തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും കഴുത്തില്‍ പിടിമുറുക്കിയപ്പോഴാണ് വയനാട് മേപ്പാടി കാര്‍ന്നല്‍കുന്ന് ഊരില്‍ നിന്നും ശൈലജയും ഭര്‍ത്താവ് സുരേഷും കുടകിലെ ഹാസനില്‍ ജോലിക്ക് പോകുന്നത്. ഒരു മാസത്തിനിപ്പുറം കുടുംബം അറിയുന്നത് ജോലിസ്ഥലത്ത് വച്ച് ഷൈലജ ആത്മഹത്യ ചെയ്തുവെന്നാണ്.
ഷൈലജ എന്തിനാണ് ആത്മഹത്യ ചെയ്തത്? അതിനു മാത്രം വിശ്വസനീയമായ ഉത്തരമില്ല. കുടുംബ പ്രശ്‌നം എന്ന് പറഞ്ഞു കൈകഴുകുകയാണ് പൊലീസ്. എന്നാല്‍ കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന് പോലും യഥാര്‍ത്ഥ മരണ കാരണം അറിയില്ലെന്നതാണ് വസ്തുത. ഭര്‍ത്താവ് സുരേഷും രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബമാണ് ഷൈലജയുടേത്. ഷൈലജയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. കൃത്യമായ അന്വേഷണം നടത്തി ഷൈലജയുടെ മരണകാരണം കണ്ടെത്തണമെന്നാണ് ആവശ്യം.
ഷൈലജ ആത്മഹത്യ ചെയ്ത അന്നു തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരികയും പിറ്റേദിവസം രാവിലെ ശരീരം ദഹിപ്പിക്കുകയും ചെയ്തു. എന്താണ് മരണകാരണമെന്ന് അന്വേഷിക്കാന്‍ പോലും തയ്യാറാകാതെ ആത്മഹത്യയാണെന്ന് ഉറപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നാണ് ആദിവാസികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക അമ്മിണി അഴിമുഖത്തോട് പറയുന്നത്.
വയനാട് ആദിവാസി മേഖലയില്‍ തൊഴിലില്ലായ്മ വളരെ രൂക്ഷമായ പ്രശ്‌നമാണ്. അതിനാല്‍ തന്നെ മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും ജോലിക്കായി ആദിവാസി ഊരുകളില്‍ നിന്ന് പുരുഷന്മാരെയും സ്ത്രീകളെയും കൊണ്ടുപോകുന്നത് പതിവാണ്. ഷൈലജയെയും അത്തരത്തില്‍ അമ്പലവയല്‍ കുറ്റികൈത സ്വദേശി സുരേഷ് എന്നയാള്‍ കൊണ്ടുപോയതാണെന്നാണ് അമ്മിണി പറയുന്നത്. നാട്ടില്‍ സുരേഷിന് യൂക്കാലി വാറ്റുന്ന രണ്ട് യൂണിറ്റുകള്‍ ഉണ്ട്. ഇത് കര്‍ണാടകയില്‍ കൊണ്ട് പോയി എണ്ണ ആക്കിയാണ് കൊണ്ട് വരുന്നത്.
ഷൈലജ മദ്യപിക്കുകയോ മറ്റ് യാതൊരു വിധ പ്രശ്‌നങ്ങളുമില്ലാത്ത വ്യക്തിയാണ്. ഷൈലജയും ഭര്‍ത്താവും ഒന്നിച്ചാണ് കര്‍ണാടകയിലെ തൊഴില്‍ സ്ഥലത്ത് താമസിച്ചു ജോലിചെയ്തിരുന്നത്. കാര്യങ്ങളെല്ലാം പക്വതയോടെ കൈകാര്യം ചെയ്യുന്ന ആളായിരുന്നു. അങ്ങനെയുള്ള ഒരാളുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രവര്‍ത്തി ഉണ്ടാകില്ല എന്നാണ് അമ്മിണി ഉറപ്പിച്ച് പറയുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് ആദിവാസി ഊരുകളില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴിലെടുപ്പിക്കാന്‍ പോകുന്നതെന്നാണ് അമ്മിണി പരാതിപ്പെടുന്നത്.
