UPDATES

സവര്‍ക്കറിലൂടെ വിത്ത് പാകി, ഗോള്‍വല്‍ക്കറിലൂടെ വ്യാപിച്ച ഇന്ത്യന്‍ ഫാസിസത്തെക്കുറിച്ച്: പി എന്‍ ഗോപീകൃഷ്ണന്‍/അഭിമുഖം

ഹിറ്റ്‌ലറിന്റെ സ്വേച്ഛാധിപത്യം നാസിസമെന്നും മുസോളിനി ഫാസിസ്റ്റും എന്നറിയപ്പെടുന്നത് പോലെ, ഹിന്ദുത്വ ആശയത്തിന്റെ അടിസ്ഥാനം സവര്‍ക്കറിസമാണ്

                       

സാഹിത്യത്തെ രാഷ്ട്രീയ വീക്ഷണം കൊണ്ട് കയ്യടക്കാന്‍ കഴിഞ്ഞ ഉത്തരാധുനിക കവികകളിലൊരാണ് പി എന്‍ ഗോപീകൃഷ്ണന്‍. മനുഷ്യരുടെ കഥകളത്രയും മേമ്പൊടി ചേര്‍ക്കാതെ പച്ചയായി തുന്നിപിടിപ്പിക്കുന്ന രചനാപാടവത്തില്‍ നിന്ന് ഏറ്റവും പുതുതായി എത്തിയത് ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’യാണ്. ഇന്ത്യയെന്ന മതേതര രാഷ്ട്രത്തില്‍ ബാലഗംഗാധര തിലകിലൂടെ, സവര്‍ക്കറിലൂടെ ഓട്ടപ്രദിക്ഷണം നടത്തിയ ഹിന്ദു ദേശീയത മഹത്മ ഗാന്ധിയുടെ മരണത്തിലേക്ക് നയിച്ചതും, ഇന്ത്യയില്‍ വേരൂന്നിയതിനെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ.

നെയ്തല്‍ ബുക്സ് പൊന്നാനി സംഘടിപ്പിച്ച ‘വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന പരിപാടിയില്‍ നടന്ന പുസ്തക ചര്‍ച്ചയോടനുബന്ധിച്ച് ഹിന്ദു ദേശീയതയെ കുറിച്ച് അഴിമുഖവുമായി സംസാരിക്കുകയാണ് പി എന്‍ ഗോപീകൃഷ്ണന്‍.

വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നു തുടങ്ങി സിനിമ പോലുള്ള മുഖ്യധാര വ്യവഹാരങ്ങളിലെല്ലാം ഇന്നു തെളിഞ്ഞു നില്‍ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം സാഹിത്യത്തിലേക്കും കടന്നു വരുന്നതായി തോന്നിയിട്ടുണ്ടോ ?

മലയാള സാഹിത്യത്തില്‍ ഉള്‍പ്പെടെ ഹിന്ദുത്വ രാഷ്ട്രീയം പ്രകടമായി നിലനില്‍ക്കുന്നു എന്നു ചൂണ്ടിക്കാണിക്കുക പ്രയാസകരമാണ്. സാംസ്‌കാരിക മണ്ഡലത്തെ സ്വാധീനിക്കാന്‍ പാകത്തിലുള്ള ഹിന്ദുത്വ അവബോധം പല തരം ചാനലുകളിലൂടെ ആളുകളിലേക്ക് എത്തപ്പെടുന്നുണ്ട്. ഇതുമൂലം ജനങ്ങളുടെ അവബോധത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. സാഹിത്യം ഒരു തൊഴിലവസരമായി മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് വെല്ലുവിളി. കൂടുതല്‍ വിറ്റഴിഞ്ഞു പോകുന്ന കൃതി എന്ന തലത്തിലേക്ക് മാറുമ്പോള്‍ സാഹിത്യം ഉല്പന്നമായാണ് മാറുന്നത്. സാഹിത്യകാരെന്നും ശ്രമിച്ചിട്ടുള്ളത് നിലവിലെ സാംസ്‌കാരിക അവസ്ഥയുടെ അപാകതകള്‍ ചൂണ്ടിക്കാണിക്കുകയും, അതിനെ പറ്റി വായനക്കാരെ ചിന്തിപ്പിക്കാനുമാണ്. വേറൊരു തരത്തില്‍ പറയുകയാണെങ്കില്‍, വായനക്കരെ പ്രകോപിപ്പിക്കുകയെന്നതാണ് സാഹിത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. സാഹിത്യം ഉല്പന്നമായി രൂപാന്തരപ്പെടുമ്പോള്‍ വര്‍ധിച്ചു വരുന്ന ഹിന്ദുത്വ അവബോധം സാഹിത്യ മണ്ഡലത്തെയും സ്വാംശീകരിക്കാന്‍ ഇടയാകും. ഇന്ത്യന്‍ സാഹിത്യത്തില്‍ ഈ പ്രവണത സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയിലെ പല സാഹിത്യ സ്ഥാപനങ്ങളിലും ഇതിന്റെ പ്രതിഫലനം കാണാനാവുന്നുമുണ്ട്.

