UPDATES

‘ഫാലിമി’യോടൊപ്പം ഒരു കാശി യാത്ര, ഗംഗയില്‍ മുങ്ങിയപ്പോള്‍ അമ്മയുടെ ആഗ്രഹവും സാധിച്ചു: മീനരാജ് പള്ളുരുത്തി/ അഭിമുഖം

ഞാനും ജനാര്‍ദ്ദനന്‍ പിള്ളയെ പോലെ ഒരു സഞ്ചാരിയാണ്. അതുകൊണ്ട് തന്നെ വാര്‍ദ്ധക്യം എന്നെ അത്രകണ്ട് ബാധിച്ചിട്ടില്ല

                       

സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തങ്ങളോടൊപ്പം കൂട്ടി കൊണ്ടുപോകുന്ന ചില കഥാപാത്രങ്ങളുണ്ടാകും. പൊട്ടിച്ചരിപ്പിച്ചവരാകാം, കരയിപ്പിച്ചവരുമാകാം. അത്തരത്തില്‍ ഒരു കഥാപാത്രമായിരുന്നു ഫാലിമി എന്ന ചിത്രത്തില്‍ മീനരാജ് പള്ളുരുത്തി അവതരിപ്പിച്ച ജനാര്‍ദ്ദനന്‍ പിള്ള. ചിരിയും ചിന്തയും കലര്‍ന്നൊരു അപ്പൂപ്പന്‍. കുമ്പളങ്ങി നൈറ്റ്‌സ്, അര്‍ച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടുണ്ടെങ്കിലും ഫാലിമിയാണ് മീനരാജിനെ പോപ്പുലറാക്കിയിരിക്കുന്നത്. ഫാലിമിയിലെ വിശേഷങ്ങളും തന്റെ കഥാപാത്രത്തെയും കുറിച്ച് അഴിമുഖത്തോട് സംസാരിക്കുകയാണ് മീനരാജ്.

അവസാന നിമിഷം വന്ന വിളി

യഥാര്‍ത്ഥത്തില്‍ ബേസിലിന്റെ കഥാപാത്രത്തില്‍ നിന്നാണ് കഥ തുടങ്ങുന്നതെങ്കിലും അപ്പൂപ്പനായ ജനാര്‍ദ്ദനന്‍ പിള്ളയുടെ കാശി യാത്രയാണ് കഥയുടെ മുഖ്യ വിഷയം. ആ കഥാപാത്രം അവതരിപ്പിക്കാനാണ് എനിക്ക് നറുക്ക് വീഴുന്നത്. ജനാര്‍ദ്ദനന്‍ പിള്ളയെ അവതരിക്കാന്‍ ആളെ കിട്ടാതെ ഏറ്റവും അവസാന നിമിഷത്തിലാണ് എന്നെ ഓഡീഷന് വിളിക്കുന്നത്. സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞതനുസരിച്ചാണ് എന്നെ വിളിക്കുന്നത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരാഴ്ച്ച മുമ്പാണ് ഞാന്‍ ചേരുന്നത്.

സിനിമയുടെ കഥ എന്നെ വല്ലാതെ സ്പര്‍ശിച്ചിരുന്നു. വളരെ യുക്തിഭദ്രമായതും അതിശയോക്തിയുടെ ഒരു തരി ലാഞ്ചന പോലുമില്ലാതെ ശാന്തമായി ഒഴുകുന്നൊരു കഥ. സിനിമയിലെ ഓരോ സീനിലും തമാശയുണ്ടെങ്കിലും ഇതിലെ ഒരു കഥാപാത്രവും തമാശ കൈകാര്യം ചെയ്യുന്നില്ല. ഇതു തന്നെയാണ് സിനിമയുടെ വിജയ രഹസ്യം. എല്ലാം സിറ്റ്വേഷണല്‍ കോമഡികളാണ്. അതിനു കയ്യടി കൊടുക്കേണ്ടത് സംവിധായകന്‍ നിതീഷ് സഹദേവിനാണ്. വളരെ കൃത്യതയോടെയാണ് അദ്ദേഹം ഈ സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. നമ്മുടെയൊക്കെ വീടുകളിലോ അയല്‍വീടുകളിലൊക്കെയോ കാണുന്ന ഒരു കുടുംബവും കഥാമുഹൂര്‍ത്തങ്ങളുമാണ് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്.