അടിസ്ഥാന സ്വകര്യങ്ങള്‍ പോലുമില്ലാതെ വളരെ ശോചനീയമായ അവസ്ഥയിലാണ് ജോലിക്കാരെ പണിസ്ഥലത്ത് താമസിപ്പിക്കുക. ഊരുകളില്‍ നിന്നും കൊണ്ടു പോകുന്നവര്‍ക്ക് സുരക്ഷിതമായ താമസം അടക്കമുള്ള യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും നല്‍കാറില്ല. കാടിനടുത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയാണ് ഇവരെ താമസിപ്പിക്കുന്നത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഷൈലജ സ്വയം ജീവനെടുത്തതെന്നാണ് ഇവരെ കൊണ്ട് പോയവര്‍ ആവര്‍ത്തിച്ച് പറയുന്നത്. ഷൈലജയെയും ഭര്‍ത്താവിനെയും ജോലിക്ക് കൊണ്ട് പോയ സുരേഷ് എന്ന വ്യക്തിയോട് അന്വേഷിച്ചപ്പോള്‍ ‘സംഭവ സ്ഥലത്ത് താന്‍ ഉണ്ടായിരുന്നില്ല, കൂടുതല്‍ ഒന്നും തനിക്ക് അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. മരണ വിവരം ബന്ധപ്പെട്ട അധികൃതരെയും ബന്ധുക്കളെയും അറിയിച്ചിട്ടുണ്ടെന്നുമാത്രമാണ് സുരേഷ് പറയുന്നത്’: അമ്മിണി പറയുന്നു.
കേരളത്തില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ജോലിക്കായി ആളുകളെ കൊണ്ടുപോകുമ്പോള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. തൊഴില്‍ നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണോ ഇവരെ ജോലിക്ക് വേണ്ടി കൊണ്ട് പോകുന്നത് എന്ന് ചോദിക്കുമ്പോഴും സുരേഷില്‍ നിന്ന് ലഭിച്ച മറുപടി മൗനമായിരുന്നുവെന്നും അമ്മിണി പറയുന്നു.
അവശേഷിക്കുന്ന ഒരു ചോദ്യം കര്‍ണാടകയിലേക്ക് കൊണ്ട് പോകുന്ന തൊഴിലാളികള്‍ മാത്രം എന്തുകൊണ്ട് മരിക്കുന്നു എന്നതാണ്. ഈ വിഷയത്തില്‍ നിരവധി തവണ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതികൃധരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 2023 ഇത്തരത്തില്‍ തുടര്‍ച്ചയായ ആറ് മരണങ്ങള്‍ നടന്നപ്പോള്‍ വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയും കുറച്ച് നാളുകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ നന്നായി ആഘോഷിക്കുകയും ചെയ്തു. പക്ഷെ പിന്നീട് തുടരന്വേഷങ്ങളോ നടപടികളോ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് അമ്മിണിയുടെ പരാതി. ‘അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ കന്നുകാലികളെ പോലെയാണ് അവര്‍ തൊഴിലാളികളെ പാര്‍പ്പിക്കുന്നത്. മദ്യം നല്‍കി വശത്താക്കി പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്യുന്നുമുണ്ട്. ഷൈലജയുടേത് ഒറ്റപ്പെട്ട സംഭവമല്ല ഇതിന് മുന്‍പും സുരേഷ് എന്ന വ്യക്തിയുടെ കൂടെ ജോലിക്ക് പോയ ബിനീഷ് എന്ന ആദിവാസി യുവാവ് മരണപ്പെട്ടിരുന്നു. ജോലി സ്ഥലത്ത് നിന്ന് അസുഖ ബാധിതനായി വീട്ടില്‍ വന്നതിനു ശേഷമാണ് ബിനീഷ് മരണപ്പെടുന്നതെന്ന ആരോപണവും അമ്മിണി ഉയര്‍ത്തുന്നു.
ജോലിസ്ഥലങ്ങളില്‍ തൊഴിലാളികളെ നിയന്ത്രിക്കാന്‍ ഇടനിലക്കാരാണ് ഉണ്ടാകുക. ജോലി തുടങ്ങിയാല്‍ അവര്‍ പറയുമ്പാള്‍ മാത്രമേ ജോലി നിര്‍ത്താന്‍ സാധിക്കു. കൃത്യമായ മണിക്കൂറുകളുടെ അടിസ്ഥാനത്തിലല്ല തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത്. തങ്ങളുടെ സംസ്ഥാനത്ത് വച്ച് തൊഴിലാളികള്‍ ആരെങ്കിലും മരണപ്പെട്ടാല്‍ കര്‍ണാടക പോലീസ് ചെയ്യുന്നത്, കേവലമത് റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ്. അന്വേഷണത്തിന്റെ പുരോഗതിയും മറ്റും തിരക്കുമ്പോള്‍, അന്വേഷണം അവസാനിപ്പിച്ചു എന്ന മറുപടിയാണ് ലഭിക്കാറുള്ളത്. പാവപ്പെട്ട തൊഴിലാളികളുടെ ജീവിതാവസ്ഥയെ എല്ലാവരും ചൂഷണം ചെയ്യുകയാണെന്നാണ് അമ്മിണി പറയുന്നത്. ആരോപണങ്ങള്‍ക്കുള്ള പ്രതികരണം അറിയാന്‍ സുരേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ ലഭ്യമായില്ല. കിട്ടുന്ന മുറയ്ക്ക് അദ്ദേഹത്തിന്റെ വാദവും അഴിമുഖം പ്രസിദ്ധീകരിക്കുന്നതായിരിക്കും.