UPDATES

‘മാധ്യമപ്രവര്‍ത്തനം കശ്മീരില്‍ മരിച്ചു, ശവമടക്കും കഴിഞ്ഞു’

എങ്ങനെയാണ് മാധ്യമ സ്വാതന്ത്ര്യം കശ്മീരില്‍ അടിച്ചമര്‍ത്തപ്പെടുന്നത് എന്നു വിശദീകരിക്കുന്ന ബിബിസി റിപ്പോര്‍ട്ട്

                       

ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയുടെ 2023- ലെ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 161 ആണ്. 180 രാജ്യങ്ങളുടെ കണക്കിലാണ്. ഇന്ത്യയില്‍ എങ്ങനെയാണ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും മാധ്യമ പ്രവര്‍ത്തകരും അടിച്ചമര്‍ത്തപ്പെടുന്നത് എന്നതിന് വെള്ളിയാഴ്ച്ച ബിബിസി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്  സഹായിക്കും. കശ്മീരിലെ മാധ്യമ പ്രവര്‍ത്തകരുടെ ദയനീയമായ അവസ്ഥയാണ് യോഗിത ലിമായെ അവരുടെ അന്വേഷാണത്മക മാധ്യമ പ്രവര്‍ത്തനത്തിലൂടെ തുറന്നു കാണിക്കുന്നത്.

ആസിഫ് സുല്‍ത്താന്‍ എന്ന മാധ്യമ പ്രവര്‍ത്തകനിലൂടെ ആരംഭിക്കുന്ന റിപ്പോര്‍ട്ടില്‍്, കഴിഞ്ഞ പത്തുവര്‍ഷമായി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞ കാര്യം, ഈ മേഖലയിലെ സ്വതന്ത്ര്യവും നീതിപൂര്‍വവുമായ മാധ്യമപ്രവര്‍ത്തനം നിശബ്ദമാക്കാന്‍ ആസൂത്രിതവും ദുഷിച്ചതുമായ പ്രചാരണം ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്നുവെന്നാണ് പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായി ഡസന്‍ കണക്കിന് മാധ്യമപ്രവര്‍ത്തകരെ-അവരില്‍ എഡിറ്റര്‍മാരും, റിപ്പോര്‍ട്ടര്‍മാരും, ഫോട്ടോ ജേര്‍ണലിസ്റ്റുകളും എല്ലാം ഉള്‍പ്പെടും-കണ്ടു സംസാരിച്ചതില്‍ എല്ലാവരും ഒരുപോലെ പറയുന്നത്, ഓരോ അറസ്റ്റുകളും തടവിലാക്കലും എല്ലാവര്‍ക്കമുള്ള മുന്നറിയിപ്പാണെന്നാണ്.

ഭീകരവാദവുമായി ബന്ധപ്പെടുത്തിയാണ് മാധ്യമ പ്രവര്‍ത്തകരെ കുടുക്കുന്നത്. ഒരു കേസില്‍ നിന്നും ജാമ്യം തേടി കോടതിയില്‍ നിന്നും ഇറങ്ങുമ്പോള്‍, അടുത്ത കേസ് ചുമത്തി വീണ്ടും അറസ്റ്റ് ചെയ്യുകയാണ്.

അസിഫ് സുല്‍ത്താന് മൂന്നുരവര്‍ഷത്തിനുശേഷമാണ് കോടതി ജാമ്യം അനുവദിക്കുന്നത്. ഏപ്രില്‍ 10 ന് ജയില്‍ മോചിതനാകുന്ന ആസിഫിനെ സ്വീകരിക്കാന്‍ കുടുംബം എത്തിയെങ്കിലും അവര്‍ക്ക് അയാളെ കാണാന്‍ പോലും കഴിഞ്ഞില്ല. മറ്റൊരു കേസ് ചുമത്തി ആസിഫിനെ കശ്മീരിന് പുറത്തുള്ള ജയിയിലേക്ക് മാറ്റി.

