UPDATES

കാനില്‍ ചരിത്രമെഴുതി ശ്യാം ബെനഗലിന്റെ രണ്ടു രൂപ ചിത്രം

ശ്യാം ബെനഗൽ സംവിധാനം ചെയ്ത മന്ഥൻ കാനിൽ

                       

48 വർഷങ്ങൾക്ക് ഒരു ഇന്ത്യൻ ചിത്രം ലോകമെമ്പാടും വീണ്ടും ചർച്ചാ വിഷയമാവുകയാണ്. നിഷാന്ത്, ഭൂമിക, തുടങ്ങിയ ക്ലാസിക് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയെ അടയാളപ്പെടുത്തിയ ചിലകച്ചിത്രകാരൻ ശ്യാം ബെനഗലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മന്ഥൻ’ കാനിന്റെ സിനിമ വേദിയിൽ പ്രത്യേക സ്‌ക്രീനിങ് നടത്തിയിരിക്കുകയാണ്.

1976-ൽ ശ്യാം ബെനഗൽ സംവിധാനം ചെയ്ത “മന്ഥൻ (ദി ചർണിംഗ്)” തിരക്കഥകൊണ്ടും, നിർമ്മാണം കൊണ്ടും ഏറെ പ്രത്യേകതകളുള്ള ഒരു ചിത്രമായിരുന്നു. ആളുകളിൽ നിന്ന് പിരിച്ചെടുത്ത സംഭാവന കൊണ്ടായിരുന്നു ചിത്രം നിർമിച്ചത്. ഇന്ത്യയുടെ സിനിമ ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ആദ്യമായിരുന്നു. 134 മിനിറ്റ് ദൈർഘ്യമുള്ള ചലച്ചിത്രം ഒരു ക്ഷീര സഹകരണ പ്രസ്ഥാനത്തിൻ്റെ ഉത്ഭവത്തിൻ്റെ സാങ്കൽപ്പിക കഥയാണ് പറഞ്ഞത്. പാൽ ഉൽപ്പാദനത്തിൽ പിന്നിലായിരുന്ന ഒരു രാജ്യം ലോകത്തിലെ മുൻ നിര പാൽ ഉൽപാദകരായി വളരുന്നതാണ് സിനിമയുടെ ഇതിവൃത്തം. മിൽക്ക്മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ധവളവിപ്ലവത്തിലൂടെ രാജ്യത്തെ പാൽ ഉൽപാദനത്തിൽ വിപ്ലവം സൃഷ്ടിച്ച വർഗീസ് കുര്യന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ പിറവി എടുത്തത്.

സിനിമ നിർമ്മിക്കപ്പെട്ട് ഏകദേശം 48 വർഷങ്ങൾക്ക് ശേഷം, കാൻസ് ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ നടത്തിയിരിക്കുകയാണ്അതിന്റെ പുനപതിപ്പ്. ജീൻ-ലൂക് ഗോദാർഡ്, അകിര കുറോസാവ, വിം വെൻഡേഴ്‌സ് തുടങ്ങിയ പ്രശസ്ത സംവിധായകരുടെ സൃഷ്ടികൾക്കൊപ്പമായിരിക്കും “മന്ഥൻ’ പ്രദർശിപ്പിച്ചത്. ചിത്രം പുനഃസ്ഥാപിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് പ്രശസ്ത ചലച്ചിത്രകാരനും ആർക്കൈവിസ്റ്റുമായ ശിവേന്ദ്ര സിംഗ് ദുംഗർപൂർ പറയുന്നു. കേടായ നെഗറ്റീവും രണ്ട് മങ്ങിയ പ്രിൻ്റുകളും മാത്രമാണ് സിനിമയുടേതായി അവശേഷിച്ചത്. നെഗറ്റീവിനെ ഫംഗസ് നശിപ്പിച്ചിരുന്നു, പല ഭാഗങ്ങളിലും ലംബമായ പച്ച വരകളും അവശേഷിച്ചിരുന്നു. സിനിമയുടെ ഒറിജിനൽ ശബ്ദരേഖകൾ പൂർണമായും നഷ്ടപ്പെട്ടു. ശബ്‌ദം പുനഃസ്ഥാപിക്കുന്നതിന്, സിനിമയുടെ അവശേഷിക്കുന്ന ഒരേയൊരു പകർപ്പിൽ നിന്നുള്ള ഓഡിയോ ഉപയോഗിക്കേണ്ടിവന്നു.

