UPDATES

ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ഒരു വിവരാവകാശ പോരാളി നേടുന്ന വിജയങ്ങള്‍: ലോകേഷ് ബത്ര/ അഭിമുഖം

നിതാരി കൂട്ടക്കൊല മുതല്‍ ഇലക്ടറല്‍ ബോണ്ട് വരെ

                       

”ഗൗരി ലങ്കേഷ് ഒരു മാധ്യമപ്രവര്‍ത്തകയായിരുന്നു. ഹിന്ദുവായിട്ടും അവര്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ കൈകളാലാണ് കൊല്ലപ്പെട്ടത്. രാജ്യദ്രോഹിയും ദേശവിരുദ്ധയും ഹിന്ദുവിരുദ്ധയുമാണ് എന്നതായിരുന്നു ആ കൊലക്കു പിന്നിലെ കാരണം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരേ തുറന്നെഴുതാന്‍ ആരെങ്കിലും ധൈര്യം കാണിച്ചിട്ടുണ്ടോ? ആരെങ്കിലും എഴുതാന്‍ തയാറായി വന്നാല്‍ അവരെ വെറുതെ വിട്ടിട്ടില്ല. മുസ്ലിങ്ങളെ പോലെ ഈ ‘രാജ്യദ്രോഹികളെയും’ ഉന്മൂലനം ചെയ്യേണ്ടതാണ് ”

ഒരു മുന്‍ നാവിക സേന ഉദ്യോഗസ്ഥനെ തേടിയെത്തിയ വധ ഭീഷണിയാണിത്. റിട്ടയര്‍മെന്റിനു ശേഷമുള്ള കാലയളവില്‍ അദ്ദേഹം പടപൊരുതിയത് അധികാരത്തിന്റെ ഇടനാഴികളില്‍ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന സുതാര്യത വീണ്ടെടുക്കുന്നതിനായിരുന്നു.

”നിര്‍ഭാഗ്യവശാല്‍ ഈ ഭീഷണികള്‍ നമ്മുടെ സിസ്റ്റത്തിന്റെ ഭാഗമാണ്. ഗൗരി ലങ്കേഷിന്റെ ദാരുണമായ കൊലപാതകത്തിനുശേഷവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരുന്ന വ്യജ സന്ദേശങ്ങള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഗൗരിക്കെതിരെ പടര്‍ത്താന്‍ ശ്രമിച്ച വെറുപ്പ്, ഭയങ്കരമായിരുന്നു. വ്യാജ സന്ദേശങ്ങള്‍ക്ക് ഇത്രയധികം വിദ്വേഷം പടര്‍ത്തനവുമെന്നത് എന്നെ ഞെട്ടിപ്പിച്ചു. ഈ വ്യജ വിവരങ്ങളില്‍ നിന്ന് യഥാര്‍ത്ഥ വിവരങ്ങള്‍ കണ്ടുപിടിക്കുന്നത് അതിലും വെല്ലുവിളിയാണ്.” തനിക്കെതിരേ ഉയര്‍ന്ന ഭീഷണികളെക്കുറിച്ച് ആ മുന്‍ സൈനികന്റെ വാക്കുകള്‍. അദ്ദേഹം നടത്തിവന്ന യുദ്ധത്തിന്റെ ബാക്കിയായായിരുന്നു വധ ഭീഷണികള്‍.

പറഞ്ഞുവരുന്നത് ഇന്ത്യയില്‍ ഏറ്റവും പ്രായോഗികമായി വിവരാവകാശ നിയമം ഉപയോഗപ്പെടുത്തുന്ന ലോകേഷ് ബത്രയെന്ന 76 കാരനെ കുറിച്ചാണ്. നിതാരി കൂട്ടക്കൊല മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന്റെ ചെലവുകളും പി.എം കെയേഴ്‌സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയുടെ ചെലവുകളുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തെത്തിക്കാന്‍ ബത്ര നടത്തിയത് ദീര്‍ഘ കാലം നീണ്ടുനിന്ന വിവരാവകാശത്തിലൂന്നിയ പോരാട്ടങ്ങളായിരുന്നു.

2017 ല്‍ അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റിലിയുടെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചൊരു സംവിധാനത്തിലെ സുതാര്യതയുടെ അഭാവം തിരിച്ചറിഞ്ഞ ബത്ര മറ്റൊരു പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചു; ഇലക്ടറല്‍ ബോണ്ടിനെതിരേ.

