UPDATES

‘കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകയെ മര്‍ദ്ദിച്ച പാര്‍ട്ടിയുടെ നേതാവിനെ തിരുവനന്തപുരം വരെ കരിങ്കൊടി കാണിച്ച ചരിത്രമുണ്ട് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക്, ഇന്ന് പക്ഷേ നട്ടെല്ലു വളഞ്ഞ വിധേയത്വമാണ്’

സുരേഷ് ഗോപി വിഷയത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

                       

ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയില്‍ നിന്നും വനിത മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ തുടര്‍ച്ചായ അവഹേളനം കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക സസ്‌കാരത്തിന് ചേരാത്തവിധമുള്ളതായിരുന്നു. എന്നിരിക്കിലും ഒരു വിഭാഗം സുരേഷ് ഗോപിയെ പിന്തുണച്ചാണ് ഈ വിഷയം വഴിതിരിക്കാന്‍ നോക്കുന്നത്. അക്കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നുവെന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത. വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴിലിടങ്ങളിലും പൊതുവിടങ്ങളിലും ലഭിക്കേണ്ട മാന്യതയും പരിഗണനയും നിഷേധിക്കപ്പെടുന്നത്, സാമൂഹിക നീതിയുടെ ലംഘനവും മാധ്യമപ്രവര്‍ത്തനം എന്ന തൊഴിലിന്റെ മഹനീയതയ്ക്കുണ്ടാകുന്ന കോട്ടവുമാണ്.

മീഡിയ വണ്‍ ചാനലിന്റെ പ്രതിനിധി ഷിദ ജഗതിനെതിരേ ഉണ്ടായ അവഹേളനത്തിന് തുടര്‍ച്ചയെന്നോണമാണ് തൃശൂരില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധി സൂര്യ സുജിക്കെതിരെയും സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നും അപമര്യാദയായ പ്രവര്‍ത്തികളും വാക്കുകളുമുണ്ടായത്. ഈ വിഷയത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ അഴിമുഖവുമായി പങ്കുവയ്ക്കുന്ന അഭിപ്രായങ്ങളാണ് താഴെ കൊടുക്കുന്നത്;

സ്വന്തം അഹന്തക്ക് പോറല്‍ ഏല്‍ക്കുമ്പോള്‍ യുദ്ധം പ്രഖ്യാപിക്കുന്ന നാട്ടുരാജാവാകരുത്…

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഉള്ള അതിക്രമങ്ങള്‍ നിരന്തരമായി നടക്കുന്ന സമൂഹമാണ് ഇത്. പണക്കൊഴുപ്പിന്റെ പിന്തുണയോടെ മാധ്യമങ്ങളെ നിശബ്ദമാക്കുന്ന കാലം. ഇവിടെ ഉണ്ടായ ഏറ്റവും പുതിയ ആക്രമണം എന്നത് മാത്രമാണ് ബിജെപിയുടെ മുന്‍ രാജ്യസഭ അംഗം കൂടിയായ ചലച്ചിത്ര താരം സുരേഷ് ഗോപിയില്‍ നിന്നും അണികളില്‍ നിന്നും ഞങ്ങള്‍ നേരിടുന്നത്.

ഇത് ഷിദ ജഗത്, സൂര്യ സുജി എന്നീ രണ്ടു വ്യക്തികള്‍ക്കു നേരെ ഉണ്ടായ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. സുരേഷ് ഗോപി എന്ന താരവും അദ്ദേഹത്തെ മഹാത്മാഗാന്ധിയുമായി (!)താരതമ്യം ചെയ്യുന്ന അണികളും വെളിവാക്കുന്നത് സമൂഹത്തിന്റെ നിരന്തരം വെളിപ്പെടുന്ന സ്ത്രീ വിരുദ്ധത എന്ന ദുഷ്പ്രവണത ആണ്.