സിനിമ പുനഃസ്ഥാപിക്കുന്നവർ സിനിമയുടെ നെഗറ്റീവും ബാക്കിയുള്ള ഒരു പകർപ്പും സംരക്ഷിച്ചു. അവർ കോപ്പിയിൽ നിന്ന് ശബ്ദം എടുത്ത് ഡിജിറ്റലൈസ് ചെയ്തു. ബൊലോഗ്നയിലെ പ്രശസ്തമായ ഫിലിം റിസ്റ്റോറേഷൻ ലാബിൽ നിന്നുള്ള വിദഗ്ധരാണ് പ്രവർത്തങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. ചെന്നൈയിലെ ഒരു ലാബിൽ ഫിലിം റിപ്പയർ ചെയ്യുകയും ഡിജിറ്റലായി വൃത്തിയാക്കുകയും ചെയ്തു. ബൊലോഗ്ന ലാബിൽ വച്ച് ശബ്ദവും മെച്ചപ്പെടുത്തുകയായിരുന്നു. ഏകദേശം 17 മാസങ്ങൾക്ക് ശേഷം, മന്ഥൻ അൾട്രാ ഹൈ ഡെഫനിഷൻ 4K-യിൽ പുനർജനിച്ചു. ശ്യാം ബെനഗലും അദ്ദേഹത്തിൻ്റെ ഛായാഗ്രാഹകൻ ഗോവിന്ദ് നിഹലാനിയും ഒരിക്കൽ കൂടി ചിത്രത്തെ വെള്ളിത്തിരയിൽ എത്തിക്കുകയാണ്. ഈ ചിത്രം തൻ്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്നുണ്ടെന്ന് ബെനഗൽ പറയുന്നു.

ഓപ്പറേഷൻ ഫ്ലഡ്, ഇന്ത്യയുടെ ക്ഷീര വിപ്ലവം, ഗ്രാമീണ വിപണന പദ്ധതികൾ എന്നിവയെക്കുറിച്ച് നിരവധി ഡോക്യുമെൻ്ററികൾ വർഗീസ് കുര്യൻ്റെ പിന്തുണയോടെ, താൻ നിർമ്മിച്ചതായി ബെനഗൽ ഓർത്തെടുക്കുന്നു. പകരം ഒരു ഫീച്ചർ ഫിലിം നിർമ്മിക്കാൻ ബെനഗൽ നിർദ്ദേശിച്ചപ്പോൾ കുര്യൻ മടിച്ചു. കർഷകരിൽ നിന്ന് പണം വാങ്ങാൻ ആഗ്രഹിക്കാത്തതിനാലാണ് സിനിമയ്ക്ക് പണം മുടക്കാൻ പണമില്ലെന്ന് അദ്ദേഹം വിശദീകരിച്ചത്. സഹകരണ മാതൃകയിൽ, ചെറുകിട കർഷകർ ഗുജറാത്തിലെ ശേഖരണ കേന്ദ്രങ്ങളുടെ ശൃംഖലയിൽ രാവിലെയും വൈകുന്നേരവും പാൽ കൊണ്ടുവന്ന് വിൽക്കും. പാൽ പിന്നീട് വെണ്ണയിലേക്കും മറ്റ് ഉൽപ്പന്നങ്ങളിലേക്കും സംസ്കരിക്കുന്നതിനായി ഡയറികളിലേക്ക് കൊണ്ടുപോകും. കർഷകരെ സിനിമയുടെ നിർമ്മാതാക്കളാക്കാൻ ഓരോ കളക്ഷൻ സെൻ്ററും ഓരോ കർഷകനിൽ നിന്നും രണ്ട് രൂപ വീതം സിനിമയ്ക്ക് വേണ്ടി എടുക്കണമെന്ന് കുര്യൻ നിർദ്ദേശിച്ചു. സിനിമ സ്വന്തം കഥയായതുകൊണ്ടാണ് കർഷകർ ഇത് സമ്മതിച്ചതെന്ന് ബെനഗൽ പറയുന്നു.

പ്രമുഖ ഇന്ത്യൻ നാടകകൃത്തായ വിജയ് ടെണ്ടുൽക്കർ ഒന്നിലധികം തിരക്കഥകൾ ചിത്രത്തിന് വേണ്ടി സംവിധായകന് നൽകി. ഇതിൽ നിന്ന് തെരഞ്ഞെടുത്ത ഒരു തിരക്കഥ ബെനഗൽ സിനിമയാക്കി. ഗിരീഷ് കർണാഡ്, സ്മിതാ പാട്ടീൽ, നസീറുദ്ദീൻ ഷാ, അമ്രിഷ് പുരി, കുൽഭൂഷൺ ഖർബന്ദ, മോഹൻ അഗാഷെ എന്നി വമ്പൻ താരനിര ചിത്രത്തിന് വേണ്ടി അണിനിരന്നു. പ്രശസ്ത സംഗീതസംവിധായകൻ വനരാജ് ഭാട്ടിയയാണ് സംഗീതം നൽകിയത്. നഗരത്തിലെ ഒരു സർക്കാർ വെറ്ററിനറി ഡോക്ടറും സംഘവും ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ ക്ഷീര സഹകരണസംഘം തുടങ്ങാനായി എത്തുന്നതാണ് കഥ. ഇതുകിനു വേണ്ടി അവർ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഇന്ത്യയുടെ സാംസ്‌കാരിക,രാഷ്ട്രീയ സമകാലിക പ്രസക്തിയുള്ളതായി മാറ്റിയിരുന്നു. ഡോക്ടറും സംഘവും ജോലി ആരംഭിക്കുന്നതോടെ, ഗ്രാമത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഒരു സ്വകാര്യ ഡയറി ഉടമയും, ഗ്രാമത്തലവനും, പ്രാദേശിക പാൽക്കാരനും ഈ ഉദ്യമത്തിന് ഭംഗം സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നുണ്ട്.

