UPDATES

നിയമസഭ വിജയങ്ങള്‍ ബിജെപിക്ക് രാജ്യസഭയില്‍ ശക്തി കൂട്ടിയോ?

തെലങ്കാന കോണ്‍ഗ്രസിനെ സഹായിക്കുന്നതെങ്ങനെ?

                       

ഹിന്ദി ഹൃദയ ഭൂമികയില്‍ ഹിന്ദുത്വ കാര്‍ഡിന്റെ ചരടുകള്‍ ബിജെപിയുടെ കൈയില്‍ സുരക്ഷിതമെന്ന് തെളിയിച്ചാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നത്. രണ്ടു തവണ സംസ്ഥാനം ഭരിച്ച ബിജെപിയില്‍ നിന്ന് കഴിഞ്ഞ തവണ മിന്നുന്ന വിജയത്തോടെയാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ അധികാരം പിടിച്ചെടുത്തത്. ഓണ്‍ലൈന്‍ വാതുവയ്പ് ആപ്പ് ആയ ‘മഹാദേവു’മായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുതലെടുത്തു കൊണ്ട് വലിയ രീതിയിലുള്ള ഭരണ വിരുദ്ധത ഇത്തവണ ബിജെപിക്ക് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതിലൂടെ ഛത്തീസ്ഗഡ് കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഒരു പാര്‍ട്ടിക്കും തുടര്‍ ഭരണം നല്‍കാന്‍ സമ്മതിക്കാത്ത രാജസ്ഥാന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. അശോക് ഗെഹ്‌ലോട്ടിന്റെ തെരഞ്ഞെപ്പ് തന്ത്രങ്ങളേക്കാള്‍ എക്‌സിറ്റ് പോള്‍ ഫലത്തെ ശരിവച്ചുകൊണ്ട് എതിര്‍ പാളയത്തിന്റെ തന്ത്രങ്ങള്‍ക്ക് രാജസ്ഥാന്‍ പച്ച കൊടി കാണിച്ചു. കമല്‍ നാഥിന്റെ ഹിന്ദുത്വ കാര്‍ഡിനേക്കാള്‍ പരിചയ സമ്പന്നരായ ബിജെപിയുടെ ഹിന്ദുത്വ കാര്‍ഡിന് തന്നെ മധ്യപ്രദേശ് മുന്‍തുക്കം നല്‍കി. ഡിസംബര്‍ മൂന്നിന് മൂന്ന് സംസ്ഥാനങ്ങളും ബിജെപിക്ക് അനുകൂലമായി വിധിയെഴുതിയപ്പോള്‍ തെലങ്കാന മാത്രമാണ് ചന്ദ്രശേഖര റാവുവിനെ കൈ ഒഴിഞ്ഞ് കോണ്‍ഗ്രസിനൊപ്പം നിന്നത്. ഈ തെരഞ്ഞെടുപ്പു ഫലങ്ങള്‍ അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പിന് നേരിടാനൊരുങ്ങുന്ന ബിജെപിക്ക് ഗണ്യമായ ആത്മവിശ്വാസമാണ് നല്‍കാന്‍ പോകുന്നത്.

അഞ്ചില്‍ മൂന്നിടത്ത് വിജയം നേടിയതിലൂടെ ബിജെപിയുടെ രാജ്യസഭ കരുത്ത് കൂടുന്നുണ്ടോ എന്നത് പ്രധാനമായൊരു രാഷ്ട്രീയ ചോദ്യമാണ്. നിലവില്‍, എന്‍ഡിഎ സഖ്യത്തിന് അപ്പര്‍ ഹൗസില്‍ ഭൂരിപക്ഷമുണ്ട്. ഇപ്പോള്‍ നേടിയ വിജയങ്ങള്‍ ബിജെപിയെയും എന്‍ഡിഎയും കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ടോ? രാജ്യസഭയിലെ സീറ്റ് നിലയില്‍ ബിജെപിക്ക് അനുകൂലമായ വ്യത്യാസം വന്നിട്ടുണ്ടെങ്കില്‍, അടുത്ത തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലും ശക്തി നിലനിര്‍ത്തിക്കൊണ്ട് തങ്ങളാഗ്രഹിക്കുന്ന തരത്തില്‍ ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക നിയമ നിര്‍മാണങ്ങള്‍ നടത്തിയെടുക്കാന്‍ ബിജെപിക്ക് കഴിയും. അത്തരത്തിലാണോ കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നത്?