”ആളാവരുത് ”എന്ന ആക്രോശം വീടകങ്ങളില്‍ ഇന്നും സ്ത്രീക്ക് നേരെ മുഴങ്ങുന്ന നിര്‍ബന്ധ ശാസനയാണ്. ”പെണ്ണൊരുമ്പെട്ടാല്‍ …” എന്ന മുന്നറിയിപ്പ് ‘പെണ്‍ ചൊല്ല് കേട്ടാല്‍ ..” എന്നിങ്ങനെ പല വഴികളില്‍ കൂടി സമൂഹത്തെ ബാധിക്കുന്ന വിഷമായ ബോധവത്കരണത്തില്‍ നിന്നും ഉളവാകുന്ന ആക്രോശം. പെണ്ണ് നേര്‍ക്കു നേര്‍ നിന്ന് ചോദ്യം ചോദിച്ചാല്‍ താന്‍ ചെറുതായിപ്പോവും എന്ന രൂഢമൂല വീക്ഷണത്തിന്റെ ബഹിര്‍സ്ഫുരണം. മാധ്യമ പ്രവര്‍ത്തകര്‍ സമൂഹത്തിനു വേണ്ടി ചോദ്യങ്ങള്‍ ചോദിക്കുക എന്ന തൊഴിലിനു സ്വയം സമര്‍പ്പിച്ചവരാണ്. രാഷ്ട്രീയ കുപ്പായം ഇട്ട് ജനസേവനമാണ് ലക്ഷ്യം എന്ന പ്രഖ്യാപനവുമായി അധികാരം ലക്ഷ്യം വയ്ക്കുന്നവര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ബാധ്യതയുള്ളവര്‍ തന്നെ. തൊഴില്‍ ഇടത്തില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശമുണ്ട് എന്ന അടിസ്ഥനതത്വം പോലും മറക്കുന്നവര്‍ ഈ സമൂഹത്തെ എങ്ങോട്ടാണ് നയിക്കുന്നത്? കുറേക്കൂടി വിഷയത്തിലേക്ക് വരാം, ”സുരേഷ് ഗോപി മാപ്പ് പറഞ്ഞല്ലോ അവിടെ തീര്‍ക്കാമായിരുന്നല്ലോ” എന്ന ചോദ്യത്തിന് മറുപടി നല്‍കും മുന്‍പ് ആ പ്രസ്താവന ഒന്ന് കൂടി നോക്കൂ, ”ആപെണ്‍കുട്ടിക്ക് അങ്ങനെ തോന്നി എങ്കില്‍” എന്നൊരു സൂക്ഷ്മ ഉപാധി ഉണ്ട് അതില്‍. അനുവാദം ഇല്ലാതെ ഒരു തൊഴില്‍ ഇടത്തില്‍ മറ്റൊരാളുടെ ദേഹത്ത് അധികാരപൂര്‍വം കൈ വയ്ക്കുന്നതില്‍ തെറ്റുള്ളതായി ഒരു തോന്നല്‍ പോലും അദ്ദേഹത്തിനിവിടെ ഇല്ല. തെറ്റാണ്, അനുവാദം ഇല്ലാതെ അങ്ങനെ ചെയ്യുന്നത് തെറ്റാണ്. ചോദ്യങ്ങളെ മറികടക്കാന്‍ ”മോളെ” എന്ന വിളിയിലൂടെ ചോദ്യകര്‍ത്താവിനെ നിസാരവത്കരിക്കുന്നതും ആശാസ്യമല്ല.

എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ഒരു സംഭവത്തിന്റെ പേരില്‍ അതുമായി യാതൊരു ബന്ധവും ഇല്ലാത്ത ഓരോ വേദിയിലും മുന്നില്‍ വരുന്ന മാധ്യമ പ്രവര്‍ത്തകകള്‍ക്കു നേരെ പരിഹാസം ചൊരിയുന്നതും തെറ്റാണ്. അതിലൊക്കെയും വലുതും ഭീതിതവുമായ തെറ്റാണ് സമൂഹത്തിലേക്ക് സൈബര്‍ പോരാളികളെ ”ആരാധകര്‍’എന്ന പേരില്‍ അഴിച്ചു വിടുന്നത്. സ്വന്തം അഹന്തക്ക് പോറല്‍ ഏല്‍ക്കുമ്പോള്‍ യുദ്ധം പ്രഖ്യാപിക്കുന്ന നാട്ടുരാജാവിനെ പോലെയല്ല, ജനാധിപത്യ രാജ്യത്തിലെ നേതൃസ്ഥാന മോഹികള്‍ പെരുമാറേണ്ടത്. തെറ്റ് തിരിച്ചറിഞ്ഞ് ചേരി തിരിഞ്ഞു പടരുന്ന പോര്‍ വിളികള്‍ അണക്കുന്ന നേതൃനിരയാണ് സമൂഹത്തിനു അഭികാമ്യം.- ഗീത ബക്ഷി, മാധ്യമ പ്രവര്‍ത്തക, എഴുത്തുകാരി

കാവിവത്കരണവും അരക്ഷിതാവസ്ഥയും ആത്മാഭിമാനം നഷ്ടപ്പെട്ട തൊഴിലായി മാധ്യമപ്രവര്‍ത്തനത്തെ മാറ്റി

വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമായി വേണം സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടത്. അടിസ്ഥാനപരമായുള്ള തൊഴില്‍ നിഷേധവും ലിംഗവിവേചനവും കൂടിയാണിത്. ഈ മനോഭാവം വച്ചുപുലര്‍ത്തുന്ന സുരേഷ് ഗോപിയെ പോലുള്ളവര്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചാല്‍ പൊതുകാര്യാലയങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത് എന്ത് യോഗ്യതയുടെ അടിസ്ഥനത്തിലാണ്? റിപ്പോട്ടര്‍ ചാനലിന്റെ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ ഉണ്ടായ സംഭവത്തില്‍ സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ മനോഭാവം എന്നെ അത്ഭുതപ്പെടുത്തിന്നില്ല. ബഹുഭൂരിപക്ഷം വരുന്ന പുരുഷ മാധ്യമ പ്രവര്‍ത്തകരുടെയും മുഖമുദ്ര വിധേയത്വമാണ്. കുറച്ചു കാലം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകയെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ആളുകള്‍ മര്‍ദിച്ചിരുന്നു. ആ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനെ തിരുവനന്തപുരം വരെ പിന്തുടര്‍ന്ന് കരിങ്കൊടി കാണിച്ച ചരിത്രമുള്ളതാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന്. എന്നാല്‍ ഇതിനു വീപിരീതമായി നട്ടെല്ലു വളഞ്ഞ ഒരു പറ്റം ആളുകളുടെ വിധേയത്വമാണ് നിലവില്‍ കാണാന്‍ സാധിക്കുക. അങ്ങേയറ്റം കാവിവത്കരിക്കപ്പെട്ട സാഹചര്യവും തൊഴിലിലെ അരക്ഷിതാവസ്ഥയും മാധ്യമ മേഖലയെ ആത്മാഭിമാനം നഷ്ടപ്പെട്ട തൊഴിലായി പരിവര്‍ത്തനം ചെയ്തിരിക്കുകയാണ്- കെ കെ ഷാഹിന, സീനിയര്‍ എഡിറ്റര്‍, ഔട്ട്‌ലുക്