തീവ്രവാദികള്‍ക്ക് സഹായം ചെയ്തു എന്ന കുറ്റത്തിന് യുഎപിഎ ചുമത്തിയാണ് ആസിഫിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. രണ്ടാമത് ചാര്‍ത്തിയതും മറ്റൊരു വിവാദ വകുപ്പായിരുന്നു-പബ്ലിക് സേഫ്റ്റി ആക്ട്( പി എസ് എ). ഈ വകുപ്പ് പ്രകാരം ഒരാളെ കുറ്റം ചുമത്താതെ തന്നെ രണ്ടു വര്‍ഷം വരെ തടവില്‍ വയ്ക്കാം. ആസിഫിന് തീവ്രവാദികളുമായി യാതൊരു ബന്ധവുമില്ലെന്നാണ് കുടുംബം ആണയിട്ട് പറയുന്നത്. അയാള്‍ നിര്‍ഭയനായൊരു റിപ്പോര്‍ട്ടര്‍ മാത്രമായിരുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ആസിഫ് ജയിലിലാണ്. 2017 മുതല്‍ കുറഞ്ഞത് ഏഴ് കശ്മീരി മാധ്യമപ്രവര്‍ത്തകരെങ്കിലും തടവറയ്ക്കുള്ളിലുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫഹദ് ഷാ ഒരു ഡിജിറ്റല്‍ മാഗസിന്റെ എഡിറ്ററായിരുന്നു. തീവ്രവാദം പ്രചരിപ്പിച്ചു എന്ന കുറ്റം ചാര്‍ത്തിയാണ് 2022 ല്‍ ഫഹദിനെ അറസ്റ്റ് ചെയ്തത്. അതിനും ഒരു മാസം മുമ്പാണ് പ്രദേശവാസികളായ ജനങ്ങള്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് സജാദ് ഗുല്ലിനെ അറസ്റ്റ് ചെയ്തത്. ഫഹദും സാജിദും ഓരോ തവണ ജാമ്യം നേടുമ്പോഴും അവരെ കാത്ത് പുതിയ കേസുമായി പൊലീസ് ഉണ്ടായിരിക്കും.

ഏറ്റവും ഒടുവിലായി നടന്ന അറസ്റ്റ് ഇര്‍ഫാന്‍ മിറാജിന്റെതാണ്. തീവ്രവാദ ഫണ്ടിംഗ് എന്ന ആരോപണത്തിലാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ എഴുതിയിട്ടുള്ള ഇര്‍ഫാനെ ഈ വര്‍ഷം അറസ്റ്റ് ചെയ്തത്.

മാധ്യമപ്രവര്‍ത്തകരെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്ത് തടവിലാക്കുന്നതില്‍ എന്ത് വിശദീകരണമാണ് കശ്മീരിലെ പ്രാദേശിക ഭരണസംവിധാനത്തിനുള്ളതെന്നറിയാന്‍ പല രീതിയിലും ബിബിസി ബന്ധപ്പെട്ടെങ്കിലും യാതൊരു മറുപടിയും കിട്ടിയിട്ടില്ല.

മേയില്‍ ജി20 യോഗം ശ്രീനഗറില്‍ നടന്ന സമയത്ത്, കശ്മീരിലെ ഉന്നത ഉദ്യോഗസ്ഥനായ മനോജ് സിന്‍ഹയോട് മാധ്യമപ്രവര്‍ത്തനം അടിച്ചമര്‍ത്തുന്നതിനെയും മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിന്നതിനെയും കുറിച്ച് ബിബിസി ചോദിച്ചിരുന്നു. അന്ന് മനോജ് സിന്‍ഹയുടെ മറുപടി; ‘ മാധ്യമങ്ങള്‍ എല്ലാ സ്വാതന്ത്ര്യവും ഇവിടെ ആസ്വദിക്കുകയാണ്. തീവ്രവാദ കുറ്റം ചുമത്തിയവരെയും സാമൂഹിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെയുമാണ് അറസ്റ്റ് ചെയ്യുന്നതും തടവിലാക്കുന്നതും. അല്ലാതെ, മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെയോ വാര്‍ത്തകളെഴുതുന്നവരെയോ അല്ല’ എന്നായിരുന്നു.

ഭരണകൂട പ്രതിനിധികള്‍ക്ക് ആവര്‍ത്തിക്കാന്‍ ഈയൊരു മറുപടിയാണുള്ളത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. ഓരോ വാര്‍ത്തയുടെയും പേരില്‍ പൊലീസ് തങ്ങളെ തേടി വരാറുണ്ടെന്നാണ് അവര്‍ പറയുന്നത്. വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ തടവിലാക്കപ്പെടുന്ന സംഭവങ്ങള്‍ ഏറെയുണ്ടെന്നാണ് പറഞ്ഞത്. ‘എന്തിന് ആ വാര്‍ത്തയെഴുതിയെന്നായിരിക്കും ചോദ്യം. പിന്നീട് മുന്നറിയിപ്പും ഭീഷണിയുമാണ്. നിന്നെയും നിന്റെ കുടുംബത്തെയും കുറിച്ച് ഞങ്ങള്‍ക്കെല്ലാം അറിയാമെന്ന് ഭീഷണി. അതിന് പിന്നാലെ ഒന്നുകില്‍ നമ്മള്‍ അറസ്റ്റ് ചെയ്യപ്പെടാം, അല്ലെങ്കില്‍ ഉപദ്രവിക്കപ്പെടാം’ ഒരു മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണമായി ബിബിസി ചേര്‍ത്തിരിക്കുന്നു.

