UPDATES

ജീവിതം ബലി നല്‍കിയ ഗാസയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കൊരു ചരമ ഗീതം

വീണവരുടെ എണ്ണം നൂറു കവിയുമ്പോള്‍ അവരും അക്കങ്ങളായി ചുരുങ്ങുകയാണ്; ഹരിത സാവിത്രി

                       

‘മനുഷ്യര്‍ അക്കങ്ങളായി മാറുന്ന കാലമാണിത്. കഥകള്‍, സ്‌നേഹം, സ്വപ്നങ്ങള്‍, പ്രണയം, ആഗ്രഹങ്ങള്‍, എല്ലാം ബാക്കി വച്ചിട്ട് അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍ക്കടിയില്‍ ഒരിക്കലും കണ്ടെടുക്കപ്പെടാത്ത ശരീരമായോ സ്‌ഫോടനങ്ങളില്‍ ചിതറിത്തെറിച്ചോ വഴിവക്കില്‍ മുറിവേറ്റ് വീണു ചോര വാര്‍ന്നു മരിക്കുന്ന അനേകരില്‍ ഒന്നായി കൂട്ടക്കുഴിമാടങ്ങളില്‍ ഒടുങ്ങിയോ അക്കങ്ങളായിത്തീരുന്ന മനുഷ്യര്‍.

അവര്‍ക്കെല്ലാം മുഖം നല്‍കുക എന്നത് അസാധ്യമാണ്.

പക്ഷെ സ്വന്തം തൊഴില്‍ ചെയ്യുന്നതിന്റെ പേരില്‍, ചോരക്കൊതിയന്മാരുടെ ക്രൂരതകള്‍ ലോകത്തിന്റെ മുന്നിലെത്തിക്കുന്ന കുറ്റത്തിന്, സ്‌നൈപ്പറുകള്‍ തെരഞ്ഞു പിടിച്ചു വീഴ്ത്തുന്ന കുറെ മനുഷ്യരുണ്ട് ഈ ലോകത്ത്.

പത്ര പ്രവര്‍ത്തകര്‍. ശല്യക്കാരായ, അയവില്ലാത്ത സാക്ഷികള്‍.

വീണവരുടെ എണ്ണം നൂറു കവിയുമ്പോള്‍ അവരും അക്കങ്ങളായി ചുരുങ്ങുകയാണ്.

മറക്കില്ല എന്നു പറയുംപോലെ, ആ രക്തസാക്ഷിത്വത്തിനു മുന്നില്‍ വയ്ക്കുന്ന ഒരു ചോരയിറ്റുന്ന പൂവ് പോലെ, അക്കങ്ങള്‍ക്ക് പിന്നിലുള്ള പേരുകള്‍ കോറി വയ്ക്കാനുള്ള ഒരു ശ്രമമാണിത്.’

എഴുത്തുകാരി ഹരിത സാവിത്രി ഫെയ്‌സ്ബുക്കിലെഴുതിയ ഈ വരികള്‍ സത്യം ലോകത്തിനു മുന്നില്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ ജീവന്‍ ബലികൊടുക്കണ്ടി വന്ന മാധ്യമ പ്രവര്‍ത്തകരുടെ ചരമ ഗീതമാണ്. ഉന്നത അധികാരികളും മുഖ്യധാര മാധ്യമങ്ങളും ക്രൂരമായ നിശബ്ദത പാലിക്കുമ്പോള്‍ തന്റെ എഴുത്തിലൂടെ ലോകത്തോട് അവരെ മറക്കാന്‍ പാടില്ലെന്ന് ഉച്ചത്തില്‍ വിളിച്ച് പറയുകയാണ് ഹരിത സാവിത്രി. എന്തുകൊണ്ട് ഇങ്ങനെയൊരു നിലപാട് എടുത്തൂ എന്നതിനെക്കുറിച്ച് അഴിമുഖത്തോട് സംസാരിക്കുകയാണ് ഹരിത.