മൂന്നു സംസ്ഥാനങ്ങളിലെ വിജയം, ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ഉയര്‍ത്താന്‍ സഹായിക്കുന്നില്ല എന്നാണു കണക്കുകള്‍ പറയുന്നത്. ലോക്‌സഭയില്‍ വലിയ ഭൂരിപക്ഷം ഉണ്ടെങ്കിലും, നിയമസഭകളില്‍ ബഹുഭൂരിപക്ഷവും കൈയിലാണെങ്കിലും എന്‍ഡിഎയ്ക്ക് ഇപ്പോഴും രാജ്യസഭയില്‍ മതിയായ സീറ്റുകള്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2026-ലോ 2028-ലോ ഈ സ്ഥിതിയില്‍ മാറ്റം വന്നേക്കാം. മറുവശത്ത്, കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യസഭയില്‍ കരുത്ത് കുറച്ചു കൂടും. തെലങ്കാനയില്‍ അവര്‍ നേടിയ വിജയം നിലവിലുള്ളതില്‍ നിന്നും സീറ്റുകള്‍ ഉപരിസഭയില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കാം. നിലവില്‍, തെലങ്കാനയില്‍ നിന്നുള്ള ഏഴ് രാജ്യസഭ സീറ്റുകളും ബിആര്‍എസിന്റെ കൈയിലാണ്. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച്, തെലങ്കാനയില്‍ നിന്ന് രാജ്യസഭയിലേക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സാധിക്കും. ഇത് പാര്‍ലമെന്റിന്റെ ഉപരിസഭയിലെ മൊത്തത്തിലുള്ള പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചേക്കാം. മധ്യപ്രദേശില്‍ 11 രാജ്യസഭാ സീറ്റുകളാണുള്ളത്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ യഥാക്രമം 10, ഏഴ്, അഞ്ച് സീറ്റുകളാണുള്ളത്. മധ്യപ്രദേശില്‍ ബിജെപിക്ക് നിലവില്‍ എട്ട് സീറ്റുകളാണുള്ളത്, മൂന്ന് കോണ്‍ഗ്രസിനൊപ്പമാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആറും ബി.ജെ.പിക്ക് നാലും, ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് നാലും ബിജെപിക്ക് ഒരു സീറ്റുമാണുള്ളത്. അതിനാല്‍, 2026ലും 2028ലും ബിജെപിക്ക് ഏറ്റവും കൂടുതല്‍ നേട്ടം ലഭിക്കുന്നത് രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നായിരിക്കും. 245 സീറ്റുകളുള്ള രാജ്യസഭയില്‍ ആറ് ഒഴിവുകളാണുള്ളത് (ജമ്മു & കശ്മീരില്‍ നിന്ന് നാല് സീറ്റുകളും രണ്ട് നോമിനേറ്റഡ് സീറ്റുകളും). രാജ്യസഭയുടെ നിലവിലെ അംഗബലം 239 ആണ്. 94 എംപിമാരുള്ള ബിജെപിയാണ് ഏറ്റവും വലിയ കക്ഷി, അതിനുശേഷം കോണ്‍ഗ്രസ് (30 എംപിമാര്‍), തൃണമൂല്‍ കോണ്‍ഗ്രസ് (13 എംപിമാര്‍), ആം ആദ്മി പാര്‍ട്ടി (എഎപി), ഡിഎംകെ (10 വീതം), ബിജു ജനതാദള്‍ (ബിജെഡി), വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി (ഒമ്പത് വീതം), ബിആര്‍എസ് (7 എംപിമാര്‍), രാഷ്ട്രീയ ജനതാദള്‍ (6 എംപിമാര്‍), ജനതാദള്‍ (യുണൈറ്റഡ്), സിപിഎം (അഞ്ച് വീതം), സിപിഐ(രണ്ട്).

കഴിഞ്ഞ ഒമ്പത് വര്‍ഷമായി വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയങ്ങള്‍ ബിജെപിക്കുണ്ടായിട്ടും രാജ്യസഭയില്‍ പാര്‍ട്ടിക്ക് ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷമില്ല. നിലവില്‍ സഖ്യകക്ഷികളുടെയും, മറ്റ് സൗഹൃദ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് സുപ്രധാന നിയമങ്ങളോ ബില്ലുകളോ രാജ്യസഭയില്‍ പാസാക്കുന്നത്. കര്‍ണാടകയിലെ സീറ്റുകളും തെലങ്കാനയിലെ 7 സീറ്റുകളും രാജസ്ഥാനില്‍ കൈ വിട്ടു പോയ സീറ്റുകള്‍ നികത്താന്‍ കോണ്‍ഗ്രസിന് സഹായകമായേക്കും. നിലവിലെ രാജ്യസഭ അംഗങ്ങളുടെ വിരമിക്കലും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും അടുത്ത ലോക്സഭയുടെ കാലത്ത് ഉപരിസഭയില്‍ പാര്‍ട്ടിക്ക് നിര്‍ണായക പങ്ക് നല്‍കും.

Related news


Share on

മറ്റുവാര്‍ത്തകള്‍