UPDATES

സംഘപരിവാര്‍ നുണകളിലാണോ ഇടുക്കി രൂപതയുടെ വിശ്വാസം?

ഒരു തെളിവുമില്ലാത്ത വ്യാജവിവരങ്ങള്‍ അച്ചടിച്ചിറക്കിക്കൊണ്ട് സഭ ചെയ്യുന്ന സാമൂഹ്യദ്രോഹം വലുതാണ്

                       

”ചില തീവ്രവാദ ഗ്രൂപ്പുകളുടെ പ്രത്യേക ശൃംഖലായാണ് ലവ് ജിഹാദ്. പണവും, സ്‌നേഹവും സമ്മാനങ്ങളും നല്‍കി പ്രലോഭിപ്പിച്ച് ഇതര മതസ്ഥരായ പെണ്‍കുട്ടികളെ വശീകരിച്ച് തങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് ഇവിടെത്തെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 2010 ല്‍ വി എസ് മുഖ്യധാരയിലെത്തിച്ച വിഷയം ഡിജിപി ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചിരുന്നു”.

അവധിക്കാലത്ത് 10,11, 12 ക്ലാസ്സിലെ കുട്ടികള്‍ക്ക് നല്‍കിയ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി ഇടുക്കി അതിരൂപത പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തിലെ ലവ് ജിഹാദ് എന്ന അധ്യായത്തില്‍ പറയുന്ന കാര്യങ്ങളാണ്. ഹിന്ദുത്വ പ്രൊപ്പഗാണ്ടയായ കേരള സ്റ്റോറി എന്ന സിനിമ പ്രദര്‍ശിപ്പിച്ചതിനേക്കാള്‍ ആശങ്ക ഉയര്‍ത്തുന്നതാണ് കൈപ്പുസ്തകത്തിലൂടെ ആവര്‍ത്തിക്കുന്ന വ്യാജ വിവരങ്ങള്‍. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ചുവെന്ന് അവകാശപ്പെടുന്നൊരു കണക്കും അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2016 ല്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ 5595 യുവതികളെ ഭീകരസംഘടനകള്‍ പണം നല്‍കി ജീവിതപങ്കാളികളാക്കി കൊണ്ടുപോയി എന്നും പുസത്കത്തില്‍ പറയുന്നുണ്ട്. സമൂഹത്തില്‍ മത സ്പര്‍ദ്ധയും, വിദ്വേഷവും വളര്‍ത്തുന്നതുമായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ സഭ എന്ത് വിശദീകരണമാണ് നല്‍കുക?

ഈ ആരോപണങ്ങള്‍ അതേപടി, യാതൊരു വസ്തുത വിശകലനങ്ങളും നടത്താതെ പങ്കുവയ്ക്കുന്ന സഭയുടെ വായ്ത്താരിയായ ഷക്കീന ചാനലിനും കൃത്യമായ പങ്കുണ്ട്. അടിസ്ഥാനപരമായ വസ്തുത ഉള്‍പ്പെടുത്താതെ ചാനലിന്റെ വാര്‍ത്തകളും, സഭയും തങ്ങളുടെ വലതുപക്ഷ അനുഭാവമാണോ പരസ്യമാക്കുന്നതെന്നും വ്യക്തമാക്കേണ്ടതുണ്ട്.

2009 ലാണ് ആദ്യമായി ലൗ ജിഹാദ് ആരോപിച്ചു കേരളത്തില്‍ ഒരു കേസ് ഫയല്‍ ചെയുന്നത്. പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ത്ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്നായിരുന്നു കേസ്. കേസ് പരിഗണിക്കവെ കേരള ഹൈക്കോടതി ലൗ ജിഹാദിനെപ്പറ്റിയും ഇതിന്റെ രാജ്യാന്തര, തീവ്രവാദബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു കേരള ഡിജിപിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു.
ഇതെത്തുടര്‍ന്ന് ലൗ ജിഹാദിനെ പ്രധാനപ്പെട്ട പ്രശ്‌നമായി കാണണമെന്ന് കേരളത്തിലെ ഹൈന്ദവ സംഘടനകളും ബി.ജെ.പിയും നിരന്തരം ആവിശ്യം ഉന്നയിച്ചിരുന്നു. സംസ്ഥാന ഡി.ജി.പിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടത് പ്രകാരം, കേരള സംസ്ഥാന ഡി.ജി.പി ജേക്കബ് പുന്നൂസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, സംസ്ഥാനത്തോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നില്ലെന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ലൗ ജിഹാദ്’ വഴി ദക്ഷിണ കര്‍ണ്ണാടകയിലെ 3000 ഹിന്ദു പെണ്‍കുട്ടികളും കര്‍ണ്ണാടകയിലുടനീളമായി 30,000 പെണ്‍കുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. തുടര്‍ന്ന് ഈ ആരോപണത്തെക്കുറിച്ച് ദക്ഷിണ കര്‍ണാടക പോലീസ് ഔദ്യോഗിക വിശദീകരണം നല്‍കുകയുണ്ടായി. 2009 സെപ്റ്റംബര്‍ അവസാനം വരെ 404 പെണ്‍കുട്ടികളെ മാത്രമാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തതെന്നും അതില്‍ 332 പേരെ കണ്ടെത്തിയതായും പൊലീസ് വിശദീകരിച്ചു. അവശേഷിക്കുന്ന 57 പേരില്‍ വിവിധ മതക്കാര്‍ ഉള്‍പ്പെടുന്നുണ്ടെന്നും അന്ന് പോലീസ് വൃത്തങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.