യോഗിത ലിമായെ പറയുന്നത്, താന്‍ സംസാരിച്ച 90 ശതമാനം കശ്മീരി ജേര്‍ണലിസ്റ്റുകളും പറയുന്നത്, അവരെഴുതിയ സ്റ്റോറിയുടെ പേരില്‍ ഒരിക്കലെങ്കിലും പൊലീസിന്റെ അന്വേഷണം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ്. ചിലരുടെ കാര്യത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ.

വാര്‍ത്തയുടെ പേരില്‍ പൊലീസില്‍ നിന്നും വരുന്ന ഓരോ ഫോണ്‍ കോളുകള്‍ക്കും പിന്നാലെ കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ ഭയത്തിലാഴ്ന്നു പോവുകയാണ്. കാരണം, വിളിക്കുന്നവര്‍ അവരെ കുറിച്ച് മാത്രമല്ല, കുടുംബത്തിലെ ഓരോരുത്തരെക്കുറിച്ചും അന്വേഷിക്കുന്നു, ഓരോരുത്തരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പറയുന്നു. തനിക്ക് മാത്രമല്ല തന്റെ കുടുംബത്തിനും കഷ്ടതകള്‍ നേരിടേണ്ടി വരുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പേടിക്കുന്നു. തന്നെപ്പോലും തന്റെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണെന്നറിയുമ്പോള്‍ ദുര്‍ബലരായി പോകുന്നു.

കശ്മീരിലെ ഒരോ സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകനുമേലും പൊലീസും ഭരണകൂടവും ചാര്‍ത്തിവച്ചിരിക്കുന്ന ചില ‘വിശേഷണങ്ങളുണ്ട്’. ദേശവിരുദ്ധന്‍, തീവ്രവാദ അനുകൂലി, പാകിസ്താന്‍ പക്ഷ റിപ്പോര്‍ട്ടര്‍ എന്നിങ്ങനെ. ‘ കശ്മീരിലെ മാധ്യമപ്രവര്‍ത്തകരെ ക്രിമിനലുകളെ പോലെയാണ് പരിഗണിക്കുന്നത്. എല്ലാവശവും തുറന്നു കാണിക്കലാണ് മാധ്യമപ്രവര്‍ത്തകരുടെ ജോലിയെന്നു പോലും അവര്‍ മനസിലാക്കുന്നില്ല’.

കശ്മീരിലെ ജനജീവിതം, ജനങ്ങളുടെ പ്രതികരണങ്ങള്‍, അതിര്‍ത്തി പ്രശ്‌നങ്ങള്‍, അയല്‍ രാജ്യങ്ങള്‍ മൂലമുള്ള പ്രതിസന്ധികള്‍; ഇവയൊന്നും പുറം ലോകം അറിയരുതെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്. ഇത്തരം വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തകരിലൂടെ പുറത്തു വരാതിരിക്കാനും ശ്രമിക്കുന്നുവെന്നാണ് കശ്മീരി ജേര്‍ണലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു പിന്നാലെയാണ് മാധ്യമങ്ങളെ പൂര്‍ണമായി കൂച്ചുവിലങ്ങിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.

അഞ്ചു വര്‍ഷമാകുന്നു ഇവിടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസംവിധാനമില്ലാതായിട്ട്. കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി ചീഫ് ജസ്റ്റീസ് സര്‍ക്കാരിനോട് ചോദിച്ചത്, എന്നിവിടെ തെരഞ്ഞെടുപ്പ് നടത്തുമെന്ന്. ജനാധിപത്യത്തിന്റെ പുനസ്ഥാപനമാണ് ചീഫ് ജസ്റ്റീസ് ഉദ്ദേശിച്ചത്. എപ്പോള്‍ വേണണെങ്കിലും തെരഞ്ഞെടുപ്പ് നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറഞ്ഞെങ്കിലും കൃത്യമായൊരു തീയതി അവര്‍ക്കില്ല. ജനാധിപത്യ സംവിധാനം ഇല്ലാത്തതാണ് ജേര്‍ണലിസ്റ്റുകളുടെയും പ്രശ്‌നം. തങ്ങളുടെ പ്രശ്‌നവുമായി അവര്‍ക്ക് ഉദ്യോഗസ്ഥന്മാരെയല്ലാതെ മറ്റാരെയും സമീപിക്കാനില്ല.

