രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്കില്‍ വീണ്ടും തട്ടിപ്പ്. ഫെബ്രവരി ആദ്യം രാജസ്ഥാനിലെ ഒരു ബ്രാഞ്ചില്‍ നിന്ന് നിക്ഷേപകരെ കബിളിപ്പിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഡല്‍ഹി ബ്രാഞ്ചില്‍ നിന്നും വഞ്ചന നേരിട്ടതായി ആരോപിച്ചു രംഗത്തെത്തിയിരിക്കുകയാണ് പ്രവാസിയായിരുന്ന ശ്വേത ശര്‍മ.
ഐസിഐസിഐ ബാങ്കിന്റെ മാനേജര്‍ തന്റെ അകൗണ്ടില്‍ നിന്ന് 13.5 കോടി(160 മില്യണ്‍) രൂപ തട്ടിയെടുത്തതായാണ് ശ്വേത ശര്‍മ ആരോപിക്കുന്നത്. സ്ഥിരനിക്ഷേപത്തില്‍ നിക്ഷേപിക്കുന്നതിനായാണ് ശ്വേത ശര്‍മ തന്റെ യുഎസ് അകൗണ്ടില്‍ നിന്ന് ഐസിഐസിഐ ബാങ്കിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. എന്നാല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അകൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വ്യാജ അകൗണ്ടുകള്‍ ഉണ്ടാക്കുകയും, വ്യാജ ഒപ്പിട്ട്, ഡെബിറ്റ് കാര്‍ഡുകളും ചെക്ക് ബുക്കുകളും ഉണ്ടാക്കിയെന്നും ശ്വേത ആരോപിക്കുന്നു. ‘ബാങ്ക് ഉദ്യോഗസ്ഥന്‍ എനിക്ക് വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളായിരുന്നു നല്‍കിയിരുന്നത്. എന്റെ പേരില്‍ അയാള്‍ വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി, ബാങ്ക് രേഖകളില്‍ മൊബൈല്‍ നമ്പറിലടക്കം കൃത്രിമം നടത്തി. അതുകൊണ്ടു തന്നെ പണം പിന്‍വലിച്ചതിന്റെ അറിയിപ്പുകളൊന്നും എനിക്കു ലഭിച്ചിരുന്നില്ല’, ശ്വേത ബിബിസിയോട് പറയുന്നു.
തട്ടിപ്പ് നടന്നതായി ബാങ്കിന്റെ വക്താവും തുറന്നു സമ്മതിച്ചു. ‘ഐസിഐസിഐ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളില്‍ നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപം നടത്തുന്ന പ്രശസ്തമായ ബാങ്കാണ് അതുകൊണ്ടു തന്നെ ഇതില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും’ അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി യുഎസിലും ഹോങ്കോങ്ങിലും താമസിസിച്ചിരുന്ന ശ്വേത ശര്‍മയും ഭര്‍ത്താവും 2016 ലാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. അന്ന് ഒരു സുഹൃത്ത് ഇരുവരും മുഖേന ഒരു ബാങ്കറെ കണ്ടുമുട്ടിയിരുന്നു. യുഎസിലെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് തുച്ഛമായതിനാല്‍, സ്ഥിരനിക്ഷേപങ്ങള്‍ക്ക് 5.5% മുതല്‍ 6% വരെ പലിശ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലേക്ക് പണം മാറ്റാന്‍ ബാങ്കുദ്യോഗസ്ഥന്‍ ദമ്പതികളെ ഉപദേശിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ ഉപദേശപ്രകാരം ഡല്‍ഹിക്കടുത്തുള്ള പഴയ ഗുരുഗ്രാമിലുള്ള ഐസിഐസിഐയുടെ ബ്രാഞ്ച് സന്ദര്‍ശിച്ച ശ്വേത എന്‍ആര്‍ഇ അകൗണ്ട് തുറക്കുകയും 2019-ല്‍ തന്റെ യുഎസ് അകൗണ്ടില്‍ നിന്ന് ഐസിഐസിഐയുടെ ബ്രാഞ്ചിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ‘2019 സെപ്റ്റംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെയുള്ള നാല് വര്‍ഷത്തിനിടയില്‍, അകെ ജീവിത സമ്പാദ്യമായ ഏകദേശം 13.5 കോടി ഞങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചു,” അവര്‍ പറഞ്ഞു. പലിശയോടൊപ്പം തുക 16 കോടിയിലധികമായി തീര്‍ന്നിട്ടുണ്ടാകുമെന്നും അവര്‍ പറയുന്നു.
ബ്രാഞ്ച് മാനേജര്‍ ‘പണം ഡെപ്പോസിറ്റ് ചെയ്യുന്നതിന്റെ രസീതുകള്‍ തരും. ഐസിഐസിഐ അകൗണ്ടില്‍ നിന്ന് പതിവായി ഇമെയില്‍ സ്റ്റേറ്റ്മെന്റുകള്‍ അയയ്ക്കും. ചിലപ്പോള്‍ ഡോക്യുമെന്റുകളുടെ ഫോള്‍ഡറുകള്‍ വരെ. അതിനാല്‍ എന്തെങ്കിലും തരത്തില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ഒരിക്കല്‍ പോലും സംശയിച്ചിട്ടില്ലെന്നാണു ശ്വേത പറയുന്നത്.