ഉത്തര്‍പ്രദേശിലും ഇതേ രീതിയിലുള്ള അന്വേഷണം നടക്കുകയുണ്ടായി. അഞ്ചു പെണ്‍കുട്ടികളെ ‘ലൗ ജിഹാദി’ന്റെ ഇരകളാക്കി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്ന പരാതിയിലായിരുന്നു അവിടെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. വിശദമായ അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞത്, ഇത് ‘ലൗ ജിഹാദ്’ അല്ല, ലൗ മാര്യേജ് ആണെന്നായിരുന്നു.

2017 ല്‍ അഖില അശോകന്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഷഹീന്‍ ജഹാന്‍ എന്ന മുസ്ലിമിനെ വിവാഹം കഴിച്ച് ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയതായിരുന്നു കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ ഏറ്റവും ചര്‍ച്ചയായ സംഭവം. ഹാദിയയെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയിലേക്ക് കൊണ്ടുപോകുന്നുവെന്ന ആ പെണ്‍കുട്ടിയുടെ പിതാവ് അടക്കം വലിയ ആരോപണങ്ങള്‍ ഉയര്‍ത്തുകയും തീവ്രഹിന്ദു സംഘടനകള്‍ വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കേരള ഹൈക്കോടതി ഹാദിയായും ഷഹീന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദ് ചെയ്യുകവരെയുണ്ടായി. തുടര്‍ന്ന് ഷഹീന്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഈ വിഷയത്തില്‍ എന്‍ ഐ ഐയോട് അന്വേഷണം നടത്താന്‍ ആവിശ്യപ്പെടുകയും ചെയ്തു. എന്‍ ഐ എ കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹാദിയയ്ക്കും ഷഹീനും ഒരുമിച്ചു ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവ് ഇടുകയാണുണ്ടായത്. ഇതോടൊപ്പം തന്നെ കോടതി എന്‍ ഐ എയോട് നിര്‍ദേശിച്ച കാര്യമാണ് ലൗ ജിഹാദ് എന്ന പേരില്‍ തീവ്രവാദ സ്വഭാവത്തോടെ എന്തെങ്കിലും നടക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന്. എന്‍ ഐ എ അന്വേഷിച്ചിട്ടും അങ്ങനെയൊരു സംഭവവും കണ്ടുപിടിക്കാന്‍ സാധിച്ചില്ല.

2020 ഫെബ്രുവരി നാലിന് പാര്‍ലമെന്റില്‍ ബെന്നി ബെഹനാന്റെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി ലൗജിഹാദ് നിര്‍വ്വചിക്കപ്പെടുകയോ ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇതുവരെ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലന്നാണു മറുപടി നല്‍കിയത്.

ഇത്രയും വസ്തുതകളെ മറുവശത്തു നിര്‍ത്തിയാണ് വസ്തുത വിരുദ്ധമായി ലവ് ജിഹാദ് കണ്ടെത്താനായില്ലെങ്കിലും കേരളത്തില്‍ അത് നിലവിലുണ്ടെന്ന നുണകള്‍ സഭ അച്ചടിച്ച് വിതരണം ചെയ്യുന്നത്. ലവ് ജിഹാദുമായി ബന്ധപ്പെട്ടല്ല പ്രണയവുമായി ബന്ധപ്പെട്ടാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് വാദിക്കുന്ന സഭാനേതൃത്വം ഈ വ്യജ കണക്കുകള്‍ക്ക് എന്തു ന്യായീകരണമാണ് പറയാന്‍ പോകുന്നത്.

