UPDATES

ബിസ്ക്കറ്റ് കഴിക്കുന്നത് നിങ്ങളെ പ്രമേഹ രോഗികളാക്കും

പുതിയ പഠനം പുറത്ത്

                       

ബിസ്ക്കറ്റും മറ്റ് പാക്കറ്റ് ഭക്ഷണങ്ങളും നമ്മുടെ ജീവിതചര്യയുടെ ഭാഗമായി തീർന്നിരിക്കുകയാണ്, എന്നാൽ ഇവയുടെ ഉപയോഗം മനുഷ്യനെ ടൈപ്പ് രണ്ട് പ്രമേഹത്തിലേക്ക് നയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്. ബിസ്‌ക്കറ്റ്, കേക്ക് തുടങ്ങിയവ ഏറെകാലം കേടുകൂടാതെ ഇരിക്കുന്നതിനും, ഭംഗിക്കുമായി ചേർക്കുന്ന എമൽസിഫയറുകളാണ് പ്രേമേഹം വരുത്തുന്ന വില്ലൻ. biscuits emulsifiers

ദി ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജിയിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച്, ഫുഡ് അഡിറ്റീവ് എമൽസിഫയറുകൾ അടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ടൈപ്പ് രണ്ട് പ്രമേഹത്തിനുള്ള സാധ്യതകൾ ഉയർത്തുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് ദ്രാവകങ്ങൾ മിശ്രണം ചെയ്യാൻ സഹായിക്കുന്ന  അഡിറ്റീവായ എമൽസിഫയർ, കേക്കുകൾ, ബിസ്‌ക്കറ്റുകൾ, തൈര്, ഐസ്‌ക്രീമുകൾ, ചോക്ലേറ്റുകൾ തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണ പദാർഥങ്ങളിൽ ഭംഗി  വർദ്ധിപ്പിക്കുന്നതിനും കൂടുതൽ കാലം കേടുകൂടാതെ ഇരിക്കുന്നതിനുമാണ് സാധാരണയായി ഉപയോഗിക്കുന്നത്. പെക്റ്റിനുകൾ, അന്നജം, ലെസിത്തിൻസ്, ഫോസ്ഫേറ്റ്, സെല്ലുലോസുകൾ, എന്നിവ എമൽസിഫയറുകളുടെ ഉദാഹരണങ്ങളാണ്.

ഫ്രഞ്ച് ന്യൂട്രിനെറ്റ്-സാൻ്റേ പ്രോസ്‌പെക്റ്റീവ് നടത്തിയ പഠനം 104,139 മുതിർന്നവരിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് . 2009 മെയ് മുതൽ 2023 ഏപ്രിൽ വരെ നീണ്ടുനിന്ന പഠനത്തിൽ പങ്കെടുത്തവരെ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ 24 മണിക്കൂർ നേരത്തേക്ക് വിലയിരുത്തുകയും, പിന്നീട് ഓരോ ആറ് മാസവും അവരുടെ അപകടസാധ്യത നിർണ്ണയിക്കാൻ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ആറ് വർഷത്തിലധികമുള്ള തുടർച്ചയായ നിരീക്ഷണങ്ങൾക്ക് ശേഷം പഠനത്തിൽ പങ്കെടുത്ത 1,065 പേർക്ക് ടൈപ്പ് രണ്ട് പ്രമേഹം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

പഠനമനുസരിച്ച് ഫാറ്റി ആസിഡുകൾ, മോണോ-ഡിഗ്ലിസറൈഡ്, കടൽപായലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കാരജീനൻസ്, ലെസിത്തിൻസ്, ഫോസ്ഫേറ്റുകൾ, സെല്ലുലോസുകൾ, പെക്റ്റിനുകൾ തുടങ്ങിയ എമൽസിഫയറുകൾ ടൈപ്പ് രണ്ട് പ്രമേഹം വരാനുള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്നതായും പഠനം വ്യക്തമാക്കുന്നു.

ആദ്യ അവലോകനങ്ങളിൽ എമൽസിഫയറുകൾ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും, സമീപകാല ഗവേഷണങ്ങളിൽ ഇവ അപടകാരികളാണെന്ന് കണ്ടെത്തുകയായിരുന്നു. എമൽസിഫയറുകൾ കുടലിൽ അസ്വസ്ഥകൾ ഉണ്ടാക്കുകയും, മെറ്റബോളിക് ഡിസോർഡറുകൾക്കും കാരണമാകുമെന്ന് കണ്ടെത്തുകയായിരുന്നു. കൂടാതെ ഇവ ശരീരത്തിലെ ഇൻസുലിൻ ഉത്പാദനത്തെ തകരാറിലാക്കുമെന്നും എൻഡോക്രൈനോളജി വിദഗ്ദ്ധനായ ഡോ സന്ദീപ് ഖർബ് പറഞ്ഞു.

പഠനത്തിൽ എമൽസിഫയറുകൾ അടങ്ങിയ ഭക്ഷണം ദീർഘകാലം കഴിക്കുന്നത് ടൈപ്പ് രണ്ട് പ്രമേഹത്തിലേക്ക് നയിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന എൻഡോക്രൈൻ മെറ്റബോളിക് രോഗമാണ് പ്രമേഹം. ശരിയായ രീതിയിൽ നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണ രീതികൾ പാലിക്കേണ്ടതുണ്ട്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ചെറുപയർ, പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, കഴിക്കുന്നതാണ് പ്രമേഹ രോഗികൾക്ക് ഉത്തമം. കൂടാതെ, പ്രമേഹമുള്ളവർ കഴിക്കുന്ന ഉപ്പിൻ്റെ അളവ് കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഉപ്പ് രക്തസമ്മർദ്ദം വർദ്ധിക്കാൻ ഇടയാക്കുന്നതിനാൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും, പക്ഷാഘാതത്തിനുമുള്ള സാധ്യതയും വർദ്ധിപ്പിക്കും. ഒരു ദിവസം ആറ് ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്നാണ് വിദഗ്ധ പഠനങ്ങൾ ചൂണ്ടി കാണിക്കുന്നത്.

അതോടൊപ്പം, പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ് കുറക്കേണ്ടതും അത്യാവശ്യമാണ്, പഞ്ചസാര ചേർത്ത പാനീയങ്ങൾ ഒഴിവാക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് ശരിയായി നിയന്ത്രിക്കാനാകും. കൂടാതെ ലഹരി വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുകയും, വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുകയും വേണം.

content summary : Eating biscuits, cake with emulsifiers can raise diabetes risk; study uncovers dangers of this food additive. v v v v v v v 

Share on

മറ്റുവാര്‍ത്തകള്‍