December 10, 2024 |
Share on

‘വീട്ടിലെ അത്യാവശ്യം’ പറഞ്ഞു ഐപിഎല്‍ കാണാന്‍ പോയി; ആദ്യം കാമറമാന്‍ ചതിച്ചു, പിന്നാലെ ആര്‍സിബിയും

ആര്‍സിബി ഫാന്‍ ആയ ഒരു ഐടി ജീവനക്കാരിയാണ് ഇപ്പോള്‍ വെര്‍ച്വല്‍ ലോകത്ത് വൈറല്‍

ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ ഐപിഎല്‍ ലഹരിയിലാണ്. കോടിക്കണക്കിന് പേരാണ് ലൈവ് സ്ട്രീമിംഗ് കാണുന്നത്. അതുപോലെ തന്നെയാണ് ഓരോ മത്സരത്തിനും നിറഞ്ഞു കവിയുന്ന സ്‌റ്റേഡിയങ്ങളും. ഇഷ്ടതാരങ്ങളുടെയും ടീമിന്റെയും കളി നേരില്‍ കാണുന്നതിനൊപ്പം, സ്റ്റേഡിയത്തിലെ വൈബ് ആസ്വദിക്കുന്നതിനും കൂടിയാണ് ആളുകള്‍ ടിക്കറ്റ് എടുത്തു പോകുന്നത്. അത്തരത്തില്‍, ഇഷ്ടടീമിന്റെ കളി കണാന്‍ പോയൊരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

ബെംഗളൂരുവില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സും തമ്മിലുള്ള മത്സരം കാണാന്‍ ആര്‍സിബി ഫാന്‍ ആയ നേഹ ദ്വിവേദി ഓഫിസില്‍ കള്ളം പറഞ്ഞു മുങ്ങുകയായിരുന്നു. വീട്ടില്‍ അത്യാവശ്യം എന്നു പറഞ്ഞാണ് ഓഫിസില്‍ നിന്നും നേരത്തെ ഇറങ്ങിയത്. നേരെ പോയത് സ്‌റ്റേഡിയത്തിലേക്ക്. പതിനായിരക്കണക്കിന് കാണികള്‍ക്കിടയില്‍ പങ്കാളിക്കൊപ്പമിരുന്ന കളി കണ്ട് ചില്‍ അടിച്ചിരിക്കുകയായിരുന്നു. പക്ഷേ, ടെലിവിഷന്‍ കാമറമാന്‍ ചതിച്ചു. വാസ്തവത്തില്‍, തങ്ങളുടെ മുഖം ടെലിവിഷന്‍ കാമറകളില്‍ പതിയാന്‍ കൊതിക്കുന്നവരാണ് ഓരോ കാണിയും. പക്ഷേ, നേഹയുടെ കാര്യത്തില്‍ ചെറിയൊരു പ്രശ്‌നമുണ്ടായി.

നേഹയുടെ ബോസ് ടിവിയില്‍ ഇതേ മത്സരം കാണുന്നുണ്ടായിരുന്നു. അതാ, കളിക്കിടയില്‍ തനിക്ക് പരിചയമുള്ളൊരു മുഖം! നേഹയെ കണ്ടപ്പോള്‍ ബോസിന് പെട്ടെന്ന് തന്നെ ആളെ പിടികിട്ടി. വീട്ടില്‍ അത്യാവശ്യമുണ്ടെന്ന് പറഞ്ഞു നേരേ പോയത് ഐപിഎല്‍ കാണാന്‍. ബോസിന് കാര്യം മനസിലായി.

ബോസ് നേഹയ്ക്ക് മെസേജ് അയക്കുകയും അവളുടെ ആര്‍സിബി പ്രേമത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. നേഹ എല്ലാം സമ്മതിച്ചു. താന്‍ നേഹയെ ടിവിയില്‍ കണ്ടെന്നും, വളരെ ആശങ്കയോടെ ഇരിക്കുകയായിരുന്നുവെന്നും, തീര്‍ച്ചയായും ആ മത്സരം നിരാശപ്പെടുത്തിയിരിക്കണമെന്നും ബോസ് കമന്റ് ചെയ്തു. ഞാന്‍ നിന്നെ വളരെ കുറച്ച് നിമിഷങ്ങള്‍ മാത്രമാണ് ടിവിയില്‍ കണ്ടത്, ഇതായിരുന്നല്ലേ ഇന്നലെ നേരത്തെ ലോഗ് ഔട്ട് ചെയ്യാനുള്ള കാരണം, ബോസ് തമാശയോടെ നേഹയോട് ചോദിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Neha Dwivedi (@mishraji_ki_bitiya)


നേഹ തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോയും ബോസിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ രണ്ടു ലക്ഷത്തിനു മുകളില്‍ ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. രസകരമായ കമന്റുകളും താഴെ വരുന്നുണ്ട്. സ്‌റ്റേഡിയത്തിലിരിക്കുന്ന ഓരോരുത്തരും കാമറയില്‍ മുഖം വരാന്‍ വേണ്ടി ശ്രമിക്കുകയാണ്, നിനക്കതിന് സാധിച്ചു’ ഒരു ഇന്‍സ്റ്റ യൂസര്‍ നേഹയെ പ്രോത്സാഹിപ്പിക്കുന്നത് ഇങ്ങനെയാണ്. ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ അവര്‍ നുണ പറയുന്നത് ഒഴിവാക്കാമെന്നാണ് മറ്റൊരു യൂസറുടെ കമന്റ്. ഓഫിസില്‍ നുണ പറഞ്ഞതിനും ബോസിന്റെ സ്വകാര്യ ചാറ്റ് പരസ്യമാക്കിയതിനും ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള സാധ്യതയുണ്ടെന്ന ഭീഷണിയും ചിലരില്‍ നിന്നുണ്ടാകുന്നുണ്ട്. നേഹ ഏറ്റവും കൂടുതല്‍ വിഷമിച്ചിരിക്കുക ഓഫിസിലെ കാര്യമോര്‍ത്താകില്ലെന്നും, ആര്‍സിബി വീണ്ടും തോല്‍ക്കുന്നത് കാണേണ്ടിവന്നതുകൊണ്ടായിരിക്കുമെന്നാണ് മറ്റൊരു കമന്റ്.

×