ഹിന്ദുത്വ അവബോധം എങ്ങനയാണ് സാഹിത്യത്തിന് പുറമെയുള്ള സമൂഹത്തിലെ ഓരോ തലങ്ങളിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്?

ഇതേ പ്രതിയുള്ള അവബോധം സമൂഹത്തിലെ മധ്യവര്‍ഗ്ഗത്തിനിടയില്‍ താരതമേന്യ കുറവായതുമൂലം ഹിന്ദുമതവും ഹിന്ദുത്വവും തമ്മിലുള്ള അന്തരം മനസിലാക്കാതെ പോകുന്നുണ്ട്. ഹിന്ദുത്വയെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍ അത് ഹിന്ദു മതത്തെ കൂടിയാണ് എതിര്‍ക്കുന്നതെന്ന കാഴ്ചപ്പാട് ഇവിടെ നിന്നാണ് ഉണ്ടാവുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയും ദൈവ വിശ്വാസികളാണെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. ഞാന്‍ കണ്ടിരിക്കുന്ന ദൈവ വിശ്വാസികളത്രയും മറ്റു മനുഷ്യരെക്കൂടി ചേര്‍ത്ത് പിടിക്കുന്നവരാണ്. സ്‌നേഹം, അനുകമ്പ, സത്യസന്ധത എന്നീ മൂല്യങ്ങളാണ് ദൈവവിശ്വാസം പകര്‍ന്നു നല്‍കുന്നത്. എന്നാല്‍ ഹിന്ദുത്വ മുന്നോട്ടുവക്കുന്ന ആശയം ഇതിനെതിരായി ആളുകളെ പുറത്തുനിര്‍ത്തുകയാണ്. ഈ രണ്ടു ആശയങ്ങളെയും വേര്‍തിരിച്ചു കാണിക്കാന്‍ പറ്റാത്തിടത്താണ് തെറ്റായ അവബോധം ആളുകള്‍ക്കിടയില്‍ വളരുന്നത്. ഇന്ത്യയില്‍ വലിയ രീതിയില്‍ പടര്‍ന്നുകിടക്കുന്ന വിശ്വാസത്തിന്റെ വേരുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്നുവെന്നതാണ് ഇവര്‍ക്ക് മുമ്പിലുള്ള അനുകൂലഘടകം. വിശ്വാസം നമ്മളെങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നിടത്താണ് യഥാര്‍ത്ഥ വെല്ലുവിളി. ഒരു വിശ്വാസിക്ക് നമ്മള്‍ പകര്‍ന്നു നല്‍കേണ്ട അവബോധം, അടിസ്ഥാനപരമായി എതിര്‍പ്പു പ്രകടിപ്പിക്കുന്നത് വിശ്വാസത്തിനോടല്ല, മറിച്ച് ആ വിശ്വാസത്തിന്റെ രാഷ്ട്രീയത്തിലേക്ക് കടന്നുകയറാനുള്ള ശ്രമത്തോടാണ് എന്നതാണ്. നിങ്ങളുടെ വിശ്വാസത്തെ തന്നെ നിങ്ങള്‍ക്കെതിരെ പ്രയോഗിക്കുകയാണെന്ന അവബോധം വളര്‍ത്തേണ്ടതായുണ്ട്. സമൂഹത്തിലെ പല പാളികളിലായി ഈ അവബോധം നിര്‍മ്മിക്കേണ്ടതുണ്ട്. ഇതൊരു വലിയ വെല്ലുവിളിയാണ്.

നിശബ്ദമാക്കി നിര്‍ത്താനുള്ള ഭരണകൂട ശ്രമങ്ങളെ ചെറുത്തു നില്‍ക്കാനുള്ള വഴികള്‍ എന്തൊക്കെയാണ് ?