”ഭരണഘടന വിരുദ്ധമെന്ന്” സുപ്രിം കോടതി വിധിച്ചതോടെ ആ പോരാട്ടത്തിന് വിജയം കണ്ടിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ ഇലക്ടറല്‍ ബോണ്ടിന്റെ കഥ ഇവിടെ അവസാനിക്കുന്നില്ലെന്നും ബത്രയ്ക്ക് അറിയാം. തനിക്കെതിരേയുള്ള വധഭീഷണികളും തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം അടിവരയിടുമ്പോള്‍ ഇനിയും വെളിപ്പെടാനിരിക്കുന്ന സത്യങ്ങള്‍ മറുവശത്തു ഉണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നുണ്ട്.  ലോകേഷ് ബത്ര അഴിമുഖവമായി സംസാരിക്കുന്നു.

ജീവിതത്തിലെ ആര്‍ടിഐകള്‍

വിവരാവകാശങ്ങള്‍ സത്യം പുറത്തുകൊണ്ടുവരുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ലക്ഷ്യം വച്ചാകണമെന്നാണ് ആഗ്രഹം. ഈ മാറ്റങ്ങളിലൂടെ ലഭിക്കുന്ന ഫലങ്ങളോട് എനിക്ക് അതിയായ അഭിനിവേശമുണ്ട്. അതുകൊണ്ടു തന്നെ വിവരാവകാശ നിയമത്തിന് പ്രാധാന്യം ലഭിക്കും മുമ്പേ ഞാന്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമയം ചെലവിട്ടിരുന്നു. 36 വര്‍ഷം സര്‍ക്കാരിന് വേണ്ടി സേവനമനുഷ്ഠിച്ച കമ്മഡോറായിരുന്ന ഞാന്‍ 2002-ലാണ് ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിക്കുന്നത്. ഗുജറാത്തിലെ ഗ്രാമങ്ങള്‍ പുനഃനിര്‍മിക്കുക, ഒഡിഷയിലെ സൂപ്പര്‍ സൈക്ലോണ്‍, കാര്‍ഗില്‍ യുദ്ധം തുടങ്ങി പല നിര്‍ണായക ഘട്ടങ്ങളിലും ഭാഗമായിട്ടുണ്ട്. ഞാന്‍ എഴുതിയ ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി ഇന്ത്യന്‍ നാവികസേന മേധാവിയുടെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അെൈഡ്വെസറായി എന്നെ നിയമിച്ചിട്ടുണ്ട്. അതായത് മാറ്റങ്ങള്‍ മൂലം സൃഷ്ടിക്കപ്പെടുന്ന സുതാര്യതയില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്.

ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ചില വിഷയങ്ങളിലേക്ക് ആഴ്ന്നിറങ്ങാനുള്ള സമയം കിട്ടി. അത്തരം കാര്യങ്ങള്‍ക്കായി ഞാന്‍ ഒന്നുകില്‍ എന്റെ ക്യാമറ ചലിപ്പിച്ചു, അല്ലെങ്കില്‍ എഡിറ്റര്‍മാര്‍ക്ക് കത്ത് എഴുതി. ഈ വിഷയങ്ങളില്‍ ഇടപെട്ടതിനു ശേഷമാണ് ഞാന്‍ ആര്‍ടിഐ സമര്‍പ്പിക്കാന്‍ തുടങ്ങുന്നത്. എന്റെ ആദ്യ ആര്‍ടിഐ നോയിഡയില്‍ കഴിയുന്ന കാലത്തായിരുന്നു. ആ പ്രദേശങ്ങളില്‍ വെള്ളത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ വലിയ അസ്വസ്ഥത നിലനിന്നിരുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ക്കു പോലും കൃത്യമായ വിവരം അധികൃതരില്‍ നിന്നും ലഭിച്ചിരുന്നില്ല. ഇത്തരത്തില്‍ പല വിഷയങ്ങള്‍ക്കു വേണ്ടി ഞാന്‍ ആര്‍ടിഐ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഏറ്റവും രസകരമായ വസ്തുത എനിക്ക് ലഭിച്ച ഒരു വിവരാവകാശ രേഖയില്‍ 32 തെറ്റുകളുണ്ടായിരുന്നു. ആര്‍ടിഐയിലെ ഈ പിശക് ശരിപ്പെടുത്താന്‍ എനിക്ക് ആര്‍ടിഐയുടെ അധികാരം തന്നെ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്.

