December 10, 2024 |
Share on

തങ്ങളുടെ മണ്ണില്‍ വച്ച് സിഖ് വിഘടനവാദി നേതാവിനെ വധിക്കാനുള്ള പദ്ധതി തകര്‍ത്ത് അമേരിക്ക

ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി വാഷിംഗ്ടണ്‍

ഇന്ത്യ-കാനഡ ബന്ധം ഉലച്ച കൊലപാതകമായിരുന്നു ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദ്ദീപ് സിംഗ് നിജ്ജറിന്റെത്. നിജ്ജറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെ കാലങ്ങളായി സൗഹൃദത്തിലായിരുന്ന രണ്ടു രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലായി. ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്ന സിഖ് വിഘടനവാദ സംഘങ്ങള്‍ക്ക് കാനഡയില്‍ സൗകര്യമായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുന്നുവെന്നൂ ഇന്ത്യ നാളുകളായി പറയുന്ന പരാതിയാണ്. ഇന്ത്യക്ക് പുറത്തുള്ള സിഖ് വിഘടനവാദികള്‍ രാജ്യത്തിന് തലവേദനയാണെന്നും അവരെ രഹസ്യമായി ഇല്ലാതാക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നുമാണ് ഇപ്പോഴുള്ള ആക്ഷേപം. ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയാണ്. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഒരു വാര്‍ത്ത ന്യൂഡല്‍ഹിയെ പ്രതിരോധത്തിലാക്കുന്നതാണ്.

അമേരിക്കയുടെ മണ്ണില്‍വച്ച് ഒരു സിഖ് വിഘടനവാദി നേതാവിനെ വധിക്കാനുള്ള ശ്രമം അമേരിക്കന്‍ ഭരണകൂടം തകര്‍ത്തു കളഞ്ഞൂ എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല, ഈ കൊലപാതക ഗൂഢാലോചനയില്‍ പങ്കാളിത്തമുണ്ടോയെന്ന സംശയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ബൈഡന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി ഈ സംഭവമവുമായി ബന്ധമുള്ള ചിലരെ ഉദ്ധരിച്ച് എഫ് ടി(ഫിനാന്‍ഷ്യല്‍ ടൈംസ്) പറയുന്നു.

ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ആയിരുന്നു ആ ടാര്‍ഗറ്റ് എന്നാണ് പത്രം പറയുന്നത്. യു എസ്-കനേഡിയന്‍ പൗരനായ പന്നൂന്‍ സിഖ് ഫോര്‍ ജസ്റ്റീസ് സംഘടനയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാണ്. ഖാലിസ്താന്‍ പ്രസ്ഥാനത്തെ അനുകൂലിക്കുന്നവരാണ് സിഖ് ഫോര്‍ ജസ്റ്റീസ്.


ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം ?


ഗൂഢാലോചനയെക്കുറിച്ച് അറിഞ്ഞതിനു പിന്നാലെ അമേരിക്ക ന്യൂഡല്‍ഹിയില്‍ ബന്ധപ്പെട്ടതുകൊണ്ട് കൊലപാതക പദ്ധതി ഉപേക്ഷിച്ചതാണോ, അതോ എഫ് ബി ഐ നേരിട്ട് ഇടപെട്ട് ആ പദ്ധതി തകര്‍ത്തതാണോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് വിവരം തന്നവര്‍ വ്യക്തത തന്നിട്ടില്ലെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നത്. രാജ്യത്തിന്റെ രഹസ്യാന്വേഷണ സ്വഭാവമുള്ളൊരു സംഭവമായതിനാല്‍ വിവരങ്ങള്‍ നല്‍കിയവരുടെ പേരുവിവരങ്ങള്‍ അജ്ഞാതമാക്കി വയ്ക്കുകയാണെന്നും പത്രം പറയുന്നുണ്ട്. ഇപ്പോഴത്തെ സംഭവത്തെ കുറിച്ച് അമേരിക്ക അവരുടെ ചില സഖ്യകക്ഷികള്‍ക്ക് വിവരം നല്‍കിയിരുന്നു. ജൂണില്‍ കാനഡയിലെ വാന്‍ക്യൂവറില്‍ വച്ച് ഹര്‍ദ്ദീപ് സിംഗ് നിജ്ജറിനെ വധിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അമേരിക്കയുടെ നടപടി. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്.

ജൂണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ ഒരു ഉന്നതതല സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് യു എസ് ഭരണകൂടം കൊലപാതക ഗൂഢാലോചനയില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിക്കുന്നതെന്നാണ് വാര്‍ത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് എഫ് ടി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാധാരണയുള്ള നയതന്ത്ര മുന്നറിയിപ്പില്‍ നിന്ന് വ്യത്യസ്തമായി, യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ന്യൂയോര്‍ക്ക് ജില്ല കോടതിയില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരു കുറ്റവാളിക്കെതിരെ സീല്‍ ചെയ്ത കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ്, ഈ കേസിനെക്കുറിച്ച് അറിവുള്ള കേന്ദ്രങ്ങള്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് വെളിപ്പെടുത്തിയത്.