പല തരത്തിലാണ് ഇവിടെ പ്രതിഷേധങ്ങളെ നിശബ്ദമാക്കുന്നത്. അതില്‍ ഏറ്റവും വലുതെന്ന് തോന്നുന്നത്, പ്രതിഷേധങ്ങളെ നിയന്ത്രിക്കുന്നതിനായി കൊണ്ടുവരുന്ന നിരീക്ഷണമാണ്. ഹിറ്റ്‌ലര്‍, അടിയന്തരവസ്ഥ കാലത്തെ ഇന്ദിര ഗാന്ധി തുടങ്ങി നമുക്ക് ചിരപരിചിതരായ സമഗ്രാധിപത്യ സ്വഭാവമുള്ള ഭരണകൂടത്തിന് വ്യക്തിപരമായി ഓരോ ആളുകളെയും നിരീക്ഷണത്തിന് വിധേയമാക്കുക അപ്രാപ്യമായിരുന്നു. കേവലം ഒന്നരക്കോടി മാത്രം ജനസംഖ്യയുള്ള ചിലിയില്‍ ഭരണാധികാരിക്കെതിരെ ശബ്ദമുര്‍ത്തിയ പാബ്ലോ നെരൂദയ്ക്ക് ഒളിവില്‍ കഴിയാന്‍ സാധിച്ചത് അതുകൊണ്ടായിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. സാങ്കേതികതയും അധികാരവും കൂടിച്ചേര്‍ന്ന അതി ഭീകരസ്വരൂപം ഇവിടെ നിലനില്‍ക്കുന്നുണ്ട്. മുന്‍ ചരിത്രത്തിന് ഇത് കേട്ടുകേള്‍വി പോലുമില്ലാത്ത ഒന്നാണ്. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ കണ്ടുപിടിക്കുകയും അതിനെ നിശബ്ദമാക്കുകയും ചെയ്യുന്നുണ്ട്. സാങ്കേതിക വിദ്യക്കെതിരേ ഒരു ബദല്‍ സംവിധാനം ഇല്ലാത്തത് വലിയ വെല്ലുവിളിയാണ്. ലോകത്തില്‍ ഉണ്ടായി വന്ന എല്ലാ ഫാസിസത്തെയും കീഴ്‌പ്പെടുത്തിയിട്ടുള്ള ഊര്‍ജം ചരിത്രത്തില്‍ നിന്ന് നമുക്ക് ലഭിക്കുമെങ്കിലും ഇത്തരം പ്രവണതകള്‍ നമുക്ക് പരിചിതമല്ല. ജനാധിപത്യത്തിനുള്ളില്‍ തന്നെ നിലനില്‍ക്കുന്ന ഈ ഫാസിസത്തെയാണ് നമ്മള്‍ മറികടക്കേണ്ടത്. വസ്തുതകള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുകയെന്നതാണ് നമുക്ക് ചെയ്യാനാവുന്നത്.

ഇല്ലാതാക്കി കൊണ്ടിരിക്കുന്ന ചരിത്രത്തെയും വസ്തുതകളെയും പുനരുജ്ജീവിപ്പിക്കുകയാണ് ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’യെന്ന പുസ്തകം. എന്തൊക്കെ വെല്ലുവിളികളാണ് തന്മൂലം നേരിടേണ്ടിവരിക?

എഴുത്തകാരനെന്ന നിലയില്‍ സമൂഹത്തിലുള്ള എന്റെ ഇടപെടലുകളാണ് എന്റെ പുസ്തകം. ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ഓരോ മനുഷ്യനും അവരുടേതായ പങ്കുണ്ട്. അതില്‍ ചിലത് വലിയ അപകടം നിറഞ്ഞതാണ്. ഡല്‍ഹിയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ‘നിശബ്ദ അട്ടിമറി എഴുതിയ ജോസി ജോസഫിന് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ താരതമേന്യ എനിക്ക് നേരിടേണ്ടി വരുന്നില്ല. കേരളത്തിലായതുകൊണ്ടും സാഹിത്യകാരനായതുകൊണ്ടുമാവാം അത്. പുസ്തകം വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു മാധ്യമമാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജണ്ടയില്‍ സവര്‍ക്കറിനെ അവതരിപ്പിക്കുന്നത് ആരാധ്യനായ വ്യക്തിത്വം എന്ന രീതിയിലാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പോലുള്ള പുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്ന വസ്തുതകളിലൂടെ എത്രമാത്രം ഇതിനെ പ്രതിരോധിക്കാനാവും?