ആര്‍ടിഐ ഉപയോഗപ്പെടുത്തിയ മറ്റൊരു സുപ്രധാന വിഷയം 2006 ല്‍ നോയിഡയില്‍ നടന്ന കൊലപാതക പരമ്പരയാണ്. നോയിഡ കില്ലിംഗ്(നിതാരി കൂട്ടക്കൊല) എന്ന പേരില്‍ പ്രശസ്തമായ ഈ സംഭവങ്ങളില്‍ ഞാന്‍ അന്വേഷിച്ചിറങ്ങിയത് പ്രതികളെ ആയിരുന്നില്ല. പകരം ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന നീക്കങ്ങളായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. കാരണം മുനിസിപ്പല്‍ വാട്ടര്‍ ടാങ്കില്‍ നിന്നായിരുന്നു രണ്ടുവര്‍ഷത്തോളം പഴക്കമുള്ള മൃതശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വളരെയധികം കാലതാമസം നേരിട്ട ഒരു പ്രക്രിയയായിരുന്നു ഇത്. അടുത്ത പടിയെന്ന നിലയില്‍ ഞാന്‍ ദേശീയ വനിതാ കമ്മീഷനെ സമീപിച്ചു. കമ്മീഷനില്‍ നിന്നുള്ള ഒരംഗം ഈ വിഷയത്തില്‍ അന്വേഷണം നടത്തിയതായി ആര്‍ടിഐയിലൂടെ വ്യക്തമായിരുന്നു. ഈ അന്വേഷണ കലയളവില്‍ തന്നെ ആറു പെണ്‍കുട്ടികളെയാണ് കാണാതായത്. പക്ഷെ അന്വേഷണത്തില്‍ യാതൊരു പുരോഗതിയും സംഭവിച്ചില്ലെന്നു തെളിയിക്കുന്നതാണ് പിന്നീടുണ്ടായ കൊലപാതകങ്ങള്‍.

ഈ കേസുമായി സംബന്ധിച്ചാണ് മറ്റൊരു പ്രശ്‌നം കൂടി ഉരുത്തിരിഞ്ഞു വന്നത്. അന്ന് ഈ കേസിനു വേണ്ടി സിബിഐയ്ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ഉള്‍പ്പെടെ ഏകദേശം 22- ഓളം ആര്‍ടിഐ ഫയല്‍ ചെയ്തിരുന്നു. ഇക്കാലയളവില്‍ നോയിഡയില്‍ നിന്ന് ഞാന്‍ ബോസ്റ്റണിലേക്ക് താമസം മാറിയിരുന്നു. ഇതോടെ രാജ്യത്തിനു പുറത്തുള്ളവര്‍ക്ക് ആര്‍ടിഐ ഫയല്‍ ചെയ്യാന്‍ കഴിയുമെങ്കിലും ഫീസ് നല്‍കാനുള്ള സൗകര്യങ്ങളുടെ അഭാവം ഉണ്ടായിരുന്നു. അതിനാല്‍ 2007-ല്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് വരെ എനിക്ക് ഈ പ്രശ്‌നത്തിനെതിരേയും നിലയുറപ്പിക്കേണ്ടി വന്നു. ഇന്ത്യയിലേക്ക് തിരികെ വന്നാണ് ഞാന്‍ ഫീസുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പരാതി നല്‍കുന്നത്. പിന്നീടത് ഒരു വലിയ ക്യാമ്പയിനായി മാറി. വിദേശകാര്യ മന്ത്രാലയ സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറിയും തപാല്‍ വകുപ്പ് സെക്രട്ടറിയും തമ്മില്‍ ചേര്‍ന്ന യോഗങ്ങളില്‍, വിദേശ കറന്‍സികളില്‍ ചെറിയ ചെക്കുകള്‍ പണമാക്കുന്നതിലെ ബുദ്ധിമുട്ട് പോലുള്ള ലോജിസ്റ്റിക് വെല്ലുവിളികള്‍ കാരണം, ഫീസ് പൂര്‍ണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ലെന്ന് വ്യക്തമായി. ഒടുവില്‍ 200 ലധികം ആര്‍ടിഐകള്‍ക്കും, ഒട്ടനവധി ചര്‍ച്ചകള്‍ക്കുമൊടുവില്‍ 2013 ല്‍ ഇലക്ട്രോണിക് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ സംവിധാനം സര്‍ക്കാര്‍ കൊണ്ടുവന്നു. ഇതിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ വിളിച്ചു ചേര്‍ത്തിരുന്ന യോഗങ്ങളില്‍ വിദേശത്തുള്ളവര്‍ക്ക് ഇന്ത്യന്‍ മിഷനുകളില്‍ വിവരാവകാശ അപേക്ഷകള്‍ ഫയല്‍ ചെയ്യാന്‍ ഇ-ഐപിഒ ഉപയോഗിക്കാനാകണമെന്ന ആവിശ്യം ഞാന്‍ നിരന്തരം ഉന്നയിച്ചിരുന്നു.

