UPDATES

‘കാശ് അഡിഡാസ് തരും’; താജ് പാലസിനെയും ഋഷഭ് പന്തിനെയും വരെ പറ്റിച്ചൊരു ‘ ഐപിഎല്‍ താരം’

കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ചുപോകുന്നതാണ് മൃണാങ്ക് സിംഗിന്റെ തട്ടിപ്പ് കഥകള്‍

                       

ജീവിക്കുകയാണെങ്കില്‍ ആഢംബരമായി ജീവിക്കുക, മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ വിലവരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുക, ഒരു ശരാശരി ഇന്ത്യക്കാരന്‍ ഭക്ഷണത്തിനായി ഒരു മാസം ചെലവാക്കുന്ന തുക കൊണ്ട് ഒരുനേരം കഴിക്കുക, സുന്ദരികളായ യുവതികളുമൊത്ത് ഉല്ലസിക്കുക, യഥേഷ്ടം വിദേശ രാജ്യങ്ങളില്‍ കറങ്ങുക, അത്യാഢംബര കാറുകളിലും ക്രൂയിസുകളിലും യാത്ര ചെയ്യുക,; ഇതൊക്കെയായിരുന്നു മൃണാങ്ക് സിംഗിന്റെ ലൈഫ് പോളിസി. അടുത്തകാലം വരെ ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയായിരുന്നു താനും ജീവിതം. പക്ഷേ, ഇനിയത് നടക്കില്ല; അത്രവലിയ ആഢംബരങ്ങളൊന്നും ഇന്ത്യന്‍ ജയിലുകളില്‍ അനുവദിക്കില്ലല്ലോ!

കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ചുപോകുന്നതാണ് മൃണാങ്ക് സിംഗിന്റെ തട്ടിപ്പ് കഥകള്‍. സിംഗിന്റെ ഇരകളായവര്‍ നിസ്സാരക്കാരല്ല, വമ്പന്‍ സ്റ്റാര്‍ ഹോട്ടലുകാര്‍ തൊട്ട് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഋഷഭ് പന്ത് വരെ സിംഗിന്റെ ഗൂഗ്ലിയില്‍ വീണുപോയി.

മൃണാങ്ക് സിംഗ് പറയുന്നതില്‍ അല്‍പ്പമെങ്കിലും നേരുള്ളൊരു കാര്യം, കക്ഷിയൊരു ക്രിക്കറ്റര്‍ ആയിരുന്നുവെന്നതാണ്. പക്ഷേ, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് വേണ്ടി കളിച്ചെന്നൊക്കെ പറഞ്ഞത് വെറും തട്ടിപ്പായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതുപോലെ ഹരിയാന അണ്ടര്‍-19 ടീമില്‍ ഉണ്ടായിരുന്നുവെന്ന അവകാശവാദവും അന്വേഷിച്ച് സ്ഥിരീകരിക്കേണ്ടതുണ്ടെന്നാണ് അഡീഷണല്‍ ഡിസിപി രവികാന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു മൃണാങ്ക് അറസ്റ്റിലാകുന്നത്. ഹോങ്കോംഗിലേക്ക് പറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇത്തരം വിദേശ യാത്രകള്‍ പതിവാണെന്നാണ് പൊലീസ് പറയുന്നത്. യാത്രകളില്‍ ഒപ്പം മോഡലുകളോ, മറ്റു യുവതികളോ കാണും.

വിലപിടിപ്പേറിയ ജീവിതത്തിനായി ക്രിക്കറ്റ് താരത്തിന്റെ ഉള്‍പ്പെടെ പല വ്യാജ ഐഡന്റിറ്റികളും മൃണാങ്ക് ഉപയോഗപ്പെടുത്തിയിരുന്നു. 2014-2018 കാലത്ത് താന്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നുവെന്നാണ് അയാള്‍ തന്റെ ഇരകളില്‍ ഒരു വിഭാഗത്തെ വിശ്വസിപ്പിച്ചിരുന്നത്. ഈ ഇമേജ് ഉപയോഗിച്ച് അയാള്‍ സ്ത്രീകളെയടക്കം പറ്റിച്ചു.