കുറഞ്ഞ ചിലവിൽ നിർമ്മിക്കുന്ന സിനിമ ആയതുകൊണ്ട് തന്നെ പണം പരിമിതമായിരുന്നു, 45 ദിവസത്തെ ചിത്രീകരണവും വെല്ലുവിളി നിറഞ്ഞതായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി “വ്യത്യസ്ത ഫിലിം സ്റ്റോക്കുകളുടെ പാച്ച് വർക്ക്” ഉപയോഗിച്ചതായി ഛായാഗ്രാഹകൻ നിഹലാനി ഓർക്കുന്നു. ഗ്രാമത്തിലെ ഒരു കുടുംബം പോലെ അണിയറപ്രവർത്തകർ ഒരുമിച്ച് താമസിച്ചിരുന്നു, നിരവധി ഗ്രാമീണരും സിനിമയിൽ അഭിനയിച്ചു. ബെനഗലിന്റെ സംവിധനത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നസിറുദ്ദീൻ ഷാ, യഥാർത്ഥത്തിൽ ജീവിക്കുന്നത് പോലെ സിനിമയിൽ അഭിനയിച്ചു ഫലിപ്പിക്കുന്നത് ആഴത്തിലുള്ള അനുഭവമായിരുന്നുവെന്ന് ഓർമ്മിക്കുന്നു. ഗുജറാത്തിലാണ് കുര്യൻ ആദ്യം ചിത്രം റിലീസ് ചെയ്തത്, അവിടെ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്. സിനിമ വിജയിച്ചതെന്ന് ബെനഗൽ പറയുന്നു, അതിന് ഫണ്ട് നൽകിയ കർഷകർ അതിൻ്റെ ഏറ്റവും വലിയ പ്രേക്ഷകരായതിനാലാണ്. ദിനംപ്രതി നിരവധി പേരാണ് ഇത് കാണാൻ നാനാഭാഗത്തുനിന്നും ട്രക്കുകളിൽ എത്തിയത്. 35 എംഎം, 8 എംഎം, സൂപ്പർ 8, പിന്നീടുള്ള വീഡിയോ കാസറ്റുകൾ തുടങ്ങിയ ഫോർമാറ്റുകളിൽ മറ്റേതൊരു ഇന്ത്യൻ സിനിമയേക്കാളും കൂടുതൽ പകർപ്പുകൾ “മന്ഥൻ” നിർമ്മിക്കപ്പെട്ടു. ചിത്രം യുഎൻ ജനറൽ അസംബ്ലിയിൽ ഉൾപ്പെടെ ലോകമെമ്പാടും പ്രദർശിപ്പിക്കുകയും ദേശീയ അവാർഡ് നേടുകയും ചെയ്തു.

മന്ഥൻ്റെ വിജയം ക്ഷീരവിപ്ലവത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടി ഉപയോഗപെടുത്താൻ കുര്യനെ പ്രേരിപ്പിച്ചു. കർഷകരെ സ്വന്തമായി സഹകരണ സ്ഥാപനങ്ങൾ തുടങ്ങാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യയിലെ നിരവധി ഗ്രാമങ്ങളിലേക്ക് ചിത്രത്തിൻ്റെ 16 എംഎം കോപ്പികൾ അയച്ചു. സിനിമയുടെ കഥ അനുകരിച്ചുകൊണ്ട്, കർഷകരെ സിനിമ കാണിക്കാനും വിതരണം ചെയ്യാനും ഒരു ഒരു മൃഗവൈദന്, ഒരു മിൽക്ക് ടെക്നീഷ്യൻ, ഒരു കാലിത്തീറ്റ വിദഗ്ധൻ എന്നിവരെയും സിനിമയ്ക്കൊപ്പം ഗ്രാമങ്ങളിലേക്ക് അയച്ചു.

Content summary; Shyam Benegal’s movie “Manthan” screened at the Cannes Film Festival

Share on

മറ്റുവാര്‍ത്തകള്‍