യോഗി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ സംഭവിച്ചതാണ്. ത്രിപ്ത ത്യാഗി എന്ന അധ്യാപിക മുസ്ലീം വിഭാഗത്തിലെ ഇര്‍ഷാദിന്റെ മകന്‍ അല്‍തമാഷിനെ ക്ലാസില്‍ മുന്നില്‍ നിര്‍ത്തുന്നു. മന്‍സൂര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ കുബാപ്പൂരിലെ നീഹ പബ്ലിക്ക് സ്‌കൂളിലെ ക്ലാസ്സ് മുറിയിലെ കുട്ടികളില്‍ നിന്ന് മുസ്ലിം കുട്ടിയെ തെരഞ്ഞുപിടിച്ചു നിര്‍ത്തിയ ശേഷം ഓരോ ഹിന്ദു കുട്ടികളോടും വന്ന് മുസ്ലീം കുട്ടിയുടെ മുഖത്തടിക്കാന്‍ പറയുകയാണ് ക്ലാസ്സ് അധ്യാപികയായ ത്രിപ്ത ത്യാഗി. ഇത് ചെയ്യേണ്ടത് തന്റെ കടമയാണെന്നും എല്ലാ മുസ്ലീം കുട്ടികളെയും ഞാന്‍ തല്ലുന്നുണ്ടെന്നും സ്‌കൂളിന്റെ ഉടമ കൂടിയായ ത്രിപ്ത ത്യാഗി അഭിമാനത്തോടെ പറയുന്നു. ശക്തമായി തല്ലാത്തതിന് അവര്‍ ചില കുട്ടികളെ ശാസിക്കുന്നു. സാമൂഹ്യ മാധ്യമങ്ങില്‍ വയറലായ വീഡിയോയില്‍ വേറെ ഒരാള്‍ അദ്ധ്യാപികയെ അഭിനന്ദിക്കുന്നതും ചിരിക്കുന്നതും കേള്‍ക്കാം.
സംഭവം ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നു. ഒവൈസിയും, ശശി തരൂരും വളരെ ശക്തിയായി സംഭവത്തിനെതിരെ പ്രതികരിച്ചു കഴിഞ്ഞു. മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്ത് വന്നത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുട്ടിയെ സ്‌കൂളില്‍ നിന്ന് മാറ്റുകയാണെന്നും പോലീസില്‍ പരാതിയുമായി പോകുന്നില്ലെന്നും പിതാവ് പ്രതികരിച്ചു. പിതാവും കുടുംബവും ഭയം മൂലമാണ് ഒഴിഞ്ഞു മാറുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉത്തര്‍പ്രദേശിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജി 20 നടക്കുവാന്‍ ഇരിക്കുന്ന അവസരത്തില്‍ ഇത്തരം സംഭവങ്ങള്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടാകുന്നത് രാഷ്ട്രത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ത്രിപ്ത ത്യാഗിക്കെതിരെയും നീഹ സ്‌കൂളിനെതിരെയും നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പും പോലീസും അറിയിച്ചിട്ടുണ്ട്