UPDATES

ബിജെപിക്ക് പണം വരുന്നത് പലവഴി

ഇലക്ടറല്‍ ബോണ്ട് ഒരു വഴിമാത്രമായിരുന്നു

                       

ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുമ്പോള്‍, വിവിധ കമ്പനികളില്‍ നിന്ന് കോടിക്കണക്കിന് രൂപ സ്വീകരിച്ചതിനെ ന്യായീകരിക്കാന്‍ പാടുപെടുകയാണ് ബിജെപി. രാഷ്ട്രീയ പാര്‍ട്ടികളിലുടനീളം ഇത്തരം സമ്പ്രദായങ്ങള്‍ സാധാരണമാണെന്നാണ് അവരുടെ ഒരു വാദം.20,000 കോടി രൂപയുടെ ബോണ്ടുകളില്‍ 6,000 കോടി രൂപ മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചതെന്നായിരുന്നു അമിത് ഷാ അവകാശപ്പെട്ടത്. എന്നാല്‍ ബോണ്ടുകള്‍ വഴി ആകെ പണമാക്കി മാറ്റിയ 16,492 കോടിയില്‍ 8,252 കോടി രൂപയും കൈക്കലാക്കിയത് ബിജെപിയാണ്. അതായത് മറ്റ് 20 പാര്‍ട്ടികളെ അപേക്ഷിച്ച് മൊത്തം തുകയുടെ പകുതിയിലധികവും കൈപ്പറ്റിയത് ഒരൊറ്റ കക്ഷിയാണ്.

പാര്‍ട്ടിക്ക് പാര്‍ലമെന്റിലെ സീറ്റ് വിഹിതത്തിന് ആനുപാതികമായി പണം ലഭിക്കുന്നതില്‍ തെറ്റില്ലെന്നതാണ് ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്. എന്നാല്‍ ഇതൊരു അടിസ്ഥാനരഹിത വാദമാണ്. കാരണം, ജര്‍മന്‍ മാതൃക അനുസരിച്ച്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്റ്റേറ്റ് ഫണ്ടിംഗ് വഴി ലഭിക്കുന്ന വിഹിതം അവര്‍ക്ക് അനുകൂലമായി ലഭിച്ച വോട്ടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അല്ലെങ്കില്‍ ഫ്രാന്‍സിന്റെ മാതൃകയില്‍, പാര്‍ലമെന്റില്‍ നേടിയ വോട്ടുകളുടെയും സീറ്റുകളുടെയും സംയോജനത്തിലൂടെയാണ് പണം സ്വീകരിക്കുക. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 38% വോട്ട് വിഹിതം നേടി, അതിന്റെ സീറ്റ് വിഹിതത്തേക്കാള്‍ വളരെ കുറവാണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സര്‍ക്കാരുകളുള്ള ഒരു ഫെഡറല്‍ രാജ്യമാണ് ഇന്ത്യ. സംസ്ഥാന അസംബ്ലികള്‍ കണക്കിലെടുക്കുമ്പോള്‍, ദേശീയ തെരഞ്ഞെടുപ്പുകളിലെ പ്രകടനത്തില്‍ നിന്ന് വേറിട്ട് പാര്‍ട്ടികള്‍ക്ക് അതാത് അസംബ്ലികളില്‍ സീറ്റുകള്‍ നേടാനാകും.

എന്നാല്‍ അതിലും പ്രധാനമായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത് പണം വാങ്ങുന്ന കാര്യത്തില്‍ ബിജെപിയുടെ പങ്ക് നിലവില്‍ ദൃശ്യമായതിനും അപ്പുറമാണ് എന്നതാണ്. അജ്ഞാത ഇലക്ടറല്‍ ബോണ്ട് സ്‌കീം നിയമവിരുദ്ധമാണെന്ന് ഫെബ്രുവരി 15-ന് സുപ്രിം കോടതി വിധിച്ചതോടെ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ ലഭിക്കുന്ന ഒരു വഴി മാത്രമായിരുന്നു അത്. ഇലക്ടറല്‍ ട്രസ്റ്റുകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍ തോതില്‍ ഫണ്ട് ലഭിക്കുന്നുണ്ട്. ഈ ട്രസ്റ്റുകളുടെ ദാതാക്കള്‍ വന്‍കിട കോര്‍പ്പറേറ്റുകളാണ്. കൂടാതെ, പാര്‍ട്ടികള്‍ക്ക് മറ്റ് സംഭാവനകള്‍ പണമായും ബാങ്ക് ട്രാന്‍സ്ഫറുമായും ലഭിച്ചുകൊണ്ടിരിക്കുന്നു, അത് അവരുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