സിംഗിന്റെ താമസം മിക്കവാറും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലായിരിക്കും. ദിവസങ്ങളോളം താമസിച്ചശേഷം ലക്ഷങ്ങള്‍ വരുന്ന ബില്ല് കൊടുക്കാതെ മുങ്ങും.

2022-ല്‍ ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ ഒരാഴ്ച്ച സിംഗ് താമസിച്ചു. ബില്ല് വന്നത് 5.53 ലക്ഷം. ഹോട്ടല്‍ ജീവനക്കാരോട് സിംഗ് പറഞ്ഞത്, താനൊരു ക്രിക്കറ്റ് താരമാണെന്നും തന്റെ സ്‌പോണ്‍സര്‍മാരായ അഡിഡാസ് ബില്ലിന്റെ പണം നല്‍കുമെന്നുമാണ്. അത് വിശ്വസിച്ച ഹോട്ടലുകാര്‍ അവരുടെ ബാങ്ക് ഡീറ്റെയ്ല്‍സ് സിംഗിന് കൈമാറി. രണ്ട് ലക്ഷം രൂപ ആ അകൗണ്ടിലേക്ക് കൈമാറിയന്നെു കാണിച്ച് ട്രാന്‍സാക്ഷന്‍ ഐഡി സിംഗ് ഹോട്ടലുകാരെ കാണിച്ചു. സിംഗ് ഹോട്ടല്‍ വിട്ടശേഷമാണ് തങ്ങള്‍ പറ്റിക്കപ്പെട്ടതായി താജ് പാലസുകാര്‍ മനസിലാക്കിയത്. ഹോട്ടല്‍ മാനേജറും പൊലീസും സിംഗിനെയും അദ്ദേഹത്തിന്റെ മാനേജര്‍ എന്നു പരിചയപ്പെടുത്തിയ മറ്റൊരാളെയും ബന്ധപ്പെട്ടപ്പോള്‍, പണം ഡ്രൈവറുടെ കൈവശം കൊടുത്തു വിട്ടിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ അങ്ങനെയൊരു ഡ്രൈവര്‍ ഒരിക്കലും താജ് പാലസിലേക്ക് എത്തിയില്ല. കാര്യം മനസിലാക്കി പൊലീസ് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് സ്റ്റാര്‍ ഹോട്ടലുകളെ പറ്റിക്കുന്നത് സിംഗിന്റെ സ്ഥിരം ഏര്‍പ്പാടാണെന്ന് മനസിലായത്.

എല്ലാ ഹോട്ടലുകളിലും ക്രിക്കറ്റ് താരമായിട്ടല്ലായിരുന്നു എന്‍ട്രി. ചിലയിടങ്ങളില്‍ കര്‍ണാടകയില്‍ നിന്നുള്ള ഐപിഎസ് ഓഫിസറായിരുന്നു. എഡിജിപി അലോക് കുമാര്‍; അതായിരുന്നു ഹോട്ടലുകാരെയും ഇമിഗ്രേഷന്‍ അധികൃതരെയും വരെ പറ്റിക്കാനുള്ള മറ്റൊരു ഐഡന്റിറ്റി.

പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു ഡിസംബര്‍ 25 ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ഹോങ്കോംഗിലേക്ക് പോകാന്‍ വന്ന സിംഗിനെ തടഞ്ഞു വയ്ക്കുന്നത്. അവിടെ വച്ച് സിംഗ് കളിച്ചൊരു കളിയുണ്ട്, താന്‍ കര്‍ണാടക എഡിജിപി അലോക് കുമാര്‍ ആണെന്നും തന്റെ മകന്‍ മൃണാങ്ക് സിംഗിനെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ തടഞ്ഞു വച്ചിരിക്കുകയാമെന്നും വിട്ടയക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉന്നത് പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ മറ്റൊരു കഥ കൂടി പറഞ്ഞു നോക്കി. തന്റെ പിതാവ് അശോക് കുമാര്‍ സിംഗ് 1980 കളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള ക്രിക്കറ്റ് താരമാണെന്നും ഇപ്പോള്‍ എയര്‍ ഇന്ത്യ മാനേജറായി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ ജോലി നോക്കുകയാണെന്നുമായിരുന്നു ആ കഥ.