സംവിധായകന്‍ സൂക്ഷമതയോടെ ഓരോന്നും പറഞ്ഞു തരുമ്പോള്‍ അതിലെ നര്‍മ്മം കൃത്യമായി ഞങ്ങളിലേക്ക് എത്തും. യാതൊരു തിരക്കുകളുമില്ലാതെയാണ് അദ്ദേഹം പറഞ്ഞു തരുന്നത്. അതിനാല്‍ തന്നെ കൃത്യമായി കേള്‍ക്കാനും സ്വീകരിക്കാനും ഓരോരുത്തര്‍ക്കും സാധിച്ചിട്ടുണ്ട്. എന്നെ അതൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സിനിമയില്‍ ഒരുപാട് അനുഭവങ്ങള്‍ ഉള്ള വ്യക്തി ഒന്നുമല്ല.

എനിക്ക് സിനിമയില്‍ ഏറ്റവും അഭിനന്ദനാര്‍ഹമായി അനുഭവപ്പെട്ടത് എന്റെ ഇളയ കൊച്ചു മകന്റെ കഥാപാത്രം ചെയ്ത സന്ദീപിന്റെതാണ്. അവന്‍ ചെയ്ത കഥാപാത്രം വളരെ മനോഹരമായിരുന്നു. എന്റെ മനസില്‍ ഇടം നേടിയ മറ്റൊരു കഥാപാത്രമാണ് ജഗദീഷിന്റെ കൂട്ടുകാരനായെത്തുന്ന ചാക്കോ. എല്ലാവരും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഈ രണ്ട് കഥാപാത്രങ്ങളാണ് എന്റെ മനസ്സില്‍ ഇടം നേടിയത്. ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവര്‍ പോലും അത് ആത്മാര്‍ത്ഥമായി വളരെ സൂക്ഷ്മതയോടെ ചെയ്തതിനാലാണ് ഫാലിമി ഇത്ര ഗംഭീരമായി തീര്‍ന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തിയാണ് ഫാലിമി എന്ന സിനിമയുടെ വിജയം.

നാടകമാണ് കരുത്ത്

അര്‍ച്ചന 31 നോട്ട് ഔട്ട് ചെയ്യുമ്പോഴും, കുമ്പളങ്ങി നൈറ്റ്‌സ് ചെയ്യുമ്പോഴും ഫാലിമിയിലെ ജനാര്‍ദ്ദനന്‍ പിള്ളയുടെ കഥാപാത്രം ചെയ്യുമ്പോഴും എനിക്ക് ഏറ്റവുമധികം ഉപകാരപ്പെട്ടിട്ടുള്ളത് എന്റെ 54 വര്‍ഷത്തെ നാടകത്തിലെ പരിചയ സമ്പത്തും എന്റെ നാടക ഗുരുക്കളുടെ ഉപദേശങ്ങളുമാണ്. ഓരോ കഥാപാത്രത്തിനും അതിന്റേതായ വ്യത്യസ്തതയുണ്ട്. അതിനെ സൂക്ഷമതയോടെ കൈകാര്യം ചെയ്യുന്നതിലാണ് കഴിവ്.