‘പ്രൊജക്റ്റ് ഇലക്ടറല്‍ ബോണ്ട്’ 2018 നും 2023 നും ഇടയില്‍ ആറ് വര്‍ഷത്തെ ബിജെപിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും മൂന്ന് പ്രധാന സ്രോതസ്സുകളില്‍ നിന്നുള്ള വരവ് കണക്കുകൂട്ടുകയും ചെയ്തിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍, ഇലക്ടറല്‍ ട്രസ്റ്റുകള്‍, മറ്റ് സംഭാവനകള്‍ എന്നിവയാണ് ആ സ്രോതസ്സുകള്‍. ഇതിലൂടെ വ്യക്തമായത് ബിജെപിയുടെ ആസ്തി 12,930 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നുവെന്നാണ്. പണം വാങ്ങുന്നതില്‍ മറ്റ് പാര്‍ട്ടികളെക്കാള്‍ വളരെ മുമ്പിലാണ് ബിജെപി. ഇലക്ടറല്‍ ബോണ്ടുകളിലൂടെയുള്ള ബിജെപി വിഹിതം മൊത്തം തുകയുടെ 50% മാത്രമാണ്. എന്നാല്‍ ഇലക്ടറല്‍ ട്രസ്റ്റുകളും മറ്റ് സംഭാവനകളും ഉള്‍പ്പെടെ എല്ലാ വഴികളും പരിശോധിച്ചാല്‍ ബിജെപിയുടെ വിഹിതം ഇതിലും വലുതാണ്.

ഒരു വര്‍ഷത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എത്ര പണം സംഭാവനയിലൂടെ കിട്ടിയെന്നതിന് ഒരൊറ്റ ഡാറ്റ ഉറവിടവും നിലവിലില്ലാത്തതിനാല്‍ ഓരോരുത്തര്‍ക്കും കിട്ടിയ തുക കണക്കാക്കുന്നത് ബുദ്ധിമുട്ടാണ്. ഓരോ പാര്‍ട്ടിയും, തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ നിന്ന് ഡാറ്റ ശേഖരിക്കണം. പാര്‍ലമെന്റിലെ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ 85 ശതമാനത്തിലധികം വരുന്ന 12 പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച രേഖകള്‍ ‘പ്രൊജക്റ്റ് ഇലക്ടറല്‍ ബോണ്ട്’ പരിശോധിച്ചു. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിക്കുന്ന പണത്തിന്റെ 96 ശതമാനവും ഈ 12 പാര്‍ട്ടികളുടെതുമാണ്. അതിനാല്‍, ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെയും മറ്റ് സംഭാവനകളിലൂടെയും നല്‍കിയിരിക്കുന്ന അധികം തുകയും ഈ പാര്‍ട്ടികളുടെ പോക്കറ്റിലാണ് എത്തിയിരിക്കുന്നതെന്നും അനുമാനിക്കാം. ഈ കണക്കുകള്‍ ക്രമപ്പെടുത്തിയാല്‍, ബിജെപിയുടെ വിഹിതം ഏകദേശം 58% വരുന്നതായും ‘പ്രൊജക്റ്റ് ഇലക്ടറല്‍ ബോണ്ട്’ കണ്ടെത്തി.

അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി ന്യൂസ്ലൗണ്ട്രി, സ്‌ക്രോള്‍, ദി ന്യൂസ് മിനിറ്റ്, കൂടാതെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ട പ്രൊജക്ട് ഇലക്ടറല്‍ ബോണ്ട്’-ന്റെ ഭാഗമായി പ്രസിദ്ധീകരിച്ചതാണ് ഈ റിപ്പോര്‍ട്ട്.

Share on

മറ്റുവാര്‍ത്തകള്‍