ഗാസയില്‍ മരണപ്പെട്ട പത്ര-മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വയരക്ഷയുറപ്പാക്കാം എന്ന മാര്‍ഗം മുന്നിലുണ്ടായിക്കെയാണ് അവര്‍ അവിടെ തുടരാന്‍ തീരുമാനിച്ചത്. അത് അവിടെ നടക്കുന്ന കാര്യങ്ങള്‍ ലോകത്തിന് മുമ്പില്‍ തുറന്നു കാട്ടണം എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. അവരിലൊരാള്‍ക്ക് പോലും പത്രപ്രവര്‍ത്തനം വെറുമൊരു ജോലിയായിരുന്നില്ല. പലരുടെയും വീടുകള്‍ ലക്ഷ്യം വച്ചുകൊണ്ടാണ് ആക്രമണം നടന്നിട്ടുള്ളത് എന്നു വിവരങ്ങള്‍ നോക്കിയാല്‍ മനസിലാക്കാന്‍ സാധിക്കും. മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേരെയും കുടുംബത്തോടൊപ്പമാണ് ഭൂമുഖത്തുനിന്ന് തുടച്ച് നീക്കിയിരിക്കുന്നത്. ഗാസയില്‍ തുടരുന്നതും വാര്‍ത്തകള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതും തങ്ങളുടെ ജീവന് തന്നെ ആപത്താണ് എന്ന് അറിഞ്ഞിട്ടും അവിടെ തന്നെ തുടര്‍ന്ന പോരാളികളാണ് അവര്‍. മരണ സംഖ്യ നൂറിലധികമായപ്പോള്‍ വെറും 100 മാധ്യമ പ്രവര്‍ത്തകര്‍ മരിച്ചു എന്ന ഒറ്റ തലക്കെട്ടില്‍ ആ വാര്‍ത്ത ഒതുങ്ങി പോകുന്നത് കണ്ടപ്പോഴാണ് ഞാന്‍ ഓരോരുത്തരെയും കുറിച്ച് അവരുടെ ത്യാഗത്തിനെ ആദരിക്കാനെന്നവണ്ണം ചെറുകുറിപ്പുകള്‍ എഴുതിത്തുടങ്ങിയത്.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വംശഹത്യകളിലൊന്നാണ് ഗാസയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. അതിനെതിരെ മറ്റ് രാജ്യങ്ങള്‍ വളരെ ക്രൂരമായൊരു നിശ്ശബ്ദതയാണ് പുലര്‍ത്തുന്നത്. ഈ നിസംഗതയ്ക്ക് പുറകില്‍ സാമ്പത്തിക താത്പര്യങ്ങളും രാഷ്ട്രീയതാത്പര്യങ്ങളുമുണ്ട്. മനുഷ്യ ജീവന് വില നല്‍കാത്ത സമീപനമാണ് ഗാസയെപ്പറ്റി പലരും കൈക്കൊണ്ടിരിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളിലും ഭീകരാക്രമങ്ങളിലും കലാപങ്ങളിലും മനുഷ്യര്‍ മരിക്കുമ്പോള്‍ ലോകം അതിനെ മറ്റൊരു തരത്തിലാണ് കാണുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഗാസയില്‍ ഒരു വംശത്തെ മുഴുവന്‍ ഇല്ലാതാക്കുന്ന സംഭവവികാസങ്ങള്‍ അരങ്ങേറിയിട്ടും ആരും ഒരു ചെറുവിരല്‍ പോലുമനക്കാന്‍ തയ്യാറാവുന്നില്ല. പലസ്തീനിലുള്ള മനുഷ്യര്‍ക്ക് വേണ്ടി പ്രതികരിച്ചാല്‍ എന്താണ് ഗുണം? മറിച്ച്, ഇസ്രയേലിനെ പിണക്കാതെയിരുന്നാല്‍ പലതുണ്ട് നേട്ടമെന്നരിയാവുന്ന ലോകരാജ്യങ്ങള്‍ മനസ്സാക്ഷിയില്ലാതെ, ലജ്ജയില്ലാതെ, ഈ ചോരപ്പുഴയ്‌ക്കെതിരെ മുഖം തിരിച്ചിരിക്കുന്നു.

ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലല്ലോ എന്ന നിസ്സഹായത പലപ്പോഴും എന്നെ വന്നു മൂടുന്നു. ഇത്തരം ശ്രമങ്ങളിലൂടെ ആ അവസ്ഥയെ മറി കടക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.