ദുബൈയില്‍ ആണ് സ്ഥിരതാമസം എന്നായിരുന്നു കുറേപ്പേരെ വിശ്വസിപ്പിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായിരുന്നു. ഇന്‍സ്റ്റഗ്രാം പേജില്‍ വിദേശയാത്രകളും ആഢംബര വാഹനങ്ങളിലെ കറക്കവും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ജീവിതവുമൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മോഡലുകള്‍ ഉള്‍പ്പെടെയുള്ള യുവതികളുമൊത്തുള്ള ചിത്രങ്ങളും ഇന്‍സ്റ്റയിലുണ്ട്. നാല്‍പ്പതിനായിരത്തോളം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. വീണ്ടും വീണ്ടുമുള്ള തട്ടിപ്പിന് അയാളെ സഹായിച്ചിരുന്നതും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയിരുന്ന ‘പോപ്പുലാരിറ്റി’ ആയിരുന്നു.

2020-21 കാലത്ത് ഇന്ത്യന്‍ താരം ഋഷഭ് പന്തില്‍ നിന്നും തട്ടിയെടുത്ത് ഒരു കോടി അറുപത് ലക്ഷം രൂപയാണ്. ആഢംബര വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ വാങ്ങലും വില്‍പ്പനയുമാണ് തന്റെ ബിസിനസ് എന്നു പറഞ്ഞായിരുന്നു പന്തുമായി സിംഗ് ബന്ധം സ്ഥാപിക്കുന്നത്. ബന്ധം ദൃഡമാക്കി, വിശ്വാസം ആര്‍ജ്ജിച്ചശേഷം പന്തിന്റെ പക്കല്‍ നിന്നും അദ്ദേഹം ഉപയോഗിച്ച ആഡംബര വാച്ചുകള്‍ വാങ്ങിയെടുത്തു. വിലയായി 1.6 കോടിയുടെ ചെക്കും നല്‍കി. ചെക്ക് ബൗണ്‍സായപ്പോഴാണ് പന്തിന് മനസിലായത് പറ്റിക്കപ്പെട്ടെന്ന്. ഇതുപോലെ മറ്റ് പലരെയും ഭംഗിയായി കളിപ്പിച്ചിട്ടുണ്ട്. അതില്‍ കാര്‍ ഡ്രൈവര്‍മാരുണ്ട്, യുവതികളുണ്ട്, ബാറുകാരും റെസ്റ്ററന്റുകാരുമൊക്കെയുണ്ട്.

പരാതികള്‍ കിട്ടിയതിനുശേഷം ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് സിംഗിനെ പിടിക്കാന്‍ പൊലീസിന് സാധിച്ചത്. പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസിലാക്കിയായിരുന്നു അയാളുടെ നീക്കങ്ങള്‍.

ഡല്‍ഹി സര്‍വകലാശയ്ക്ക് കീഴിലുള്ള ഹിന്ദു കോളേജില്‍ നിന്നും കൊമേഴ്‌സ് ബിരുദം നേടിയിട്ടുള്ള സിംഗ്, രാജസ്ഥാനിലെ ഒപിജെഎസ് സര്‍വകലാശാലയില്‍ നിന്നും ഹ്യൂമന്‍ റിസോഴ്‌സില്‍ എംബിഎയും സ്വന്തമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സിംഗിനെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി അയാളുടെ കുടുംബത്തെ പൊലീസ് ബന്ധപ്പെട്ടിരുന്നു. മൃണാങ്ക് സിംഗിന്റെ പിതാവ് പൊലീസിനോട് പറഞ്ഞത്, അവനെ തങ്ങള്‍ പണ്ടേ ഉപേക്ഷിച്ചതാണെന്നായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