UPDATES

ഇന്ത്യ

‘സരസ്വതി വിഗ്രഹം സാരി ഉടുത്തിട്ടില്ല’; ത്രിപുരയില്‍ സംഘപരിവാര്‍ പ്രതിഷേധം

ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച സരസ്വതി ശില്പമാണ് വിവാദമായത്

                       

സരസ്വതി ദേവിയെ സാരിയുടുപ്പിച്ചില്ലെന്ന പേരില്‍ ത്രിപുരയില്‍ പ്രതിഷേധം. ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ശില്പത്തിന്റെ പേരിലാണ് എബിവിപിയും ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തുമെല്ലാം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ത്രിപുരയിലെ ലിച്ചുബാഗനില്‍ സ്ഥിതി ചെയ്യുന്ന കോളേജില്‍ നടന്ന സരസ്വതി പൂജയാണ് വിവാദങ്ങള്‍ക്ക് കാരണം. ഇവിടെ പൂജിച്ച സരസ്വതി വിഗ്രഹത്തെ സാരി ധരിപ്പിച്ചില്ലെന്നാണ് ആരോപണം.

കോളേജില്‍ നടന്ന പൂജയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയും തീവ്രഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ് ദളും വിഎച്ച്പിയുമെല്ലാം പ്രക്ഷോഭം ആരംഭിച്ചത്. സരസ്വതി വിഗ്രഹം സാരികൊണ്ട് അലങ്കരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കോളേജിലെത്തി പ്രതിഷേധിക്കുകയും അധികൃതരെ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാരി ധരിപ്പിക്കാതെയുള്ള ശില്പം അശ്ലീലവും ഇന്ത്യന്‍ സംസ്‌കാരത്തിനും മതവികാരത്തിനും വിരുദ്ധവുമാണെന്നാണ് എബിവിപിയുടെ പരാതി. കോളേജിന്റെ നടപടി തങ്ങളുടെ മതവികാരം വൃണപ്പെടുത്തിയെന്നാണ് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിബാകര്‍ അചാര്‍ജി എഎന്‍ഐയോട് പറഞ്ഞത്.

‘ ഇന്ന് വസന്ത പഞ്ചമിയാണ്, രാജ്യത്തെല്ലായിടത്തും സരസ്വതി ദേവിയെ പൂജിക്കുന്ന ദിവസം. എന്നാല്‍ ഇന്നു രാവിലെ ഞങ്ങള്‍ കേട്ട വാര്‍ത്ത ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് കോളേജില്‍ സരസ്വതി ദേവിയുടെ വിഗ്രഹം തെറ്റായും മോശമായും നിര്‍മിച്ചിരിക്കുന്നു എന്നാണ്. ഉടന്‍ തന്നെ ഞങ്ങള്‍ കോളേജിലെത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധപൂര്‍വം വിഗ്രഹത്തില്‍ സാരി ധരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള എന്ത് ശ്രമങ്ങള്‍ ഏത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്നാലും ഞങ്ങള്‍ പ്രതികരിക്കും’-ദിബാകര്‍ അചാര്‍ജിയുടെ വാക്കുകള്‍. കോളേജിനെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് ഷായോട് ആവശ്യപ്പെട്ടിട്ടുമുണ്ട് എബിവിപി.

ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്‌സ് കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന സംസ്‌കാരത്തിനും പാരമ്പര്യമൂല്യങ്ങള്‍ക്കും വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്നാണ് ബജ്‌റംഗ് ദള്ളിന്റെ വിമര്‍ശനം. ഗവണ്‍മെന്റ് കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റിലെ വിദ്യാര്‍ത്ഥികള്‍ സരസ്വതി ദേവിയെ അപമാനിച്ചതില്‍ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നാണ് വിഎച്ച്പി പറഞ്ഞത്. വിവാദത്തെ തുടര്‍ന്ന് പൊലീസ് കോളേജില്‍ എത്തി പരിശോധന നടത്തിയെങ്കിലും, ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.

Share on

മറ്റുവാര്‍ത്തകള്‍