ഇടുക്കി രൂപതയിലെ പള്ളികളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ‘കേരള സ്റ്റോറി’ എന്ന ഹിന്ദുത്വ പ്രൊപ്പഗാണ്ട ചിത്രം പ്രദര്‍ശിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. ദൂരദര്‍ശനില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് രൂപതയിലെ പള്ളികളില്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചത്.
‘ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം ‘പ്രണയം’ എന്നതായിരുന്നു. കുട്ടികളിലും യുവതി-യുവാക്കളിലും ബോധവത്കരണത്തിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നു’ എന്നാണ് രൂപത പിആര്‍ഒ ജിന്‍സ് കാരക്കാട്ടിലിന്റെ വാദം. ബൈബിള്‍ അധിഷ്ഠിതമായാണ് വിശ്വാസപരിശീലനം നല്‍കേണ്ടതെന്നും ഇത്തരം പ്രൊപ്പഗാണ്ട സിനിമകള്‍ കാണിച്ചല്ല കുട്ടികളെ വിശ്വാസം പഠിപ്പിക്കേണ്ടത് എന്നുമാണ് സിറോ മലബാര്‍ സഭയിലെ വിശ്വാസികളുടെ സംഘടനയായ അല്‍മായ മുന്നേറ്റം പറയുന്നത്.
ലവ് ജിഹാദുമായി ബന്ധപ്പെട്ടല്ല പ്രണയവുമായി ബന്ധപ്പെട്ടായിരുന്നു വിവാദ സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് ഇടുക്കി രൂപത പി ആര്‍ ഒ ജിന്‍സ് കരക്കാട്ടില്‍ അഴിമുഖത്തോട് പറഞ്ഞത്.
‘അവധിക്കാലത്ത് 10,11, 12 ക്ലാസ്സിലെ കുട്ടികള്‍ക്ക് നല്‍കിയ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരിപാടിയിലെ ആക്ടിവിറ്റികള്‍ ആണ് ഇതെല്ലാം. ഞങ്ങള്‍ നല്‍കിയ ബുക്ക്‌ലെറ്റില്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട വിഷയമല്ല ഉള്‍പ്പെടുത്തിയത്. വിശ്വാസ പരിശീലന പരിപാടിയില്‍ ഈ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള വിഷയം ‘പ്രണയം’ ആയിരുന്നു. അതിന് വേണ്ടി തയ്യാറാക്കിയ പുസ്തകത്തിലെ ഒരു ആക്ടിവിറ്റിയാണ് കേരള സ്റ്റോറി എന്ന സിനിമ കണ്ട് അതിന്റെ റിവ്യൂ തയ്യാറാക്കുക എന്നത്. കുട്ടികള്‍ക്ക് നല്‍കിയ ബുക്ക്‌ലെറ്റില്‍ ഏതെങ്കിലും മത വിഭാഗത്തെ പറ്റി പരാമര്‍ശിച്ചിട്ടില്ല. ഒരു പ്രത്യേക മതത്തില്‍ പെട്ട ആളുകള്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ കുട്ടികളെ പ്രണയം നടിച്ച് പല പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നു എന്ന് കുട്ടികള്‍ക്ക് നല്‍കിയ ബുക്ലെറ്റില്‍ എവിടെയും പരാമര്‍ശിച്ചിട്ടുമില്ല. പ്രണയത്തിന്റെ പേരില്‍ ചതി നടക്കുന്നുണ്ട്, തീവ്രവാദമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ക്രിസ്ത്യന്‍ കുട്ടികളെ കൊണ്ട് പോകുന്നുന്നുമുണ്ട്. ഞങ്ങള്‍ ഇത്രമാത്രമാണ് പറഞ്ഞിരിക്കുന്നത്. അത് വളരെ സ്പഷ്ടമായിട്ടുള്ള കാര്യമാണെന്നാണു ഞങ്ങള്‍ പറഞ്ഞത്. ഒരു വിഭാഗത്തയോ സമുദായത്തെയോ പറ്റി പ്രത്യേകമായി ആ ബുക്ലെറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ച് മുസ്ലിം വിഭാഗത്തിലേക്ക് കൊണ്ട് പോകുന്നു എന്നതാണല്ലോ ലവ് ജിഹാദ് എന്ന ആശയം. ഈ ആശയം കുട്ടികള്‍ക്ക് നല്‍കിയ ബുക്ക്‌ലെറ്റില്‍ കൊടുത്തിട്ടില്ല. ഒന്നിച്ച് ജീവിക്കുവാന്‍ വേണ്ടിയും കുടുംബം പുലര്‍ത്താനുമാണ് പ്രേമിക്കുന്നത്. അതിന് വേണ്ടിയല്ലാതെ പ്രേമിക്കുന്നതും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിനും പ്രണയ ചതിയെന്നല്ലേ പറയേണ്ടത്. ഇത്ര മാത്രമാണ് ബുക്ലെറ്റില്‍ എഴുതിയിരിക്കുന്നത്, അല്ലാതെ ഒരു സമുദായം കുട്ടികളെ കൊണ്ടുപോയി എന്ന് എവിടെയും പറഞ്ഞിട്ടില്ല’; രൂപതാ പിആര്‍ഒ ജിന്‍സ് കാരക്കാട്ടില്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി വിശ്വാസത്തില്‍ അധിഷ്ഠിതമായ സിനിമകളും, പ്രവര്‍ത്തനങ്ങളും വേണം കുട്ടികള്‍ക്ക് നല്‍കാന്‍ എന്നാണ് അലമായ മുന്നേറ്റ കണ്‍വീനര്‍ ഷൈജു ആന്റണി പറയുന്നത്.