ഈ കുറ്റപത്രം ഇപ്പോള്‍ പരസ്യപ്പെടുത്തണോ, അതോ നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ അന്വേഷണം പൂര്‍ത്തിയാക്കും വരെ കാത്തിരിക്കണോ എന്ന കാര്യത്തില്‍ യു എസ് നീതിന്യായ വകുപ്പ് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഈ കേസ് കൂടുതല്‍ സങ്കീര്‍ണമാക്കി കൊണ്ട് കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടൊരാള്‍ യു എസ്സില്‍ നിന്നും കടന്നു കളഞ്ഞുവെന്ന വിവരവും വാര്‍ത്ത സ്രോതസ്സുകള്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പങ്കുവയ്ക്കുന്നുണ്ട്.

ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ യു എസ് നീതിന്യായ വകുപ്പും, എഫ് ബി ഐ യും വിസമതിക്കുകയാണെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നത്. അതേസമയം പ്രതികരിക്കാന്‍ തയ്യാറായ ദേശീയ സുരക്ഷ കൗണ്‍സില്‍ ചില കാര്യങ്ങള്‍ പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന നിയമപ്രശ്‌നങ്ങളിലോ, നയതന്ത്ര പങ്കാളികളുമായുള്ള സ്വകാര്യ ചര്‍ച്ചകളെക്കുറിച്ചോ പരസ്യപ്രതികരണം നടത്താന്‍ കഴിയില്ലെന്നാണവര്‍ പറഞ്ഞത്. അതിനൊപ്പം ഒരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്; ‘അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷ മറ്റെന്തിനെക്കാളും പരമപ്രധാനമാണ്’ എന്ന്.

നിജ്ജറിന്റെ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ട്രൂഡോ പരസ്യമാക്കിയതിനു പിന്നാലെയാണ് പന്നൂന്‍ കേസിനെക്കുറിച്ച് അമേരിക്ക സഖ്യ കക്ഷികളുമായി വിവരങ്ങള്‍ പങ്കിട്ടത്. രണ്ട് സംഭവങ്ങളിലെയും സാമ്യതകള്‍ ആശങ്കപ്പെടുത്തുന്നതാണെന്നാണ് സഖ്യകക്ഷികള്‍ക്കിടയില്‍ ഉയര്‍ന്ന പൊതുവികാരമെന്നാണ് പറയുന്നത്.

നിജ്ജറിന്റെ കൊലപാതകത്തില്‍ ന്യൂഡല്‍ഹിക്കുള്ള പങ്ക് ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിക്കുന്നുണ്ട്. അസംബന്ധം എന്നായിരുന്നു ട്രൂഡോയുടെ വെളിപ്പെടുത്തലിനോട് ഇന്ത്യ പ്രതികരിച്ചത്. നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയുടെ ഓഫിസിനെ ബന്ധപ്പെട്ടപ്പോള്‍ വിദേശകാര്യമന്ത്രാലയത്തെ സമീപിക്കാനാണ് നിര്‍ദേശം കിട്ടിയത്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഒന്നിലും പ്രതികരിക്കാന്‍ തയ്യാറായില്ല എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തന്നെ വധിക്കാന്‍ ഗൂഢാലോചന നടന്നിരുന്നോ എന്ന കാര്യത്തില്‍ ഒന്നും പറയാന്‍ ഇല്ലെന്നാണ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ഫിനാന്‍ഷ്യല്‍ ടൈംസ് സമീപിച്ചപ്പോള്‍ പറഞ്ഞത്. ഇങ്ങനെയൊരു പദ്ധതിയുണ്ടായിരുന്നു എന്ന കാര്യം യു എസ് ഭരണകൂടം അറിയിച്ചിരുന്നോ എന്ന ചോദ്യത്തോടും പന്നൂന്‍ പ്രതികരിച്ചില്ല. അമേരിക്കന്‍ മണ്ണില്‍വച്ച് എന്റെ ജീവന് ഇന്ത്യയുടെ ഭീഷണിയുണ്ടായോ എന്ന കാര്യത്തില്‍ യു എസ് ഭരണകൂടം തന്നെ പ്രതികരിക്കട്ടെ എന്നായിരുന്നു പന്നൂന് പറയാനുണ്ടായിരുന്നത്.

‘ അമേരിക്കന്‍ മണ്ണില്‍ ഒരു അമേരിക്കക്കാരന്‍ ഭീഷണി നേരിടുകയാണെങ്കില്‍ അത് അമേരിക്കയുടെ പരമാധികാരത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ഏതുതരം വെല്ലുവിളിയും നേരിടാനുള്ള പ്രാഗത്ഭ്യം ബൈഡന്‍ ഭരണകൂടത്തിന് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്നും പന്നൂന്‍ എഫ് ടി യോട് പറഞ്ഞു.

