ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐപിഎല്‍ വിമര്‍ശിക്കപ്പെടുന്നത്, അതിന്റെ പുറത്ത് നടക്കുന്ന വാതുവയ്പ്പിന്റെ പേരിലാണ്. കളിക്കാര്‍ തന്നെ വാതുവയ്പ്പില്‍ കുടുങ്ങിയത് മാറാത്ത നാണക്കേടാണ്. നിരവധി യുവാക്കളുടെ ജീവിതം തകര്‍ക്കാനും ഐഎപില്‍(വാതുവയ്പ്പ്) കാരണമായിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയ ഇരയാണ് 24 കാരി രഞ്ജിത. ഭര്‍ത്താവ് ദര്‍ശന്‍ ബാലുവിന്റെ വാതുവയ്പ്പ് ഭ്രമമാണ് രഞ്ജിതയുടെ ജീവനെടുത്തത്.
കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ രഞ്ജിതയെ ഇക്കഴിഞ്ഞ മാര്‍ച്ച് 18 നാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രഞ്ജിതയ്ക്കും ബാലുവിനും രണ്ട് വയസുള്ളൊരു കുട്ടിയുണ്ട്.
മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയ ദര്‍ശന്‍ ബാലുവിന് വാതുവയ്പ്പിന്റെ പേരില്‍ 1.5 കോടി കടമുണ്ടായിരുന്നു. ഇതറിഞ്ഞതു മുതല്‍ രഞ്ജിത നിരാശയിലായിരുന്നുവെന്നാണ് പിതാവ് വെങ്കിടേഷ് പറയുന്നത്. 2021 മുതല്‍ 2023 വരെയുള്ള ഐപിഎല്‍ സീസണുകളില്‍ വാതുവയ്പ്പില്‍ ഏര്‍പ്പെട്ട് ബാലു വലിയ തുക നഷ്ടം വരുത്തിയിട്ടുണ്ടെന്നും വെങ്കിടേഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
തുടര്‍ച്ചയായി നഷ്ടങ്ങള്‍ സംഭവിച്ചിട്ടും, ഉയര്‍ന്ന പലിശയ്ക്ക് വീണ്ടും പലരോടായി കടം വാങ്ങി ബാലു വാതുവയ്പ്പില്‍ തുകയിറക്കിക്കൊണ്ടേയിരുന്നുവെന്നാണ് പരാതി. പൊലീസ് പറയുന്നത്, ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നല്‍കി ബാലു 85 ലക്ഷം ലോണായി എടുത്തിട്ടുണ്ടായിരുന്നുവെന്നാണ്. അയാളുടെ മൊത്തം കടം 1.5 കോടിയായിരുന്നുവെന്നും, ബാലു ഇതുവരെ മൊഴി നല്‍കാത്തതുകൊണ്ട് യഥാര്‍ത്ഥ കടം എത്രയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
വലിയ ലാഭം വാഗ്ദാനം ചെയ്ത് തന്റെ മരുമകനെ പലരും ഐപിഎല്‍ വാതുവയ്പ്പില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നതായും വെങ്കിടേഷിന്റെ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ പൊലീസ് പറയുന്നത്, ബാലു സ്വയം ചൂതാട്ടത്തിന് അടിമയായിരുന്നുവെന്നാണ്. ഇക്കാര്യം ഭാര്യക്കും അറിവുണ്ടായിരുന്നതാണ്. മീറ്റര്‍ പലിശയ്ക്ക് പണം കടമെടുത്തായിരുന്നു വാതുവയ്പ്പിന് ഇറങ്ങിയിരുന്നത്. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ വീണ്ടും കടം വാങ്ങി. ഏറ്റവുമൊടുവിലായി ബ്ലാങ്ക് ചെക്ക് നല്‍കി 80 ലക്ഷം കടമെടുത്തു. കടം കൊടുക്കുന്നൊരാള്‍ 4.5 ലക്ഷത്തിന്റെ ചെക്കും നല്‍കിയിട്ടുണ്ടായിരുന്നു, പൊലീസ് പറയുന്നു.
2020 ജനുവരിയിലായിരുന്നു ബാലുവിന്റെയും രഞ്ജിതയുടെയും വിവാഹം. ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് രഞ്ജിത വിവാഹിതയാകുന്നത്. അതോടെ പഠനം അവസാനിപ്പിച്ചു.
കടക്കാരുമായി രഞ്ജിതയുടെ കുടുംബവും ബാലുവും സംസാരിച്ച് പണം തിരികെ കൊടുക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍, ബാലുവിന്റെ കടത്തെക്കുറിച്ച് കൂടുതല്‍ പേര്‍ അറിയാന്‍ ഇടവന്നത് രഞ്ജിതയെ മാനസികമായി തകര്‍ത്തു. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം തങ്ങളുടെ അവസ്ഥയറിഞ്ഞുവെന്ന് മനസിലാക്കിയതോടെ രഞ്ജിത വിഷാദത്തിന് അടിമയായി. ഇതിനിടയില്‍ കടം കൊടുത്തവരില്‍ ചിലര്‍ രഞ്ജിതയെ വിളിച്ച് അപമാനിക്കാനും, ഇവരുടെ ബന്ധുക്കളെ വിളിച്ച് ഭീഷണി മുഴക്കാനും തുടങ്ങി. ഇക്കാര്യങ്ങളൊക്കെയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ കടക്കാരില്‍ നിന്നും നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ച് പറയുന്നുണ്ട്.
പലിശക്കാരും വാതുവയ്പ്പുകാരും അടക്കം 13 പേര്‍ക്കെതിരേ വെങ്കിടേഷ് പരാതി നല്‍കിയിട്ടുണ്ട്. പണമിടപാടുകാരായ ശിവു, ഗിരീഷ്, വെങ്കിടേഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരാതി കിട്ടിയിരിക്കുന്ന വാതുവയ്പ്പുകാരന്‍ മഹന്തേഷിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.