June 26, 2026 |
Share on

കലാപം കത്തിച്ച മണിപ്പൂരിലേക്ക് രണ്ടു വര്‍ഷത്തിനു ശേഷം മോദി എത്തുന്നു?

സെപ്തംബര്‍ രണ്ടാം വാരം പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുമെന്നാണ് വിവരം

വംശീയ കലാപം കത്തിച്ച മണിപ്പൂരില്‍ സന്ദര്‍ശനം നടത്താന്‍ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായി വിവരം. സെപ്തംബര്‍ രണ്ടാം വാരം മോദി മണിപ്പൂരില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. മണിപ്പൂരില്‍ കലാപം ആരംഭിച്ച് രണ്ട് വര്‍ഷത്തിലേറെ കഴിയുമ്പോഴാണ് പ്രധാനമന്ത്രിക്ക് സംസ്ഥാനത്ത് എത്താന്‍ തോന്നുന്നത്.

തലസ്ഥാനമായ ഇംഫാലിലും കലാപം ഏറ്റവമധികം നാശം വിതച്ച ചുരാചന്ദ്പൂരിലും മോദി എത്തുമെന്നാണ് വിവരം. കലാപത്തെ തുടര്‍ന്ന് വീടുകളുപേക്ഷിച്ച് സ്വന്തം നാട്ടില്‍ തന്നെ അഭയാര്‍ത്ഥികളായി കഴിയേണ്ടി വരുന്ന നാട്ടുകാരെ പ്രധാനമന്ത്രി നേരില്‍ കാണുമെന്നും അറിയുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മേഖലയില്‍ അടിസ്ഥാന സകൗര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഒപ്പം പുതിയ ചില പദ്ധതികളുടെയും പ്രഖ്യാപനം നടക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ പ്രധാനമന്ത്രിയുടെ മിസോറാം, അസം സന്ദര്‍ശനം നിശ്ചയിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും റെയില്‍വേ, മറ്റ് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നുണ്ട്. ഈ യാത്രയ്ക്കിടയിലായിരിക്കും മോദി മണിപ്പൂരിലും എത്തുക.

മോദിയുടെ വരവ് ഉണ്ടാകുമെന്ന വിവരം കിട്ടിയതോടെ, സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി തുടങ്ങി. സെപ്തംബര്‍ 7 മുതല്‍ 14 വരെ പൊലീസില്‍ ആര്‍ക്കും തന്നെ അവധി അനുവദിക്കില്ലെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

2023 മേയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ മെയ്‌തേയ്-കുക്കി സമുദായങ്ങള്‍ തമ്മില്‍ രൂക്ഷമായ വംശീയ ഏറ്റുമുട്ടലില്‍ 260 ലേറെ മനുഷ്യ ജീവനുകളാണ് നഷ്ടമായത്. 850 ദിവസത്തിലേറെയായി തുടര്‍ന്ന കലാപത്തില്‍ ഏകദേശം 60,000 പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് ഇപ്പോഴും ജീവിക്കുന്നത്. കലാപത്തിന്റെ ബാക്കി പത്രമായി മണിപ്പൂര്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ രാഷ്ട്രപതി ഭരണമാണ്. ആറുമാസത്തേക്കായിരുന്നു തീരുമാനമെങ്കിലും ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്ത ആറ് മാസത്തേക്ക് കൂടി മണിപ്പൂരില്‍ രാഷ്ട്രപതി ഭരണമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മണിപ്പൂര്‍ നിയമസഭ പിരിച്ചുവിട്ടിട്ടില്ലാത്തതിനാല്‍, രാഷ്ട്രപതി ഭരണം നീട്ടിയെങ്കിലും, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഫെബ്രുവരി ഒമ്പതിനാണ് ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരിന് കലാപം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ സര്‍ക്കാര്‍ രാജിവച്ചൊഴിയുകയായിരുന്നു.

പ്രധാനമന്ത്രി കലാപ മേഖല സന്ദര്‍ശിക്കണമെന്നും മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നും നിരന്തരം ആവശ്യങ്ങള്‍ ഉയര്‍ന്നെങ്കിലും മോദി അതിന് തയ്യാറായില്ല. പാര്‍ലമെന്റില്‍ പോലും മോദി മണിപ്പൂര്‍ എന്ന പദം പോലും ഉച്ഛരിക്കാതെയിരുന്നു. മണിപ്പൂരില്‍ നിന്നെത്തിയ നിയമസഭ അംഗങ്ങള്‍ ദിവസങ്ങളോളം ഡല്‍ഹിയില്‍ കാത്തിരുന്നിട്ടും പ്രധാനമന്ത്രിയെ കാണാന്‍ അവസരം കിട്ടാതിരുന്നതും വലിയ വാര്‍ത്തകളായിരുന്നു. കലാപം കത്തിയാളുന്ന സമയത്ത് പ്രധാനമന്ത്രി അമേരിക്കയ്ക്ക് പോയതും നിശിതമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. പ്രധാനമന്ത്രിയെ കാണാനില്ലെന്ന പോസ്റ്ററുകള്‍ സംസ്ഥാനത്ത് പരന്നതും വിമര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു. സമാധാനാഹ്വാനത്തിനായി സോഷ്യല്‍ മീഡിയയില്‍ പോലും ഒരു വരി പോസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്നതും ചര്‍ച്ചയായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിയായിരുന്നു ഭരണത്തില്‍. എന്നിട്ടും മണിപ്പൂരിലെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ മോദി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് കുറ്റപ്പെടുത്തല്‍. മണിപ്പൂര്‍ ഇപ്പോള്‍ പൂര്‍ണമായും ശാന്തമാണെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ അവിടെ ഇപ്പോഴും കനലുകള്‍ എരിഞ്ഞു കിടക്കുകയാണ്. ഏറെ വൈകിയാണെങ്കിലും പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത് മണിപ്പൂരിന് ആശ്വാസകരമാകുമെന്ന വിശ്വാസമാണ് പലരും പങ്കുവയ്ക്കുന്നത്.  PM Modi to visit Manipur on Sept 13, over 2 years after ethnic violence broke out

Content Summary ; PM Modi to visit Manipur on Sept 13, over 2 years after ethnic violence broke out

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×