UPDATES

‘രാത്രിയില്‍ മാത്രം വിളിക്കുന്ന യോഗങ്ങള്‍, സാരി പിടിച്ചു വലിക്കലും, ദേഹത്ത് തൊടലും’

തൃണമൂല്‍ നേതാക്കളുടെ ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞു സ്ത്രീകള്‍

                       

പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ നടത്തിയ ലൈംഗിക ചൂഷണത്തിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. സംഭവങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ബിജെപി-തൃണമൂല്‍ രാഷ്ട്രീയ പോരും മുറുകിയിരിക്കുകയാണ്. ബിജെപി ഇതൊരു സുവര്‍ണാവസരമായി ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ബിജെപി പ്രവര്‍ത്തകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. തെരുവുകളില്‍ പട്രോളിംഗ് നടത്തുന്ന പൊലീസ്, സുരക്ഷ ഉദ്യോഗസ്ഥരാണ് കൂടുതല്‍.

ലൈംഗിക ചൂഷണത്തിന് ഇരകളായവരില്‍ അഞ്ചോളം സ്ത്രീകളോട് ദ ഇന്ത്യന്‍ എക്‌സ്പ്രസ് സംസാരിച്ചിരുന്നു. ആ സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പത്രത്തോട് പങ്കുവച്ചിട്ടുണ്ട്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഉള്‍പ്പെട്ട സന്ദേശ്ഖാലി ഗ്രാമം തൃണമൂലിന്റെ ശക്തികേന്ദ്രമാണ്. ഭയംകൊണ്ടാണ് തങ്ങള്‍ നിശബ്ദരായിരുന്നതെന്നാണ് സ്ത്രീകള്‍ പറയുന്നത്. ഇപ്പോഴവര്‍ക്ക് ധൈര്യം വന്നിട്ടുണ്ട്. അതിനു പ്രധാനകാരണം ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാന്‍ പ്രതിരോധത്തിലായതോടെയാണ്. കഴിഞ്ഞ മാസം ഇഡി വീട്ടില്‍ റെയ്ഡിനു വന്നതിനു പിന്നാലെ ഷാജഹാന്‍ ഒളിവിലാണ്. പ്രദേശത്തെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവ് ഭയന്ന് പിന്തിരിഞ്ഞിരിക്കുന്ന സാഹചര്യമാണ് ഉപദ്രവിക്കപ്പെട്ട സ്ത്രീകള്‍ക്ക് പലതും തുറന്നു പറയാന്‍ ധൈര്യം കൊടുത്തത്. ഷെയ്ഖ് ഷാജഹാന്റെ അടുത്ത അനുയായി ഉത്തം സര്‍ദാര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് സ്ത്രീകള്‍ പരാതി ഉയര്‍ത്തുന്നത്.

പാര്‍ട്ടി യോഗം ഉണ്ടെന്നു പറഞ്ഞ് രാത്രികാലങ്ങളില്‍ റിസോര്‍ട്ടുകളിലേക്കോ പാര്‍ട്ടി ഓഫിസിലേക്കോ സ്‌കൂള്‍ കെട്ടിടങ്ങളിലേക്കോ നേതാക്കള്‍ തങ്ങളെ വിളിപ്പിക്കുമെന്നാണ് സ്ത്രീകള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്.

‘രാത്രി 10 മണിക്ക് പാര്‍ട്ടിയോഗത്തിന് വിളിച്ചാല്‍ നിങ്ങള്‍ എന്താണതില്‍ കരുതുക? അവര്‍ ഞങ്ങളുടെ സാരിയില്‍ പിടിച്ചു വലിക്കും, അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍, ഇഷ്ടമുള്ളിടത്ത് സ്പര്‍ശിക്കും. എനിക്കിത്തരം അനുഭവങ്ങള്‍ നിരവധി തവണയുണ്ടായിട്ടുണ്ട്, എനിക്ക് മാത്രമല്ല പല സ്ത്രീകള്‍ക്കും’-ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിച്ച ഒരു 20 കാരി പറയുന്ന കാര്യങ്ങളാണിത്. അവളും മറ്റുള്ളവരും തൃണമൂല്‍ അനുഭാവികളും പഞ്ചായത്തിന് കീഴിലുള്ള സ്വാശ്രയസംഘത്തിലെ അംഗങ്ങളുമാണ്. സ്വാശ്രയസംഘത്തിന്റെ യോഗം എന്നു പറഞ്ഞാണ് അസമയത്തുള്ള യോഗം വിളിക്കല്‍, 2020 മുതല്‍ ഇത്തരം വ്യാജയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കല്‍ നടക്കുന്നുണ്ടെന്നും യുവതി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

