വര്‍ഗീയ സംഘര്‍ഷം നടന്ന ഹരിയാനയിലെ നൂഹില്‍ സ്ഥിതി വീണ്ടും വഷളാകുന്നു. തിങ്കളാഴ്ച ശ്രീകൃഷ്ണ ജന്മാഷ്ടമിയോട് അനുബന്ധിച്ച് ശോഭയാത്ര സംഘടിപ്പിക്കുവാനും വന്‍ വിജയമാക്കി പ്രദേശത്തെ ഹിന്ദുത്വത്തിന്റെ ശക്തിപ്രകടനമാക്കി മാറ്റാനും ശ്രമം തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് ഒരു സംഘര്‍ഷത്തിലേക്ക് നീങ്ങുവാനുമുള്ള സാധ്യത ഉണ്ടെന്നാണ്
ശോഭയാത്ര നൂഹില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കും എന്നുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് ഹരിയാന പോലീസ് മേധാവി ശത്രുജിത്ത് കപൂര്‍ ശോഭയാത്രയ്ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ പുറത്ത് പറയുന്നത്, ജി 20 യുടെ ഭാഗമായാണ് നിരോധനം എന്നാണ്. ഓഗസ്റ്റ് 28 നാണ് ശോഭയാത്ര നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ശോഭയാത്രയില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഹരിയാനയ്ക്ക് പുറത്തുള്ള ഹിന്ദു വിശ്വാസികളേയും ബജ്‌റഗ്ദള്‍ പ്രവര്‍ത്തകരേയും സംഘാടകര്‍ ക്ഷണിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു വര്‍ഗീയ സംഘര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുതന്നെ ഹരിയാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബള്‍ക്ക് എസ്എംഎസ് സേവനവും പ്രദേശത്ത് നിരോധിച്ചിട്ടുണ്ട്. കൂടാതെ നൂഹില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ലൈസന്‍സുള്ളതാണെങ്കിലും തോക്കോ മറ്റ് ആയുധങ്ങളുമായോ നൂഹില്‍ സഞ്ചരിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ജൂലൈ 31-ന് നൂഹില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ ആറു പേരാണ് കൊല ചെയ്യപ്പെട്ടത്. വിശ്വഹിന്ദു പരിഷത്ത് നടത്തിയ മത ഘോഷയാത്രയ്ക്കിടയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നൂഹിലെ മുസ്ലിം വിഭാഗത്തിലെ ജനസമൂഹത്തിന്റെ ഇടയിലാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. ഗ്രാമത്തിലെ മുസ്ലിം വിഭാഗത്തിന്റെ വീടുകളും കടകളും അടിച്ചുതകര്‍ക്കുന്ന കാഴചകളും രാജ്യം കണ്ടതാണ്.