‘വിശ്വാസപരിശീലനത്തിന്റെ ഭാഗമായി കേരള സ്റ്റോറി എന്ന ചിത്രം പ്രദര്‍ശിപ്പിച്ചത് വിശ്വാസപരിശീലനം എന്ന പരിപാടിയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ്. അവധിക്കാലത്ത് കുട്ടികളില്‍ ക്രൈസ്തവ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് വിശ്വാസോത്സവം പോലുള്ള പരിപാടികള്‍. ക്രൈസ്തവ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതിനുളള ഒരു പരിപാടിയില്‍ കേരള സ്റ്റോറി കാണിക്കുന്നത് കൊണ്ട് എങ്ങനെയാണ് ക്രൈസ്തവ വിശ്വാസം പകര്‍ന്ന് നല്‍കാന്‍ സാധിക്കുന്നത്. വിശ്വാസപരിശീലന പരിപാടിയിലെ ആക്ടിവിറ്റിയുടെ ഭാഗമായി കാണിക്കേണ്ടത് കേരള സ്റ്റോറിയല്ല ഏതെങ്കിലും ബൈബിള്‍ അധിഷ്ഠിത ചിത്രമാണ്. വിശ്വാസ പരിശീലനം നടത്തേണ്ടത് ബൈബിള്‍ പഠിപ്പിച്ച് കൊണ്ടാണ്. കേരള സ്റ്റോറി എന്ന ചിത്രം പ്രദര്‍ശിപ്പിച്ചത് വിശ്വാസപരിശീലനത്തിന്റെ ഭാഗമാണെന്നോ ആക്ടിവിറ്റിയുടെ ഭാഗമാണെന്നോ പറയുന്നത് ഒരു ന്യായമായി കണക്കാക്കാന്‍ കഴിയില്ല. അതെല്ലാം വെറും പുകമറ മാത്രമാണ്. ഒരു കാരണവശാലും ഇത്തരത്തില്‍ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമല്ല ഇതൊന്നും. ഇതര മതസ്ഥരോട് വെറുപ്പ് തോന്നിപ്പിക്കുന്ന ഒരു സിനിമ പ്രദര്‍ശിപ്പിച്ച ശേഷം നിങ്ങള്‍ ഇതില്‍ നിന്ന് എന്ത് പഠിച്ചു എന്ന് കുട്ടികളോട് ചോദിക്കുന്നതിന്റെ അതിന്റെ അര്‍ത്ഥം എന്താണ്? കാലങ്ങളായി ലവ് ജിഹാദ് എന്ന ഒരു വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷെ ഈ വിഷയം പൊതുമധ്യത്തില്‍ സജീവമല്ലാതിരിക്കുന്ന ഈ തെരഞ്ഞെടുപ്പ് സമയത്ത് ചര്‍ച്ചാവിഷയമാക്കാന്‍ ഉപയോഗിക്കുന്ന ഒരു തന്ത്രമായേ കണക്കാക്കാന്‍ സാധിക്കൂ’- ഷൈജു ആന്റണി അഴിമുഖത്തോട് പറയുന്നു.
തീവ്ര മത നിലപാടുള്ള വൈദികരാണ് ഇതിന് പിറകില്‍ എങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാണ് ഷൈജു ആന്റണി പറയുന്നത്.