ജനുവരി ആദ്യം ബാങ്കിലെ ഒരു പുതിയ ജീവനക്കാരന്‍ ശ്വേതയുടെ പണത്തിന് മികച്ച പലിശ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതോടെയാണ് അവരുടെ എല്ലാ സ്ഥിരനിക്ഷേപങ്ങളും ബാങ്കില്‍ നിന്ന് നഷ്ടപെട്ട വിവരം മനസിലാക്കുന്നത്. നിക്ഷേപങ്ങളിലൊന്നില്‍ എടുത്ത രണ്ടു കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റും ഉണ്ടായിരുന്നു.
‘ഞാനും എന്റെ ഭര്‍ത്താവും ഞെട്ടിപ്പോയി. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം ആരോഗ്യപ്രശ്ങ്ങളിലാണ് ഞാന്‍.’ ശ്വേത പറയുന്നു. എല്ലാ വിവരങ്ങളും ബാങ്കുമായി പങ്കുവെച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടെന്നും ശ്വേത പറയുന്നു. ജനുവരി 16-ന് ബാങ്കിന്റെ റീജിയണല്‍, സോണല്‍ മേധാവികളുമായും ബാങ്കിന്റെ ഇന്റേണല്‍ വിജിലന്‍സ് മേധാവിയുമായും കൂടിക്കാഴ്ച നടത്തിയതായും, ബാങ്ക് മാനേജര്‍ വഞ്ചന നടത്തിയതായി അവര്‍ തുറന്നു സമ്മതിച്ചതായും ശ്വേത പറയുന്നു.
രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന് ബാങ്ക് ഉറപ്പുനല്‍കിയിട്ടും, ആറാഴ്ചയ്ക്കപ്പുറമായി തന്റെ പണം തിരികെ ലഭിക്കാന്‍ കാത്തിരിക്കുകയാണ് ശ്വേത. ഇതിനിടയില്‍, ഐസിഐസിഐയുടെ സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും കത്തയക്കുകയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിനും (ഇഒഡബ്ല്യു) പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ബിബിസിക്ക് അയച്ച പ്രസ്താവനയില്‍, അന്വേഷണത്തിന്റെ ഫലം വരുന്നതുവരെ 7.68 കോടി രൂപ പരാതിക്കാരിയുടെ അകൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നാണ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു. എന്നാല്‍ ഈ വാഗ്ദാനം ശ്വേത നിരസിച്ചു. ബാങ്ക് തനിക്ക് നല്‍കാനുള്ള യഥാര്‍ത്ഥ തുകയെക്കാള്‍ വളരെ കുറവാണ് ഇത്. കൂടാതെ കേസ് പോലീസ് ക്ലോസ് ചെയ്യുന്നതുവരെ അകൗണ്ട് മരവിപ്പിക്കും, അതിനാല്‍ അകൗണ്ടില്‍ നിക്ഷേപിക്കുന്ന പണം കിട്ടാന്‍ വര്‍ഷങ്ങളെടുത്തേക്കാമെന്ന ആശങ്കയും ശ്വേത പങ്കുവച്ചു.
ഇത്തരം കേസുകള്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നാണ് കാഷ്ലെസ് കണ്‍സ്യൂമര്‍ എന്ന ഫിന്‍ടെക് വാച്ച് ഡോഗ് നടത്തുന്ന ശ്രീകാന്ത് പറയുന്നത്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ ഓഡിറ്റുകളും ക്രോസ് ചെക്കുകളും നടത്തണം. ഉപഭോക്താക്കള്‍ തങ്ങളുടെ അകൗണ്ടില്‍ നടക്കുന്ന കാര്യങ്ങള്‍ രണ്ടു തവണയിലധികം ക്രോസ്സ് ചെക്ക് നടത്തണം. അല്ലാത്തപക്ഷം ഇത്തരത്തിലുള്ള വഞ്ചനക്ക് സാധ്യത ഏറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ശ്വേത ശര്‍മ്മയുടെ വിഷയത്തില്‍ അവര്‍ ബാങ്ക് മാനേജറെ അഗാധമായ വിശ്വാസിച്ചിരുന്നതു കൊണ്ട് കൂടിയാണ് ഇത്തരമൊരു വഞ്ചനക്ക് ഇരയാകേണ്ടിവന്നതെന്നാണ് ശ്രീകാന്ത് പറയുന്നത്.
ഈ മാസം ഇത് രണ്ടാം തവണയാണ് ഐസിഐസിഐ ബാങ്കിനെതിരെയുള്ള ആരോപണങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഈ മാസം ആദ്യം, രാജസ്ഥാനിലെ ബ്രാഞ്ച് മാനേജരും അദ്ദേഹത്തിന്റെ സഹായികളും ചേര്‍ന്ന് ബാങ്കിന്റെ നിര്‍ദിഷ്ട ഗോള്‍സിലേക്ക് എത്തിക്കുന്നതിനായി വര്‍ഷങ്ങളായി നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ കബളിപ്പിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഇടപാടുകാരുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് പുതിയ കറന്റ്, സേവിങ്സ് അക്കൗണ്ടുകള്‍ തുറക്കാനും സ്ഥിരനിക്ഷേപം നടത്താനും ഉപയോഗിച്ചതായി രാജസ്ഥാന്‍ പോലീസ് പറയുന്നു.