December 11, 2024 |
Share on

ജയിലില്‍ കൊല്ലപ്പെട്ടേക്കുമെന്ന് കുടുംബം പരാതിപ്പെട്ട ഉത്തര്‍പ്രദേശ് മുന്‍ എംഎല്‍എ മരിച്ചു

ഹൃദയാഘാതമെന്ന് വിശദീകരണം

മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് ഉത്തര്‍പ്രദേശ് മുന്‍ എംഎല്‍എ മുക്താര്‍ അന്‍സാരിയുടെ അഭിഭാഷകര്‍ സുപ്രിം കോടതിയെ സമീപിച്ചത്. ജയിലില്‍ കിടക്കുന്ന അന്‍സാരി, അവിടെ വച്ച് കൊല്ലപ്പെടാനുള്ള സാധ്യതയുണ്ടെന്നായിരുന്നു അഭിഭാഷകരുടെ പരാതി. അതേ മുക്താര്‍ അന്‍സാരി വെള്ളിയാഴ്ച്ച മരിച്ചു. മരണകാരണം ഹൃദയാഘാതം എന്നാണ് ഔദ്യോഗിക വിശദീകരണം.

മാര്‍ച്ച് 28 വ്യാഴാഴ്ച്ച രാവിലെ 8.25 ഓടെയാണ് അബോധാവസ്ഥയിലായ അന്‍സാരിയെ റാണി ദുര്‍ഗാദേവി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നതെന്നാണ് ആശുപത്രിയില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ എമര്‍ജന്‍സി വാര്‍ഡിലേക്ക് മാറ്റിയെന്നും ഒമ്പതംഗ ഡോക്ടര്‍മാര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും ഹൃദയാഘാതം 63 കാരനായ അന്‍സാരിയുടെ ജീവനെടുത്തുവെന്നും പ്രസ്താവനയില്‍ പറയുന്നു. മരണത്തിന് രണ്ടു ദിവസം മുമ്പ് അന്‍സാരി ബോധരഹിതനായി വീണിരുന്നുവെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.

എന്നാല്‍, അന്‍സാരിയുടെത് കൊലപാതകമാണെന്നാണ് അദ്ദേഹത്തിന്റെ സഹോദരന്‍ അഫ്‌സല്‍ അന്‍സാരി പറയുന്നത്. ഗൂഢാലോചന നടത്തിയ ജയിലില്‍ വച്ച് അന്‍സാരിക്ക് വിഷം കൊടുത്തതാണെന്നാണ് സഹോദരന്റെ ആരോപണം. മുന്‍ എംപിയായ അഫ്‌സല്‍ ഇത്തവണയും സമാജ്‌വാദി ടിക്കറ്റില്‍ ഗാസിപൂരില്‍ നിന്നും മത്സരിക്കുന്നുണ്ട്. അന്‍സാരിയുടെ മരണത്തെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2023 ഡിസംബറില്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അന്‍സാരിയുടെ ഇളയ മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചതും ബാന്ദ ജയിലില്‍ പിതാവിനെ കൊല്ലാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നായിരുന്നു. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കിയാണ് അന്‍സാരിയെ ജയില്‍ അടച്ചത്.

2017-ല്‍ അധികാരത്തില്‍ കയറിയ നാള്‍ മുതല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബിജെപിയുടെയും റഡാറില്‍ ഉള്ളയാളാണ് മുക്താര്‍ അന്‍സാരി എന്നാണ് ദേശീയ മാധ്യമങ്ങള്‍ എഴുതുന്നത്.

വയറുവേദനയെ തുടര്‍ന്ന് മാര്‍ച്ച് 26 നും അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജയിലിലെ ശുചി മുറിയില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്നാണ് ബാന്ദ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മലമൂത്ര വിസര്‍ജനത്തിന് കഴിയാത്ത വിധം ആരോഗ്യപ്രശ്‌നം നേരിട്ട അന്‍സാരിയെ രോഗം ഭേദമായതിനെ തുടര്‍ന്നാണ് തിരിച്ച് ജയിലില്‍ കൊണ്ടുവന്നതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

മാര്‍ച്ച് 26 ന് അന്‍സാരിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും അഫ്‌സല്‍ ആരോപിച്ചത്, തന്റെ സഹോദരന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയിട്ടുണ്ടെന്നായിരുന്നു. മാര്‍ച്ച് 21 ന് ബരാബങ്കിയിലെ എംപി/എംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍, മാര്‍ച്ച് 19 ന് തനിക്ക് ജയിലില്‍ ഭക്ഷണത്തോടൊപ്പം വിഷം കലര്‍ന്ന വസ്തുക്കളും നല്‍കിയിരുന്നുവെന്നും തുടര്‍ന്ന് തനിക്ക് അസ്വസ്ഥതയും കൈകാലുകള്‍ക്ക് വേദനയും അനുഭവപ്പെട്ടതായും അന്‍സാരി ആരോപിച്ചിരുന്നു. ഭക്ഷണത്തില്‍ കലര്‍ത്തിയ വിഷം സാവധാനം തന്റെ ശരീരത്തില്‍ വ്യാപിക്കുന്നുണ്ടെന്നായിരുന്നു അന്‍സാരിയുടെ പരാതി. കഴിഞ്ഞ കുറച്ച് നാളുകളായി തന്റെ സഹോദരന്റെ ആരോഗ്യം ക്ഷയിച്ചു വരികയാണെന്നും, കോടതിയില്‍ വരാന്‍ പോലും വയ്യാത്ത വിധം ആരോഗ്യം മോശമായിരുന്നുവെന്നുമാണ് നിലവില്‍ ഗാസിയപൂര്‍ എംപിയായ അഫ്‌സല്‍ പറയുന്നത്.