ഒരു നടനെ സംബന്ധിച്ചിടത്തോളം നിരീക്ഷണം അത്യാവശ്യമാണ് എന്ന് എന്റെ ഗുരുക്കന്‍മാര്‍ എനിക്ക് തന്നിട്ടുള്ള ഉപദേശമാണ്. ഞാന്‍ എപ്പോഴും ഓര്‍ക്കാറുള്ളതും, പാലിച്ചു വരുന്നതുമതാണ്. എന്റെ നാട്ടിലുള്ള ചിലരുടെ സ്വഭാവ സവിശേഷതകളൊക്കെ ചേര്‍ത്താണ് ഓരോ കഥാപാത്രങ്ങളും ചെയ്യുന്നത്. ഇതിനേക്കാളെല്ലാം അപ്പുറത്ത് സംവിധായകനാണ് സിനിമയുടെ അടിസ്ഥാനപരമായുള്ള തന്ത്രി. നാടകം സിനിമയില്‍ നിന്നും വളരെ വ്യത്യസ്തമാണ്. സിനിമയിലുള്ളത് പോലെ ക്ലോസ് അപ്പുകളോ, എഡിറ്റിംഗോ ഒന്നും തന്നെ നാടകത്തിലില്ല. അവിടെ കുറച്ച് അതിഭാവുകത്വം കലര്‍ത്തിയാല്‍ മാത്രമേ ഡയലോഗുകള്‍ പോലും കാണികളിലേക്ക് എത്തുകയുള്ളൂ. സിനിമ അങ്ങനെയല്ല, ചെറുതായി ഒന്ന് കൂടിയാല്‍ പോലും അത് ഓവര്‍ ആക്ടിങ് ആയി തോന്നും. അതിനെ കുറിച്ചൊക്കെ തിലകന്‍ ചേട്ടനില്‍ നിന്നും നെടുമുടി വേണു ചേട്ടനില്‍ നിന്നൊക്കെയാണ് പഠിച്ചിരിക്കുന്നത്. അവര്‍ അഭിനയിച്ച മൂന്നാം പക്കം, അമ്പട ഞാനേപോലുള്ള സിനിമയൊക്കെ മനസ്സില്‍ വച്ചാണ് ഈ കഥാപാത്രം ചെയ്തിരിക്കുന്നത്.

ഞാന്‍ കൂടുതലും ജനകീയ നാടകങ്ങളാണ് കളിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ നാടകങ്ങള്‍ വളരെ കുറച്ച് മാത്രമേ ചെയ്തിട്ടുള്ളു. അത്തരം നാടകങ്ങളുടെ പ്രത്യേകത എന്താണെന്നാല്‍, നാടകം കളിക്കുമ്പോള്‍ അത് ആ നിമിഷം അവിടെ സംഭവിക്കുന്നതായി ആളുകള്‍ക്കു തോന്നണം. ആ സന്ദര്‍ഭത്തിന് അനുസരിച്ച് കൂടിയും കുറഞ്ഞും ചെയ്താല്‍ മാത്രമേ കാണികള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ.

എന്റെ ജീവിതത്തില്‍ നടന്നതു തന്നെയാണ് ആ സീന്‍

സിനിമയില്‍ എന്റെ കൂട്ടുകാരന്‍ മരിക്കുന്ന ഒരു രംഗമുണ്ട്. അത് യഥാര്‍ത്ഥത്തില്‍ എന്റെ ജീവിതത്തില്‍ നടന്നൊരു സംഭവമാണ്. ഷൂട്ടിങ്ങിന്റെ ഷെഡ്യൂള്‍ തുടങ്ങുന്നതിനു മുമ്പാണ് 45 വര്‍ഷത്തിലേറെയായുള്ള ഒന്നിച്ച് നാടകമൊക്കെ അഭിനയിച്ചിരുന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഐ ടി ജോസഫ് അപ്രതീക്ഷിതമായി ഒരു അപകടത്തില്‍ മരണപ്പെടുന്നത്. ഇതിലെ എന്റെ കൂട്ടുകാരനായിരുന്ന കഥാപാത്രം മരിക്കുമ്പോള്‍ സത്യത്തില്‍ എന്റെ മനസ്സില്‍ ജോസഫ് മരിച്ച നിമിഷങ്ങളായിരുന്നു. ആ സീനില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല, ജീവിക്കുക ആയിരുന്നു. ഈ സിനിമയില്‍ എന്നെ ആഴത്തില്‍ സ്പര്‍ശിച്ച മറ്റൊരു കാര്യം, അവഗണിക്കപ്പെട്ടു പോയ വാര്‍ദ്ധക്യം വളരെ ലളിതമായി ചിത്രീകരിച്ചിരിക്കുന്നതാണ്. നമ്മള്‍ ഓരോരുത്തരും കണ്ടു മറന്നതോ, സുപരിചിതമായതോ ആയ ജീവിതങ്ങളാണ് കൂടുതലും ഫാലിമിയില്‍.

