ബൈജൂസ് ഓഫിസിലെ ടിവി എടുത്തുകൊണ്ടു പോയി
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന എഡ്യുടെക് കമ്പനി ബൈജൂസ് കൂടുതല്‍ മോശമായ അവസ്ഥയിലേക്കാണോ പോകുന്നത്? ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നൊരു വാര്‍ത്ത ബൈജൂസിനെതിരേ അതിന്റെ ഉപഭോക്താക്കള്‍ തന്നെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നവെന്നതാണ്. തങ്ങളില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു കുടുംബം ബൈജൂസ് ഓഫിസില്‍ നടത്തിയ പ്രകടനമാണ് സ്ഥാപനത്തെ കൂടുതല്‍ നാണക്കേടിലേക്ക് തള്ളിവിട്ടിരിക്കുന്നത്.
തങ്ങള്‍ക്ക് ഉപയോഗപ്പെടാത്ത ടാബ്‌ലെറ്റിനും ലേണിംഗ് പ്രോഗ്രാമിനും വാങ്ങിയ പണം റീഫണ്ട് ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കപ്പെടാത്തതിനെ തുടര്‍ന്ന് എഡ്യുടെക് കമ്പനിയുടെ ഓഫിസില്‍ സ്ഥാപിച്ചിരുന്ന ഒരു ടെലിവിഷന്‍ സെറ്റ് ആ കുടുംബം അഴിച്ചുകൊണ്ടു പോയി! ടിവി അഴിച്ചുകൊണ്ടുപോകുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.
നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ തങ്ങള്‍ റീഫണ്ട് ആവശ്യപ്പെട്ടിരുന്നതാണെന്നും എങ്കിലും പലവിധ തടസങ്ങള്‍ പറഞ്ഞു പണം മടക്കി നല്‍കുന്നത് കമ്പനി നീട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ആഴ്ച്ചകളോളം നടന്നിട്ടും ഫലം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് തങ്ങള്‍ ഓഫിസില്‍ എത്തിയതും അവിടെയുണ്ടായിരുന്ന ടെലിവിഷന്‍ സെറ്റ് അഴിച്ചെടുത്തു കൊണ്ടുപോന്നതെന്നും കുടുംബം പറയുന്നു. തങ്ങളുടെ പണം തിരികെ തന്നിട്ട് ടിവി തിരിച്ചെടുത്തു കൊണ്ടുപോയ്‌ക്കോളാന്‍ കുടുംബം ബൈജൂസ് ജീവനക്കാരോട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ഈ വീഡിയോയും വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിനു പിന്നാലെ, എങ്ങനെയാണ് ബൈജൂസിന്റെ കസ്റ്റമര്‍ സര്‍വീസ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായെന്ന വിമര്‍ശനവും ശക്തമായി. കമ്പനിയില്‍ നിന്നും റീഫണ്ട് കിട്ടുകയെന്നത് വലിയൊരു വെല്ലുവിളിയാണെന്ന് ഈ സംഭവത്തോടെ എല്ലാവര്‍ക്കും മനസിലായെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കൂടി കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനൊപ്പം തന്നെ കുടുംബത്തിന്റെ പ്രവര്‍ത്തിയെയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. അവര്‍ കാണിച്ചത് നിയമവിരുദ്ധമായ കാര്യമാണെന്നും ഇത്തരത്തിലൊരു സമീപമായിരുന്നില്ല ഈ വിഷയത്തില്‍ സ്വീകരിക്കേണ്ടിയിരുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.
ബൈജൂസില്‍ നിന്നും ടിവി എടുത്തുകൊണ്ടു പോകുന്ന വീഡിയോ ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിനു മേല്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. ചിലത് വളരെ ഗൗരവമുള്ളതും പലതും രസകരമയാതുമാണ്. ഈ സമ്പത്തിക വര്‍ഷം ബൈജൂസിന് ഉണ്ടായ 45000 രൂപയുടെ മറ്റൊരു നഷ്ടം എന്നാണ് ഒരു കമന്റ്. ആ കുടുംബത്തിന്റെ ധൈര്യത്തെ പുകഴ്ത്തുന്നവരുമുണ്ട്.
View this post on Instagram