ഒടുവില്‍ 2014 ല്‍ ഇന്ത്യയില്‍ ആദ്യമായി ജനറേറ്റ് ചെയ്ത ഇ-ഐപിഒ, ഗവണ്‍മെന്റ് ഇതിനു വേണ്ടി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ വച്ച് എനിക്ക് സമ്മാനിച്ചു. ഇലക്ട്രോണിക് സംവിധാനം നടപ്പിലാക്കനുള്ള എന്റെ പോരാട്ടം ഫലം കണ്ടതില്‍ ബഹുമതിയെക്കാള്‍ ഞാന്‍ അനുഭവിച്ചത് സംതൃപ്തിയായിരുന്നു. വളരെയധികം കാലതാമസം നേരിട്ട പല പ്രക്രിയകളിലൂടെ ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഫീസുമായി സംബന്ധിച്ച പ്രശ്‌നങ്ങളില്ലാതെ ഓണ്‍ലൈനായി ആര്‍ടിഐ സമര്‍പ്പിക്കാന്‍ കഴിഞ്ഞു. വിവരാവകാശ നിയമം സര്‍ക്കാരിനെതിരായ ആയുധമായി ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന ചര്‍ച്ചകള്‍ മാധ്യമങ്ങളിലടക്കം ആ സമയത്തു സജീവമായിരുന്നു. ഞാന്‍ ഈ വാദത്തോടു ശക്തമായി വിയോജിച്ചു. രാഷ്ട്രീയക്കര്‍ മാറി മാറി വന്നുകൊണ്ടിരിക്കും, പക്ഷെ സര്‍ക്കാരും ജനാധിപത്യവും ജനങ്ങളുടേതാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ വിവരങ്ങള്‍ അറിയാനുള്ള പൗരന്റെ അവകാശം എങ്ങനെയാണ് ആയുധമായി മാറുക? ഈ തോന്നല്‍ ശക്തമായത് കൊണ്ട് തന്നെ ഇതിലുള്ള എന്റെ ഇടപെടലും വര്‍ദ്ധിച്ചുവന്നു.