ഈ മാസം ഇന്ത്യന്‍ അധികാരികളെ ചൊടിപ്പിക്കുന്നൊരു വീഡിയോ പന്നൂന്‍ പുറത്തു വിട്ടിരുന്നു. ജീവന് ഭീഷണിയുണ്ടാകുമെന്നതിനാല്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ ആരും കയറരുതെന്ന ആഹ്വാനമായിരുന്നു ആ വീഡിയോ. എന്നാല്‍ താന്‍ വിമാന കമ്പനിക്കെതിരേ ഭീഷണിയൊന്നും മുഴക്കിയിട്ടില്ലെന്നാണ് പന്നൂന്‍ ഫിനാഷ്യല്‍ ടൈംസിനോട് പറയുന്നത്.

നിജ്ജര്‍ കൊലപാതകത്തില്‍ ബൈഡന്‍ ഭരണകൂടം പരസ്യമായി ഇന്ത്യക്കെതിരേ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും കാനഡ നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്ന് ന്യൂഡല്‍ഹിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ സഹകരണം ബൈഡന്‍ ഭരണകൂടത്തിന് ആവശ്യമാണ്. ചൈനയോടുള്ള മത്സരത്തിലാണ് അമേരിക്ക ഇന്ത്യയുടെ സഹായം കൂടുതലായി ആഗ്രഹിക്കുന്നത്. അമേരിക്ക, ഒസ്‌ട്രേലിയ, ജപ്പാന്‍ എന്നിവര്‍ക്കൊപ്പം ‘ക്വാഡ്’ സുരക്ഷ സംഘത്തില്‍ ഇന്ത്യയും ഉള്‍പ്പെടുന്നതാണ്.

ഗൂഢാലോചനയെക്കുറിച്ചുള്ള പരസ്യമായ വെളിപ്പെടുത്തലും, ന്യൂഡല്‍ഹിയോടുള്ള വാഷിംഗ്ടണിന്റെ പ്രതിഷേധവും ഒരു പങ്കാളിയെന്ന നിലയില്‍ ഇന്ത്യയുടെ മേലുള്ള വിശ്വാസ്യതയെക്കുറിച്ചു പുതിയ ചോദ്യങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ബൈഡന്‍ ഭരണകൂടത്തിനുള്ളിലെ ചര്‍ച്ചകളെക്കുറിച്ച് അറിയാവുന്നവര്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പങ്കുവച്ചത്. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിന്റെ പേരില്‍ മനുഷ്യാവകാശ സംഘടനകളില്‍ നിന്നും ബൈഡന്‍ ഭരണകൂടം മുമ്പേ തന്നെ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് കൂട്ടിച്ചേര്‍ത്തു പറയുന്നത്. ഹിന്ദുത്വ ദേശീയത പറയുന്ന ബിജെപിയാണ് ഇന്ത്യ ഭരിക്കുന്നത്. പ്രധാനമന്ത്രി മോദി രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരേ മത-വംശീയ അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പ്രതിപക്ഷ രാഷ്ട്രീയക്കാരും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നത്. ഇതൊക്കെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ഭരണകൂടത്തെക്കുറിച്ചുള്ള ആക്ഷേപം എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സെപ്തംബറില്‍ ന്യൂഡല്‍ഹി ആഥിയേത്വം വഹിച്ച ജി-20 ഉച്ചകോടിയില്‍ വച്ച് നിജ്ജര്‍ കൊലപാകവുമായി ബന്ധപ്പെട്ട് കാനഡയുടെ ആരോപണത്തെക്കുറിച്ച് പ്രസിഡന്റ് ബൈഡന്‍ മോദിയോട് ചര്‍ച്ച ചെയ്തിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം പന്നൂന്‍ കേസിനെക്കുറിച്ച് എന്തെങ്കിലും സംസാരമുണ്ടായോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായില്ലെന്നും എഫ് ടി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യു എസ്, യു കെ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നിവരടങ്ങുന്ന ‘ Five Eyes’ എന്ന ഇന്റലിജന്‍സ് ഷെയറിംഗ് നെറ്റ്‌വര്‍ക്ക് നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഒട്ടാവ(കാനഡ തലസ്ഥാനം)യ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് സെപ്തംബറില്‍ കാനഡയിലെ യു എസ് അംബാസിഡര്‍ ഡേവിഡ് കോഹന്‍ പറഞ്ഞിരുന്നത്.

ഇന്ത്യയുടെ പ്രധാന പരാതി, തങ്ങളുടെ പൗരന്മാര്‍ അധികമുള്ള കാനഡ, യു കെ തുടങ്ങിയ രാജ്യങ്ങള്‍ അവിടെയുള്ള സിഖ് വിഘടനവാദികളോട് വളരെയധികം സഹിഷ്ണുത കാണിക്കുന്നു എന്നാണ്. കാനഡയ്‌ക്കെതിരേയാണ് ന്യൂഡല്‍ഹിയുടെ പ്രധാന പരാതി. കനേഡിയന്‍ രാഷ്ട്രീയത്തില്‍ സിഖ് പൗരന്മാരുടെ സഹായം വളരെ വേണ്ടപ്പെട്ടതായതുകൊണ്ടാണ് ഇന്ത്യക്കെതിരേ തീവ്രവാദം നടത്തുന്നവരെ സംരക്ഷിച്ചു നിര്‍ത്തുന്നതെന്നാണ് ന്യൂഡല്‍ഹിയുടെ ആരോപണം.

×