”സര്‍ക്കാര്‍ പല സ്‌കീമുകള്‍ ഓരോ വിഭാഗത്തിനുമായി നീക്കിവയ്ക്കുന്നുണ്ട്. 2018 ലാണ് സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി വിവിധ പദ്ധതികള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഇതാദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി ഒരു ഭവന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഇതില്‍ അതിയായ സന്തോഷവും പ്രതീക്ഷയുമാണ് ഉള്ളത്” ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം അഴിമുഖത്തോട് പ്രതികരിച്ചു.
”2018 ല്‍ വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങി വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ‘മഴവില്‍ പദ്ധതി’ ആവിഷ്‌കരിക്കപ്പെട്ടത്. അതിലൊരിക്കലും ഭവന പദ്ധതി രൂപീകരിച്ചിരുന്നില്ല.
ട്രാന്‍ജെന്‍ഡേഴ്‌സ് പലരും സ്വന്തം വീടുകളില്‍ നിന്നും പുറന്തള്ളപ്പെട്ട് പലയിടങ്ങളിലൊക്കെയാണ് താമസം. ജനിച്ച ജില്ലയില്‍ പോലുമാകില്ല താമസിക്കുന്നത്. പൊതുവെ കേരളത്തില്‍ വീട് വാടകയ്ക്ക് കിട്ടണമെങ്കില്‍ ഐഡി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയൊക്കെ വേണം. അതുകൊണ്ട് തന്നെ വാടകയ്ക്ക് വീട് എടുക്കുക വലിയ പ്രശ്‌നമാണ്. പ്രത്യേകിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി വീടുകള്‍ തിരക്കിയാല്‍ ഉടമസ്ഥരുടെ ഭാഗത്ത് നിന്ന് പോലും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് പലപ്പോഴും കഴിയാറില്ല. പല വീട്ടുടമസ്ഥരും കൂടുതല്‍ തുക വാടകയായും, അഡ്വാന്‍സായും വാങ്ങിയാണ് വീട് വാടകയ്ക്ക് നല്‍കുക.
അതുകൊണ്ട് തന്നെ പലരും ലോഡ്ജുകളിലും ഹോട്ടലുകളിലും മുറിയെടുത്താണ് താമസിക്കുന്നത്. സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. അതിനായി സര്‍ക്കാര്‍ തന്നെ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നു എന്നത് ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് വലിയ പ്രചോദനമാണ്. എന്നും അതിജീവിക്കുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗം. അവര്‍ക്ക് ആശ്വാസമാകുന്ന കാര്യമാണ് സ്വന്തമായൊരു വീട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാകുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. സ്വന്തമായൊരു ജോലിയും താമസസൗകര്യവും ഞങ്ങള്‍ക്കും ഉണ്ടാകണം” ശീതള്‍ ശ്യാം കൂട്ടിച്ചേര്‍ത്തു.
തുടക്കത്തില്‍ അഞ്ച് പേര്‍ക്കാണ് സഹായം ലഭ്യമാക്കുക. ഭവന പദ്ധതിയിലൂടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിന് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ ഭൂമിയോ, വീടോ ഇല്ലാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ 15 ലക്ഷം രൂപ പലിശരഹിത വായ്പ ലഭിക്കും. പലിശ സര്‍ക്കാര്‍ വഹിക്കുമ്പോള്‍, ഗുണഭോക്താവ് EMI ആയി മുതല്‍ തുക മാത്രം തിരിച്ചടച്ചാല്‍ മതി. സ്വന്തമായി ഭൂമിയുള്ളവര്‍ക്കോ വിവിധ ഏജന്‍സികളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഭൂമി ലഭിച്ചവര്‍ക്കോ വീട് നിര്‍മ്മിക്കുന്നതിനായി ആറ് ലക്ഷം രൂപയുടെ സഹായം ലഭിക്കും. ഇത് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൂന്ന് ഗഡുക്കളായി നല്‍കും. കൂടാത, ഇതിനോടകം ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചവര്‍ക്ക് അധിക ധനസഹായമായി രണ്ട് ലക്ഷം രൂപ അനുവദിക്കും.
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ, ഭൂമി വാങ്ങുന്നതിനും വീട് നിര്‍മ്മിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കും. സാമൂഹ്യനീതി മന്ത്രി ആര്‍. ബിന്ദു ആഗസ്റ്റ് 21 മുതല്‍ 23 വരെ കോഴിക്കോട് നടക്കുന്ന ‘വര്‍ണപ്പൊലിമ’ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കലാമേളയില്‍ വെച്ച് ഭവനപദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.
അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍:
♦ വീടില്ലാത്തവര്‍, താല്‍ക്കാലിക താമസക്കാര്‍, അല്ലെങ്കില്‍ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.
♦ പ്രായമായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കും.
♦ ട്രാന്‍സ്‌ജെന്‍ഡര്‍ സ്റ്റാറ്റസ് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ അപേക്ഷകര്‍ ഹാജരാക്കണം.
♦ നിര്‍മ്മാണ സഹായത്തിന് അപേക്ഷിക്കുന്നവര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്.
♦ സാമൂഹ്യനീതി ഡയറക്ടര്‍ അധ്യക്ഷനായ ഒരു സാങ്കേതി സമിതിയായിരിക്കും നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.
♦ അപേക്ഷകര്‍ക്ക് ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. Transgenders are survivors who often don’t even get houses for rent
Content Summary: Transgenders are survivors who often don’t even get houses for rent
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.