ഓരോ വര്‍ഷവും 2000 നും 3000 നും ഇടയില്‍ സ്ത്രീകള്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നു എന്ന കണക്ക് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ചു എന്ന് ഒരു ഓണ്‍ലൈന്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ അവകാശവാദം നിരത്തിയിരുന്നു. ഈ കണക്കുകളില്‍ നിന്നാണ് തന്റെ സിനിമ ഉത്ഭവിച്ചതെന്ന് അന്ന് സെന്‍ പറഞ്ഞുവച്ചിരുന്നു. എന്നാല്‍ നിയമ സഭയില്‍ ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച കണക്കുകള്‍ പറയുന്നത് 2006 മുതല്‍ 2012 വരെയുള്ള ആറു വര്‍ഷക്കാലയളവില്‍ 2667 പേര് ഇസ്ലാം മതം സ്വീകരിച്ചതായാണ്. അതിനോട് ആനുപാതികമായി മറ്റ് മതങ്ങളിലേക്കും പരിവര്‍ത്തനം ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ട്. ഹിന്ദു മതത്തിലേക്ക് 2803 പേര് മതം മാറ്റം നടത്തിയെന്നും ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി അന്ന് വ്യക്തമാക്കിയത്.

മതം മാറ്റം നടത്തിയവരില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനമോ ലൗ ജിഹാദോ ഇല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച കണക്കുകളില്‍ നിന്ന് ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയപെട്ടവരെ മാറ്റി നിര്‍ത്തി ഇസ്ലാം മതത്തിനെ മാത്രമാണ് സിനിമ പരാമര്‍ശിച്ചത്. സിനിമയില്‍ ഉദ്ധരിച്ച വ്യാജ കണക്കുകള്‍ ഒരിക്കല്‍ കൂടി പൊതുമധ്യത്തിലെത്തിച്ച സഭക്കും, സിനിമ പരോക്ഷമായി പറഞ്ഞുവച്ച ഇസ്ലാമോഫോബിയ തന്നെയാണോ ലക്ഷ്യമെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു.

ഇതാദ്യമായല്ല സഭയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം ഉണ്ടാവുന്നത്. 2020 ലും കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന ആരോപണവുമായി സിറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നുവെന്ന് കൊച്ചിയില്‍ നടന്ന സിനഡ് ആരോപിച്ചിരുന്നു. കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറിയ ക്രൈസ്തവരാണെന്നും ഇതു സംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നും സഭ കുറ്റപ്പെടുത്തിയിരുന്നു. യഥാര്‍ത്ഥ കണക്കുകള്‍ മൂടിവച്ചുകൊണ്ട് മതസ്പര്‍ദ്ധ വളര്‍ത്താനുതങ്ങുന്ന നിലപാടുകളാണ് സഭ അറിഞ്ഞോ അറിയാതയോ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. എന്‍ ഐ എ അടക്കമുള്ള, വിവിധ ഏജന്‍സികളും പൊലീസും അന്വേഷിച്ചിട്ടും കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു കാര്യം സിറോ മലബാര്‍ സിനഡിന് എങ്ങനെ കണ്ടെത്താന്‍ കഴിഞ്ഞു?

2021 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെങ്കില്‍, ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ നടന്ന മതപരിവര്‍ത്തനങ്ങളില്‍ 47 % ഹിന്ദു മതം സ്വീകരിച്ചവരാണെന്ന് പറയുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം മതം മാറ്റം ചെയ്ത 506 പേരില്‍ 241 പേരും ക്രിസ്ത്യാനിറ്റിയില്‍ നിന്നോ ഇസ്ലാമില്‍ നിന്നോ ഹിന്ദു മതത്തിലേക്ക് മാറിയവരാണ്. മൊത്തം 144 പേര്‍ മാത്രമാണ് ഇസ്ലാം സ്വീകരിച്ചത്. ക്രിസ്ത്യാനിറ്റിക്ക് 119 പുതിയ വിശ്വാസികള്‍ ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുതായി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരില്‍ 72% ദളിത് ക്രിസ്ത്യാനികളായിരുന്നു, കൂടുതലും ക്രിസ്ത്യന്‍ ചേരമര്‍, ക്രിസ്ത്യന്‍ സാംബവ, ക്രിസ്ത്യന്‍ പുലയ. സംവരണാനുകൂല്യങ്ങളുടെ അഭാവം പല ദളിത് ക്രിസ്ത്യാനികളെയും ഹിന്ദുമതം വീണ്ടും സ്വീകരിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വ്യക്തമായിരുന്നു. കൂടാതെ 32 പേര്‍ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തില്‍ ചേരുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അപ്പോള്‍ വസ്തുതാ പരമായി പരിശോധിക്കുകയാണെങ്കില്‍ ബുക്ക്‌ലെറ്റ് മുന്നോട്ടു വക്കുന്ന ലവ് ജിഹാദ് എന്ന ആശയവും, അത് നിരൂപിക്കുന്നതിനയുള്ള വിവരങ്ങളും സെക്കുലര്‍ സമൂഹത്തിലെ ആസ്വാരസ്വങ്ങളുടെയും, ഭിന്നിപ്പിന്റെയും ആക്കം കൂട്ടാന്‍ കെല്പുള്ള മുന്‍ വിധിയോട് കൂടെയുള്ള പൊള്ളയായ വാദങ്ങളാണ്.