യുദ്ധങ്ങളിലും അതിനോടനുബന്ധിച്ചുള്ള മരണങ്ങളിലും വല്ലാത്തൊരു നിസ്സാരവത്കരണം നടക്കുന്നുണ്ട്. ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസങ്ങളില്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സാധാരണ മനുഷ്യരില്‍ ഞെട്ടലും ആശങ്കകളും ഉണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് അത് ഒരു പതിവായി മാറി. വിലനിലവാരം കേള്‍ക്കുന്നത് പോലെ നിര്‍വികാരമായി കേള്‍വിക്കാര്‍ കൂട്ടക്കൊലയെയും മനുഷ്യാവകാശ ലംഘനങ്ങളെയും യുദ്ധകാല കുറ്റ കൃത്യങ്ങളെയും അവഗണിച്ചു തുടങ്ങി. ഓരോ ദിവസം കഴിയുംതോറും യുദ്ധം സാധാരണവത്കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് അതാത് മാധ്യമ സ്ഥാപനങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതായി വരും എന്നത് ഒരു യാഥാര്‍ഥ്യമാണ് എങ്കിലും ഈ തൊഴിലില്‍ പാലിക്കേണ്ട മൂല്യങ്ങള്‍ മറന്നു കൊണ്ടാണ് മലയാള മാധ്യമ രംഗത്ത് പലരും പ്രവര്‍ത്തിക്കുന്നത്. സ്ഥാപനങ്ങളുടെയോ വ്യക്തിപരമായതോ ആയ രാഷ്ട്രീയ ചായ്വ് ഇല്ലാതെ, സത്യം പറയുകയാണ് തന്റെ ജോലി എന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന എത്ര മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടാവും ഇന്ന് കേരളത്തില്‍? മൂല്യച്യുതി സംഭവിക്കാത്തവരാകട്ടെ ഈ അഴുക്കുചാലിലെ ദുര്‍ഗന്ധം സഹിക്കാനാവാതെ മെല്ലെ പിന്മാറുകയും ചെയ്യുന്നു. പലസ്തീനിലെ പത്രപ്രവര്‍ത്തകരുടെ കഥ ഈ ജോലി ആവശ്യപ്പെടുന്ന സത്യസന്ധതയുടെയും ഉറച്ച നിലപാടുകളുടെയും ധൈര്യത്തിന്റെയും ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നതിനെ പറ്റിയാണ് ഞാന്‍ എഴുതിയ നോവല്‍ ആയ ‘സിന്‍’-ലും പറയുന്നത്. ഇപ്പോള്‍ ഗാസയില്‍ നടക്കുന്നുകൊണ്ടിരിക്കുന്ന വംശഹത്യയെക്ക് സമാനമായി 2015-16 കാലഘട്ടത്തില്‍ തുര്‍ക്കിയില്‍ കുര്‍ദുകള്‍ക്കെതിരെ നടന്ന വംശഹത്യയുടെ കഥയാണത്(തുര്‍ക്കി, സിറിയ, ഇറാഖ്, അര്‍മീനിയ എന്നീ നാലു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വംശമാണ് കുര്‍ദുകള്‍) യുദ്ധത്തിന്റെ ഭീകരതകള്‍ നേരിട്ട് കണ്ട വ്യക്തിയെന്ന നിലയില്‍, ഇപ്പോള്‍ ഗാസയില്‍ നടക്കുന്ന ക്രൂരതകള്‍ കാണുമ്പോള്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ എനിക്ക് നോവുന്നുണ്ട്. അവിടെ എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി വ്യക്തമായ ധാരണ എനിക്കുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ യുദ്ധം കുറച്ച് മനുഷ്യരെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കുക മാത്രമല്ല ചെയ്യുന്നത്. അനേകം നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ചരിത്ര സ്മാരകങ്ങളുടെയും സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളുടെയും ഓര്‍മ പോലും ഈ മണ്ണില്‍ ബാക്കി വയ്ക്കാതിരിക്കാനുള്ള ശ്രമമാണിത്. ഇന്ത്യയിലും ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ ചരിത്രത്തെ തന്നെ ഇല്ലാതാക്കാനും അല്ലെങ്കില്‍ അത് തിരുത്താനും വേണ്ടിയുള്ളതാണ്.

പലസ്തീനില്‍ യുദ്ധം തുടങ്ങിയ നാളുകളില്‍ വിരലുകള്‍ മരവിച്ചു പോയതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആദ്യ ദിവസങ്ങളില്‍ ഒന്നും എഴുതാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അവിടെ മരിച്ചു വീഴുന്ന മാധ്യമ പ്രവര്‍ത്തകരെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം ലഭിക്കുന്നില്ല എന്നത് എന്നെ വല്ലാതെ അലട്ടി. അങ്ങനെയാണ് അവരെപ്പറ്റി എഴുതിത്തുടങ്ങിയത്. അവരില്‍ ഓരോരുത്തര്‍ക്കും അഭിവാദ്യമര്‍പ്പിക്കുകയായിരുന്നു ഞാന്‍. അവരുടെ പേരിന്റെ ഉച്ചാരണം, വ്യക്തിപരമായ വിവരങ്ങള്‍, ജോലി, മരണ കാരണം, തുടങ്ങിയവയെ കുറിച്ച് ഒരു ചെറിയ അന്വേഷണം നടത്തിയതിനു ശേഷം ഇന്റര്‍നെറ്റില്‍ നിന്നും അതോടൊപ്പം മറ്റു സുഹൃത്തുക്കള്‍ വഴിയും ശേഖരിക്കുന്ന വിവരങ്ങളും ഉപയോഗിച്ചാണ് ഓരോരുത്തരെയും കുറിച്ച് എഴുതുന്നത്. പക്ഷെ പലരെയും പറ്റിയുള്ള വിവരങ്ങള്‍ കിട്ടാനില്ല എന്നത് നടുക്കുന്ന യാഥാര്‍ത്ഥ്യമാണ്. ആ മുഖങ്ങളില്‍ നോക്കിയിരുന്നും അവരുടെ വീടിന്റെയും മരിച്ച കുടുംബത്തിന്റെയും ചിത്രങ്ങളിലൂടെ പരതിയും, സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഓര്‍മകളിലൂടെ കടന്നു പോയും ഓരോ കുറിപ്പുകളും എഴുതുമ്പോള്‍, കണ്ണുനീരിന്റെ നനവുള്ള അക്ഷരങ്ങളാല്‍ ഞാന്‍ ആ പാദങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയാണ്.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