പാഷന്‍ ഓഫ് ക്രൈസ്റ്റ് കുട്ടികളെ കാണിച്ചു എന്ന് പറഞ്ഞാല്‍ മനസിലാക്കാം, വിശ്വാസോത്സവം എന്ന പരിപാടിയില്‍ ഇത്തരം ചിത്രങ്ങള്‍ കാണിക്കുന്നതിന് പകരം കേരള സ്റ്റോറി കാണിച്ചത് അക്ഷന്ത്യവ്യമായ കുറ്റമാണ്. ഒരു കാരണവശാലും ഇടവക വികാരിയുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു പ്രവര്‍ത്തിയുണ്ടാകാന്‍ പാടില്ല. രൂപത അറിഞ്ഞുകൊണ്ടാണ് വിശ്വാസോത്സവത്തില്‍ കേരള സ്റ്റോറി കാണിച്ചതെന്ന് ഞാന്‍ കരുതുന്നില്ല. സഭയുടെ അകത്ത് തീവ്രവാദ സ്വഭാവമുളളതും തീവ്ര നിലപാടുകളുമുള്ള, കുറച്ച് വൈദികരും വിശ്വാസികളുമുണ്ട്. ഇത്തരത്തില്‍ ഒരു നിലപാടുള്ള ഏതെങ്കിലും വൈദികനാണ് ഈ സംഭവത്തിന് പിറകിലെങ്കില്‍ ആ വൈദികനെതിരെ സഭ നടപടിയെക്കേണ്ടതാണ്.
വിശ്വാസോത്സവത്തില്‍ നല്‍കുന്ന ബുക്ലെറ്റ് വിശ്വാസത്തെ സംബന്ധിക്കുന്നതായിരിക്കണം. ഞാന്‍ 12-ാം ക്ലാസ്സിലെ മതബോധന അധ്യാപകനായിരുന്നു. 12-ാം ക്ലാസ്സിലെ വേദോപദേശ പുസ്തകത്തില്‍ ‘ ഇതര മതസ്ഥരോടുള്ള സമീപനം’ എന്ന അദ്ധ്യായം തന്നെ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. അതില്‍ വളരെ വ്യക്തമായി പറയുന്നുണ്ട് ഇതര മതസ്ഥരെ സഹോദരങ്ങളെ പോലെ കാണണം എന്നാണ്. മറ്റൊരു തരത്തില്‍ കാണണമെന്ന് സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നില്ല. എല്ലാത്തരം തീവ്രവാദങ്ങള്‍ക്കും സഭ എതിരാണ് എന്നതാണ് യഥാര്‍ത്ഥത്തില്‍ സഭയുടെ നിലപാട്. സിഎഎയ്ക്ക് പോലും എതിര്‍ നിലപാടാണ് സഭ സ്വീകരിച്ചിരിക്കുന്നത്. ഒരു സഹോദരന്‍ പരദേശിയാക്കപ്പെടുന്നത് സഭക്ക് നോക്കി നില്‍ക്കാന്‍ സാധിക്കില്ല എന്നാണ് സഭ പറയുന്നത്.’ ഞാന്‍ പരദേശിയായിരുന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിക്കാന്‍ വന്നു’ എന്നതാണ് സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കാനുളള ഒരു കാരണമായി ബൈബിള്‍ പറയുന്നത്. ഇന്ത്യയില്‍ നിന്ന് ആരെങ്കിലും പരദേശിയയാക്കപ്പെടുന്നത് ക്രൈസ്തവ മൂല്യങ്ങള്‍ക്കെതിരാണ്. ഇതെന്‍ലാല്‍എം വിരുദ്ധമായി ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് സഭയെ ആകെ കുഴപ്പത്തിലാകുകയാണ്. ഇത്തരം പ്രസ്‌നങ്ങള്‍ക്ക് കാരണകകരാകുന്ന വൈദികരെ ശാസിക്കുകയും നിലക്ക് നിര്‍ത്തുകയും ചെയ്യേണ്ടത് അതെതെ രൂപതകളിലെ ബിഷപ്പുമാരാണ്’. അല്‍മായ മുന്നേറ്റ സമിതി കണ്‍വീനര്‍ എന്നും ഷൈജു ആന്റണി കൂട്ടിച്ചേര്‍ത്തു.