യുണൈറ്റഡ് നാഷന്റെ സറ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെററിസവും, ടൈംസ് ഓഫ് ഇന്ത്യയുമെല്ലാം പ്രസിദ്ധീകരിച്ച കണക്കുകള്‍ക്ക് വിരുദ്ധമായി കണക്കുകളാണ് സഭയുടെ കൈപ്പുസ്തകത്തില്‍ പറയുന്നത്. അതായത് 2016 ല്‍ മാത്രം 5595 പെണ്‍കുട്ടികളെയാണ് കേരളത്തില്‍ നിന്ന് മതം മാറ്റി, ജീവിത പങ്കാളിയായി ഭീകരവാദത്തിന് കടത്തിയിരിക്കുന്നതെന്നാണ് സഭ പറയുന്നത്. മുന്‍ കാലങ്ങളില്‍ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 142 ഇന്ത്യന്‍ പൗരന്മാര്‍ക്ക് (132 പേര്‍) മാത്രമേ ഏതെങ്കിലും തരത്തില്‍ ഐഎസുമായി ബന്ധമുള്ളതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളു എന്ന് പറയുന്നുണ്ട്. വസ്തുതാപരമായ റിപ്പോര്‍ട്ടില്‍ പറയുന്നതിന്റെ പതിന്മടങ് യുവതികളെയാണ് ബുക്ക്‌ലെറ്റ് പ്രകാരം കേരളത്തില്‍ നിന്ന് കടത്തി കൊണ്ട് പോയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 37, തെലങ്കാനയില്‍ നിന്ന് 21, മഹാരാഷ്ട്രയില്‍ നിന്ന് 16, കര്‍ണാടകയില്‍ നിന്ന് 15, യുപിയില്‍ നിന്ന് 15, എംപിയില്‍ നിന്ന് ആറ്, തമിഴ്നാട്ടില്‍ നിന്ന് അഞ്ച്, ഗുജറാത്തില്‍ നിന്ന് നാല്, ഉത്തരാഖണ്ഡ്, ബംഗാളില്‍ നിന്ന് മൂന്ന്, ജമ്മു കശ്മീരില്‍ നിന്ന് രണ്ട്, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് ഐഎസ്‌ഐഎസ്സിലേക്ക് എത്തിയത്.

സിറോ മലബാര്‍ സഭ സിനഡ് 2020 ല്‍ ഉയര്‍ത്തിയ ആരോപണത്തിന്റെ ബാക്കിയാണ് ലവ് ജിഹാദ് എന്ന അധ്യായത്തില്‍ ഇടുക്കി രൂപത പങ്കുവച്ചിരിക്കുന്നത്. തീവ്ര വലതുപക്ഷ സംഘടനകളുടെ ആരോപണത്തിന് ചൂട്ടു പിടിച്ചുകൊണ്ടുള്ള സഭയുടെ നീക്കങ്ങള്‍ ആത്യന്തികമായി വിമര്‍ശിക്കപ്പടേണ്ടതാണ്. കേരളത്തിന്റെ കഥയല്ലെന്ന് കേരളം അടിവരയിട്ട സിനിമ പ്രദര്‍ശിപ്പിച്ചും, അതിനെ സംബന്ധിച്ച വാര്‍ത്തകള്‍ വസ്തുതയാണെന്ന തരത്തില്‍ സഭയുടെ വാര്‍ത്ത ചാനലിലൂടെ പ്രചരിപ്പിച്ചും സഭ സ്വീകരിക്കുന്ന നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