ ഡ്രഗ് ലോര്‍ഡ് ഇസ്മായേല്‍ എല്‍ മായോ സമ്പാഡ ആണെന്നും ടിഹ്വാന മുന്‍ പൊലീസ് മേധാവി അല്‍ബര്‍ട്ടോ കപ്പേള അസേഷ്യേറ്റഡ് പ്രസ്സിനോട് പറയുന്നുണ്ട്.

തങ്ങളുടെ ചരക്ക് മോഷ്ടിച്ചത് ആരാണെന്ന് സിനലോവ സംഘം വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും ചെയ്തിരുന്നു.

നവംബര്‍ 18, ചരക്ക് മോഷ്ടിക്കപ്പെട്ട് ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ മാഫിയ സംഘം നഗരത്തിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഓഫിസിന് മുന്നിലെത്തി. 30 റൗണ്ട് വെടിയുണ്ടകളാണ് അന്ന് ഓഫിസിന്റെ മുന്‍ഭാഗത്ത് തുളച്ചു കയറിയത്.

ഒരു മണിക്കൂറിനുള്ളില്‍, മോഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന മുന്‍സിപ്പല്‍ പൊലീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ നഗരത്തിലെ ഒരു തെരുവില്‍ കൊല്ലപ്പെട്ടു.

നവംബര്‍ 24 ന് അവര്‍ വീണ്ടും സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫിസിന് മുമ്പില്‍ എത്തി. ഓഫിസിന് നേര്‍ക്ക് തുടരെ വെടിപ്പൊട്ടി, ആര്‍ക്കും അപകടം ഉണ്ടായില്ലെന്നു മാത്രം.

നവംബര്‍ 27, ചരക്ക് മോഷ്ടിച്ചവരില്‍ ഒരാള്‍ എന്ന ആരോപണത്തില്‍ കേസ് നേരിട്ട് കൊണ്ടിരിക്കുന്ന ഒരു സ്റ്റേറ്റ് ഡിക്ടടീവ്, പെട്രോല്‍ പമ്പില്‍ തന്റെ കാറില്‍ ഇന്ധനം നിറച്ചുകൊണ്ടിരിക്കുകയായിരുന്നു, അവിടെവച്ച് അയാളുടെ ശരീരത്തില്‍ വെടിയുണ്ടകള്‍ തുളച്ചു കയറി. തങ്ങളുടെ ചരക്ക് മോഷ്ടിച്ചതിനുള്ള ശിക്ഷയായി രണ്ടാമത്തെയാള്‍ക്ക് വിധിച്ച മരണം.

കൊക്കെയ്ന്‍ മോഷ്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന പൊലീസുകാരില്‍ രണ്ടു പേരെ പട്ടാപ്പകല്‍ ലഹരി മാഫിയ സംഘം വെടിവച്ചു കൊന്നുവെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ അസോഷ്യേറ്റഡ് പ്രസ്സിനോട്(എ.പി) സമ്മതിക്കുന്നുണ്ട്. കൊല്ലപ്പെട്ട രണ്ടാമത്തെ ഓഫിസര്‍, കേസില്‍ മൊഴി നല്‍കിയിരുന്നു. ഇയാളെ സാക്ഷി പട്ടികയില്‍പ്പെടുത്തി സംരക്ഷണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതാണെങ്കിലും അയാള്‍ അത് നിരസിക്കുകയായിരുന്നുവെന്നും എ.പിയോട് വിവരങ്ങള്‍ പങ്കുവച്ച ഉദ്യോഗസ്ഥന്‍ പറയുന്നു.

മുന്‍ പൊലീസ് ചീഫായ കപ്പേള പറയുന്നത്, ഈ മോഷണത്തിന്റെ പേരില്‍ മറ്റ് മൂന്നു പൊലീസുകാര്‍ കൂടി കൊല്ലപ്പട്ടിട്ടുണ്ടെന്നാണ്. തങ്ങളുടെ ചരക്ക് മോഷ്ടിച്ചതില്‍ അവര്‍ വലിയ തോതിലുള്ള പ്രതികാരം ആരംഭിച്ചിട്ടുണ്ടെന്നാണ് കപ്പേള പറഞ്ഞത്. ‘ ഇത് വളരെ ആശങ്കാജനകമായ കാര്യമാണ്. ടിഹ്വാനയില്‍ മുമ്പ് ഇതുപോലൊന്നും നടന്നിട്ടില്ല’-ആ റിട്ടയേര്‍ഡ് പൊലീസുകാരന്‍ പറയുന്നു.

കൊള്ളയും കൊലകളും നഗരത്തിന് പുതുമയല്ലെങ്കിലും ഇപ്പോള്‍ നടക്കുന്ന രക്ത ചൊരിച്ചില്‍ കൂടുതല്‍ ഭയപ്പെടുത്തുന്നതാണ്. 2017 കാലമാണ് ഇപ്പോള്‍ ഓര്‍മപ്പെടുന്നത്. 2016 ല്‍ നഗരത്തില്‍ നടന്നത് 919 കൊലകളായിരുന്നുവെങ്കില്‍, 2017-ല്‍ അത് 1,782 ആയി. ഇരട്ടി വര്‍ദ്ധനവ്. ഡ്രഗ് കാര്‍ട്ടലുകളുടെ ഏറ്റുമുട്ടലും ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഹലിസ്‌കോ ന്യൂ ജനറേഷനും സിനലോവ കാര്‍ട്ടലും തമ്മിലാണ് പ്രധാന ഏറ്റുമുട്ടല്‍. പഴയ അരെലാനോ ഫെലിക്‌സ് ഗ്യാങ്ങിന്റെ അവശിഷ്ട സംഘങ്ങളും മറ്റ് ചെറു ഗ്രൂപ്പുകളുമൊക്കെ ഏറ്റുമുട്ടലിലാണ്. ഭരണാധികാരികള്‍ പോലും ഈ ഗ്യാങ്ങുകളെ ഭയന്നാണ് ജീവിക്കുന്നതിന്റെ തെളിവായിരുന്നു നഗരത്തിന്റെ മേയര്‍ മോണ്‍സെറാത്ത് കാബല്ലെറോ, അവര്‍ക്കു നേരെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു സൈനിക താവളത്തിലേക്ക് താമസം മാറ്റുന്നുവെന്ന് പ്രഖ്യാപിച്ചത്.

Share on

മറ്റുവാര്‍ത്തകള്‍