മറ്റൊരു 20 കാരിയുടെ അനുഭവം ഇങ്ങനെയാണ്: സ്വാശ്രയസംഘത്തിന്റെ, അല്ലെങ്കില്‍ പാര്‍ട്ടിയുടെ യോഗം ഉണ്ടെന്നു പറഞ്ഞാണ് അവര്‍ ഞങ്ങളെ വിളിക്കുന്നത്. ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ യോഗത്തിനൊന്നും വിളിക്കില്ല. ഞങ്ങളവിടെ ചെല്ലുമ്പോള്‍ അവര്‍ പെട്ടെന്നൊരു മീറ്റിംഗ് തട്ടിക്കൂട്ടി അവസാനിപ്പിക്കും. പാര്‍ട്ടിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുക മാത്രമാണ് യോഗത്തില്‍ നടക്കുന്നത്. ഞങ്ങളില്‍ കുറച്ചു പേരോട് ഭക്ഷണം പാകാന്‍ ചെയ്യാന്‍ ആവശ്യപ്പെടും, ഞാനുള്‍പ്പെടെയുള്ളവരോട് മാറി നില്‍ക്കാന്‍ പറയും. അവര്‍ ഞങ്ങളുടെ സാരിയില്‍ പിടിച്ചു വലിക്കും, അനാവശ്യമായി ദേഹത്ത് സ്പര്‍ശിക്കും, എതിര്‍ത്താല്‍ എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയാം’. തങ്ങളുടെ കുടുംബ വസ്തുക്കളും പ്രാദേശിക ടിഎംസി നേതാക്കന്മാര്‍ കൈയേറിയെടുത്തിട്ടുണ്ടെന്നും ഈ യുവതി പരാതിപ്പെടുന്നു.

‘ഇപ്പോള്‍ പോലും ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ എത്ര ബുദ്ധിമുട്ടുണ്ടെന്ന് നിങ്ങള്‍ മനസിലാക്കണം. ഇപ്പോള്‍ ഞങ്ങളിതിന് തയ്യാറായതിനു കാരണം ഷെയ്ഖ് ഷാജഹാന്‍ ഒളിവില്‍പ്പോയതു കൊണ്ടും, മറ്റ് ടിഎംസി നേതാക്കള്‍ പിന്‍വലിഞ്ഞു നില്‍ക്കുന്നതുകൊണ്ടുമാണ്’- ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിച്ച മറ്റൊരു സ്ത്രീ പറയുന്നു.

പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാത്തവരുടെ ലിസ്റ്റ് നേതാക്കന്മാര്‍ സൂക്ഷിക്കുമെന്നാണ് വേറൊരു സ്ത്രീ പറയുന്നത്. ‘ആരോഗ്യപ്രശ്‌നമുള്ളതുകൊണ്ട് ഒരിക്കല്‍ എനിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അതിന്റെ പേരില്‍ മാര്‍ക്കറ്റിലിട്ട് അവരെന്റെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു. യോഗ സ്ഥലത്തേക്ക് പോകാന്‍ അവരുടെ ബൈക്കില്‍ കയറാന്‍ ഞങ്ങളെ നിര്‍ബന്ധിക്കും. പറ്റില്ല എന്നു പറയാന്‍ കഴിയില്ലായിരുന്നു’- ആ സ്ത്രീ പറയുന്നു.

തങ്ങളെല്ലാവരും തൃണമൂലിന് വോട്ട് ചെയ്തവരാണെന്നാണ് അഞ്ചാമത്തെ സ്ത്രീ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. ഗവര്‍ണര്‍ വന്നപ്പോള്‍ എല്ലാക്കാര്യവും തങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും ആ സ്ത്രീ പറയുന്നു.

മേല്‍പ്പറഞ്ഞ അഞ്ചുപേര്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ തങ്ങളുടെ പരാതികള്‍ ദേശീയ വനിത കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 12 ന് പ്രദേശം സന്ദര്‍ശിച്ച ഗവര്‍ണര്‍ സി വി ആനന്ദബോസിനു മുന്നിലും സ്ത്രീകള്‍ തങ്ങള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വിവരിച്ചിരുന്നു.

മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന ചോദ്യത്തിന്, പൊലീസും സര്‍ക്കാരിന്റെ ഭാഗമാണെന്നും, അവരോട് പരാതി പറഞ്ഞാല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് നോക്കുകയെന്നുമാണ് സ്ത്രീകള്‍ മറുപടി പറയുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ല പരിഷദ് മെംബര്‍ ഉത്തം സര്‍ദാറിനും കൂട്ടാളികള്‍ക്കുമെതിരേ ഒരു ലൈംഗികാതിക്രമ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ വിവാദങ്ങളെല്ലാം ആരംഭിക്കുന്നത്. പരാതിയില്‍ ഉത്തം സര്‍ദാറിനെ അറസ്റ്റ് ചെയ്തു. പിന്നാലെ പാര്‍ട്ടി അയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഫെബ്രുവരി എട്ടിന് ഉത്തം സര്‍ദാറിനെതിരേ സ്ത്രീകളുടെ പ്രതിഷേധ റാലി നടക്കുകയും അവര്‍ അയാളുടെ കോഴി ഫാമിന് തീയിടുകയും ചെയ്തിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നാണ് ബര്‍സാത് മേഖല ഡി ഐ ജി സുമിത് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. സിഐഡി വിഭാഗത്തിലെ ഡിഐജി സോമ ദാസ് മിത്രയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബാധിക്കപ്പെട്ട സ്ത്രീകളോട് സംസാരിക്കുമെന്നും ബലാത്സംഗം, ലൈംഗികോപദ്രവം, മറ്റുതരത്തിലുള്ള അതിക്രമങ്ങള്‍ എന്നിവ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ബര്‍സാത് മേഖല ഡിഐജി പറഞ്ഞു.

ബുധനാഴ്ച്ച രാത്രിയില്‍ പശ്ചിമ ബംഗാള്‍ പൊലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്, ബലാത്സംഗങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നാണ്. സംസ്ഥാന വനിത കമ്മീഷനും, സ്ത്രീകളുടെ പത്തംഗം പ്രത്യേക പരിശോധന സംഘവും, സിഐഡി വിഭാഗം ഡിഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ജില്ല പൊലീസ് വിഭാഗവുമെല്ലാം നടത്തിയ അന്വേഷണത്തിലും ബലാത്സംഗവുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് ആവര്‍ത്തിക്കുന്നത്. ദേശീയ വനിത കമ്മീഷന്‍ പ്രതിനിധികള്‍ സംഭവ പ്രദേശം സന്ദര്‍ശിച്ച് നടത്തിയ അന്വേഷണത്തിലും ബലാത്സംഗവുമായി ബന്ധപ്പെട്ട പരാതികള്‍ സ്ത്രീകളില്‍ നിന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ലഭിക്കുന്ന എല്ലാ ആരോപണങ്ങളും പരാതികളും യഥാവിധി അന്വേഷിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് ആവര്‍ത്തിച്ച് പറയുന്നുണ്ട്.

സംസ്ഥാന ഗവര്‍ണര്‍ സി വി ആനന്ദബോസ് ആരോപിക്കുന്നത്, ഗ്രാമീണരായ സ്ത്രീകള്‍ തന്നോട് അവര്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പരാതി പറഞ്ഞിരുന്നുവെന്നാണ്. സംസ്ഥാന പൊലീസിനെതിരേയും സംസാരിച്ച ഗവര്‍ണര്‍ ആവശ്യപ്പെടുന്നത് ഒരു സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയോ അതല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണമോ ഇക്കാര്യത്തില്‍ പരിഗണിക്കണമെന്നാണ്.

സന്ദേശ്ഖാലി കേസില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് തടയാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബലാത്സംഗ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും അടിസ്ഥാനമില്ലാത്തതുമാണെന്നാണ് സംസ്ഥാന ജലസേചന മന്ത്രി പാര്‍ത്ഥ ഭൗമിക് ആരോപിച്ചത്. നോര്‍ത്ത് 24 പര്‍ഗാനാസില്‍ നിന്നുള്ള തൃണമൂല്‍ നേതാവാണ് പാര്‍ത്ഥ. ഞങ്ങള്‍ക്ക് കിട്ടിയ പരാതി, ഏതാനും ടിഎംസി പ്രാദേശിക നേതാക്കള്‍ ഭൂമി അന്യാധീനപ്പെടുത്തിയെന്നതിലാണ്. അതേക്കുറിച്ച് അന്വേഷിക്കുകയും കുറ്റക്കാരായവര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്തു. ഭൂമി ഇടപാടില്‍ പണം ലഭിക്കാത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രാദേശിക പാര്‍ട്ടി ഘടകത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടുമുണ്ട്’. ഇതാണ് മന്ത്രി ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയിരിക്കുന്ന വിശദീകരണം.

Share on

മറ്റുവാര്‍ത്തകള്‍