മാധ്യമപ്രവര്‍ത്തകരെ ഭയക്കുന്നു എന്നതിനുള്ള മറ്റൊരു തെളിവായിരുന്നു, പുലിസ്റ്റര്‍ പുരസ്‌കാര ജേതാവ് ഉള്‍പ്പെടെ നാല് ജേര്‍ണലിസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്ര വിലക്ക്. അവര്‍ക്ക് ഇന്ത്യ വിട്ടു പോകാന്‍ കഴിയില്ല. ഒരു കാരണവും പറയാതെയാണ് ഈ വിലക്ക്. 2022 ലെ പുലിസ്റ്റര്‍ സമ്മാന ജേതാവായ ഫോട്ടോ ജേര്‍ണലിസ്റ്റ് സന്ന ഇര്‍ഷാദ് മട്ടൂവിനെയും തടഞ്ഞിരുന്നു. പുരസ്‌കാരം സ്വീകരിക്കാന്‍ ന്യുയോര്‍ക്കിലേക്ക് പോകാന്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയ സന്നയെ തടയുകയായിരുന്നു. അവരുടെ വീസയും മറ്റ് യാത്ര രേഖകളും എല്ലാം കൃത്യമായിരുന്നിട്ടും, അകാരണമായി അവര്‍ തടയപ്പെടുകയായിരുന്നു.

ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്, യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഡസണ്‍ കണക്കിന് കശ്മീരി മാധ്യമപ്രവര്‍ത്തകരുണ്ട് എന്നാണ്. എന്നാല്‍ അവരുടെ പേര് വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല. മിക്കവരുടെ പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കാതിരിക്കുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്. ‘ സുരക്ഷ ഭീഷണി’ പറഞ്ഞാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്.

കശ്മീരില്‍ ഇപ്പോള്‍ സത്യം തുറന്നു പറയുന്ന റിപ്പോര്‍ട്ടുകള്‍ എഴുതാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ സമ്മതിക്കുന്നത്. സര്‍ക്കാരിന്റെ പി ആര്‍ വര്‍ക്ക് ആയിട്ടുള്ള റിപ്പോര്‍ട്ടുകളാണെങ്കില്‍ കുഴപ്പമുണ്ടാകില്ല. തങ്ങളെഴുതുന്ന റിപ്പോര്‍ട്ട് പല ആവര്‍ത്തി വായിച്ചു നോക്കേണ്ട അവസ്ഥയാണ്, ആദ്യം ഒരു മാധ്യമ പ്രവര്‍ത്തകനായിട്ട്, പിന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥനായിട്ട്. എവിടെയാണ് കുഴപ്പം എന്ന് കണ്ടെത്തണം. എഡിറ്റര്‍മാര്‍ക്ക് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ വരും; എന്ത് എഴുതണം, എഴുതരുതെന്നുള്ള നിര്‍ദേശം. ‘സമരം’, ‘പ്രതിഷേധം’ എല്ലാം തീവ്രവാദം ആക്കി വേണം എഴുതാന്‍ എന്നതും നിര്‍ബന്ധം. താത്പര്യത്തോടെയല്ലെങ്കിലും ഭയം കൊണ്ട്, പറയുന്നത് അനുസരിച്ചുള്ള മാധ്യമപ്രവര്‍ത്തനം നടത്തേണ്ടി വരികയാണ്. പ്രസ് റിലീസുകള്‍ കൊണ്ട് മുന്‍ പേജ് അടക്കം നിറയ്‌ക്കേണ്ടി വരികയാണ്.

‘ഭയത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്, ഏതൊരു വാര്‍ത്തയും ഞങ്ങളുടെ അവസാനത്തേതാകാം. പിന്നെ നിങ്ങള്‍ ജയിലിലായിരിക്കും’- യോഗിതയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ പങ്കുവച്ച ആശങ്കയാണ്.

‘മാധ്യമപ്രവര്‍ത്തനത്തിന്റെ ശവമടക്ക് കശ്മീരില്‍ നടന്നിരിക്കുന്നു’ എന്നായിരുന്നു മറ്റൊരാള്‍ക്ക് പറയാനുണ്ടായിരുന്നത്.

ബിബിസി പ്രസിദ്ധീകരിച്ച ‘Any story could be your last’ þ India’s crackdown on Kashmir prsse എന്ന റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് അഴിമുഖം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്

Related news


Share on

മറ്റുവാര്‍ത്തകള്‍