കറക്ട് മീറ്ററാണ്…

സത്യത്തില്‍ ഞാന്‍ ഫാലിമി എന്ന സിനിമയിലേക്ക് വരുമ്പോള്‍ ആര്‍ക്കും എന്നെ പരിചയമില്ല. ബേസിലിനും മഞ്ജു പിള്ളക്കും, ജഗദീഷ് സാറിനുമെല്ലാം ഞാന്‍ ഒരു പുതിയ വ്യക്തിത്വമാണ്. മാത്രമല്ല ഒരുപാട് യാത്ര വേണ്ടി വരുന്നതു കൊണ്ടും, പ്രായം ഇത്രയുമുള്ളതു കൊണ്ടും അതിന്റെതായ ആശങ്കയും എല്ലാവര്‍ക്കും ഉണ്ടായിരുന്നിരിക്കണം. എന്റെ ആദ്യത്തെ സീന്‍ എടുക്കുന്നത് അള്ളു വയ്ക്കുന്നതാണ്. അതെടുക്കുന്ന സമയത്ത് എല്ലാവരും എന്നെ തന്നെ ഉറ്റു നോക്കിയിരിക്കുകയാണ്. സീന്‍ കഴിഞ്ഞപ്പോള്‍ ബേസില്‍ ആണ് ആദ്യം എന്റെ കൈപിടിച്ച് എന്നോട് പറയുന്നത് ‘ കറക്ട് മീറ്റര്‍ ആണ് അപ്പൂപ്പന് കിട്ടിയിരിക്കുന്നത്, വിടാതെ പിടിച്ചോ നമുക്ക് തകര്‍ക്കാം’. അത് കഴിഞ്ഞു ജഗദീഷ് സര്‍ വന്ന് നല്ല എനര്‍ജി ആണ് എന്റേത് എന്നു പറഞ്ഞു. മഞ്ജു പിള്ള സത്യത്തില്‍ എനിക്ക് എന്റെ മകളെ പോലെയാണ്. അവര്‍ വന്നെന്റെ മുടിയില്‍ ഒക്കെ പിടിച്ചു പറഞ്ഞത്, ‘എവിടെ പോയി കിടക്കുവായിരുന്നു കള്ള കെളവാ… നേരത്തെ വന്നിരുന്നെങ്കില്‍ നാല് മാസം മുന്നേ ഷൂട്ട് ചെയ്യാമായിരുന്നു’ എന്നാണ്. ഒരു കുടുംബം പോലെയായിരുന്നു ഞങ്ങള്‍ അത്രയും നാള്‍ കഴിഞ്ഞത്.

പിന്നെ എടുത്ത് പറയേണ്ടത് എന്റെ ഇളയ പേരകുട്ടിയായി അഭിനയിച്ച സന്ദീപിനെ പറ്റിയാണ്. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയുന്നത് അവനെയാണ്. സന്ദീപ് സത്യത്തില്‍ എന്റെ പേരക്കുട്ടിയെ പോലെ തന്നെ ആയിരുന്നു. എന്നെ അവന്റെ അപ്പൂപ്പനായി തന്നെയാണ് അവന്‍ ഷൂട്ടിങ്ങില്‍ ഉടനീളം നോക്കിയിരുന്നത്.

പിന്നെ ഞാന്‍ ഒത്തിരി അഭിനന്ദിക്കുന്നത് എന്നെ ആ രൂപത്തിലേക്ക് മാറ്റിയെടുത്ത മേക്കപ്പ് മാന്‍ ആയ സുധി സുരേന്ദ്രന്‍ ആണ്. മേക്കപ്പ് ഒക്കെ ചെയ്ത് കണ്ണാടി നോക്കുമ്പോള്‍ ഞാന്‍ തന്നെ അത്ഭുതപ്പെട്ടുപോയി. ആദ്യം എന്റെ മനസിലേക്ക് വന്നത് ഇത് ഞാന്‍ അല്ല ജനാര്‍ദ്ദനന്‍ പിള്ളയാണ് എന്നായിരുന്നു. അതുപോലെ തന്നെ ആയിരുന്നു കോസ്റ്റ്യൂമും. റെയില്‍വേ സ്റ്റേഷനായിലൊക്കെ ഒന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ നമുക്ക് ജനാര്‍ദ്ദനന്‍ പിള്ളയെപ്പോലുള്ള ഒരുപാട് കഥാപാത്രങ്ങളെ കാണാന്‍ സാധിക്കും.

