UPDATES

ഓഫ് ബീറ്റ്

ഒരു ടിക്കറ്റിന് ഒന്ന് ഫ്രീ; തിയേറ്ററില്‍ നിവര്‍ന്നു നില്‍ക്കാനാകാതെ സ്വതന്ത്ര വീര്‍ സവര്‍ക്കര്‍

റിലീസ് ദിവസം ആകെ കിട്ടിയത് 1.5 കോടി

                       

തിയേറ്ററില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാതെ സ്വതന്ത്ര വീര്‍സവര്‍ക്കര്‍. രണ്‍ദീപ് ഹൂഡ സിനിമ പ്രതീക്ഷിച്ചപോലെ വിജയമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ദിവസത്തെ പ്രേക്ഷക പങ്കാളിത്തം തുടര്‍ ദിവസങ്ങളില്‍ കാണുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വി ഡി സവര്‍ക്കറുടെ ജീവിതമാണ് സിനിമയുടെ പശ്ചാത്തലം. രണ്‍ദീപ് ഹൂഡയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നതും സവര്‍ക്കരെ അവതരിപ്പിച്ചിരിക്കുന്നതും.

അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതുപോലുള്ള തള്ളിക്കയറ്റം ചിത്രം റിലീസ് ചെയ്തപ്പോള്‍ ഉണ്ടായില്ല. ആദ്യ ആഴ്ച്ച കളക്ഷന്‍ പതിയെയാണ് ഉയര്‍ന്നത്. ഹോളി അവധി സഹായിച്ചതുകൊണ്ട് ആ നില തുടരാനും സാധിച്ചു. എന്നാല്‍ ചൊവ്വാഴ്്ച്ച മുതല്‍ തിയേറ്ററില്‍ ആളില്ലാതായെന്നാണ് റിപ്പോര്‍ട്ട്.

ബോക്‌സ് ഓഫിസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വിടുന്ന സാക്‌നില്‍ക്(Sacnilk.com) പറയുന്നതനുസരിച്ച് റിലീസിന്റെ അഞ്ചാം ദിവസം സ്വതന്ത്ര വീര്‍സവര്‍ക്കര്‍ നേടിയത് 1.10 കോടിയാണ്. നാലാം ദിവസം 2.15 കോടി നേടിയ ചിത്രമാണ് അഞ്ചാം ദിവസം 1.10 കോടിയിലേക്ക് താഴ്ന്നത്. തിയേറ്ററില്‍ കാല്‍ഭാഗം പോലും (15.38 ശതമാനം മാത്രം)പ്രേക്ഷകര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ റിലീസ് ദിനത്തെ അപേക്ഷിച്ച്(1.5 കോടി) അഞ്ചാം ദിവസം കളക്ഷന്‍ മെച്ചപ്പെട്ടതാണെന്നും പറയാം. മാര്‍ച്ച് 22 ന് ആയിരുന്നു ഹിന്ദി, മറാത്തി ഭാഷകളിലായി സവര്‍ക്കര്‍ റിലീസ് ചെയ്തത്. റിലീസ് ദിവസം മറാത്തി ഭാഷയിലിറങ്ങിയ സിനിമയ്ക്ക് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയായിരുന്നു. ഹിന്ദിയില്‍ 1.04 കോടിയും. ആറാം ദിവസം കളക്ഷന്‍ വീണ്ടും ഒരു കോടിയില്‍ താഴെയായി(93 ലക്ഷം) എങ്കിലും ആറാം ദിവസം സിനിമയ്ക്കു പത്തുകോടി(10.6) തികയ്ക്കാന്‍ കഴിഞ്ഞു. രണ്ട് ഭാഷകളിലായി രാജ്യത്താകമാനം റിലീസ് ചെയ്ത ചിത്രത്തിന്റെ അവസ്ഥയാണ്. പടത്തിന് മൊത്തത്തില്‍ കിട്ടുന്നതും തണുത്ത പ്രതികരണമാണെന്നാണ് സാക്‌നില്‍ക് പറയുന്നത്.

തിയേറ്ററില്‍ ആളെക്കയറ്റാന്‍ നിര്‍മാതാക്കള്‍ പുതിയൊരു തന്ത്രം ആവിഷ്‌കരിച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്. ഒരു ടിക്കറ്റ് എടുത്താല്‍ ഒരു ടിക്കറ്റ് ഫ്രീ ഓഫറാണ് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷേ, ഈ ഓഫറും പടത്തെ തുണയ്ക്കുന്നില്ലെന്നാണ് വിവരമെന്നും പത്രം പറയുന്നു. ഹോളി ഒഴിവ് നല്‍കിയ സഹായം ഇനി വരുന്ന ദിവസങ്ങളില്‍ കിട്ടിയില്ലെങ്കില്‍ രണ്‍ദീര്‍ ഹൂഡയുടെ ആദ്യ സംവിധാന സംരംഭം വലിയ തിരിച്ചടി നേരിടും. 20 കോടി ബഡ്ജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രത്യേക അജണ്ടയുടെ ഭാഗമായി സവര്‍ക്കറുടെ സ്വാതന്ത്രസമരത്തിലെ പോരാട്ടം മറച്ചുവച്ച ചരിത്രമാണ് ഇത്രനാളും ഇന്ത്യ ചര്‍ച്ച ചെയ്തതെന്നും സവര്‍ക്കറുടെ യഥാര്‍ത്ഥ പോരാട്ട ജീവിതം എന്തായിരുന്നുവെന്ന് രാജ്യത്തെ അറിയിക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. സംഘ്പരിവാര്‍ മുന്‍നിര സ്വാതന്ത്ര സമര പോരാളിയായി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുന്ന സവര്‍ക്കരുടെ സിനിമ കാണാന്‍ ഉത്തരേന്ത്യയില്‍ പോലും ആളുകള്‍ കയറുന്നില്ലെന്നതാണ് കൗതുകം. അങ്കിത ലോകാണ്ഡെ, അമിത് സിയാല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

Related news


Share on

മറ്റുവാര്‍ത്തകള്‍