ഹിറ്റ്‌ലറിന്റെ സ്വേച്ഛാധിപത്യം നാസിസമെന്നും മുസോളിനി ഫാസിസ്റ്റും എന്നറിയപ്പെടുന്നത് പോലെ, ഹിന്ദുത്വ ആശയത്തിന്റെ അടിസ്ഥാനം സവര്‍ക്കറിസമാണ്. ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് സവര്‍ക്കറിസമാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോകുന്നത് സവര്‍ക്കര്‍ മറച്ചു പിടിക്കുന്നത് കൊണ്ട് കൂടിയാണ്. ഗാന്ധി വധത്തില്‍ സവര്‍ക്കറുടെ പങ്ക് പകല്‍ പോലെ വ്യക്തമായ വസ്തുതയാണ്. ചാരം മൂടികിടന്ന സവര്‍ക്കറിനെ പ്രകീര്‍ത്തിക്കുന്നതിനും രാഷ്ട്രപിതാവിന്റെ സ്ഥാനത്തേക്ക് പോലും അവതരിപ്പിക്കുന്നതിനുമപ്പുറം സവര്‍ക്കറുടെ പ്രത്യയശാസ്ത്രം നടപ്പിലാക്കാന്‍ ശ്രമിക്കുന്നിടത്താണ് യഥാര്‍ത്ഥ പ്രശ്‌നം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മുതല്‍ അഗ്നിപഥ് വരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ ഈ സവര്‍ക്കറിസം തെളിഞ്ഞു കിടക്കുന്നുണ്ട്. സവര്‍ക്കറിസം എന്താണെന്ന് അറിഞ്ഞാല്‍ ഇത്തരം നയങ്ങള്‍ കൊണ്ടുവരുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. ഇത് പ്രധിരോധങ്ങള്‍ക്ക് ശക്തി പകരും. അതുകൊണ്ട് തന്നെ സവര്‍ക്കറിസം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പഠിപ്പിക്കാനാണ് പുസ്തകത്തില്‍ ശ്രമിച്ചിട്ടുള്ളത്. നിലവിലെ ഇന്ത്യന്‍ ഫാസിസത്തിന്റെ വിത്ത് സവര്‍ക്കറിലൂടെയാണ് പാകിയത്. ഗോള്‍വല്‍ക്കറിലൂടെ അത് വ്യാപിച്ചെന്നു മാത്രം.

ഹമാസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ഇന്ത്യയില്‍ നിന്ന് ഇസ്രയേലിന് സമൂഹ മാധ്യമങ്ങളിലടക്കം നല്‍കി വരുന്ന പിന്തുണ ഇസ്ലാമോഫോബിയുടെ മറ്റൊരു രൂപമായി കണക്കാക്കാന്‍ സാധിക്കുമോ?

ഫാസിസ്റ്റ് ആശയങ്ങള്‍ പ്രകാരം അവര്‍ക്കുള്‍ക്കൊള്ളാന്‍ കഴിയാത്തവരെ നിഷ്‌കാസനം ചെയ്യുകയാണ് പതിവ്. ഇത് മതത്തിന്റെ കാഴ്ച്ചപ്പാടില്‍ മാത്രമല്ല, ന്യൂനപക്ഷം ഭൂരിപക്ഷത്തിനു കീഴടങ്ങണമെന്ന ചിന്ത കൂടി അതില്‍ ഉള്‍പ്പെടുന്നുണ്ട്. മനുഷ്യരാശിയോട് ചെയ്യാന്‍ കഴിയുന്ന അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തി ദുര്‍ബലര്‍ ബലവാന്മാര്‍ക്കു മുന്നില്‍ കീഴടങ്ങണമെന്ന ന്യായമാണ്. ഇത്തരത്തില്‍ ഇസ്ലാമിനെ ചോദ്യം ചെയ്യുന്നത് ഇസ്ലാമോഫോബിയയിലൂടെയാണ്. ഇസ്രയേല്‍ വിഷയത്തില്‍ ബലവാന്മാര്‍ക്കൊപ്പം പങ്കു ചേരുന്നു എന്നതിനപ്പുറം ഇവിടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. ഇസ്രയേലില്‍ ജനാധിപത്യമുണ്ടെന്ന് നമുക്ക് പറയാന്‍ സാധിക്കും. എന്നാല്‍ ആ ജനാധിപത്യം നടപ്പിലാക്കുന്നത് ജൂതര്‍ക്ക് മാത്രമാണ്. ഇത് തന്നെയാണ് ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെയുള്ള ബഹുഭൂരിപക്ഷം ആളുകള്‍ക്ക് വേണ്ടി ജനാധിപത്യ സംവിധാനം സുഗമമായി നടപ്പിലാക്കുമ്പോള്‍ ന്യൂനപക്ഷത്തെ ഇതില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്. ഈ സൂചന കൂടിയാണ് നല്‍കുന്നത്. ഹമാസ് ഇസ്രയേല്‍ യുദ്ധം എന്നതിനപ്പുറത്തെക്ക് സാധാരണ പൗരന്മാരെ ഇല്ലാതാക്കുന്ന ഭരണകൂട ശ്രമങ്ങളെ ചെറുത്തുനില്‍ക്കുന്നതിനു പകരം, യൂറോപ്പിലെ പല രാഷ്ട്രങ്ങളും ഇതിനു മൗനാനുവാദം നല്‍കുകയാണ് ചെയ്യുന്നത്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