അമ്മയ്ക്കു വേണ്ടി ഗംഗയില്‍ മുങ്ങി

ഫാലിമി എന്റെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന ചിത്രമാണ്. എന്റെ അമ്മ ഒരു വര്‍ഷം മുമ്പാണ് മരിക്കുന്നത്. ഞാന്‍ എന്ന കലാകാരനെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയൊരു പങ്കും അമ്മയുടേതാണ്. അമ്മയെന്നോട് അവസാന നാളുകളില്‍ പറഞ്ഞ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു എപ്പോഴെങ്കിലും അമ്മക്ക് വേണ്ടി ഒന്ന് ഗംഗയില്‍ മുങ്ങണം എന്ന്. അതെനിക്ക് ഈ സിനിമയിലൂടെ സാധിച്ചു. സത്യത്തില്‍ എനിക്ക് കിട്ടിയൊരു ഭാഗ്യമാണ് ഈ കാശി യാത്ര.

ഈ സിനിമയില്‍ ഉള്‍പ്പെടുത്താത്തൊരു സീനുണ്ട്. എന്റെ കഥാപാത്രത്തെ കാണാതായതിനു ശേഷം ബേസിലിന്റെ കഥാപാത്രം കാണുന്ന സ്വപ്‌നം ഞാന്‍ ഗംഗയിലേക്കുള്ള പടികള്‍ ഇറങ്ങുന്നതാണ്. ആ സീനില്‍ യഥാത്ഥത്തില്‍ ഞന്‍ ഗംഗയില്‍ മുങ്ങുന്നുണ്ട്. രാത്രി 2.30-നാണ് ആ സീന്‍ ഷൂട്ട് ചെയ്യുന്നത്. ആ തണുപ്പില്‍ ഞാന്‍ വെള്ളത്തിലേക്ക് ഇറങ്ങുന്നതില്‍ എല്ലാവരും ഉത്കണ്ഠയിലായിരുന്നു. ഞാന്‍ അത് ചെയ്തത് എന്റെ അമ്മക്കും മരിച്ചുപോയ കൂട്ടകാരനും വേണ്ടിയാണ്.

ഷൂട്ടിംഗ് സത്യത്തില്‍ രസകരവും അതോടൊപ്പം ശ്രമകരമായ ഒന്നുമായിരുന്നു. കാരണം ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് മറ്റൊരു സ്റ്റേഷനില്‍ എത്തുന്നത്രയും സമയമൊക്കെയേ കിട്ടുകയുള്ളൂ, അതിനുള്ളില്‍ കാമറയും സാധനങ്ങളും എല്ലാം കൊണ്ട് ട്രെയിനിനകത്ത് കയറണം, തിരിച്ചിറങ്ങുമ്പോഴും എല്ലാം കൊണ്ട് ഇറങ്ങാനും പറ്റണം. എല്ലാവരും വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ സിനിമക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. മഞ്ജുവും ബേസിലും ഉള്‍പ്പടെ എല്ലാവരും നല്ല രീതിയില്‍ സഹകരിച്ചുകൊണ്ടാണ് എല്ലാം ചെയ്തിരുന്നത്.

ഞാനും ജനാര്‍ദ്ദനന്‍ പിള്ളയെ പോലെ ഒരു സഞ്ചാരിയാണ്. അതുകൊണ്ട് തന്നെ വാര്‍ദ്ധക്യം എന്നെ അത്രകണ്ട് ബാധിച്ചിട്ടില്ല. ഇപ്പോഴും എന്റെ ഭാര്യയും മക്കളും പറയും ‘പ്രായമായില്ലേ ഇനി എങ്കിലും ഈ യാത്രയൊക്കെ കുറയ്ക്കാന്‍’, എത്രയൊക്കെ പറഞ്ഞാലും ഭാര്യയുടെയും മക്കളുടെയും ഭാഗത്തു നിന്നുള്ള പിന്തുണ വളരെ വലുതാണ്. കാരണം നാടകം പോലെ അതികം വരുമാനം ഒന്നും ലഭിക്കാത്ത മേഖലയിൽ ഇത്രയും വർഷങ്ങൾ ഞാൻ നിലനിൽക്കണമെങ്കിൽ അത് അവർ നല്‌കുന്ന പിന്തുണയൊന്നു കൊണ്ട് മാത്രമാണ്;

മീനരാജ് ചിരിക്കുകയാണ്. ഇനിയുമേറെ യാത്ര ചെയ്യാനുള്ളൊരാളുടെ ആവേശമുണ്ടാ ചിരിയില്‍….

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