പ്രധാനമന്ത്രിയുടെ യാത്രകള്‍

2015-ലാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട ചെലവുകളുടെ വിവരം കൈയില്‍ കിട്ടുന്നത്. ഈ വിവരങ്ങള്‍ പുറത്തുവിടുന്നതിന് ഉദ്യോഗസ്ഥര്‍ നേരിട്ട സമ്മര്‍ദ്ദം വലിയ കാലതാമസം നേരിടുന്നതിന് ഇടയാക്കിയിരുന്നു. എയര്‍ ഇന്ത്യയില്‍ നിന്നുള്ള വിവിഐപി ഫ്‌ളൈറ്റുകളുടെ ഡാറ്റ സ്ഥിരമായി അന്വേഷിച്ചിരുന്നു. എന്നാല്‍, വിവരങ്ങള്‍ നല്‍കാനുള്ള എയര്‍ ഇന്ത്യയുടെ സംവിധാനം കാര്യക്ഷമമല്ല. ഒരു വര്‍ഷത്തിലധികം കാലതാമസമെടുത്താണ് വിവരങ്ങള്‍ ലഭിച്ചത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന വിശിഷ്ടാതിഥികള്‍ എന്നിവരുള്‍പ്പെടെ വിവിഐപി ചെലവുകള്‍ക്കായി 1000 കോടിയിലധികം രൂപ കെട്ടിക്കിടക്കുന്നുണ്ടെന്ന് വിവരാവകാശ അഭ്യര്‍ത്ഥനയ്ക്കുള്ള ഒരു മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. ഞാന്‍ ഒരു ആര്‍ടിഐ പ്രവര്‍ത്തകനായിരുന്നില്ല. സുതാര്യതക്കു വേണ്ടി നിലകൊള്ളുന്ന ഒരാളെന്ന നിലക്ക് ട്രാന്‍സ്‌പെരന്‍സി ക്യാമ്പയിനര്‍ എന്ന് വിളിക്കുന്നതാവും ഉചിതം. ലോക്സഭയിലും രാജ്യസഭയിലും ഉള്ളവര്‍ ഉള്‍പ്പെടെ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ ഉള്‍പ്പെട്ട ക്രെഡിറ്റ് നോട്ട് സമ്പ്രദായം കാരണം വര്‍ഷങ്ങളായി കുടിശ്ശികയുണ്ടെന്ന് ഞാന്‍ കണ്ടെത്തി. ഉദാഹരണത്തിന്, ഒരു വര്‍ഷത്തിനു വേണ്ടി തന്നെ 500 കോടിയിലധികം രൂപയാണ് കെട്ടിക്കിടക്കുന്നത്. കാലാകാലങ്ങളായി ആ തുക ഇനിയും ക്ലിയര്‍ ചെയ്തിട്ടില്ല. ഇതിയിലൂടെയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രയുടെ ചെലവുകളും എനിക്ക് ലഭിച്ചത്. അത് വിദേശ യാത്രയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നായിരുന്നില്ല, നാഷണല്‍ ഡിസാസ്റ്റര്‍ ഫണ്ട്, കോവിസ് ഫണ്ട്, കോവിഡ് വാക്‌സിന്‍ തുടങ്ങി പല വിഷയങ്ങളിലും ഞാന്‍ വിവരാവകാശം ഉപയോഗിച്ചു. പിഎം കെയറില്‍ എത്ര പണം പിരിച്ചെന്നറിയാന്‍ ഞാന്‍ രണ്ടും മൂന്നും ആര്‍ടിഐ ഫയല്‍ ചെയ്തു. എന്നാല്‍ ഇതിനുവേണ്ടിയുള്ള പണം എവിടെ പോകുമെന്ന് അവര്‍ പരസ്യമാക്കിയിട്ടില്ല. വാക്‌സിന്‍ വാങ്ങുന്നതും അത് വിതരണം ചെയ്യുന്നതും മുതലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കണിച്ച് ഒരു മാധ്യമസ്ഥാപനം അന്ന് വാര്‍ത്ത നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് സര്‍ക്കാര്‍ വാദത്തില്‍ ഈ മാധ്യമം വിഷയത്തില്‍ മാപ്പു ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ ഫയല്‍ ചെയ്ത ആര്‍ടിഐ വിവരങ്ങള്‍ അനുസരിച്ച് ആ വാര്‍ത്ത അക്ഷരം പ്രതി വസ്തുതയിലൂന്നിയുള്ളതായിരുന്നു.

ഇലക്ടറല്‍ ബോണ്ട്

പലപ്പോഴും ഞാന്‍ ഫയല്‍ ചെയ്യുന്ന വിവരാവകാശങ്ങള്‍ ആകസ്മികമായി സംഭവിക്കുന്നതാണ്. ചില വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോഴാണ് അതിന്റെ എല്ലാ വശങ്ങളേയും പറ്റി അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ച് പഠിക്കുന്നതും ഇതേ പോലെ വളരെ ആകസ്മികമായാണ്. മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസംഗത്തിനിടെയാണ് ഇലക്ടറല്‍ ബോണ്ടുകളെ പറ്റി ശ്രദ്ധിക്കുന്നത്. ആ കഥയുടെ ആദ്യഭാഗത്ത് അദ്ദേഹം സുതാര്യതയ്ക്ക് വലിയ മുന്‍തൂക്കം നല്‍കിയിരുന്നതായി തോന്നി. എന്നാല്‍ അതിനു പിന്നാലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവര്‍ ആരാണെന്ന് വെളിപ്പെടുത്താതെ ഫണ്ട് സ്വീകരിക്കാന്‍ ഈ സംവിധാനം അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ട്. അപ്പോള്‍ എങ്ങനെയാണ് ഈ മറച്ചു വയ്ക്കലുകളും സുതാര്യതയും ഒരുമിച്ചു കൊണ്ടുപോകാനാവുക? ഇലക്ടറല്‍ ബോണ്ടില്‍ വിവരാവകാശ രേഖ ഫയല്‍ ചെയ്യുന്നതിനുള്ള തുടക്കവും അതായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഈ അഭ്യര്‍ത്ഥനകള്‍ ആദ്യം ധനമന്ത്രാലയത്തിലേക്കായിരുന്നു അയച്ചിരുന്നത്. 2017 മെയ് 26-ഓടെ, ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട മാറ്റങ്ങളെ കുറിച്ചുള്ള തെരെഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള കത്ത് ലഭിച്ചു. ആര്‍ബിഐ നിയമത്തിലെ ഭേദഗതികള്‍ ഉള്‍പ്പെടെ 2017ലെ ധനകാര്യ നിയമത്തിലെ ഭേദഗതികളിലൂടെയാണ് ഈ മാറ്റങ്ങള്‍ നടപ്പിലാക്കാക്കിയത്. നിര്‍ദിഷ്ട മാറ്റങ്ങളെക്കുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിക്കാന്‍ ധനമന്ത്രാലയത്തിനോട് നിര്‍ദേശം വച്ചതായി ഈ രേഖകള്‍ വെളിപ്പെടുത്തുന്നുണ്ട്. മാറ്റങ്ങള്‍ അന്തിമമാക്കുന്നതിന് ഏതാനും ദിവസം മുമ്പ് ധനമന്ത്രാലയം ആര്‍ബിഐക്ക് കത്തയച്ചു.