സംഘപരിവാറിന്റെ രഹസ്യ അജണ്ടകള്‍ക്ക് സഭ അറിഞ്ഞോ അറിയാതെയോ കൂട്ട് നില്‍ക്കുന്നുണ്ടെന്നാണ് അല്‍മായ മുന്നേറ്റ വക്താവ് റിജു കാഞ്ഞൂക്കാരന്റെ വാദം.
‘അല്‍മായ മുന്നേറ്റം പലതവണ ഇത്തരം കാര്യങ്ങള്‍ക്കെതിരേ പ്രതികരിച്ചിട്ടുള്ളതാണ്. യഥാര്‍ത്ഥത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിറകില്‍ ചില രഹസ്യ അജണ്ടകള്‍ ഒളിഞ്ഞു കിടപ്പുണ്ട്. നിലവില്‍ കത്തോലിക്ക സഭയിലെ നേതൃത്വം പലപ്പോഴും മുസ്ലിം വിഭാഗവുമായി വ്യക്തിവിരോധം നിലനിര്‍ത്തികൊണ്ടും അവരെ മനഃപൂര്‍വ്വം ഇടിച്ച് താഴ്ത്തികൊണ്ടും ഒരു സംഘപരിവാര്‍ അജണ്ടക്ക് കീഴ്‌പ്പെടുന്നുണ്ട്. അത് മനഃപൂര്‍വമാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ, ഇത്തരം അജണ്ടകള്‍ക്ക് വഴങ്ങുന്നതായാണ് അനുഭവപ്പെടുന്നത്. ഇതെല്ലാം പലഘട്ടങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ഒരു പോലെ അന്വേഷിച്ച കാര്യമാണ് ലവ് ജിഹാദ് എന്നത്. ക്രിസ്ത്യന്‍ സമുദായത്തില്‍ ലവ് ജിഹാദ് നടക്കുന്നുണ്ടെന്നത് തെളിയിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. നോര്‍ത്ത് ഇന്ത്യയിലെ പോലെ സംഘപരിവാര്‍ നടത്തുന്ന ന്യൂന പക്ഷങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് നേടാന്‍ ശ്രമിക്കുന്ന പ്രവണത മനസിലാക്കാന്‍ സഭ നേതൃത്വം തയ്യാറാകണം’- റിജു അഴിമുഖത്തോട് പറയുന്നു.
‘ഇത്തരം പ്രവര്‍ത്തികളിലൂടെ കുട്ടികളുടെ മനസില്‍ വിഷം കുത്തി വയ്ക്കരുതെന്നും സിറോ മലബാര്‍ സഭ അല്‍മായ മുന്നേറ്റം പരാതി ഉയര്‍ത്തുന്നുണ്ട്. ‘വളര്‍ന്നു വരുന്ന കുട്ടികളുടെ മനസില്‍ ഇത്തരം കാര്യങ്ങള്‍ വേദോപദേശത്തിലൂടെ പഠിപ്പിക്കുന്നത് ചെറുപ്പത്തിലേ അവരുടെ മനസ്സില്‍ വിഷം കുത്തിവയ്ക്കുന്നതിന് സമാനമാണ്. യഥാര്‍ത്ഥ തീവ്രവാദത്തിനെതിരെ പോരാടാന്‍ കുട്ടികളെ പഠിപ്പിക്കുന്നത് തെറ്റല്ല, പക്ഷെ ഒരു വിഭാഗത്തെ മുഴുവന്‍ അടച്ചാക്ഷേപിച്ചുകൊണ്ട് ഉന്നയിക്കുന്ന വാദങ്ങള്‍ ശരിയല്ല. ഇത്തരം തീവ്രാദത്തിലേക്ക് സഭയിലെ പെണ്‍കുട്ടികള്‍ പോകുന്നുണ്ട് എന്നു പറയുന്നുണ്ടെങ്കില്‍ സ്വന്തം മക്കളെ തെറ്റില്‍ നിന്ന് സംരക്ഷിക്കാനും തടയാനും കഴിയാത്തത് മാതാപിതാക്കളുടെയും സഭയുടെയും കഴിവുകേടായി മാത്രമേ കണക്കാക്കാന്‍ സാധിക്കു. കുട്ടികളുടെ മനസ്സില്‍ വിഷം കുത്തി വച്ച് ഭാവി തലമുറയെ നശിപ്പിക്കരുത് എന്ന് മാത്രമാണ് പറയാനുള്ളത്’- അല്‍മായ മുന്നേറ്റ് വക്താവ് പറയുന്നു.