ഉത്തര്‍പ്രദേശിന് പുറത്തുള്ള ജയിലിലേക്ക് പിതാവിനെ മാറ്റണമെന്നായിരുന്നു മകന്‍ ഉമര്‍ സുപ്രിം കോടതിയോട് അപേക്ഷിച്ചത്. ജയിലില്‍ യാതൊരുവിധ ബുദ്ധിമുട്ടും അന്‍സാരിക്ക് ഉണ്ടാകില്ലെന്നും, ആവശ്യമായ സുരക്ഷ ഏര്‍പ്പാടാക്കുമെന്നുമായിരുന്നു യോഗി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഉറപ്പ്.

മുന്‍ എം പി ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും മെഡിക്കല്‍ പരിശോധനയ്ക്ക് പൊലീസ് സംരക്ഷണയില്‍ പോകവെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഉമര്‍ തന്റെ പിതാവിന്റെ കാര്യത്തിലുള്ള ഉത്കണ്ഠ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. ചാനല് കാമറകള്‍ക്ക് മുന്നിലായിരുന്നു അഹമ്മദ് സഹോദരന്മാര്‍ കൊല്ലപ്പെടുന്നത്. ഈ വര്‍ഷം ജനുവരി 16ന് സുപ്രിം കോടതി ഡിവിഷന്‍ ബഞ്ച് സാധ്യമായ എല്ലാ സുരക്ഷ സജ്ജീകരണവും അന്‍സാരിക്ക് ഏര്‍പ്പെടുത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഉമറിന്റെ ഹര്‍ജിയില്‍ അടുത്ത വാദം വരുന്ന ജൂലൈയിലെ മൂന്നാമത്തെ ആഴ്ച്ച കേള്‍ക്കാനിരിക്കുകയായിരുന്നു.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്നും അഞ്ചു തവണ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് മുക്താര്‍ അന്‍സാരി. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് മുക്താര്‍ ഭരണകൂടത്തിന്റെ നോട്ടപുള്ളിയായത്. യോഗി സര്‍ക്കാര്‍ അന്‍സാരിയെ മുദ്രകുത്തിയത് ‘ ഗ്യാങ്‌സ്റ്റര്‍’ ആയിട്ടാണ്. ഐഎസ്191 എന്ന ഗൂണ്ടാ സംഘത്തിന്റെ തലവനാണ് അന്‍സാരിയെന്ന് സര്‍ക്കാര്‍ ആരോപിച്ചു. വിവിധ ക്രിമിനല്‍ കേസുകള്‍ അന്‍സാരിക്കും മൂത്തമകനും നിലവിലെ എംഎല്‍എയുമായ അബ്ബാസ് അന്‍സാരി, മുക്താറിന്റെ സഹോദരന്‍ അഫ്‌സല്‍ തുടങ്ങിയവര്‍ക്കെതിരേ ചുമത്തി. അന്‍സാരി കുടുംബത്തിന്റെ കോടികള്‍ വില വരുന്ന വസ്തുവകകള്‍ അനധികൃത കൈയേറ്റം എന്നാരോപിച്ച് സര്‍ക്കാര്‍ തച്ചുതകര്‍ത്തു.

2023 ഡിസംബര്‍ വരെ അന്‍സാരിയുമായി ബന്ധമുള്ള അഞ്ചു പേരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് ‘ ഏറ്റുമുട്ടലില്‍’ വധിച്ചത്. 292 ഓളം പേരെ വിവിധ കുറ്റങ്ങള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു.

2023 ഡിസംബര്‍ 15 ന് വരാണസി കോടതിയാണ് 1997 ല്‍ ചാര്‍ജ് ചെയ്‌തൊരു ക്രിമനല്‍ കേസില്‍ അന്‍സാരിയെ ആറ് വര്‍ഷത്തെ തടവിന് വിധിച്ചത്.കൊലപാതകങ്ങള്‍ അടക്കം വിവിധ കേസുകളില്‍ അന്‍സാരിയെ കുറ്റക്കാരനാണെന്ന് വിധിച്ചിട്ടുണ്ട്. അന്‍സാരിയുടെ മൂത്തമകന്‍ അബ്ബാസ് അന്‍സാരി എംഎല്‍എയും ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.

×