ഒറ്റരാത്രികൊണ്ട് ഇതില്‍ വിയോജിച്ചുകൊണ്ട് ആര്‍ബിഐ മറുപടി നല്‍കി. നിര്‍ദിഷ്ട മാറ്റങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു, ഷെല്‍ കമ്പനികള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എന്തെന്നാല്‍ ആര്‍ബിഐ, ആദായനികുതി, ആളുകളുടെയും കമ്പനികളുടെയും പ്രാതിനിധ്യം എന്നിവയെ നിയന്ത്രിക്കുന്ന സുപ്രധാന നിയമങ്ങള്‍ ഈ വിഷയത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ഇലക്ടറല്‍ ബോണ്ട് സ്ഥാപിക്കപ്പെട്ടത് വളരെ രഹസ്യമായാണ്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന എല്ലാ പണത്തിന്റെയും ഉറവിടം പ്രഖ്യാപിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നിട്ടുപോലും, ഇലക്ടറല്‍ ബോണ്ടുകളെ ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നിയമവകുപ്പിലേക്ക് വിവരാവകാശം സമര്‍പ്പിച്ചെങ്കിലും പിന്നീട് അത് റവന്യൂ വകുപ്പിന് കൈമാറുകയാണുണ്ടായത്. 2018 ഡിസംബറില്‍ തൃണമൂല്‍ എംപി നസിമല്‍ ഹക്കര്‍ ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങളും ഉന്നയിച്ചിരുന്നു.

സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന്, പ്രത്യേകിച്ച് റവന്യൂ വകുപ്പില്‍ നിന്ന് പ്രതികരണങ്ങള്‍ ലഭിക്കുന്നതില്‍ ഞാന്‍ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. ഈ തടസങ്ങള്‍ക്കിടയിലും, വിവരാവകാശ നിയമങ്ങള്‍ ഫയല്‍ ചെയ്യുന്നത് തുടരുകയും ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചും തെരഞ്ഞെടുപ്പ് ഫണ്ടിംഗിലെ സുതാര്യതയെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു വര്‍ഷം മുമ്പ്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടുകള്‍ അവതരിപ്പിച്ചപ്പോള്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ ആശങ്കകള്‍ക്കിടയിലും, ദാതാക്കളുടെ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ഡിജിറ്റലിനു പകരം ചെക്കുകളും ഡ്രാഫ്റ്റുകളും പോലുള്ള ഫിസിക്കല്‍ പേയ്മെന്റ് രീതികള്‍ ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. ഇത്തരത്തില്‍ വിവരാവകാശം ഉപയോഗിച്ച് കണ്ടെത്തിയ ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ‘ഹബ് പോസ്റ്റ്’ എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ആദ്യമായി പുറത്തുവിട്ടത്. ഓരോ ഘട്ടത്തിലും ഈ പ്രക്രിയ ഇങ്ങനെ വികസിച്ചുകൊണ്ടിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സുപ്രിം കോടതി വിധിക്ക് ശേഷവും മൂന്ന് വിവരാവകാശ അപേക്ഷകള്‍ കൂടി ഫയല്‍ ചെയ്തിരുന്നു. ഫയലുകള്‍ ശേഖരിക്കുന്നതിനിടയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഒരു തുറന്ന കത്തും എഴുതിയിരുന്നു. 2017 മുതല്‍ ഈ വിഷയത്തിലുള്ള രേഖകള്‍ ഞാന്‍ ഇപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.