സഹപ്രവര്‍ത്തകയെ ഒറ്റുകൊടുത്തവര്‍ സഹതാപം പോലും അര്‍ഹിക്കുന്നില്ല

അന്തസുള്ള, ഡിഗ്നിഫൈഡ് ക്യാരക്റ്റര്‍ ആയിരുന്നു സുരേഷ് ഗോപിയെങ്കില്‍, സ്പോണ്ടേനിയസ് ആയി ഉണ്ടാകുന്ന റെസ്പോണ്‍സ്, ‘ഐ ആം സോറി’ എന്നാണ്. കാരണം അത് വിസിബിളി അണ്‍ കംഫര്‍ട് ആണെന്ന് ഷിദയുടെ ആംഗ്യത്തില്‍ നിന്ന് വ്യക്തമാണ്. ഒരു ഡിഗ്നിഫൈഡ് ബിഹേവിയര്‍, ഐ ആം സോറി എന്ന് പറയുന്നതും അത് റിപ്പീറ്റ് ചെയ്യാതിരിക്കുന്നതുമാണ്.അതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹം പറഞ്ഞത്, ചെയ്ത തെറ്റ് ബോധ്യപ്പെട്ടു അല്ലെങ്കില്‍ അസൗകര്യമുണ്ടാക്കിയതായി മനസിലാക്കുന്നു എന്നു പറയുന്നതിന് വിപരീതമായി ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കില്‍ എന്നാണ്. അതായത് പ്രവൃത്തി അസൗകര്യമുണ്ടാക്കിയെന്ന ബോധ്യത്തിലല്ല പറയുന്നത്. താന്‍ ചെയ്ത തെറ്റിന്റെ വ്യപ്തി ഉള്‍കൊള്ളാന്‍ സിനിമ നടനെന്ന രീതിയിലും, രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലയിലും സമൂഹത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സുരേഷ് ഗോപിക്ക് കഴിഞ്ഞിട്ടില്ല. ഈ തെറ്റിനെ ഉള്‍ക്കൊള്ളാനാവാത്തതിന് പുറമെ ഇതിനെതിരെ സൂര്യ നടത്തിയ പ്രതിഷേധം ആണഹന്തയെ വേദനിപ്പിക്കുകയാണുണ്ടായത്. ഒരു തരത്തിലുമുള്ള സ്ത്രീ സൗഹൃദ നിലപാടുകളോ പൊളിറ്റിക്കലി കറക്റ്റ് ആയുള്ള നിലപാടുകളോ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയിലും, അഭിനേതാവെന്ന നിലയിലും, വിദ്യാസമ്പന്നനായ ഒരാള്‍ എന്ന നിലയിലും സമൂഹവുമായി അടുത്തിടപഴകാനും അതിനനുസരിച്ചു പരിണമിക്കാനും ഒരുപാടവസരങ്ങള്‍ സുരേഷ്‌ഗോപിക്കുണ്ട്. എന്നിരിന്നിട്ടു പോലും തന്റെ പ്രവര്‍ത്തയിലെ തെറ്റ് മനസിലാക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ആണഹന്തയും, അഹംഭാവവും, വലതുപക്ഷ രാഷ്ട്രീയം എല്ലാം കൂടി കലര്‍ന്നു പ്രവര്‍ത്തിക്കന്നതിന്റെ പരിണിതഫലം കൂടിയാണിത്. ഷിദക്കു നേരെയുണ്ടായ പ്രവര്‍ത്തിയെ സൂര്യ ചോദ്യം ചെയ്തപ്പോള്‍ അതിനെ ഒറ്റുകൊടുത്തു, അല്ലെങ്കില്‍ മാറ്റി നിര്‍ത്തി സുരേഷ് ഗോപിയുടെ ബൈറ്റ് എടുത്തു തിരിച്ചു വന്ന മാധ്യമ പ്രവര്‍ത്തകരുടെ പ്രവൃത്തി സഹതപിക്കാന്‍ പോലും യോഗ്യമല്ലത്തതാണ്. സഹാനുഭൂതി കാണിക്കുമ്പോഴാണ് മാധ്യമ പ്രവര്‍ത്തനം ഉണ്ടാകുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹാനൂഭൂതി കാണിച്ചില്ലെന്നു മാത്രമല്ല അതിനെ സാധാരണമായി കാണാനും അവര്‍ക്കു കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇവര്‍ തന്നെയാണ് കുറ്റക്കാര്‍-സരിത എസ് ബാലന്‍, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