ആരാണ് ബോണ്ടുകള്‍ വാങ്ങുന്നതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമപരമായി അറിയാന്‍ കഴിയില്ല. എന്നാല്‍ ബോണ്ടുകളുടെ വിശദവിവരങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശം മാത്രമാണുള്ളത്. ഈ വിഷയത്തില്‍ മുദ്രവച്ച കവറുകള്‍ ലഭ്യമാക്കാന്‍ സുപ്രിം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ മുദ്രവച്ച കവറുകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. എതിര്‍പ്പ് അവഗണിച്ചാണ് ആര്‍ബിഐക്ക് പകരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതില്‍ ഇടപെട്ടത്. 2017 സെപ്തംബര്‍ 14, 27 തീയതികളില്‍ ആര്‍ബിഐ ഗവര്‍ണര്‍ കത്തുകളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടും സര്‍ക്കാര്‍ മുഖവിലക്കെടുക്കാന്‍ തയ്യാറായിരുന്നില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടല്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നതാണ്, കാരണം നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി വിവരങ്ങള്‍ പങ്കിടാന്‍ ഇവയ്ക്ക് അധികാരമുണ്ട്. ആര്‍ബിഐയില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്കുള്ള ഈ ചുമതല മാറ്റം ശ്രദ്ധേയമാണ്. ഇലക്ടറല്‍ ബോണ്ട് സമ്പ്രദായം കറന്‍സിക്ക് സമാനമായാണ് പ്രവര്‍ത്തിക്കുന്നത്.

2018 ജനുവരി 2-ന് പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം, ഇലക്ടറല്‍ ബോണ്ടിന്റെ വില്‍പ്പന വര്‍ഷത്തില്‍ ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ എന്നീ നാല് മാസങ്ങളിലെയായി നടത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍, ആദ്യവര്‍ഷം തന്നെ ഈ ചട്ടം ലംഘിച്ച് ജനുവരിക്ക് പകരം 2018 മാര്‍ച്ചിലാണ് സര്‍ക്കാര്‍ വില്‍പ്പന നടത്തിയത്. ‘ജനുവരിക്ക് പകരം’ എന്ന വാക്ക് ഉപയോഗിച്ചാണ് അവര്‍ ഇതിനെ ന്യായീകരിച്ചത്. ബോണ്ടുകള്‍ അച്ചടിക്കാന്‍ വൈകിയത് മൂലമായിരിക്കണം ഇത്തരമൊരു കാലതാമസം. തുടര്‍ന്ന് ഏപ്രിലിലും കര്‍ണാടക തെരഞ്ഞെടുപ്പ് നടന്ന മേയിലും വില്‍പ്പന നടത്തി. തുടക്കത്തില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലും തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റിരുന്നു. എന്നിരുന്നാലും, 2022 നവംബര്‍ 7-ന്, ബോണ്ടുകള്‍ വില്‍ക്കുന്നതിനുള്ള കാലയളവ് 15 അധിക ദിവസത്തേക്ക് നീട്ടുന്നതിനുള്ള ഒരു ഭേദഗതി നടപ്പിലാക്കി. പൊതുതെരഞ്ഞെടുപ്പ് പോലുള്ള പരിപാടികളില്‍ ബോണ്ടുകള്‍ എപ്പോള്‍ വില്‍ക്കണമെന്ന് തീരുമാനിക്കുന്നതിന് ഈ മാറ്റം സര്‍ക്കാരിന് കൂടുതല്‍ ഇളവുകള്‍ നല്‍കി. ഏപ്രില്‍ 12 ന്, ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രധാന വിവരങ്ങള്‍ മുദ്രവച്ച കവറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന നിര്‍ദ്ദേശം വച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഞാന്‍ പിന്നീടും വിവരാവകാശം സമര്‍പ്പിച്ചു. എന്നാല്‍ നിയമത്തിലെ സെക്ഷന്‍ 8(1)(ബി) ചൂണ്ടിക്കാട്ടി അവ നിരസിക്കുകയാണുണ്ടായത്. രാജ്യസുരക്ഷയെ ഹനിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന വകുപ്പാണിത്. എന്നാല്‍ ഈ കേസില്‍ തന്ത്രപ്രധാനമായ വിവരങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നതും വസ്തുതയായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനയുടെ വിശദാംശങ്ങള്‍ നിര്‍ബന്ധമായി വെളിപ്പെടുത്താന്‍ ആവശ്യപെട്ടിരിക്കുയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ നീക്കത്തിന് പിന്നിലെ കാരണം നിലവില്‍ അവ്യക്തമാണ്. പക്ഷേ ഇലക്ടറല്‍ ബോണ്ടുകള്‍ക്കായി സംഭാവന നല്‍കുന്നവരുടെ പേരുകള്‍ സ്റ്റേറ്റ് ബാങ്കിന് അറിയാമെങ്കിലും അവ പരസ്യപ്പെടുത്തിയിരുന്നില്ല. സായുധ സേനാംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ ഡാറ്റ എങ്ങനെ തെറ്റായി കൈകാര്യം ചെയ്തുവോ അതുപോലെ തന്നെ കോവിഡ് ഡാറ്റയും തെറ്റായി കൈകാര്യം ചെയ്യപ്പെട്ടിരുന്നു. ഈ പെന്‍ഷന്‍ ഡാറ്റ PCD PR- ലേക്ക് കൈമാറ്റം ചെയ്തിരുന്നു. ഈ വിവരങ്ങള്‍ നിലവില്‍ ഇലക്ട്രോണിക് രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ഇത് അങ്ങേയറ്റം ആശങ്കാജനകമാണ്. നിലവില്‍, പെന്‍ഷനുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. നികുതി ഇളവിനെ കുറിച്ചറിയാനായി ഏകദേശം രണ്ട് മാസം മുമ്പ് ഞാന്‍ വിവരാവകാശ അപേക്ഷ ഫയല്‍ ചെയ്തിരുന്നു, പക്ഷേ എനിക്ക് ഇതുവരെയും മറുപടി നല്‍കിയിട്ടില്ല.

സുപ്രിം കോടതി വിധി

2017-ലെ ധനകാര്യ നിയമങ്ങളിലെ ഭേദഗതികളുടെ ഫലമായാണ് ചില ബജറ്റ് മാറ്റങ്ങള്‍ വരുത്തിയത്. കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തിയതിന് സമാനമായി ഇലക്ടറല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ മാറ്റങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കമ്പനികള്‍ക്ക് അവരുടെ ലാഭത്തിന്റെ 7.5 ശതമാനം വരെ സംഭാവന നല്‍കാന്‍ ഈ ഭേദഗതി അനുവദിക്കുന്നുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ വിവിധ ആവശ്യങ്ങള്‍ക്കായി ഫണ്ട് അനുവദിക്കാന്‍ ഈ വ്യവസ്ഥ കമ്പനികളെ പ്രാപ്തമാക്കി. ഇതിനു വേണ്ടി ആദായനികുതി നിയമങ്ങളിലും2016-ന്റെ തുടക്കത്തില്‍, വിദേശ സബ്സിഡി അനുവദിക്കുന്നതിനായി ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിലും (FCRA) മാറ്റങ്ങള്‍ നടപ്പാക്കി. ഇന്ത്യയില്‍, അവര്‍ക്ക് അത് ചെയ്യാന്‍ കഴിയും. എന്നാല്‍ അതിന്റെ ആഘാതത്തെ പറ്റി മാത്രം ചിന്തിക്കകയാണെങ്കിലോ ? ഈ ബോണ്ടുകളെല്ലാം ഏകദേശം 95 ശതമാനവും ഒരു കോടി രൂപയുടെ മൂല്യത്തിലാണ് വിറ്റഴിക്കപ്പെടുന്നതെന്ന് അവര്‍ പറയുന്നു. അപ്പോള്‍ ആരാണ് അത് വാങ്ങുന്നത്? ചാരിറ്റിക്കു വേണ്ടിയാണോ അവര്‍ ഇത് വാങ്ങുന്നത്? അങ്ങനെയല്ലാത്തപക്ഷം നമ്മള്‍ ചിന്തിക്കുന്നത് പോലെ ഇത് സര്‍ക്കാര്‍ നയങ്ങളെ പോലും സ്വാധീനിച്ചേക്കാം. ഇവിടെ പരിഗണിക്കേണ്ട മറ്റൊരു കാര്യം ഇന്ത്യയില്‍ സബ്സിഡിയുള്ള വിദേശ കമ്പനികള്‍ ഉള്ളപ്പോള്‍, വിദേശത്ത് നിന്ന് വരുന്ന സ്വാധീനവും ഇതില്‍ ഉള്‍പ്പെട്ടേക്കാമെന്നതിനെ കുറിച്ചാണ്.

ഭരണഘടനാ വിരുദ്ധമെന്ന സുപ്രിം കോടതി വിധിച്ചതോടെ കാര്യങ്ങള്‍ 2017 നു മുമ്പുള്ള രീതികളിലേക്ക് മടങ്ങി പോകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ആ പഴയ രീതികള്‍ക്ക് പോലും ചില തിരുത്തലുകള്‍ ആവശ്യമാണ്. എല്ലാ തെരഞ്ഞെടുപ്പ് ഇടപാടുകള്‍ക്കും ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും സുതാര്യത അത്യന്താപേക്ഷികമാണ്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